22 Sunday
December 2024
2024 December 22
1446 Joumada II 20

ആത്മബലം ചോര്‍ത്താന്‍ കോവിഡ്‌ വൈറസിനെ അനുവദിക്കരുത്‌

മുര്‍ശിദ്‌ പാലത്ത്‌

കോവിഡ്‌ വലിയ അധ്യാപകനോ ഗുരുവോ ദൈവദൂതനോ ഒക്കെയാണെന്നാണ്‌ വിലയിരുത്തല്‍. മതവും ദൈവവുമെല്ലാം ഇച്ഛാപൂരണത്തിനുള്ള മാര്‍ഗം മാത്രമായ ആസുര കാലത്ത്‌ ദൈവമയച്ച ദൂതനാണ്‌ ഈ കുഞ്ഞന്‍ വൈറസ്‌ എന്നാണ്‌ പൊതുവെ പറഞ്ഞു കേള്‍ക്കുന്നത്‌. മാനവികതയില്‍ നിന്നും നൈതികതയില്‍ നിന്നുമെല്ലാം ഏറെ അകന്നുപോയ മാനവകുലത്തിന്‌ പ്രകൃതി നല്‍കിയ തിരിച്ചടിയാണ്‌ ഈ മഹാമാരി എന്ന്‌ നിരീശ്വരവാദികളും കട്ടായം പറഞ്ഞു. അങ്ങനെ ലോകത്തെ വിവിധ ദേശക്കാരും ഭാഷക്കാരുമായ ലക്ഷക്കണക്കിന്‌ മതപണ്ഡിതരും പ്രകൃതിവാദികളുമെല്ലാം പതിറ്റാണ്ടുകളായി കിണഞ്ഞു ശ്രമിച്ചിട്ട്‌ നടപ്പിലാക്കാന്‍ കഴിയാതെ പോയ ധര്‍മപാഠങ്ങളും പ്രകൃതി അനുകൂലനങ്ങളും ഏതാനും ആഴ്‌ചകള്‍ കൊണ്ട്‌ ജനകോടികളില്‍ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ച മഹാഗുരുവാണത്രേ കോവിഡ്‌.
ശരിയാണ്‌. മനുഷ്യന്‍ മറന്നുപോയ ഒരുപാട്‌ നന്മകള്‍ പുനരുണര്‍ത്താന്‍ ഈ വൈറസിന്‌ സാധിച്ചു. ദൈവേച്ഛക്കുമേല്‍ ദല്ലാള്‍ ചമയുന്ന സിദ്ധ ദിവ്യ നിര്‍മിതികളെല്ലാം വ്യാജവും നിരര്‍ഥകങ്ങളുമാണ്‌, പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യരുത്‌, ദുര്‍വ്യയവും ധൂര്‍ത്തും പാടില്ല, ഉള്ളവനും ഇല്ലാത്തവനുമിടയില്‍ വലിപ്പച്ചെറുപ്പ നാട്യങ്ങള്‍ നല്ലതല്ല, എന്തെല്ലാം നേടിയാലും ഒന്നിന്റെയും ഉടമസ്ഥതയും സ്വതന്ത്ര ഉപയോഗവും സാധ്യമല്ല, എല്ലാം ഏതു നിമിഷവും തീര്‍ത്തും ഉപയോഗരഹിതമാകും, നൂറ്റാണ്ടുകളുടെ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത എല്ലാ നേട്ടങ്ങളും പ്രതിസന്ധികളില്‍ നിഷ്‌ഫലമാണ്‌… അങ്ങനെ ഒരുപാടു പാഠങ്ങള്‍.
മനുഷ്യകുലത്തെയാകമാനം ഭീതിയുടെയും നിസ്സഹായതയുടെയും മുള്‍മുനയിലാക്കിയ കൊറോണ മണിക്കൂറുകള്‍കൊണ്ട്‌ അനുകൂല മാറ്റങ്ങള്‍ സാധ്യമാക്കി. എത്ര പെട്ടെന്നാണ്‌ നാം മാറിയത്‌. അതോടെ കാലം മാറി, കാലാവസ്ഥ മാറി. പരിസ്ഥിതി മാറി, പരിസരം മാറി. തെളിഞ്ഞ ആകാശം വിദൂര കാഴ്‌ചകള്‍ സാധ്യമാക്കി. ഒഴിഞ്ഞ പ്രകൃതി കയ്യേറ്റങ്ങള്‍ വിവിധയിനം പക്ഷിമൃഗാദികളുടെ വരവറിയിച്ചു. ജലാശയങ്ങള്‍ തെളിഞ്ഞു. സ്വഛവായു നിറഞ്ഞു. രോഗങ്ങള്‍ പലതും ഉള്‍വലിഞ്ഞു. തറവാടേ ഉലകമെന്നായി. വേലയും വിനോദവും ഊണും ഉത്സവവുമെല്ലാം വീടേറി ഇന്‍ഡോറായി… എങ്ങും നല്ല മാറ്റങ്ങള്‍, അകത്ത്‌ ആധിയായപ്പോഴും നല്ലതിനാണെന്ന തോന്നലുണ്ടായി.
നിസ്സഹായതയുടെ പലായനങ്ങളും നിര്‍ധനതയുടെ കഷ്ടപ്പാടുകളുമായിരുന്നു കോവിഡ്‌ ലോക്‌ഡൗണിന്റെ ആദ്യകാല കരളലിയിക്കുന്ന വാര്‍ത്തകള്‍. ഇതിനിടയില്‍, കോവിഡ്‌ ബാധിതരോട്‌ സര്‍ക്കാരും സമൂഹവും സ്വീകരിച്ച കരുതലും കൈത്താങ്ങും ഏറെ വലുതായിരുന്നു. അവര്‍ക്ക്‌ നല്ല പരിഗണനയും പരിചരണവും ലഭിച്ചു എന്നു തന്നെ പറയാം. ഇതര സംസ്ഥാനങ്ങളും ലോക രാജ്യങ്ങളുമെല്ലാം പകച്ചു നിന്ന ഈ ഘട്ടത്തില്‍ നാം ലോകമാതൃകയായി. അവര്‍ നമ്മെ വാനോളം പുകഴ്‌ത്തി. കോവിഡ്‌ പ്രതിരോധ രംഗത്തും അങ്ങനെ ഒരു പുതിയ കേരള മോഡല്‍ നിര്‍മിക്കപ്പെട്ടു.
