23 Monday
December 2024
2024 December 23
1446 Joumada II 21

ദുര്‍ബല, നിര്‍മിത ഹദീസുകളുടെ സ്വാധീനം

പി കെ മൊയ്‌തീന്‍ സുല്ലമി

ഖുര്‍ആനിന്റെ പദങ്ങളും ആശയങ്ങളും അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്‌. എന്നാല്‍ ഹദീസുകളുടെ ആശയങ്ങള്‍ അല്ലാഹുവിന്റേതും പദങ്ങള്‍ നബിയുടേതുമാണ്‌. ഖുര്‍ആന്‍ വചനങ്ങള്‍ അപ്പടി സ്വീകരിക്കല്‍ നമുക്ക്‌ നിര്‍ബന്ധമാണ്‌. എന്നാല്‍ ഹദീസുകള്‍ പരിശോധനകള്‍ക്ക്‌ വിധേയമാണ്‌. കാരണം ഹദീസുകള്‍ ലഭിച്ചിട്ടുള്ളത്‌ ഖുര്‍ആന്‍ പോലെ നൂറു ശതമാനവും സത്യസന്ധമായിട്ടല്ല. മറിച്ച്‌ തെറ്റും ശരിയും ചെയ്യുന്ന പ്രകൃതക്കാരായ മനുഷ്യരിലൂടെയാണ്‌.
ഒരു ഹദീസിന്റെ പരമ്പരയില്‍ വിശ്വാസയോഗ്യനല്ലാത്ത ഒരാളുണ്ടെങ്കില്‍ പ്രസ്‌തുത ഹദീസ്‌ തള്ളിക്കളയുന്നതാണ്‌. ഹദീസുകള്‍ മുഴുവന്‍ വഹ്‌യോ അല്ലാഹുവിങ്കല്‍ നിന്നുള്ളതോ അല്ല. നബി(സ) സ്വഹാബികളോട്‌ സാന്ദര്‍ഭികമായി പറഞ്ഞതും സ്വഹാബികള്‍ നബി(സ)യോട്‌ പറഞ്ഞതും സ്വഹാബികള്‍ പരസ്‌പരം സംസാരിച്ചതും നബി(സ) ഭാര്യമാരോട്‌ പറഞ്ഞതും അവിടുന്ന്‌ തമാശ പറഞ്ഞതും ഭൗതികമായി പറഞ്ഞതും മുശാവറ നടത്തിപ്പറഞ്ഞതും നബി(സ)യെ അല്ലാഹു തിരുത്തിയതും ഹദീസുകളായി വന്നിട്ടുണ്ട്‌.
“സത്യവിശ്വാസികളേ, ഒരു ധര്‍മനിഷ്‌ഠയില്ലാത്തവന്‍ വല്ല വാര്‍ത്തയുമായി നിങ്ങളുടെ അടുക്കല്‍ വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം” (ഹുജുറാത്ത്‌ 6). നബി(സ) പറയുന്നു: “വല്ലവനും മനപ്പൂര്‍വം എന്റെ പേരില്‍ കളവ്‌ പറയുന്ന പക്ഷം അവന്‍ അവന്റെ ഇരിപ്പിടം നരകത്തില്‍ ഒരുക്കിക്കൊള്ളട്ടെ” (ബുഖാരി). മേല്‍ വചനങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഹദീസ്‌ നിദാനശാസ്‌ത്ര ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ളത്‌. ഖുര്‍ആനും സുന്നത്തും പ്രമാണങ്ങളാക്കി ജീവിക്കാന്‍ ആഹ്വാനം ചെയ്‌ത പണ്ഡിതന്മാര്‍ പ്രസ്‌താവിച്ചിട്ടുള്ളത്‌ സ്വഹീഹായ ഹദീസുകള്‍ മാത്രം പ്രമാണമാക്കി ജീവിക്കാനാണ്‌. ഇമാം ശാഫിഈ(റ) പറയുന്നു: “ഹദീസുകള്‍ സ്വഹീഹാണെങ്കില്‍ അതാകുന്നു എന്റെ അഭിപ്രായം” (ഹുജ്ജതുല്ലാഹില്‍ ബാലിഗ 1:515). ഈ ഗ്രന്ഥം ശാഹ്‌ വലിയ്യുല്ലാഹിദ്ദഹ്‌ലവി(റ)യുടേതാണ്‌. ഇതേ രൂപത്തില്‍ ഇമാം നവവി(റ)യും മറ്റു ചിലരും അവരുടെ ഗ്രന്ഥങ്ങളില്‍ ഇമാം ശാഫിഈ(റ)യില്‍ നിന്നും രേഖപ്പെടുത്തിയിട്ടുണ്ട്‌.
