30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

ബുദ്ധിയുടെ മതം: മാനവതയുടെ ജീവന്‍ ആദര്‍ശ കാമ്പയിന്‌ പ്രൗഢമായ തുടക്കം

കോഴിക്കോട്‌: `ബുദ്ധിയുടെ മതം, മാനവതയുടെ ജീവന്‍’ എന്ന സന്ദേശവുമായി കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ആദര്‍ശ കാമ്പയിന്‌ പ്രൗഢമായ തുടക്കം. വിവിധങ്ങളായ കര്‍മപദ്ധതികളോടെ നാല്‌ മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്റെ ഉദ്‌ഘാടനം ലോകപ്രശസ്‌ത പണ്ഡിതനും ഗ്രന്ഥകാരനും കുവൈത്ത്‌ യൂണിവേഴ്‌സിറ്റി ഖുര്‍ആന്‍ ഗവേഷണവിഭാഗം തലവനുമായ ഡോ. അബ്ദുല്‍ മുഹ്‌സിന്‍ സബാന്‍ അല്‍മുതൈരി നിര്‍വഹിച്ചു.
മനുഷ്യന്റെ ബുദ്ധിയെയും യുക്തിയെയും പരിഗണിക്കുന്ന വിശ്വാസ സംഹിതയാണ്‌ ദൈവം മനുഷ്യര്‍ക്കായി സമര്‍പ്പിച്ചിട്ടുള്ളതെന്ന്‌ ഡോ. അബ്ദുല്‍മുഹ്‌സിന്‍ ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു. യുക്തിഭദ്രമായ വിശ്വാസത്തെയാണ്‌ മതം വിഭാവനം ചെയ്യുന്നതെന്നിരിക്കെ, അന്ധവിശ്വാസങ്ങളെ മതം നിരാകരിക്കുകയാണ്‌ ചെയ്യുന്നത്‌. ചിന്തയുടെ സകലതല സ്‌പര്‍ശിയായ വിശ്വാസത്തെ ഉദ്ദീപിപ്പിക്കുകയാണ്‌ വിശുദ്ധ ഖുര്‍ആന്‍ ചെയ്യുന്നത്‌. മനുഷ്യസൃഷ്ടിപ്പിനെ കുറിച്ചും പ്രപഞ്ച വൈഭവങ്ങളെക്കുറിച്ചും നിരന്തരമായി ചിന്തിക്കാന്‍ ആഹ്വാനം ചെയ്യുന്ന വിശുദ്ധ ഖുര്‍ആന്‍ മനുഷ്യന്റെ ചിന്തയെയും യുക്തിയെയും കണിശമായും അംഗീകരിക്കുന്നു. മനുഷ്യരെല്ലാം സ്രഷ്ടാവിന്റെ സൃഷ്ടികളാണെന്ന ദൈവത്തിന്റെ സന്ദേശം ഉള്‍ക്കൊള്ളാന്‍ തയ്യാറായാല്‍ മനുഷ്യര്‍ തമ്മിലുള്ള കലഹങ്ങളും കലാപങ്ങളും അറുതി വരുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന പ്രസിഡന്റ്‌ ഡോ. ഇ കെ അഹമ്മദ്‌കുട്ടി അധ്യക്ഷത വഹിച്ചു. ഇറ്റലിയിലെ റോം ആസ്ഥാനമായുള്ള തവസ്സുല്‍ സെന്റര്‍ ഫോര്‍ പബ്ലിഷിംഗ്‌ ആന്റ്‌ റിസര്‍ച്ച്‌ ഡയലോഗ്‌ സെന്റര്‍ ഡയറക്ടറും പ്രമുഖ ഗ്രന്ഥകാരിയും പ്രഭാഷകയുമായ ഡോ. സബ്രീന ലീ മുഖ്യപ്രഭാഷണം നടത്തി. വിവിധങ്ങളായ ജാതിമതസ്ഥര്‍ പരസ്‌പര സഹവര്‍ത്തിത്വത്തിലും സാഹോദര്യത്തിലും കഴിഞ്ഞുകൂടുന്ന ഇന്ത്യന്‍ സമൂഹം ലോകത്തിന്‌ മാതൃകയാണെന്ന്‌ ഡോ. സബ്രീന പറഞ്ഞു. മതം മുന്നോട്ടുവെക്കുന്ന വിശ്വാസ ദര്‍ശനത്തിന്റെ യുക്തിപരമായ അടിത്തറയും ആദര്‍ശപരമായ മൗലികതയും ലോകത്തിനു മുന്നില്‍ സ്വഭാവത്തിലൂടെ പരിചയപ്പെടുത്താന്‍ വിശ്വാസികള്‍ക്ക്‌ ബാധ്യതയുണ്ടെന്ന്‌ അവര്‍ പറഞ്ഞു.
എന്‍ കെ പ്രേമചന്ദ്രന്‍ എം പി, പി കെ കുഞ്ഞാലിക്കുട്ടി എം പി, എം ടി അബ്ദുല്‍ഗഫൂര്‍, ഡോ. ഫുഖാറലി, സഹീര്‍ വെട്ടം, സല്‍മ അന്‍വാരിയ, അന്‍ഫിദ പുളിക്കല്‍ ആശംസകളര്‍പ്പിച്ചു. കെ ജെ യു ജന.സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, അലി മദനി മൊറയൂര്‍, പി കെ ശബീബ്‌ വിഷയങ്ങള്‍ അവതരിപ്പിച്ചു. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി സമാപന പ്രസംഗം നടത്തി. ഡോ. ജാബിര്‍ അമാനി, എം ടി മനാഫ്‌ പ്രസംഗിച്ചു.

Back to Top