കോവിഡ് കാലത്തെ ജനാസ നമസ്‌കാരം
പി കെ മൊയ്തീന്‍ സുല്ലമി
മനുഷ്യര്‍ക്ക് ദൈവിക പരീക്ഷണങ്ങള്‍ രണ്ടു നിലയിലാണ് വരാറുള്ളത്. ഒന്ന്, വ്യക്തിയുടെ വിശ്വാസത്തെ പരീക്ഷിക്കല്‍. ഇബ്‌റാഹീം നബി(അ)യെ നംറൂദ് രാജാവ് തീക്കുണ്ഠത്തിലേക്ക് എറിഞ്ഞതും പുത്രബലി നടത്താന്‍ പ്രേരിപ്പിച്ചതും അയ്യൂബ് നബി(അ)ക്ക് മാരകമായ രോഗം ബാധിച്ചതുമൊക്കെ വിശ്വാസപരമായ പരീക്ഷണങ്ങളായിരുന്നു. ഇബ്‌റാഹീം നബി(അ) തന്റെ പരീക്ഷണങ്ങളില്‍ വിജയിച്ചതായി സൂറത്തുല്‍ ബഖറ 134-ാം വചനത്തിലും അയ്യൂബ് നബി(അ) വിജയിച്ചതായി സൂറത്ത് അന്‍ബിയാഅ് 84-ാം വചനത്തിലും അല്ലാഹു വിശദീകരിച്ചിട്ടുണ്ട്.
രണ്ടാമത്തേത്, ദൈവികമായ ശിക്ഷ എന്ന നിലയിലാണ്. അല്ലാഹു പറയുന്നു: ”ഏറ്റവും വലിയ (നരക)ശിക്ഷ കൂടാതെ ചില ചെറിയ തരം ശിക്ഷകളും നാം അവരെ ആസ്വദിപ്പിക്കുന്നതാണ്. അവര്‍ ഒരുവേള (തെറ്റുകളില്‍ നിന്നും) മടങ്ങിയേക്കാം” (സജദ 21). ഇത്തരം ശിക്ഷകള്‍ എങ്ങനെയുണ്ടായി എന്നുപോലും അറിയാതെ മനുഷ്യര്‍ അന്ധാളിച്ചു നില്‍ക്കുന്ന അവസ്ഥയുണ്ടാകും. അല്ലാഹു പറയുന്നു: ”അവര്‍ക്ക് മുമ്പുള്ളവരും സത്യത്തെ ധിക്കരിച്ചു. അപ്പോള്‍ അവര്‍ അറിയാത്ത നിലയില്‍ അവര്‍ക്ക് ശിക്ഷ വന്നെത്തി.” (സുമര്‍ 25)
ദശാബ്ദങ്ങളായി ലോകത്ത് ദൈവനിഷേധങ്ങളും അക്രമങ്ങളും അനീതികളും നടക്കുന്നുണ്ട്. ഇതിനൊക്കെ ഒരു പരിധി അല്ലാഹു നിശ്ചിച്ചിട്ടുണ്ട്. അതു കഴിഞ്ഞാല്‍ അവന്‍ നടപടികളിലേക്ക് നീങ്ങും. അല്ലാഹു പറയുന്നു: ”ഓരോ സമുദായത്തിനും ഓരോ അവധിയുണ്ട്. അങ്ങനെ അവരുടെ അവധി വന്നെത്തിയാല്‍ അവര്‍ ഒരു നാഴിക നേരം പോലും മുന്തിക്കുകയോ പിന്തിക്കുകയോ ചെയ്യുന്നതല്ല.” (അഅ്‌റാഫ് 34)
ഒരു പൊതു ശിക്ഷ വരുമ്പോള്‍ അതില്‍ സത്യവിശ്വാസികളും നിരപരാധികളും ഉള്‍പ്പെട്ടേക്കാം. അതും അല്ലാഹു മറച്ചുവെക്കുന്നില്ല. ”ഒരു പരീക്ഷണം (ശിക്ഷ) വരുന്നത് നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക. അത് ബാധിക്കുന്നത് നിങ്ങളില്‍ നിന്നുള്ള അക്രമികള്‍ക്ക് പ്രത്യേകമായിട്ടാവുകയില്ല.” (അന്‍ഫാല്‍ 25)