പക്ഷേ, കോവിഡ്‌ കൂടുതലായി വ്യാപിക്കുകയും നിയന്ത്രണാതീതമായി തുടരുകയും ചെയ്യുമ്പോള്‍ നാം കേള്‍ക്കുന്ന വാര്‍ത്തകളും കാണുന്ന അനുഭവങ്ങളും അത്ര സുഖമുള്ളതല്ല. രോഗികളോടും നാട്ടിലെത്തിക്കൊണ്ടിരിക്കുന്ന പ്രവാസികളോടും നാം സ്വീകരിക്കുന്ന രീതികള്‍ ചര്‍ച്ചയാവുകയാണ്‌. പ്രത്യേകിച്ചും പ്രവാസിയെ കോവിഡ്‌ വൈറസിനെക്കാള്‍ മാരകമായി കണക്കാക്കി സാമൂഹികാകലവും കടന്ന്‌ സമുദ്രാകലം കാണിക്കുന്ന കേരളീയ മാതൃകയാണ്‌ ഇപ്പോഴത്തെ ചര്‍ച്ച. ഭേഷ്‌. കേരള മോഡലിന്‌ നീണ്ട കയ്യടി നല്‌കിയ വിദേശ രാജ്യങ്ങളും മാധ്യമങ്ങളുമെല്ലാം നെഗറ്റീവ്‌ മാര്‍ക്കിന്‌ കോളം വരയ്‌ക്കുകയാണ്‌.
നാട്ടിലെത്തിയ പ്രവാസിയോട്‌ നാട്‌ കാണിക്കുന്ന അപരവത്‌കരണത്തിന്റെ ഈ മോശം വാര്‍ത്തകളാണ്‌ ഇന്ന്‌ മാധ്യമങ്ങളിലെ ടാര്‍ഗറ്റ്‌. സര്‍ക്കാര്‍ കണ്ടെത്തിയ ക്വാറന്റീന്‍ കേന്ദ്രത്തില്‍ അവരെ പ്രവേശിക്കാനനുവദിക്കുന്നില്ല, എല്ലാവര്‍ക്കും ചെലവായതിനേക്കാള്‍ കൂലിയും നോക്കുകൂലിയും കൈക്കൂലിയും കൊടുത്ത്‌ പണിതതും അയല്‍ക്കാരും കുടുംബക്കാരുമായ ആയിരങ്ങള്‍ക്ക്‌ ഭക്ഷ്യമേളയൊരുക്കി ഗൃഹപ്രവേശം ആഘോഷിച്ചതുമായ സ്വന്തം വീട്ടിലേക്ക്‌ വരുമ്പോള്‍, പതിറ്റാണ്ടുകളായി ഓടിയെത്തി പെട്ടിതാങ്ങാന്‍ കൂടുന്ന അയല്‍വാസികള്‍ ഇന്ന്‌ ചീറ്റപ്പുലികളെപ്പോലെ ചീറിയടുക്കുന്നു. സ്വന്തം വാടകക്ക്‌ പോലും വീട്ടില്‍ താമസിക്കാന്‍ അനുവദിക്കുന്നില്ല, ക്വാറന്റീനെന്ന ഖബ്‌റില്‍ ഏകാന്തവാസം അനുഭവിക്കുന്നവന്‌ ആറടി അകലെ വെച്ച്‌ ചോറ്റുപാത്രത്തിലേക്ക്‌ ചോറെറിഞ്ഞു പോയ ചങ്കിനെ പള്ളിയില്‍ കയറ്റില്ലെന്ന്‌ ഇമാം പറയുന്നു. ഇതിനെയെല്ലാം അപ്രസക്തമാക്കുന്നതായി മറ്റൊരു വാര്‍ത്ത, പുലര്‍ച്ച നേരത്ത്‌ ഗേറ്റിലെത്തിയ വീട്ടുകാരനായ പ്രവാസിയെ ജ്യേഷ്‌ഠാനിയന്മാര്‍ തടയുന്നു. ഒഴിഞ്ഞു കിടക്കുന്ന അയല്‍വീട്ടില്‍ പോലും പ്രവേശിക്കുന്നത്‌ വിലക്കുന്നു. അവസാനം വരണ്ട തൊണ്ടയിലേക്ക്‌ ഒരുതുള്ളി കുടിനീര്‍ പോലും നിഷേധിക്കുന്നു.
ഇതൊന്നും സത്യമാകരുതേ എന്നു തന്നെയാണ്‌ പ്രാര്‍ഥന. എത്രയോ പൊയ്‌ വാര്‍ത്തികളില്ലേ, അതിലാകട്ടെ ഇവയുടെ സ്ഥാനമെന്ന്‌ ആഗ്രഹിക്കുന്നു. അല്ലെങ്കില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ഇത്തരം വാര്‍ത്തകള്‍ക്കു പിന്നിലെല്ലാം, കോവിഡ്‌ മരണത്തെ കുറിച്ച്‌ ചില ആരോഗ്യ വിദഗ്‌ധര്‍ വിശദീകരിച്ചപോലെ മറ്റെന്തെല്ലാമോ കാരണങ്ങളാണെന്ന്‌ വിശ്വസിക്കാനാണിഷ്ടം. കാരണം ഇതൊന്നും ഉള്‍ക്കൊള്ളാന്‍ മനസ്സനുവദിക്കുന്നില്ല. അത്രമേല്‍ നന്മകള്‍ കോവിഡുമായി ബന്ധപ്പെട്ടും കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രളയങ്ങളുമായി ബന്ധപ്പെട്ടുമെല്ലാം കേട്ടും കണ്ടും കുളിരണിഞ്ഞ മനസ്സിനെ മലയാളി ഇത്ര വലിയ കൊലയാളിയാണെന്ന്‌ വിശ്വസിപ്പിക്കാന്‍ കഴിയുന്നില്ല. ശരി അങ്ങനെ തന്നെയാകട്ടെ എന്ന്‌ വീണ്ടും പ്രാര്‍ഥിക്കുന്നു.
