ബെലാറൂസില്‍ വന്‍ പ്രക്ഷോഭം
യൂറോപ്യന്‍ രാജ്യമായ ബെലാറൂസില്‍ കാല്‍ നൂറ്റാണ്ടിലധികമായി അധികാരത്തില്‍ തുടരുന്ന ഏകാധിപതി അലക്‌സാണ്ടര്‍ ലുകാഷെങ്കോയ്ക്ക് എതിരായ പ്രക്ഷോഭം ശക്തം. രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭത്തിനു പിന്തുണയേറിയതോടെ 50-ലേറെ വാര്‍ത്താ വെബ്‌സൈറ്റുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. രണ്ടു മുന്‍നിര പത്രങ്ങളുടെ പ്രസിദ്ധീകരണവും നിരോധിച്ചു. ഫാക്ടറികള്‍ അടയ്ക്കുമെന്നും സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാരെ പിരിച്ചുവിടുമെന്നും പ്രസിഡന്റ് ലുകാഷെങ്കോ മുന്നറിയിപ്പു നല്‍കി. ദേശീയ സ്മാരകങ്ങളുടെ സംരക്ഷണത്തിനെന്ന പേരില്‍ സൈന്യത്തെയും തെരുവിലിറക്കി. ആഗസ്ത് 9-ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആറാം തവണയും ലുകാഷെങ്കോ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ജനം തെരുവിലിറങ്ങിയത്. കൃത്രിമം നടന്നെന്നാരോപിച്ച് പ്രതിഷേധം തുടങ്ങി. അയല്‍രാജ്യമായ ലിത്വാനിയയില്‍ അഭയം തേടിയ പ്രതിപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ഥി സ്വറ്റ്‌ലാന ടിഖനോവ്‌സകയാണു വിഡിയോ സന്ദേശങ്ങളിലൂടെ പ്രതിഷേധങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. തലസ്ഥാനമായ മിന്‍സ്‌കില്‍ 16-ന് നടന്ന റാലിയില്‍ രണ്ടു ലക്ഷത്തോളം പേരാണ് പങ്കെടുത്തത്. 7000 പേരെ അറസ്റ്റ് ചെയ്തു.