26 Thursday
December 2024
2024 December 26
1446 Joumada II 24

വലതു രാഷ്ട്രീയത്തിനു പിന്നിലെ ഇസ്‌ലാം ഭീതി

അബ്ദുസ്സമദ് തൃശൂര്‍

യൂറോപ്പില്‍ നിന്ന് നിരന്തരമായി കേള്‍ക്കുന്ന ഒന്നാണ് ഇസ്‌ലാമോഫോബിയയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍. കുറച്ചു കാലങ്ങളായി അത് കേള്‍ക്കാറില്ലായിരുന്നു. അതിനര്‍ഥം യൂറോപ്പ് ഇസ്‌ലാമോഫോബിയയില്‍ നിന്ന് മുക്തമായി എന്നല്ല. വലതു പക്ഷ രാഷ്ട്രീയം യൂറോപ്പില്‍ എന്നത്തേതിലുമധികം ശക്തി പ്രാപിക്കുന്ന കാഴ്ചകളാണ് അടുത്തിടെയായി കേള്‍ക്കുന്നത്. അതിന്റെ ഉപോല്പന്നമെന്നോണം മുസ്‌ലിംകള്‍ക്കെതിരായ പീഡനങ്ങളും വര്‍ധിച്ചു വരുന്നു. കുടിയേറ്റ വിരുദ്ധ, ഇസ്‌ലാം വിരുദ്ധതയാണ് അതിന്റെ അടിസ്ഥാന കാരണം. ഇസ്‌ലാമോഫോബിയയുടെ ഭാഗമായി യുറോപ്പ് ഇത്തരം സാധ്യതകളെ നന്നായി ഉപയോഗിച്ചു.
മുസ്‌ലിം രാജ്യങ്ങളില്‍ നിന്ന് യുറോപ്പിലേക്ക് കുടിയേറ്റം ഉണ്ടാകാന്‍ പല കാരണങ്ങളുമുണ്ട്. ഒന്നാമത്തെ വിഷയം അവര്‍ ജീവിക്കുന്ന നാടുകളിലെ രാഷ്ട്രീയ സാഹചര്യം തന്നെ. ഒരാളുടെ ദുരന്തം അയാളുടെ ജീവിതത്തിന്റെ കൂടെയുള്ളതാണ്. അതങ്ങനെ തന്നെ തുടരണമെന്നതാണ് പടിഞ്ഞാറന്‍ വലതുപക്ഷ രാഷ്ട്രീയം പറയുന്നത്. അതായത് നമ്മുടെ നാട്ടിലെ ചാതുര്‍വര്‍ണ്യം പോലെ. ദേശീയതയാണ് യുറോപ്യന്‍ വലതുപക്ഷത്തിന്റെ മറ്റൊരു ദൂഷ്യം. നമ്മുടെ നാട്ടിലും അങ്ങനെ തന്നെ. ചുരുക്കത്തില്‍ വലതുപക്ഷ രാഷ്ട്രീയം എല്ലായിടത്തും ഒരേ തൂവല്‍പക്ഷികളാണ്. അതുകൊണ്ട് തന്നെ ഒരേ സമയത്ത് ഒരേ രീതിയില്‍ തന്നെ ഇവര്‍ ലോകത്തിന്റെ പലയിടത്തും പെരുമാറുന്നത് കാണാം.
ഇസ്‌ലാംവിരുദ്ധ റാലിക്ക് സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നിട്ടും കുടിയേറ്റ മുസ്‌ലിംകള്‍ താമസിക്കുന്ന സ്ഥലത്ത് വെച്ച് അക്രമികള്‍ പരസ്യമായി ഖുര്‍ആന്‍ കത്തിച്ച വാര്‍ത്ത നാം അടുത്താണ് വായിച്ചത്. പിന്നെ ആക്രമണത്തിന്റെ കാരണം മുസ്‌ലിംകളുടെ തലയില്‍ വെച്ച് കെട്ടാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചതും.