മരണം എവിടെ വെച്ച്, ഏതവസ്ഥയില്‍ സംഭവിക്കും എന്നതിനെ സംബന്ധിച്ച് ആര്‍ക്കും അറിവ് നല്‍കിയിട്ടില്ല. അല്ലാഹു പറയുന്നു: ”നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താന്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല.” (ലുഖ്മാന്‍ 34)
സത്യവിശ്വാസികളോട് അല്ലാഹുവിന്റെ കല്പന ഇപ്രകാരമാണ്: ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറ പ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്‌ലിംകളായിക്കൊണ്ടല്ലാതെ മരിക്കാന്‍ ഇടയാകരുത്.” (ആലുഇംറാന്‍ 102)
ഈ കോവിഡു കാലത്ത് മരിക്കുന്നതും പ്രോട്ടോകോള്‍ അനുസരിച്ച് ജനാസ കൈകാര്യം ചെയ്യുന്നതും സങ്കീര്‍ണവും പ്രയാസങ്ങള്‍ നിറഞ്ഞതുമാണ്. ഇത്തരം വിഷയങ്ങള്‍ ഇജ്തിഹാദി (ഗവേഷണപരം) ആണ്. ഇന്ന് രോഗപ്പകര്‍ച്ചയെ പ്രതിരോധിക്കാന്‍ നമസ്‌കാരം നിര്‍വഹിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുകയാണ്. രോഗപ്രതിരോധം പ്രവാചകന്റെ കല്പനയില്‍ പെട്ടതുമാണ്. ”രോഗമുള്ളവര്‍ രോഗമില്ലാത്തവരിലേക്കും രോഗമില്ലാത്തവര്‍ രോഗമുള്ളവരിലേക്കും പ്രവേശിക്കുന്നത് നബി(സ) വിരോധിച്ചിട്ടുണ്ട്.” (മുസ്‌ലിം 2221)
ആരാധനകളിലും മറ്റും നിരവധി ഇളവുകള്‍ അനുവദിച്ച മതമാണ് ഇസ്‌ലാം. അല്ലാഹു പറയുന്നു: ”അതിനാല്‍ നിങ്ങള്‍ സാധിക്കുന്ന വിധം അല്ലാഹുവെ സൂക്ഷിക്കുക.” (തഗാബുന്‍ 16). നബി(സ) പറഞ്ഞു: ”ഞാന്‍ ഒരു കാര്യം നിങ്ങളോട് കല്പിക്കുന്ന പക്ഷം നിങ്ങള്‍ക്ക് കഴിയുംവിധം അത് പ്രവര്‍ത്തനത്തില്‍ കൊണ്ടുവരേണ്ടതാണ്.” (ബുഖാരി, മുസ്‌ലിം). ”അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ നിര്‍ബന്ധിക്കുകയില്ല.” (അല്‍ബഖറ 286)
ഇസ്‌ലാമില്‍ പരിഹരിക്കാന്‍ സാധിക്കാത്ത ഒരു പ്രശ്‌നവുമില്ല. ജനാസ നമസ്‌കാരത്തിലും മറ്റും ആളുകളെ പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത് ജനങ്ങളുടെ സുരക്ഷ ഉദ്ദേശിച്ചുകൊണ്ടാണ്. അതിന് ഇസ്‌ലാം എതിരല്ല. നിര്‍ബന്ധ ജുമുഅ പോലും ഒഴിവാക്കുന്നത് അല്ലാഹു നല്‍കിയ ഇളവിന്റെ അടിസ്ഥാനത്തിലാണ്.