എന്നാലും ഈ വാര്‍ത്തകളെല്ലാം അങ്ങനെ തീര്‍ത്തും അസത്യവും കെട്ടിച്ചമച്ചതുമാകുമോ. ഇല്ല. കാരണം ഔദ്യോഗിക സ്ഥിരീകരണമുള്ള വാര്‍ത്തകളുമുണ്ട്‌ ഇതില്‍. അയല്‌പക്കത്തു വരുന്ന പ്രവാസിയെ എറിഞ്ഞാട്ടാന്‍ സംഘടിച്ചവരെ പൊലീസുദ്യോഗസ്ഥര്‍ അനുനയിപ്പിക്കുന്ന വീഡിയോകളും മറ്റുമുണ്ടല്ലോ ആ കൂട്ടത്തില്‍.
അതുപോലെ, ഇത്തരം അരുതായ്‌മകളോട്‌ പ്രവാസികളുടെയും അവരെ പിന്തുണക്കുന്ന പൊതുസമൂഹ പ്രതിനിധികളുടെയും ചില പ്രതികരണങ്ങളും കണ്ടു. സമൂഹത്തെ മുഴുവന്‍ നന്ദികെട്ടവരായി ഇകഴ്‌ത്തുന്നു. ഇനിയും പിച്ചപ്പാത്രവുമായി ഗള്‍ഫിലേക്കും ഇവിടെ പ്രവാസികളുടെ വീടുകളിലേക്കും വരരുതെന്ന്‌ ഭീഷണിപ്പെടുത്തുന്നു. ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി പ്രവാസീ നീ ഇനിയും ചതിക്കപ്പെടേണ്ട, നീ നിനക്കായ്‌ മാത്രം ജീവിച്ചോളൂ… തുടങ്ങിയ തീര്‍ത്തും നിസ്സഹായമോ നിഷേധാത്മകമോ നിരാശാധിഷ്‌ഠിതമോ ഒക്കെ ആയ ഉപദേശങ്ങള്‍ നിരത്തുന്നു.
ഇല്ല, ഇവരെയും പൂര്‍ണമായി കുറ്റപ്പെടുത്താന്‍ കഴിയില്ല. പലതുണ്ട്‌ കാരണങ്ങള്‍. കോവിഡിനെ കുറിച്ച അതിരില്ലാത്ത ഭീതിയാണൊന്ന്‌. എന്നെന്നും സുഖജീവിതം സാധ്യമാകണമെന്ന മനുഷ്യസഹജമായ ആര്‍ത്തിയാണ്‌ മറ്റൊന്ന്‌. എല്ലാവരും നശിച്ചാലും തനിക്ക്‌ ഒന്നും ഒട്ടും കുറയരുതെന്ന ഭീകരസ്വാര്‍ഥതയാണ്‌ ഏറ്റവും വലിയ വില്ലനാകുന്നത്‌. തന്റെ ഗതിയും ഇങ്ങനെയാണെന്ന്‌ കഴിഞ്ഞ കുറച്ചുകാലമായി കേരളീയരെങ്കിലും തുടരെത്തുടരെ മനസ്സിലാക്കിയിട്ടുണ്ട്‌. എന്നാലും അഡ്‌ജസ്റ്റ്‌മെന്റ്‌ ജീവിതം വേണ്ടെന്നാണവന്റെ മതം. ജീവിക്കുമ്പോള്‍ സിംഹമായി. എന്നാണല്ലോ പ്രമാണം.
കോവിഡ്‌ നാളില്‍ സാമൂഹിക അകലമെന്ന പദത്തിന്‌ നാം പുതിയ അര്‍ഥം കണ്ടെത്തുകയായിരുന്നു. രോഗബാധിതന്റെ സ്രവങ്ങള്‍ ശരീരത്തില്‍ പതിക്കാത്ത വിധം ശാരീരിക അകലം പാലിക്കണമെന്നു പറയാന്‍ ഈ പദം ഉപയോഗിച്ചു തുടങ്ങിയപ്പോള്‍ ചിലരെങ്കിലും ആശങ്കപ്പെട്ടത്‌ യാഥാര്‍ഥ്യമായിരിക്കുന്നു. അഥവാ രോഗിയെയും രോഗസാധ്യത പ്രതീക്ഷിക്കപ്പെടുന്നവനെയും സമൂഹവിരുദ്ധനായി, തീണ്ടാപ്പാടകലം പാലിക്കപ്പെടേണ്ടവനായി, അകറ്റപ്പെടേണ്ടവനായി കുറച്ചെങ്കിലും പേര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു.
അന്തരീക്ഷം ഏറെ ഭയാനകമാണ്‌. ജീവിതം, മരണം, രോഗം, ദാരിദ്ര്യം, ദുരന്തം, നഷ്ടം എന്നിവയെ കുറിച്ചെല്ലാം ശരാശരിക്കപ്പുറം ഭയപ്പെടാനാണ്‌ സുഖമതക്കാരായ നമ്മുടെ അറിവ്‌ നമ്മെ പ്രാപ്‌തമാക്കിയത്‌. ആത്മഹത്യാ നിരക്ക്‌ കൂടാനും പല രോഗങ്ങളും വ്യാപകമാവാനും ഇത്രമേല്‍ മരണഹേതുവാകാനും, വ്യാപന ശേഷിയിലൊഴിച്ച്‌, പ്രയാസങ്ങളിലും മരണ നിരക്കിലുമെല്ലാം പ്രഹരശേഷി വളരെ കുറഞ്ഞ നിസ്സാരനായ കോവിഡ്‌ പോലും കുറെയാളുകളെ കൊല്ലാനും വില്ലനായത്‌ ഈ ഭീതി രോഗമാണെന്ന്‌ നിരീക്ഷണമുണ്ട്‌.
