24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

പുസ്തകമേളകളുടെ ചരിത്രത്തില്‍ പുതിയ തരംഗമായി യുവത ലിറ്റ്‌ഫെസ്റ്റ്

കോഴിക്കോട്: പുസ്തകമേളകളുടെ ചരിത്രത്തില്‍ പുതിയ തരംഗമായി ‘യുവത ലിറ്റ്‌ഫെസ്റ്റ്’ മുന്നേറുന്നു. പുസ്തകങ്ങളും മനസുകളും പ്രകാശിക്കുന്ന വിസ്മയകരമായ ഓണ്‍ലൈന്‍ അക്ഷരമേള ഇതിനകം ലോകത്തിലെ വിവിധ രാജ്യങ്ങളിലെ മലയാളികളുടെ മനം കവര്‍ന്നിരിക്കുകയാണ്. പുസ്തക പ്രസാധനരംഗത്ത് മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ പിന്നിടുന്ന യുവതയില്‍ മത ദാര്‍ശനിക പഠനങ്ങള്‍, ചരിത്രഗ്രന്ഥങ്ങള്‍, മികച്ച ക്ലാസിക്കുകള്‍, സാംസ്‌കാരിക രചനകള്‍, ബാലസാഹിത്യങ്ങള്‍ തുടങ്ങിയവയുടെ വലിയ ശേഖരമുണ്ട്. വിജ്ഞാനത്തിനൊപ്പം ജനപ്രിയ വായനയ്ക്കുള്ള കഥകള്‍, കവിതകള്‍, നോവലുകള്‍, ഓര്‍മക്കുറിപ്പുകള്‍ എന്നിവയും യുവതയില്‍ ലഭ്യമാണ്.
സപ്തംബര്‍ ഒന്നിന് തുടങ്ങിയ ലിറ്റ്‌ഫെസ്റ്റ് 20 വരെ നീണ്ടുനില്‍ക്കും. ഓരോ ദിവസവും വ്യത്യസ്തവും അത്യാകര്‍ഷകവുമായ വിലക്കിഴിവിലാണ് യുവത പുസ്തകങ്ങള്‍ വില്‍പന നടത്തുന്നത്. www.yuvathabooks.in എന്ന വെബ്‌സൈറ്റിലൂടെ ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ സ്വന്തമാക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ലിറ്റ്‌ഫെസ്റ്റിന്റെ ഭാഗമായി എല്ലാ ദിവസവും നടക്കുന്ന സായാഹ്ന ചര്‍ച്ചകള്‍ വിജ്ഞാനപ്രദമായ അക്ഷരവിരുന്നാണ്. കേരളത്തിലെ പ്രശസ്ത എഴുത്തുകാരും ചിന്തകരും സംബന്ധിക്കുന്ന സാഹിത്യ ചര്‍ച്ച, സാംസ്‌കാരിക സംവാദം, പുസ്തക പ്രകാശനം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്. www.yuvathabooks.in ല്‍ പരിപാടികള്‍ തത്സമയം കാണാവുന്നതാണ്.
യുവത പ്രസിദ്ധീകരിച്ച ‘കോവിഡ് കാലം അനന്തര ലോകം’ പുസ്തക ചര്‍ച്ചയോടെയാണ് ഫെസ്റ്റിന് തുടക്കമായത്. എതിരന്‍ കതിരവന്‍, ഡോ. കെ പി അരവിന്ദന്‍, മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
‘ചെറിയമുണ്ടം അബ്ദുല്‍ഹമീദ്: എഴുത്തും ജീവിതവും’ സെഷനില്‍ ഒ അബ്ദുര്‍റഹ്മാന്‍, എം എം അക്ബര്‍, അബ്ദുല്‍ജബ്ബാര്‍ തൃപ്പനച്ചി, പി കെ ശബീബ് എന്നിവര്‍ പ്രസംഗിച്ചു. ഡോ. പി മുസ്തഫ ഫാറൂഖി ‘യുവത പ്രിവിലേജ് ക്ലബ്ബി’ന്റെ പ്രഖ്യാപനം നടത്തി.
‘പ്രസാധനത്തിന്റെ നവോത്ഥാന പൈതൃകം’ സെഷനില്‍ ഡോ. ഇ കെ അഹമദ്കുട്ടി, അബ്ദുര്‍റഹ്മാന്‍ മങ്ങാട്, ഡോ. ജാബിര്‍ അമാനി, ശഹീര്‍ വെട്ടം എന്നിവര്‍ പ്രസംഗിച്ചു.