ജനാസക്കുവേണ്ടി ജമാഅത്തായി നമസ്‌കരിക്കല്‍ നിര്‍ബന്ധമാണോ എന്ന സംശയം പലര്‍ക്കും ഉണ്ടാകാം. സാധാരണ ജമാഅത്തു നമസ്‌കാരം നടക്കാറുള്ള ഒരു പള്ളിയില്‍ ജമാഅത്ത് നമസ്‌കാരം നടത്തല്‍ ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ ‘ഫര്‍ദ് കിഫായ’ (സാമൂഹികബാധ്യത) ആണ്. അവിടെ ജമാഅത്ത് നടക്കാത്ത പക്ഷം എല്ലാവരും കുറ്റക്കാരായിത്തീരും. രണ്ടോ മൂന്നോ ആളുകള്‍ അത് നടത്തുന്ന പക്ഷം എല്ലാവരും കുറ്റത്തില്‍ നിന്ന് ഒഴിവാകുകയും ചെയ്യും. പ്രസ്തുത ജമാഅത്തില്‍ പങ്കെടുക്കല്‍ പ്രബലമായ സുന്നത്താണ് എന്നതാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം.
എന്നാല്‍ ജനാസ നമസ്‌കാരത്തിന് ജമാഅത്ത് നിര്‍ബന്ധമില്ല. എന്നാല്‍ അത് മറ്റു ജമാഅത്ത് നമസ്‌കാരം പോലെ ‘ഫര്‍ദ് കിഫായ’ ആണ്. ഒരു ജനാസക്കുവേണ്ടി ആരും നമസ്‌കരിക്കാത്ത പക്ഷം എല്ലാവരും കുറ്റക്കാരായിത്തീരും. ആരെങ്കിലും നമസ്‌കരിക്കുന്നപക്ഷം എല്ലാവരും കുറ്റത്തില്‍ നിന്നൊഴിവാകുകയും ചെയ്യും. ജനാസ നമസ്‌കാരത്തിന് ജമാഅത്ത് നിര്‍ബന്ധമില്ല. പലരുടെയും മരണം നബി(സ) അറിഞ്ഞിരുന്നില്ല. പലരുടെയും ജനാസ നമസ്‌കാരം നബി(സ) നിര്‍വഹിച്ചത് ഖബറിന്റെ അടുത്തു വെച്ചായിരുന്നു എന്ന് ഹദീസുകളില്‍ കാണാം.
എന്നാല്‍ ജമാഅത്തായി ജനാസ നമസ്‌കരിക്കല്‍ സുന്നത്താണ്. ഇമാം നവവി(റ) പറയുന്നു: ”ജനാസ നമസ്‌കാരം ഫര്‍ദ് കിഫായ ആണെന്നതില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. ഒരു ജനാസക്കു വേണ്ടി ഒരാള്‍ മാത്രം നമസ്‌കരിച്ചാലും നിര്‍ബന്ധം വീടുമെന്നാണ് നമ്മുടെ പണ്ഡിതന്മാരുടെ അടുക്കല്‍ സാധൂകരിക്കപ്പെട്ടിട്ടുള്ളത്. ജനാസ നമസ്‌കാരം സാധുവായിത്തീരാന്‍ രണ്ടാളുകള്‍ നമസ്‌കരിക്കേണ്ടതുണ്ടെന്നും മൂന്നാളുകള്‍ നമസ്‌കരിക്കേണ്ടതുണ്ടെന്നും നാലാളുകള്‍ നമസ്‌കരിക്കേണ്ടതുണ്ടെന്നും നിബന്ധനയായി പറയപ്പെട്ടിട്ടുണ്ട്. (ശറഹു മുസ്‌ലിം 4:27)