`എന്തുവന്നാലുമെനിക്കാസ്വദിക്കണം മുന്തിരിച്ചാറു പോലുള്ളൊരിജ്ജീവിതം’ എന്നു പാടിയ കവി ആത്മഹത്യയില്‍ ആസ്വാദനം കണ്ടെത്തിയതാണ്‌ നമ്മുടെ ഹീറോയിസം. ഇതിന്‌ ഏണിവെച്ചുകൊടുക്കുന്നതായി ഈ രോഗത്തെ നേരിട്ട രീതികള്‍. പോസിറ്റീവുകള്‍, അഥവാ രോഗത്തിനെതിരെ നാം സ്വീകരിച്ച ക്രിയാത്മക പ്രതിരോധങ്ങള്‍ നിഷേധാത്മകമായാണ്‌ രോഗാതുരമായ മനസ്സുകളില്‍ പ്രതിഫലിച്ചത്‌. രോഗികളോട്‌ നേരിട്ടിടപഴകേണ്ടി വരുന്ന ആരോഗ്യപ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരുമെല്ലാം സ്വീകരിക്കുന്ന മുന്‍കരുതല്‍ രീതികള്‍, വസ്‌ത്രങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങളിലേക്ക്‌ പുറപ്പെടുന്ന വാഹനങ്ങള്‍, കൈകാലുകള്‍ മുതല്‍ അങ്ങാടികളും ആരാധനാലയങ്ങളും വരെ ശുചീകരിക്കുന്ന ഏറെ സങ്കീര്‍ണവും സൂക്ഷ്‌മവുമായ കര്‍ശനമായ രീതികള്‍, മരണപ്പെടുന്നവരുടെ ദയനീയ രംഗവര്‍ണനയുള്ള പെരുപ്പിച്ച കണക്കുകളും കഥകളും, രോഗികളായി മരിച്ചവരുടെ പ്രോട്ടോകോള്‍ പ്രകാരമുള്ള അന്ത്യകര്‍മ തല്‍സമയ പ്രക്ഷേപണങ്ങള്‍, സോഷ്യല്‍ മീഡിയകളില്‍ നിന്നടക്കം അഡ്രസില്ലാതെ നിരന്തരം പ്രവഹിക്കുന്ന ബോധവത്‌കരണ ബാഹുല്യം, കണ്ണുടക്കുന്നിടത്തെല്ലാം കാണുന്ന നിയമപാലന സന്നാഹങ്ങള്‍, നാം അതിജീവിക്കുമെന്ന ആയിരാവര്‍ത്തന പ്രതിജ്ഞകള്‍…
ഈ ബഹളങ്ങള്‍ക്കിടയിലൂടെ ലോക്‌ഡൗണിന്റെ ഏകാന്തത നല്‌കിയ നീണ്ട ഇടവേളകള്‍, സാമൂഹികാകലത്തിന്റെ ഒറ്റപ്പെടലുകള്‍ എന്നിവ അശുഭചിന്തകരുടെ മനസ്സില്‍ ഭീതി നിറയ്‌ക്കുകയായിരുന്നു. അവര്‍ക്ക്‌ യഥാര്‍ഥമോ പ്രതീകാത്മകമോ ആയി ശുഭാപ്‌തി നല്‌കിയിരുന്ന മതോദ്‌ബോധനങ്ങളും ആരാധനാലയങ്ങളുമെല്ലാം നിഷേധിക്കപ്പെട്ടത്‌ കൂടുതല്‍ നിരാശക്ക്‌ കാരണമായി. അതെ, കോവിഡ്‌ അതിജീവനശ്രമത്തിന്റെ നിരാശാജനകമായ പാര്‍ശ്വഫലമാണ്‌ രോഗികളോടും രോഗികളെന്ന്‌ സംശയിക്കപ്പെടുന്നവരോടുമുള്ള സമൂഹത്തിന്റെ ക്രൂരമായ പ്രതിഷേധങ്ങള്‍. ഇതിലും ഭയാനകമായ മറ്റൊരവസ്ഥ കൂടി സമൂഹത്തിലുണ്ട്‌. അഥവാ, നാമറിയാത്ത പുതിയ അസ്‌പൃശ്യത. മക്കളും മാതാപിതാക്കളും ഇരട്ട സഹോദരരും തമ്മില്‍ പോലും പരസ്‌പരം മിണ്ടാനും കാണാനും തൊടാനും തൊട്ടത്‌ തൊടാനുമെല്ലാം ഭയക്കുന്ന, സംശയിക്കുന്ന തീര്‍ത്തും ആശങ്കാജനകവും അപകടകരവുമായ സാമൂഹിക സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അപരനോടാണിത്‌ ആദ്യം പ്രകടിപ്പിക്കാന്‍ എളുപ്പം എന്നതാണ്‌ അകറ്റലിന്റെ ആദ്യ നറുക്ക്‌ പ്രവാസിക്കും അന്യസംസ്ഥാനക്കാരനും ലഭിക്കാന്‍ കാരണം. സമ്പാദ്യത്തിലും വിനിയോഗത്തിലുമെല്ലാം നിരന്തര നിയന്ത്രണങ്ങളും പരസ്‌പര പങ്കുവെപ്പുകളുടെയും കൂടിച്ചേരലുകളുടെയും അവസരങ്ങളും ഇടിവുകളും ഇങ്ങനെ നീണ്ടുപോയാല്‍, പ്രതിരോധത്തിന്‌ പുതിയ വഴികള്‍ കണ്ടെത്തിയില്ലെങ്കില്‍ ഏറെ ഭീതിദമായ സാഹചര്യമായിരിക്കും നമ്മെ കാത്തിരിക്കുന്നത്‌.
ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളായ ആരോഗ്യം, സമ്പത്ത്‌ എന്നിവയെ ഈ രോഗം കാര്യമായി ബാധിച്ചിരിക്കുന്നു. മനുഷ്യരില്‍ മഹാഭൂരിപക്ഷത്തിനും ഇത്‌ പ്രയാസങ്ങളുണ്ടാക്കുന്നുണ്ട്‌. ദരിദ്രരുടെ ജീവിത വഴി അടഞ്ഞു എന്നതിനെക്കാള്‍ ഉള്ളവരെന്നഭിമാനിക്കുന്നവരുടെ, ഇടത്തരക്കാരുടെ, ഭാവിയെകുറിച്ച അമിതമായ ഉള്‍ഭയമാണ്‌ ഇന്ന്‌ പ്രശ്‌നമായിട്ടുള്ളത്‌. മരിച്ചുപോകുന്നതും സുഖം നശിച്ചുപോകുന്നതും അവര്‍ ഭയപ്പെടുന്നു. ഈ രോഗം അത്ര ഭീകരനല്ല എന്ന്‌ അറിഞ്ഞിട്ടും മരുന്ന്‌ കണ്ടെത്തിയിട്ടില്ലല്ലോ എന്നതാണ്‌ അവരെ ആകുലചിത്തരാക്കുന്നത്‌. അതുപോലെ തീരെ പട്ടിണിയായിപ്പോകുമെന്നതല്ല, വരുമാനം കുറഞ്ഞു പോകുമല്ലോ എന്നതാണ്‌ ധനികരുടെ ആശങ്ക. ഈ രണ്ടു പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദേശിക്കാന്‍ തല്‌ക്കാലം സര്‍ക്കാരുകള്‍ക്കോ ശാസ്‌ത്രത്തിനോ സാധിക്കുന്നില്ല. അതിനാല്‍ തന്നെ നാം അതിജീവിക്കുമെന്ന ഉപരിപ്ലവ വെറും വാക്കുകള്‍ പൗരന്മാര്‍ക്ക്‌ ആത്മവിശ്വാസം നല്‌കുന്നില്ല. അതാണ്‌ കൊച്ചു കുട്ടികള്‍ മുതല്‍ യുവാക്കളും വൃദ്ധരും വിജ്‌ഞരും വിദഗ്‌ധരുമെല്ലാം വിഷാദത്തിലും അവസാനം ആത്മഹത്യയിലും അഭയം തേടുന്ന വാര്‍ത്തകള്‍ വര്‍ധിക്കുന്നത്‌.

സാമഹിക അകലം, സമൂഹവ്യാപനം ആകുലതകളില്‍ അഭയനാകാനല്ലേ ഈമാന്‍

സത്യവിശ്വാസികള്‍ ഇവിടെ സായുധരും പ്രതിരോധശേഷി നേടിയവരുമാകണം. വിധി വിശ്വാസവും ഭരമേല്‍പിക്കലും മൂലം ലഭിക്കുന്ന ആത്മവിശ്വാസമാണ്‌ അവന്‌ ആയുധവും പ്രതിരോധവും നല്‌കുന്നത്‌. എല്ലാം സംഭവിക്കുന്നത്‌ അല്ലാഹുവിന്റെ തീരുമാനത്തിലും അറിവിലുമാണ്‌. അതിനെ മറികടക്കാന്‍ ആര്‍ക്കും കഴിയില്ല. “അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ യാതൊരു വിപത്തും ബാധിച്ചിട്ടില്ല. വല്ലവനും അല്ലാഹുവില്‍ വിശ്വസിക്കുന്ന പക്ഷം അവന്റെ ഹൃദയത്തെ അവന്‍ നേര്‍വഴിയിലാക്കുന്നതാണ്‌. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു” (64:11). ഈ അല്ലാഹു തന്റെ ഏതൊരു സൃഷ്ടിയോടും ഏറെ ദയയുള്ളവനും കരുണാനിധിയുമാണ്‌. അവന്‍ തന്റെ ദാസനെ കൈ വിടില്ല. ഇത്‌ നമ്മുടെ ഈമാനിന്റെ മര്‍മമാണ്‌.
ജീവിതാവസ്ഥകള്‍ മുഴുവന്‍ അല്ലാഹുവിന്റെ തീരുമാനപ്രകാരമാണ്‌ നടക്കുന്നത്‌ എന്നത്‌ നാം ആയിരം വട്ടം ആവര്‍ത്തിക്കുന്ന വാക്യമാണ്‌. എന്നാല്‍ ഇത്‌ വിശ്വസിക്കാന്‍ എത്ര പേര്‍ക്ക്‌ സാധിച്ചിട്ടുണ്ട്‌. ദിവസവും അഞ്ചു നേരം പള്ളിയില്‍ പോയി നമസ്‌കരിക്കുകയും ഇപ്പോള്‍ പള്ളി തടയപ്പെട്ടെങ്കിലും മുറതെറ്റാതെ വീട്ടില്‍ നമസ്‌കരിക്കുകയും ചെയുന്ന നമ്മില്‍ പലരും കോവിഡില്‍ തട്ടി അമിതാശങ്കയില്‍ ആപതിച്ചതെന്തേ. ഇതുകണ്ട്‌ ദൈവ നിഷേധി, കൈ ഇല്ലാത്തവന്‍ വിരലില്ലാത്തവനെയെന്ന പോലെയാണെങ്കിലും നമ്മെ കളിയാക്കുന്നില്ലേ.