‘1921 മലബാര്‍ സമരം’ ചരിത്ര സംവാദത്തില്‍ ഡോ. കെ കെ എന്‍ കുറുപ്പ്, ഡോ. കെ ഗോപാലന്‍കുട്ടി, ഡോ. പി ഗീത, ഡോ. ഫുക്കാര്‍ അലി എന്നിവര്‍ പ്രസംഗിച്ചു.
‘എ അബ്ദുസ്സലാം സുല്ലമി: രചനാ ലോകം’ സെഷനില്‍ വി എ കബീര്‍, എ ജമീല ടീച്ചര്‍, കെ പി സകരിയ, നദീര്‍ കടവത്തൂര്‍ എന്നിവര്‍ വിഷയമവതരിപ്പിച്ചു.
‘സാമുദായിക ജീവിതം മലയാള സാഹിത്യത്തില്‍’ ചര്‍ച്ചയില്‍ ഡോ. എന്‍ പി ഹാഫിസ് മുഹമ്മദ്, സഹീറ തങ്ങള്‍, ഡോ. ഷംസാദ് ഹുസൈന്‍, യൂനുസ് ചെങ്ങര എന്നിവര്‍ പ്രസംഗിച്ചു.
‘ഏകദൈവ ദര്‍ശനം: സംവാദവും രചനകളും’ സെഷനില്‍ സി പി ഉമര്‍ സുല്ലമി, എ അബ്ദുല്‍ഹമീദ് മദീനി, അബ്ദുസ്സലാം മുട്ടില്‍, അഫ്താഷ് ചാലിയം എന്നിവര്‍ പ്രസംഗിച്ചു.
പ്രമുഖ ഗ്രന്ഥകാരനും ചിന്തകനുമായ പി മുഹമ്മദ് കുട്ടശ്ശേരിയെ യുവത മേളയില്‍ അക്ഷരോപഹാരം നല്‍കി ആദരിച്ചു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഡോ. ഫസല്‍ ഗഫൂര്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, എന്‍ജിനീയര്‍ പി മമ്മത് കോയ, ഡോ. അന്‍വര്‍ സാദത്ത്, റിഹാസ് പുലാമന്തോള്‍ എന്നിവര്‍ പ്രസംഗിച്ചു.
‘ന്യൂനപക്ഷ രാഷ്ട്രീയവും എം ഐ തങ്ങളുടെ രചനാ ലോകവും’ സെഷനില്‍ ഡോ. എം കെ മുനീര്‍ എം എല്‍ എ, പ്രൊഫ. എ പി അബ്ദുല്‍വഹാബ്, എം സി വടകര, അലി പത്തനാപുരം, ഡോ. അനസ് കടലുണ്ടി എന്നിവര്‍ പ്രസംഗിച്ചു.
11-ന് വെള്ളിയാഴ്ച ‘പുസ്തക പ്രസാധനം: സമകാലിക പ്രതിസന്ധികള്‍’ ചര്‍ച്ചയില്‍ ഡോ. ഔസാഫ് അഹ്‌സന്‍ (അദര്‍ ബുക്‌സ്), മുഹ്‌സിന്‍ കോട്ടക്കല്‍ (ബുക്കഫെ), വി കെ ആസിഫലി എന്നിവര്‍ പങ്കെടുക്കും.
യുവത പ്രസിദ്ധീകരിക്കുന്ന സി കെ റജീഷിന്റെ ‘ആനന്ദം അകലെയല്ല’ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു.
12-ന് ശനിയാഴ്ച ‘എഴുത്തിന്റെ ലോകം: രചനാനുഭവങ്ങള്‍’ സെഷനില്‍ കെ പി രാമനുണ്ണി, വി മുസഫര്‍ അഹമ്മദ്, ഫര്‍സാന അലി, ഹാറൂന്‍ കക്കാട് എന്നിവര്‍ പങ്കെടുക്കും. യുവത പ്രസിദ്ധീകരിക്കുന്ന ടി.പി.എം റാഫിയുടെ ‘പ്രപഞ്ചചിത്രം ഖുര്‍ആന്‍ വര്‍ണങ്ങളില്‍’ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്യും.
13-ന് ഞായറാഴ്ച ‘എന്റെ പ്രിയപ്പെട്ട പുസ്തകം’ സെഷനില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം പി, പി സുരേന്ദ്രന്‍, സി എം മൗലവി, മൈന ഉമൈബാന്‍, സുഹൈല്‍ സാബിര്‍ എന്നിവര്‍ പങ്കെടുക്കും.
14-ന് തിങ്കളാഴ്ച ‘ബാലസാഹിത്യം: പുതുപ്രവണതകള്‍’ സെഷനില്‍ ജനു, റഷീദ് പരപ്പനങ്ങാടി, പി എ എം ഹനീഫ്, അബ്ദുല്‍ജബ്ബാര്‍ ഒളവണ്ണ, നിഖില സമീര്‍, ഷബീര്‍ രാരങ്ങോത്ത് എന്നിവര്‍ പങ്കെടുക്കും.