സയ്യിദ് സാബിഖ്(റ) പറയുന്നു: ”സ്ത്രീകള്‍ക്ക് പുരുഷന്മാരെപ്പോലെ ഒറ്റക്കും ജമാഅത്തായും ജനാസ നമസ്‌കാരം നിര്‍വഹിക്കാവുന്നതാണ്. ഉത്ബ(റ) മരണപ്പെട്ടപ്പോള്‍ ഉമര്‍(റ), തന്റെ ഭാര്യ നമസ്‌കാരം നിര്‍വഹിച്ചുകഴിയുന്നതുവരെ കാത്തുനില്‍ക്കുകയുണ്ടായി. ആയിശ(റ)ക്ക് ജനാസ നമസ്‌കാരം നിര്‍വഹിക്കാന്‍ വേണ്ടി സഅ്ദുബ്‌നു അബീവഖാസിന്റെ(റ) ജനാസ കൊണ്ടുവരാന്‍ അവര്‍ കല്പിക്കുകയുണ്ടായി. മറ്റുള്ള നമസ്‌കാരങ്ങളെപ്പോലെ സ്ത്രീകള്‍ ജമാഅത്തായി ജനാസ നമസ്‌കാരം നിര്‍വഹിക്കുന്നത് സുന്നത്താണെന്ന് ഇമാം നവവി, ഹസനത്തുബ്‌നു സ്വാലിഹ്, സുഫ്‌യാനുസ്സൗരി, അഹ്മദ്, ഹനഫികള്‍ എന്നിവര്‍ പ്രസ്താവിച്ചിരിക്കുന്നു. സ്ത്രീകള്‍ ഒറ്റക്കാണ് നമസ്‌കരിക്കേണ്ടതെന്ന് ഇമാം മാലിക്(റ) പ്രസ്താവിച്ചിരിക്കുന്നു.” (ഫിഖ്ഹുസ്സുന്ന 1:536)
ചുരുക്കത്തില്‍ ജനാസ നമസ്‌കാരത്തിന് ജമാഅത്ത് നിര്‍ബന്ധമില്ല. ജനാസ സംസ്‌കരണത്തിന് ആദ്യം മുതല്‍ അവസാനം വരെ പങ്കെടുക്കുന്നവര്‍ക്ക് വലിയ പ്രതിഫലമുണ്ട്. നബി(സ) പറയുന്നു: ”ജനാസക്കുവേണ്ടി നമസ്‌കരിക്കുന്നതുവരെ വല്ലവനും ജനാസയില്‍ പങ്കെടുക്കുന്ന പക്ഷം അവന് ഒരു ‘ഖീറാത്ത്’ പ്രതിഫലമുണ്ട്. മറമാടുന്നതുവരെ വല്ലവനും പങ്കെടുക്കുന്നപക്ഷം അവന്ന് രണ്ടു ‘ഖീറാത്ത്’ പ്രതിഫലമുണ്ട്. നബി(സ)യോട് ചോദിക്കപ്പെട്ടു: എന്താണ് രണ്ടു ഖീറാത്തുകള്‍? നബി(സ) പറഞ്ഞു: വലിയ രണ്ട് പര്‍വതങ്ങള്‍ പോലെയുള്ളത്.” (മുസ്‌ലിം 945)
ഇസ്‌ലാം മയ്യിത്തിനോട് വളരെയധികം ആദരവ് പുലര്‍ത്തുന്ന മതമാണ്. മണ്ണില്‍ നിന്നു ജനിച്ച മനുഷ്യരെ മരണാനന്തരം മണ്ണിലേക്കു തന്നെ മടക്കാനാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്. അല്ലാഹു പറയുന്നു: ”അതില്‍ (ഭൂമിയില്‍) നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്. അതിലേക്ക് തന്നെ നിങ്ങളെ നാം മടക്കുന്നു. അതില്‍ നിന്നു തന്നെ മറ്റൊരു പ്രാവശ്യം നിങ്ങളെ നാം പുറത്തു കൊണ്ടുവരികയും ചെയ്യും.” (ത്വാഹ 55).