എവിടെയാണ്‌ പിഴച്ചത്‌. ആരെക്കാളും ആത്മവിശ്വാസം ലഭിക്കേണ്ടവരാണ്‌ നാം. പ്രയാസത്തിന്റെ ആകാശയാത്ര നടത്തുമ്പോള്‍ നെഞ്ചിടുങ്ങേണ്ടവര്‍ നമ്മളല്ലല്ലോ, അത്‌ അവിശ്വാസിക്ക്‌ പടച്ചവന്‍ നല്‌കിയ ഉപമയല്ലേ. “ഏതൊരാളെ നേര്‍വഴിയിലേക്ക്‌ നയിക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവോ അവന്റെ ഹൃദയത്തെ ഇസ്‌ലാമിലേക്ക്‌ അവന്‍ തുറന്നുകൊടുക്കുന്നതാണ്‌. ഏതൊരാളെ അല്ലാഹു പിഴവിലാക്കാന്‍ ഉദ്ദേശിക്കുന്നുവോ അവന്റെ ഹൃദയത്തെ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കിത്തീര്‍ക്കുന്നതാണ്‌. അവന്‍ ആകാശത്തിലൂടെ കയറിപ്പോകുന്നത്‌ പോലെ. വിശ്വസിക്കാത്തവരുടെ മേല്‍ അപ്രകാരം അല്ലാഹു ശിക്ഷ ഏര്‍പ്പെടുത്തുന്നു.” (6:125)
ഇനി, അത്താണി കിട്ടാതെ അപ്പൂപ്പന്‍ താടി പോലെ അലക്ഷ്യനായി അലയേണ്ടവനുമല്ല മുവഹ്‌ഹിദ്‌. “വക്രതയില്ലാതെ (ഋജുമാനസരായി) അല്ലാഹുവിലേക്ക്‌ തിരിഞ്ഞവരും, അവനോട്‌ യാതൊന്നും പങ്കുചേര്‍ക്കാത്തവരുമായിരിക്കണം (നിങ്ങള്‍.) അല്ലാഹുവോട്‌ വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം അവന്‍ ആകാശത്തു നിന്ന്‌ വീണത്‌ പോലെയാകുന്നു. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ടു പോകുന്നു. അല്ലെങ്കില്‍ കാറ്റ്‌ അവനെ വിദൂരസ്ഥലത്തേക്ക്‌ കൊണ്ടു പോയി തള്ളുന്നു.” (22:31)
ഏതു ഭൂകമ്പത്തിലും ചുഴലിക്കാറ്റിലും മുറുക്കിപ്പിടിക്കാവുന്ന ഉര്‍വതുല്‍ വുസ്‌ഖയല്ലേ ഈമാന്‍. “ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത്‌ ബലമുള്ള ഒരു കയറിലാകുന്നു. അത്‌ പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.” (2:256)
ആര്‍ക്കാണ്‌, എന്തിനാണീ പരീക്ഷണം. നമുക്കറിയാം, പരീക്ഷണങ്ങളില്‍ നിന്ന്‌ ഒരു മനുഷ്യന്‍ പോലും, അഥവാ അല്ലാഹുവിന്‌ ഏറ്റം പ്രിയപ്പെട്ട നബിമാര്‍ പോലും മുക്തരായിട്ടില്ല. ജീവിതത്തില്‍ പരീക്ഷണം നിര്‍ബന്ധമാണെന്ന ആയത്തുകള്‍ പലതും നാം പലയാവര്‍ത്തി മനസ്സിലാക്കിയിട്ടുണ്ട്‌. “കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്‌; ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്‌. അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്‌ എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍.” (2:156,157)
“നിങ്ങളുടെ കൂട്ടത്തില്‍ സമരം ചെയ്യുന്നവരെയും ക്ഷമ കൈക്കൊള്ളുന്നവരെയും നാം തിരിച്ചറിയുകയും, നിങ്ങളുടെ വര്‍ത്തമാനങ്ങള്‍ നാം പരിശോധിച്ചു നോക്കുകയും ചെയ്യുന്നത്‌ വരെ നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും.” (47:31)
കപടവിശ്വാസികളെയും സത്യവിശ്വാസികളെയും വേര്‍തിരിച്ചറിയുക, ക്ഷമാശീലരെ കണ്ടെത്തുക, മനുഷ്യരെ വിനയാന്വിതരാക്കുക, പശ്ചാത്തപിക്കാന്‍ അവസരം സൃഷ്ടിക്കുക, തിന്മകളില്‍ നിന്ന്‌ പിന്‍തിരിപ്പിക്കുക, വിശ്വാസം ഉറപ്പിക്കുക തുടങ്ങിയ പലവിധ ലക്ഷ്യങ്ങളാണ്‌ പരീക്ഷണങ്ങള്‍ക്കുള്ളത്‌. ഇവിടെയാണ്‌ ഈമാന്‍ രക്ഷക്കെത്തേണ്ടത്‌. ആശങ്കകള്‍ക്കും പ്രതീക്ഷകള്‍ക്കുമിടയില്‍ ഖവാം സ്വീകരിക്കാന്‍ കഴിയണം. നമ്മുടെ ഉദ്‌ബോധനവേദികളും പള്ളി മിമ്പറുകളും അരങ്ങൊഴിഞ്ഞിട്ട്‌ ഇപ്പോള്‍ നാലുമാസമായിട്ടല്ലേ ഉള്ളൂ. അപ്പോഴേക്കും നാം നിരായുധരാവുകയും അമിതഭയത്തില്‍ മനോനില തെറ്റിയവരുമായെന്നോ. വീട്ടിലും നാട്ടിലുമെല്ലാം നമ്മുടെ പെരുമാറ്റം അസ്വസ്ഥത സൃഷ്ടിക്കുന്നുവോ. മൂന്നാഴ്‌ച ജുമുഅ നഷ്ടപ്പെട്ടാല്‍ ഹൃദയം മുദ്രവെക്കപ്പെടുമെന്ന മുഹമ്മദ്‌ നബി(സ)യുടെ പ്രവചനം അക്ഷരംപ്രതി പുലര്‍ന്നതാണോ നാം അനുഭവിക്കുന്നത്‌.
