5 Friday
December 2025
2025 December 5
1447 Joumada II 14

ടിക്‌ടോക്കിനു മേല്‍ അമേരിക്കയുടെ കടന്നുകയറ്റം

ടിക്‌ടോക്കിനു മേല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തുന്നത് ഗുണ്ടാപ്രവര്‍ത്തനമാണെന്ന് ചൈന. ടിക്‌ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് വില്‍ക്കാന്‍ ആറ് ആഴ്ച സമയം നല്‍കിയ ട്രംപിന്റെ നടപടി വിപണി സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്കും ലോക വ്യാപാര സംഘടനയുടെ തുറന്നതും സുതാര്യവും വിവേചന രഹിതവുമായ നയങ്ങള്‍ക്കും എതിരാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു. ടിക്‌ടോക് കൈമാറല്‍ ചെലവിന്റെ ഒരു വിഹിതം അമേരിക്കന്‍ ട്രഷറിക്ക് നല്‍കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. വില്‍പന സാധ്യമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന സാഹചര്യത്തില്‍ ഒരു വിഹിതം അമേരിക്കക്ക് അവകാശപ്പെട്ടതാണെന്നും ട്രംപ് പറഞ്ഞു. അതേസമയം, രണ്ട് സ്വകാര്യ കമ്പനികള്‍ തമ്മിലെ ഇടപാടില്‍ സര്‍ക്കാര്‍ എങ്ങനെ വിഹിതം ആവശ്യപ്പെടുമെന്ന് നിയമവിദഗ്ധര്‍ ചോദിക്കുന്നു. ഭീഷണിപ്പെടുത്തി വില കുറച്ച് വില്‍ക്കാന്‍ നിര്‍ബന്ധിച്ച ശേഷം പ്രതിഫലം ആവശ്യപ്പെടുന്നത് മാഫിയക്ക് സമാനമായ സ്വഭാവമാണെന്ന് മസാച്ചുസെറ്റ്‌സ് ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ടെക്‌നോളജി റിവ്യൂ മാഗസിന്‍ റിപ്പോര്‍ട്ടറായ ചാര്‍ലോട്ടെ ജീ പറഞ്ഞു.

Back to Top