മൃതശരീരം ഭൂമിയില്‍ മറവു ചെയ്യാതെ തീയില്‍ ദഹിപ്പിക്കുന്ന രീതി നമ്മുടെ നാട്ടിലുണ്ട്. ഇസ്‌ലാമില്‍ ഇപ്രകാരം ദഹിപ്പിക്കല്‍ നിഷിദ്ധമാണ്. ജീവനുള്ള വസ്തുക്കളെ ജീവനോടെയോ മരണശേഷമോ തീകൊണ്ടു ശിക്ഷിക്കാനും കരിച്ചുകളയാനും അല്ലാഹുവിന് മാത്രമേ അവകാശമുള്ളൂ എന്നതാണ് ഇസ്‌ലാമിക വീക്ഷണം. അന്യമതക്കാരുടെ ആചാരങ്ങളും സംസ്‌ക്കാരങ്ങളും പുലര്‍ത്തുന്നത് ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമാകുന്നു. അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങള്‍ സത്യനിഷേധികളെപ്പോലെ ആകരുത്” (ആലുഇംറാന്‍ 156). നബി(സ) പറയുന്നു: ”വല്ലവനും (വിശ്വാസങ്ങളില്‍) മറ്റൊരു സമുദായത്തോട് സാദൃശ്യം പുലര്‍ത്തുന്നുവെങ്കില്‍ അത്തരക്കാര്‍ അവരില്‍ പെട്ടവര്‍ തന്നെയാണ്.” (അബൂദാവൂദ് 4031)
ഇവിടെ മറ്റുള്ള മതക്കാരെപ്പോലെ ആയിത്തീരുക, അവരോട് സാദൃശ്യം പുലര്‍ത്തുക എന്നതിന്റെ താല്‍പര്യം അവര്‍ കയറിയ വാഹനത്തിലോ തുണിക്കടയിലോ കയറരുത് എന്നല്ല. മറിച്ച് അവരുടെ വിശ്വാസങ്ങളും ആരാധനാ രീതികളും ആചാരങ്ങളും അനുകരിക്കരുത് എന്നാണ്. ”നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതവും” (കാഫിറൂന്‍ 8) എന്നാണല്ലോ നബി(സ) മക്കക്കാരോട് പറഞ്ഞത്.
കോവിഡ് കാലത്ത് മരണപ്പെടുന്ന ഒരാള്‍ക്കു വേണ്ടി ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ ജനാസ നമസ്‌കരിക്കാന്‍ കഴിയാത്ത സന്ദര്‍ഭങ്ങള്‍ ഉണ്ടാവാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മറഞ്ഞ മയ്യിത്തിന് വേണ്ടി നമസ്‌കരിക്കുന്ന രീതി സ്വീകരിക്കാവുന്നതാണ്. അത് ഒറ്റക്കും കൂട്ടായും നിര്‍വഹിക്കാവുന്നതാണ്. നജ്ജാശീ രാജാവ് അബ്‌സീനിയയില്‍ മരണപ്പെട്ടപ്പോള്‍ നബി(സ) മദീനയില്‍ വെച്ച് അദ്ദേഹത്തിനുവേണ്ടി ജനാസ നമസ്‌കരിക്കുകയുണ്ടായി. ”അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ) നജ്ജാശിയുടെ മരണവാര്‍ത്ത തന്റെ സ്വഹാബികളെ അറിയിക്കുകയും അവര്‍ സ്വഫ്ഫായി നില്‍ക്കുകയും നബി(സ) മുന്നില്‍ വന്ന് നാലു തക്ബീറുകള്‍ ചൊല്ലുകയും ചെയ്തു.” (ബുഖാരി)