ശാഫിഈ(റ)യുടെ പ്രസ്‌താവനയുടെ താല്‍പര്യം ഇപ്രകാരമാണ്‌: എന്റെ അഭിപ്രായം സ്വഹീഹായ ഹദീസുകള്‍ക്ക്‌ യോജിച്ചുവന്നാല്‍ മാത്രം അത്‌ എന്റെ അഭിപ്രായമായി അംഗീകരിച്ചാല്‍ മതി. ഞാന്‍ ഉദ്ധരിച്ചത്‌ ദുര്‍ബലമായ ഹദീസുകളുടെ അടിസ്ഥാനത്തിലാണെങ്കില്‍ നിങ്ങളത്‌ അംഗീകരിക്കേണ്ടതില്ല.
ഇമാം നവവി(റ)യുടെ ഗുരുനാഥനാണ്‌ അബൂശാമ(റ). അദ്ദേഹം `ബറാഅത്ത്‌ രാവി’ന്റെ ഹദീസുകള്‍ നിര്‍മിതവും ദുര്‍ബലവുമാണെന്ന്‌ രേഖപ്പെടുത്തിയതിന്‌ ശേഷം പറയുന്നു: “അല്ലാഹുവിന്റെ ദാസന്മാരേ, ഹദീസുകള്‍ നിര്‍മിച്ചുണ്ടാക്കുന്നവരെ നിങ്ങള്‍ സൂക്ഷിക്കേണ്ടതുണ്ട്‌. ഒരു ഹദീസ്‌ കളവാണെന്ന്‌ ബോധ്യപ്പെടുന്ന പക്ഷം അത്‌ ദീനില്‍ നിന്നും പുറത്താണ്‌.” (കിതാബുല്‍ ബാഇസ്‌, പേജ്‌ 127)
നുഖ്‌ബതുല്‍ ഫിക്‌ര്‍ എന്ന ഗ്രന്ഥത്തിന്റെ ഹാശിയയില്‍ രേഖപ്പെടുത്തുന്നു: “ഹമ്മാദുബ്‌നു സൈദ്‌(റ) ഉഖൈലി(റ)ല്‍ നിന്നും ഉദ്ധരിക്കുന്നു: തീര്‍ച്ചയായും നബി(സ)യുടെ പേരില്‍ പതിനായിരത്തോളം ഹദീസുകള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്‌” (പേജ്‌ 113). എന്നാല്‍ ദുര്‍ബലമായ ഹദീസുകള്‍ ഇതിന്റെ എത്രയോ ഇരട്ടി വരും.
ഹദീസ്‌ നിദാനശാസ്‌ത്ര പണ്ഡിതന്മാരുടെ അഭിപ്രായത്തിന്റെ ഒരു ഹദീസ്‌ സ്വീകാര്യമാകാന്‍ പത്ത്‌ നിബന്ധനകള്‍ വേണം. ഇബ്‌നു ഹജറുല്‍ അസ്‌ഖലാനിയുടെ നുഖ്‌ബതുല്‍ ഫിക്‌ര്‍, ജലാലുദ്ദീനുസ്സുയൂഥിയുടെ തദ്‌രീബുര്‍റാവി, ഇമാം സഖാവിയുടെ ഫത്‌ഹുല്‍ മുഗീസ്‌, മുഹമ്മദ്‌ ഹുസൈന്‍ ഹൈക്കലിന്റെ(റ) ഹയാതു മുഹമ്മദ്‌ എന്നിവ പരിശോധിച്ചാല്‍ ഈ നിബന്ധനകള്‍ കണ്ടെത്താവുന്നതാണ്‌. ഇവ സംക്ഷിപ്‌തമായി ഇവിടെ ഉദ്ധരിക്കാം.
(ഒന്ന്‌) ഖുര്‍ആനിന്റെ വ്യക്തമായ കല്‌പനകള്‍ക്ക്‌ വിരുദ്ധമായ ഹദീസുകള്‍: നബി(സ) പറയുന്നു: “വെള്ളിയാഴ്‌ച ദിവസമല്ലാതെ ലോകാവസാനം സംഭവിക്കുന്നതല്ല” (സ്വഹീഹുമുസ്‌ലിം 3:405). വിശുദ്ധ ഖുര്‍ആനിലെ മൂന്നിലേറെ വചനങ്ങള്‍ക്കും നബി(സ)യുടെ അധ്യാപനങ്ങള്‍ക്കും വിരുദ്ധമാണ്‌ ലോകാവസാനം വെള്ളിയാഴ്‌ചയേ സംഭവിക്കൂ എന്നത്‌. അല്ലാഹു പറയുന്നു: “അന്ത്യസമയത്തെപ്പറ്റി അതെപ്പോഴാണ്‌ സംഭവിക്കുക എന്നവര്‍ താങ്കളോട്‌ ചോദിക്കുന്നു. താങ്കള്‍ക്ക്‌ അതിനെക്കുറിച്ച്‌ എന്ത്‌ പറയാനാണുള്ളത്‌? നിന്റെ രക്ഷിതാവിങ്കലേക്കാണ്‌ കലാശം. താങ്കള്‍ അതിനെ ഭയപ്പെടുന്നവര്‍ക്ക്‌ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു” (നാസിആത്ത്‌ 42-45)
ലോകാവസാനം എന്നാണെന്ന്‌ ജിബ്‌രിലിന്‌(അ) പോലും അല്ലാഹു അറിയിച്ച്‌ കൊടുത്തിട്ടില്ല. “നബി(സ)യോട്‌ ജിബ്‌രീല്‍(അ) ചോദിക്കുകയുണ്ടായി: എപ്പോഴാണ്‌ ലോകാവസാനം. നബി(സ) പറഞ്ഞു: ചോദിക്കപ്പെട്ടവന്‍ ചോദിച്ചവനേക്കാള്‍ അതിനെക്കുറിച്ച്‌ അറിവുള്ളവനല്ല.” (ബുഖാരി). ഈ വേളയില്‍ ജിബ്‌രീല്‍(അ) ലോകാവസാനത്തിന്റെ ചില ലക്ഷണങ്ങള്‍ മാത്രമാണ്‌ പറഞ്ഞുകൊടുത്തത്‌.
