25 Friday
September 2026
2026 September 25
1448 Rabie Al-Âkher 12

കെ എന്‍ എം ഐഡിയല്‍ ഡയലോഗ്

കോഴിക്കോട്: സ്ഥായിയായ ധാര്‍മ്മിക മൂല്യങ്ങളെ നിരാകരിച്ചു കൊണ്ടുള്ള ഏതൊരു പ്രത്യയശാസ്ത്രവും മനുഷ്യവിമോചനം സാധ്യമാക്കില്ലെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) കോഴിക്കോട് ജില്ലാ സമിതി സംഘടിപ്പിച്ച ഐഡിയല്‍ ഡയലോഗ് അഭിപ്രായപ്പെട്ടു. ‘ബുദ്ധിയുടെ മതം മാനവതയുടെ ജീവന്‍’ സന്ദേശവുമായി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ചതുര്‍മാസ കാമ്പയിന്റെ ഭാഗമായാണ് ഐഡിയല്‍ ഡയലോഗ് സംഘടിപ്പിച്ചത്. പ്രപഞ്ച സ്രഷ്ടാവ് മാനവതക്ക് മാര്‍ഗദര്‍ശനമായി ഇറക്കിയ വേദഗ്രന്ഥങ്ങളില്‍ നിന്ന് മതത്തെ അറിയുന്നതിന് പകരം പുരോഹിത നിര്‍മിതികളെ മതമായി സ്വീകരിക്കുന്നതാണ് തെറ്റിദ്ധാരണകള്‍ക്ക് കാരണമാകുന്നത്. പ്രപഞ്ചസ്രഷ്ടാവ് നല്‍കിയ ശുദ്ധപ്രകൃതിക്ക് മേല്‍ മനുഷ്യന്‍ നടത്തിയ അതിര് വിട്ട കയ്യേറ്റങ്ങളാണ് മഹാമാരികള്‍ക്കും പ്രകൃതിദുരന്തങ്ങള്‍ക്കും കാരണമാകുന്നതെന്ന സത്യം വിസ്മരിച്ച് ദൈവിക കാരുണ്യത്തെ ചോദ്യം ചെയ്യരുതെന്നും ഡയലോഗ് വിലയിരുത്തി.
അഡ്വ. ടി എന്‍ പ്രതാപന്‍ എം പി ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരുന്നു. അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. മുഹമ്മദ് ഷാന്‍, എം ടി മനാഫ് മാസ്റ്റര്‍ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അബ്ദുറശീദ് മടവൂര്‍, മുഹമ്മദ് ഉസ്മാന്‍, വി സി മറിയക്കുട്ടി സുല്ലമിയ്യ, യഹ്‌യ മലോറം, ശുക്കൂര്‍ കോണിക്കല്‍, പി അബ്ദുറഹിമാന്‍ സുല്ലമി, ടി പി ഹുസൈന്‍ കോയ, ഫാത്തിമ ഹിബ, മഹബൂബ് ഇടിയങ്ങര പ്രസംഗിച്ചു.`

Back to Top