വേറെ ചില ഭക്തര്‍, അവര്‍ക്ക്‌ കോവിഡിനെയോ മരണത്തെയോ ഒട്ടും പേടിയില്ല. പള്ളി അടച്ചതിലും അകലം നിശ്ചയിച്ചതിലും മുസ്വല്ലയും മുഖാവരണവും വേണമെന്ന്‌ നിഷ്‌കര്‍ഷിച്ചതിലുമെല്ലാം അവര്‍ സര്‍ക്കാരിനെയും സമുദായ നേതൃത്വത്തെയുമെല്ലാം ഒട്ടും ദാക്ഷിണ്യമില്ലാതെ ആക്ഷേപിക്കുകയാണ്‌. പടച്ചവന്റെ വിധി തടുക്കാന്‍ ഇവര്‍ക്കാകുമോ എന്നാണ്‌ ചോദ്യം. ഇത്തരം പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവര്‍ ഈമാനുറപ്പില്ലാത്തവരും തവക്കുലറിയാത്തവരുമാണ്‌ ഇവരുടെ വീക്ഷണത്തില്‍. ഇങ്ങനെയാണോ ഈമാനും തവക്കുലും. അല്ലാഹുവിന്റെ മാര്‍ഗത്തിലെ യുദ്ധത്തിനുപോലും പ്രതിരോധ ഒരുക്കം നിര്‍ബന്ധമാണെന്നതാണ്‌ ഇസ്‌ലാമിക പാഠം. (ഖുര്‍ആന്‍ 8:60)
ഒട്ടകത്തെ കൃത്യമായി ബന്ധിക്കണം. എന്നാലും കെട്ടഴിയാമെന്നും അല്ലാതെ തന്നെ ഒട്ടകത്തെ നഷ്ടപ്പെടാന്‍ ഏറെ വഴികളുണ്ടെന്നും തന്റെ പരിധിക്കപ്പുറമുള്ള ആ ഭാഗമാണ്‌ സര്‍വശക്തനായ അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നതിലൂടെ നടക്കുന്നതെന്നും വിശ്വസിക്കണം. സാനിറ്റൈസറും ശാരീരികാകലവും മരുന്നും മറ്റും ഈ ഒട്ടകക്കയറാണ്‌. ഇതില്‍ മാത്രം അവലംബിക്കുന്നവന്‍ അവിശ്വാസി. ഇത്തരം സാഹചര്യങ്ങളില്‍ എന്തെങ്കിലും കുറവു സംഭവിക്കുമ്പോഴേക്കും അസ്വസ്ഥനായി ആത്മനാശത്തിലെത്തുന്നവനാണവന്‍. എന്നാല്‍ ഇത്തരം മുന്‍കരുതലുകളും ചികിത്സയുമെല്ലാം ദൈവവിധിയാണെന്നു കണ്ട്‌ നിര്‍വഹിക്കുകയും പരിസമാപ്‌തി പടച്ചവനാണ്‌ തീരുമാനിക്കേണ്ടതെന്ന്‌ സമാധാനിക്കുകയും ചെയ്യുന്നവനാണ്‌ വിശ്വാസി. അപ്പോള്‍ കുടിക്കുന്ന മരുന്നൊന്നും മരുന്നല്ലെന്നറിയുമ്പോഴും രോഗശമനം സാധ്യമാകും. മനസ്സിലും ശരീരത്തിലും ഒരു രോഗവും അവശേഷിക്കാത്ത സമ്പൂര്‍ണ ശമനം. ഇനി വല്ല അരുതായ്‌മയും സംഭവിച്ചാലും അവന്‍ ശാന്തമായ മനസ്സോടെ കാരുണികരില്‍ കാരുണികനായവന്റെ ശരിയായ തീരുമാനത്തില്‍ ക്ഷമിക്കും, തൃപ്‌തിപ്പെടും. ആ പരിപാലകന്റെ ഒരുപാടായിരം അനുഗ്രഹങ്ങളുമായാണ്‌ താന്‍ ഇത്രയും കാലം ജീവിച്ചതെന്നും അവന്‍ തന്നെ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും കൈവിടില്ലെന്നും തനിക്ക്‌ നല്ലതേ വരുത്തൂ എന്നും ഉറച്ചുവിശ്വസിക്കും.
രോഗഭീതിയുടെ അതിജീവനത്തിന്‌ അനിവാര്യമായ മറ്റൊരു ഭാഗം പരസ്‌പരം പങ്കുവെക്കാനും സമാശ്വസിപ്പിക്കാനുമുള്ള മാനസികാവസ്ഥ ഉണ്ടാക്കുക എന്നതാണ്‌. വിശ്വാസികള്‍ തമ്മിലുള്ള ബാധ്യതകളുടെ കൂട്ടത്തില്‍ മുഹമ്മദ്‌ നബി(സ) ഓര്‍മിപ്പിച്ച ചില പ്രധാന കാര്യങ്ങളുണ്ട്‌. സലാം (സമാധാനാഭിവാദ്യം) പറയുക, ക്ഷണം സ്വീകരിക്കുക, ഗുണകാംക്ഷിയാകുക, രോഗിയായാല്‍ സന്ദര്‍ശിക്കുക, അസാന്നിധ്യത്തിലും പ്രാര്‍ഥിക്കുക, ഒറ്റശരീരം പോലെ സങ്കടങ്ങളില്‍ സഹാനുഭൂതി കാണിക്കുക, സ്‌നേഹ സന്ദര്‍ശനം നടത്തുക, ഉള്ളത്‌ പങ്കുവെക്കുക, തനിക്ക്‌ ഇഷ്ടപ്പെടുന്നത്‌ അപരനും ആഗ്രഹിക്കുക, ഒരെടുപ്പുപോലെ പരസ്‌പരം ശക്തി നല്‌കുക.