അതേസമയം, ഇന്ത്യയില്‍ സമാനമായ മറ്റൊന്ന് കൂടി നടന്നു. അതിന്റെ പേരാണ് യു പി എസ് സി ജിഹാദ്. മുസ്‌ലിംകള്‍ സിവില്‍ സര്‍വീസ് പരീക്ഷകളില്‍ കൂടുതല്‍ പങ്കെടുക്കുന്നു. അവരുടെ ശതമാനം സിവില്‍ സര്‍വീസുകളില്‍ വര്‍ധിക്കുന്നു എന്നൊക്കെയാണ് പുതിയ ജിഹാദിന്റെ അടിസ്ഥാന കാരണം. അങ്ങനെ ആ അനുപാതം വര്‍ധിച്ചാല്‍ നാടിന്റെ അവസ്ഥയെന്താകും എന്നതാണ് വര്‍ഗീയവാദികള്‍ ഉന്നയിക്കുന്ന ചോദ്യം. ‘സുദര്‍ശന്‍’ എന്ന സംഘപരിവാര്‍ ചാനല്‍ അങ്ങനെ ഒരു ചര്‍ച്ചക്ക് ശ്രമിച്ചെങ്കിലും കോടതി ഇടപെട്ടു ഇപ്പോള്‍ നിര്‍ത്തി വെച്ചിരിക്കയാണ്. ദല്‍ഹി കലാപക്കേസിലെ പ്രതികളായ കപില്‍ മിശ്രയെ പോലുള്ളവര്‍ ഈ നീക്കത്തിന് പച്ചക്കൊടി കാണിച്ചിരിക്കുന്നു. സച്ചാര്‍ കമ്മിറ്റി പതിനഞ്ചു വര്‍ഷം മുമ്പ് ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമൂഹിക സാമ്പത്തിക അവസ്ഥയെ കുറിച്ച് നടത്തിയ പഠന റിപ്പോര്‍ട്ട് ഒരു ജനതയുടെ അവസ്ഥ പറയും.
ഇവരുടെയൊക്കെ പിന്നാമ്പുറം അന്വേഷിച്ചു ചെന്നാല്‍ നമുക്ക് കാണാന്‍ കഴിയുക തികഞ്ഞ ഇസ്‌ലാമോഫോബിയ എന്നല്ലാതെ മറ്റൊന്നുമല്ല. മുസ്‌ലിംകളെ കുറിച്ച് ഒരു പൊതുധാരണ ഇവര്‍ ഉണ്ടാക്കിയിട്ടുണ്ട്. അവര്‍ എന്നും വെള്ളം കോരികളും വിറകുവെട്ടികളുമായി അവശേഷിക്കണം. അതില്‍ നിന്നും അവര്‍ പുറത്തു കടക്കാന്‍ ശ്രമിച്ചാല്‍ ഉപയോഗിക്കാനുള്ള വടിയാണ് ജിഹാദ്. ജിഹാദുകള്‍ പലവിധമാണ്. ത്യാഗപരിശ്രമം എന്നാണു ഒറ്റവാക്കില്‍ അതിനു പറയാന്‍ കഴിയാവുന്ന അര്‍ഥം. ഒന്നിലേക്ക് എത്തിച്ചേരാന്‍ സ്വീകരിക്കേണ്ട പരിശ്രമങ്ങളെ ജിഹാദ് എന്ന് വിളിക്കാം. പക്ഷെ ഇന്ന് ജിഹാദ് ഒരു മോശം പദമാണ്. നമുക്കറിയാവുന്ന എന്തിന്റെ മുന്നിലും ആ പദം ശത്രു ഒട്ടിച്ചു വെച്ചിരിക്കുന്നു.
വലതുപക്ഷ രാഷ്ട്രീയം ഉന്നം വെക്കുന്നത് പ്രതിയോഗികളെ കൂടുതല്‍ വൈകാരികതയിലേക്ക് തള്ളിവിടുക എന്നതാണ്. സംഘ പരിവാറിന്റെ അത്തരം നിലപാടുകളെ മറികടക്കാന്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ ഇപ്പോള്‍ പഠിച്ചിരിക്കുന്നു. ആഗോള തലത്തിലും അങ്ങനെ തന്നെ. പക്ഷെ എന്തിനും അവര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ പ്രതികരിക്കാന്‍ പല സംഘങ്ങളെയും അവര്‍ തന്നെ നിര്‍മിച്ചുവെച്ചിരിക്കുന്നു. ഐ എസ് ഐ എസ്, പേര് മാത്രമുള്ള ചില സംഘങ്ങള്‍, ആരും കാണാത്ത ഭീകരര്‍ എന്നിവ അതിന്റെ മറ്റൊരു രൂപമാണ്. മുസ്‌ലിംകളെ കലാപങ്ങളില്‍ തളച്ചിടാന്‍ അവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്നത് അതിന്റെ കൂടി ഭാഗമാണ്.

Back to Top