15-ന് ചൊവ്വാഴ്ച നടക്കുന്ന ‘കവിയരങ്ങി’ല്‍ പ്രമുഖ സാഹിത്യകാരന്‍ ചെറിയമുണ്ടം അബ്ദുറസാഖിനെ ആദരിക്കും. പി കെ ഗോപി, ആലങ്കോട് ലീലാകൃഷ്ണന്‍, വീരാന്‍കുട്ടി, കുഴൂര്‍ വിത്സണ്‍, റസാഖ് മലോറം, വി നൂറ, ഷാനവാസ് പറവന്നൂര്‍ എന്നിവര്‍ കവിതകള്‍ ആലപിക്കും.
16-ന് ബുധനാഴ്ച ‘രാഷ്ട്രത്തിന്റെ മതം’ വിഷയത്തില്‍ വി ഡി സതീഷന്‍ എം എല്‍ എ, സുനില്‍ പി ഇളയിടം എന്നിവര്‍ പ്രസംഗിക്കും.
17-ന് വ്യാഴാഴ്ച ‘പരിസ്ഥിതി ആഘാത നിര്‍ണയ ഭേദഗതിയിലെ ചതിക്കുഴികള്‍’ വിഷയത്തില്‍ ചര്‍ച്ച നടക്കും. കെ സഹദേവന്‍, സി ആര്‍ നീലകണ്ഠന്‍, പ്രൊഫ. ശോഭീന്ദ്രന്‍, ഡോ. എ നുജൂം എന്നിവര്‍ പങ്കെടുക്കും.
18-ന് വെള്ളിയാഴ്ച ‘സമരവും സാഹിത്യവും’ സെഷനില്‍ കെ ഇ എന്‍ പ്രസംഗിക്കും. യുവത പ്രസിദ്ധീകരിക്കുന്ന എ വി ഫര്‍ദിസിന്റെ ‘ദല്‍ഹി കലാപം’ പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്യും. മുഖ്താര്‍ ഉദരംപൊയില്‍, ഹമീദ് ചങ്ങരംകുളം, സനിയ്യ കല്ലിങ്ങല്‍ എന്നിവര്‍ കഥകള്‍ അവതരിപ്പിക്കും.
19-ന് ശനിയാഴ്ച ‘വായനയും ജീവിതവും’ സെഷനില്‍ എം എന്‍ കാരശ്ശേരി, എന്‍ എം ഹുസൈന്‍, ഡോ. ഖദീജ മുംതാസ്, ദേവേശന്‍ പേരൂര്‍, ഡോ. പി ടി നൗഫല്‍ എന്നിവര്‍ പങ്കെടുക്കും.
20-ന് ഞായറാഴ്ച പുസ്തകമേള സമാപിക്കും. ‘മാപ്പിള കലകളും ആസ്വാദനവും’ വിഷയത്തിലാണ് അവസാനദിവസത്തെ സാംസ്‌കാരിക വിരുന്ന്. അഡ്വ. ടി കെ ഹംസ, ഒ എം കരുവാരകുണ്ട്, ഫൈസല്‍ എളേറ്റില്‍, ബദറുദ്ദീന്‍ പാറന്നൂര്‍, ഹസന്‍ നെടിയനാട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
യുവത പ്രസിദ്ധീകരിക്കുന്ന കോടഞ്ചേരി മരക്കാര്‍ മുസ്‌ല്യാരുടെ ‘ദുരാചാര മര്‍ദനം’ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്യും. എം എ ഗഫൂര്‍, വിടല്‍ മൊയ്തു, അബ്‌ലജ മുജീബ് എന്നിവര്‍ ‘ദുരാചാര മര്‍ദനം’ എന്ന ഗ്രന്ഥത്തിലെ തെരഞ്ഞെടുത്ത ഗാനങ്ങള്‍ ആലപിക്കും. ആറ് വാല്യങ്ങളായി യുവത പ്രസിദ്ധീകരിക്കുന്ന ‘1921 മലബാര്‍ സമരം’ എന്ന ഗ്രന്ഥപരമ്പരയുടെ പ്രീ പബ്ലിക്കേഷന്‍ ബുക്കിംഗ് പുസ്തകമേളയില്‍ ആരംഭിക്കും.`

ഗ്രന്ഥകാരനും ചിന്തകനുമായ പി മുഹമ്മദ് കുട്ടശ്ശേരിക്കുള്ള യുവത ബുക്‌സിന്റെ അക്ഷരോപഹാരം ഐ എസ് എം സം സ്ഥാന ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് സമ്മാനിക്കുന്നു.

Back to Top