ഇതില്‍ ചിലതെല്ലാം കോവിഡ്‌ കാലത്ത്‌ പാടില്ലാത്തതാണെങ്കിലും സാധ്യമായ പലതും നിര്‍വഹിക്കുന്നതില്‍ നാം കുറ്റകരമായ അനാസ്ഥ കാണിച്ചതിന്റെ ദുരന്തഫലമാണ്‌ വര്‍ധിച്ചുവരുന്ന ഹൃദയംപൊട്ടിയ മരണങ്ങളും സമനില തെറ്റിയ സഹോദരങ്ങളും. നമ്മോടൊപ്പം ആരാധിച്ചും ആഘോഷിച്ചും കളിചിരികളില്‍ പങ്കുചേര്‍ന്നും ഇന്നലെ വരെ നടന്ന പലരെയും ഇന്നു മുതല്‍ നാം അന്യരാക്കി, ഉറക്കത്തില്‍ കണ്ട ഭാവം പോലുമില്ലാതെ അകറ്റി നിര്‍ത്തി. ഇഷ്ടപ്പെട്ടവരെ കണ്ടും ഫോണ്‍വിളിച്ചുമെല്ലാം നാം പൊട്ടിച്ചിരികള്‍ തീര്‍ക്കുന്നുണ്ട്‌. ഇതിനിടയില്‍ പൊട്ടിപ്പോയ ഈ നൂല്‍ക്കമ്പികള്‍ കൂട്ടിച്ചേര്‍ക്കാന്‍ വെറുതെ ആ ഫോണില്‍ ഒരു ഹായ്‌ പറയാന്‍ പോലും നാം സന്മനസ്സു കാണിച്ചില്ല. താനേ ശരണമെന്നു കരുതിയ കുടുംബവും കൂട്ടുകാരും നാടും നാട്ടാരുമെല്ലാം ഒറ്റയടിക്ക്‌ ഈ അകലത്തില്‍ അന്യരായപ്പോള്‍ ദുര്‍ബലനായ ആ സഹജീവി ക്വാറന്റീന്‍ കൂടാരങ്ങളില്‍ നിന്ന്‌ നിസ്സഹായതയുടെ അഗാധതകളിലേക്ക്‌ താഴ്‌ന്നുപോകുമ്പോള്‍ ജനാലക്കൈകളില്‍ പിടിച്ച്‌ പുറത്തേക്ക്‌ നീട്ടിയയച്ച ആത്മാവുലച്ച നിശ്വാസങ്ങളില്‍ നിന്ന്‌ വൈറസ്‌ പരക്കുമോ എന്ന ഭയത്താല്‍ അയല്‍പക്ക കൊട്ടാരങ്ങളിലിരുന്ന്‌ സ്വന്തം ശരീരത്തില്‍ സാനിറ്റൈസര്‍ സ്‌പ്രേ ചെയ്യുകയായിരുന്നു നാം. പ്രിയരേ, ആ ഇരട്ട സഹോദരന്റെ ആത്മഹത്യയുടെ ഫത്‌വ തിരഞ്ഞ്‌ മയ്യിത്ത്‌ നമസ്‌കാരത്തില്‍ നിന്ന്‌ വിട്ടു നില്‍ക്കും മുമ്പ്‌, നാം ദൈവകോടതിയില്‍ കൊലപാതക ശിക്ഷ ഏല്‍ക്കേണ്ടി വരുമോ എന്ന്‌ പുനരാലോചിക്കുക.
നമുക്കും സംഘടനക്കും സമുദായത്തിനുമെല്ലാമായി പലതും തേടി നാം പലവുരു കയറി നിരങ്ങിയ കൂട്ടുകാരന്റെ വീട്‌ ഇന്ന്‌ നമുക്ക്‌ അന്യമാണ്‌. തീ തിന്നുന്ന അവനും വൃദ്ധരായ മാതാപിതാക്കളും നിരാലംബരായ മക്കളുമെല്ലാം ഉള്‍പ്പെടുന്ന അവന്റെ കുടുംബവും അപകടകാരികളാണ്‌. ഫോണിലും നേരിലുമായി മണിക്കൂറുകള്‍ സംസാരിക്കാറുണ്ടായിരുന്ന നമുക്ക്‌ ഇന്ന്‌ ഇവരോട്‌ സംസാരിക്കാന്‍ റേഡിയേഷന്‍ ഭയമാണ്‌. നമ്മുടെ ഈ അപ്രതീക്ഷിത നന്ദികേടില്‍ മനം നൊന്ത്‌ സമനിലതെറ്റിപ്പോയ കൂട്ടുകാരനെയും കുഞ്ഞു മക്കളടങ്ങുന്ന കുടുംബത്തെയും ഈമാന്‍ കുറഞ്ഞവരെന്നു വിധിയെഴുതും മുമ്പ്‌ നമുക്ക്‌ ഈമാന്‍ തന്നെ ചോര്‍ന്നു പോയിട്ടുണ്ടെന്ന്‌ തിരിച്ചറിയാന്‍ കഴിയേണ്ടേ.
സാമൂഹികാകലത്തിന്റെ സമൂഹവ്യാപന ദുരന്തമുണര്‍ത്താന്‍, പഠിച്ച ആയത്തുകളും ഹദീസുകളുമെല്ലാം ഓര്‍മിപ്പിക്കാന്‍ ആളില്ലാത്തത്‌ അവസരമായി കരുതാതെ ബാധ്യതകള്‍ നിര്‍വഹിക്കുക. തന്നെ ചാരിനില്‌ക്കുന്ന കുറ്റി സുഖിക്കേണ്ടെന്ന്‌ കരുതി അതിനെ എടുത്തുമാറ്റിയാല്‍ വേരില്ലാത്ത നാം മറിഞ്ഞുവീഴുമെന്ന തിരിച്ചറിവിനാണ്‌ ഈമാന്‍ എന്നു പറയുന്നത്‌. അപ്പോള്‍ ആ കുറ്റിക്കും വേരുറക്കാനുള്ള കര്‍മമാകും ഇസ്‌ലാം.

Back to Top