5 Friday
December 2025
2025 December 5
1447 Joumada II 14

ചരിത്രം കുറിച്ച് കമല

യു എസ് രാഷ്ട്രീയ ചരിത്രത്തില്‍ കമല ഹാരിസ് (55) എഴുതിച്ചേര്‍ക്കുന്നത് പുതു അധ്യായം. യു എസിലെ പ്രധാന പാര്‍ട്ടികളിലൊന്നിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വെളുത്ത വംശജയല്ലാത്ത ആദ്യ സ്ഥാനാര്‍ഥിയാണ് ഇന്ത്യന്‍ വേരുകള്‍ കൂടിയുള്ള കമല ഹാരിസ്. മത്സരിക്കുന്ന മൂന്നാമത്തെ മാത്രം വനിതയും. ഇതുവരെ, ഒരു വനിതയും യു എസ് പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആയിട്ടില്ല. കഴിഞ്ഞ തവണ ഹിലരി ക്ലിന്റന്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്നു. തമിഴ്‌നാട് സ്വദേശിയായ അമ്മയുടെയും ജമൈക്കന്‍ സ്വദേശിയായ അച്ഛന്റെയും മകളായ കമലയുടെ സ്ഥാനാര്‍ഥിത്വം ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനാണ് പ്രഖ്യാപിച്ചത്. ഡൊണാള്‍ഡ് ട്രംപിനെതിരായ മത്സരത്തില്‍ ആഫ്രോ അമേരിക്കന്‍ വംശജരുടെയും ഇന്ത്യന്‍ വേരുകളുള്ള അമേരിക്കക്കാരുടെയും നിര്‍ണായക പങ്കു തിരിച്ചറിഞ്ഞാണ് ബൈഡന്റെ നീക്കം. കമലയുടെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം തന്നെ ഡെമോക്രാറ്റ് പ്രചാരണത്തിന് ഊര്‍ജം പകര്‍ന്നിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനുള്ള മത്സരത്തില്‍ തുടക്കത്തില്‍ കമലയുമുണ്ടായിരുന്നുവെങ്കിലും പിന്നീട് ബൈഡനു പിന്തുണ പ്രഖ്യാപിച്ചു പിന്മാറി. കലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററാണ് നിലവില്‍ കമല. കമലയുടെ സ്ഥാനാര്‍ഥിത്വത്തോട് അധിക്ഷേപാര്‍ഹമായ പ്രതികരണമാണ് പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപ് നടത്തിയത്. ബൈഡനോട് അരോചകവും നിന്ദ്യവുമായ വിധം പ്രതികരിച്ചിട്ടുള്ള വനിതയെ അദ്ദേഹം ഒപ്പം മത്സരിപ്പിക്കുന്നത് ആശ്ചര്യജനകമാണെന്ന് പ്രസിഡന്റ് പറഞ്ഞു. ഇതേസമയം, ആഫ്രോ അമേരിക്കന്‍ വംശജരോടുള്ള വിദ്വേഷം വോട്ടാക്കാന്‍ ശ്രമിക്കുന്ന ട്രംപിന് കമലയുടെ സ്ഥാനാര്‍ഥിത്വം ഗുണം ചെയ്യുമെന്നു വിലയിരുത്തുന്നവരുമുണ്ട്.

Back to Top