ഈ ഹദീസിനെ ഇബ്‌നു ഹജര്‍(റ) വിശദീകരിക്കുന്നു: ”ഈ ഹദീസ് ഗ്വായിബായ (മറഞ്ഞ) മയ്യിത്തിനുവേണ്ടി നമസ്‌കരിക്കാം എന്നതിന് തെളിവാകുന്നു. ഇമാം ശാഫിഈ(റ)യും അഹ്മദ്്ബ്‌നു ഹന്‍ബലും(റ) മുന്‍ഗാമികളായ ഭൂരിപക്ഷം പണ്ഡിതന്മാരും അപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. അതിനെ ഒരു സ്വഹാബിയും എതിര്‍ത്തതായി അറിയപ്പെട്ടിട്ടില്ലെന്ന് ഇബ്‌നുഹസം(റ) പറയുന്നു.” (ഫത്ഹുല്‍ബാരി 4:309)
പ്രസ്തുത ഹദീസിനെ ഇമാം മുസ്‌ലിം വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്: ”മറഞ്ഞ മയ്യിത്തിനു വേണ്ടി നമസ്‌കരിക്കുന്നതിന് പ്രസ്തുത ഹദീസില്‍ തെൡവുണ്ടെന്ന് ഇമാം ശാഫിഈ(റ)യും അദ്ദേഹത്തോട് യോജിച്ചുവന്നവരും പ്രസ്താവിച്ചിട്ടുണ്ട്.” (ശറഹുമുസ്‌ലിം 4:27)
നബി(സ) ഖബറിനു സമീപം നമസ്‌കരിച്ചത് മറഞ്ഞ മയ്യിത്തിന് നമസ്‌കരിക്കാനുള്ള തെളിവാണെന്ന് ഇബ്‌നുഹജര്‍(റ) രേഖപ്പെടുത്തിയിട്ടുണ്ട്: ”ഈ അധ്യായത്തില്‍ പറഞ്ഞ നമസ്‌കാരവും മറഞ്ഞ മയ്യിത്തിനു വേണ്ടിയോ ഖബ്‌റാളികള്‍ക്കു വേണ്ടിയുള്ളതോ ആയ നമസ്‌കാരമാണ്.” (ഫത്ഹുല്‍ബാരി 4:307)
സയ്യിദ് സാബിഖ്(റ) പറയുന്നു: ”അടുത്ത നാട്ടുകാരായിരുന്നാലും വിദൂരത്തുള്ളവരായിരുന്നാലും മറഞ്ഞ മയ്യിത്തിനു വേണ്ടി നമസ്‌കരിക്കാവുന്നതാണ്. നജ്ജാശി അബ്‌സീനിയയില്‍ മരണപ്പെട്ടിട്ടും നബി(സ) സ്വഹാബികളുമായി ചേര്‍ന്ന് അദ്ദേഹത്തിനു വേണ്ടി നമസ്‌കരിച്ചു എന്നത് ഇജ്മാഅ് ഉള്ള വിഷയമാണ്. അതിനെ ലംഘിക്കുന്നത് അനുവദനീയമല്ല.” (ഫിഖ്ഹുസ്സുന്ന 1:534)
ഇമാം ശൗക്കാനി(റ) പറയുന്നു: ഫത്ഹുല്‍ ബാരിയില്‍ നജ്ജാശിയുടെ ചരിത്ര പശ്ചാത്തലത്തില്‍ നടന്ന (നബിചര്യ) സംഭവം മറഞ്ഞ മയ്യിത്തിനു വേണ്ടി നമസ്‌കരിക്കാം എന്നതിന് തെളിവാണ്. അപ്രകാരം ഇമാമുകളായ ശാഫിഈ(റ)യും അഹ്മദുബ്‌നു ഹന്‍ബലും സലഫുകളായ ഭൂരിപക്ഷം പണ്ഡിതന്മാരും പ്രസ്താവിച്ചിട്ടുണ്ട്. സ്വഹാബികളില്‍ നിന്ന് ഒരാളും തന്നെ അതിനെ എതിര്‍ത്തിട്ടില്ലെന്ന് ഇബ്‌നു ഹസം(റ) പ്രസ്താവിച്ചിട്ടുണ്ട്.” (നൈലുല്‍ ഔത്വാര്‍ 4:56)