(രണ്ട്‌) സാമാന്യ ബുദ്ധിക്ക്‌ വിരുദ്ധമായ ഹദീസുകള്‍: ഇസ്‌ലാം നമ്മുടെ ബുദ്ധിക്കനുസരിച്ചുള്ള മതമല്ല. കാരണം നമ്മുടെ ബുദ്ധിയില്‍ ഉദിക്കുന്ന എല്ലാ കാര്യങ്ങളും ശരിയാകണമെന്നില്ല. `ഇന്ന കാലത്ത്‌ ഇന്നവന്റെ പറമ്പിലെ മാവിന്മേല്‍ ചക്ക കായ്‌ച്ചിരുന്നു’ എന്ന വിധമുള്ള റിപ്പോര്‍ട്ടുകളാണ്‌ ഇവിടെ സാമാന്യബുദ്ധികൊണ്ടുദ്ദേശിക്കുന്നത്‌. മേല്‍ പറഞ്ഞ വിധം മാവിന്മേല്‍ ചക്ക കായ്‌ക്കുകയെന്നത്‌ സാമാന്യ ബുദ്ധിക്ക്‌ ഉള്‍ക്കൊള്ളാന്‍ സാധ്യമല്ല. ഹദീസുകളിലും ഇത്തരം അബദ്ധങ്ങള്‍ കാണാം. ഉദാഹരണം: “ഇബ്‌റാഹീം നബി(അ)യെ (തീയിലിട്ടു കത്തിക്കാന്‍ നംറൂദ്‌ ഒരുക്കിയ തീക്കുണ്‌ഠത്തില്‍) ഒരു പല്ലി ഇബ്‌റാഹീം നബി(അ)ക്കെതിരില്‍ ഊതുകയുണ്ടായി” (ബുഖാരി). പല്ലികളെ കൊല്ലാന്‍ പ്രേരണ നല്‍കുന്നുവെന്ന രീതിയില്‍ നബി(സ)യില്‍ നിന്നു വന്ന ഹദീസെന്ന പേരിലുള്ള കല്‌പനയുടെ കാരണമാണ്‌ മേല്‍ രേഖപ്പെടുത്തിയത്‌.
പല്ലി ഒരു ജീവി മാത്രമാണ്‌. ഇബ്‌റാഹീം(അ)യോട്‌ പ്രത്യേകം വിരോധമുണ്ടാകാന്‍ പല്ലിക്ക്‌ ബുദ്ധിയുണ്ടോ? നംറൂദ്‌ രാജാവിന്റെ തീക്കുണ്‌ഠത്തിലേക്ക്‌ പല്ലി ഊതിയാല്‍ എത്തുമോ? ഇത്‌ ഖുര്‍ആനിന്‌ വിരുദ്ധവുമാണ്‌. ഏതെങ്കിലും ഒരു പല്ലി തെറ്റു ചെയ്‌താല്‍ മറ്റുള്ള പല്ലികളെ കൊല്ലാനുള്ള ന്യായമെന്താണ്‌. വിചാരണയും ശിക്ഷയുമുള്ള മനുഷ്യ, ജിന്നുവര്‍ഗങ്ങള്‍ക്കു പോലും തെറ്റു ചെയ്യാത്തവരെ ശിക്ഷിക്കുന്ന സമ്പ്രദായം അല്ലാഹു നിശ്ചയിച്ചിട്ടില്ല. അല്ലാഹു പറയുന്നു: “പാപം ചുമക്കുന്ന ഒരാളും തന്നെ മറ്റൊരാളുടെ പാപ(ഭാരം) ചുമക്കുന്നതല്ല” (അന്‍ആം 164)
സാമാന്യബുദ്ധിക്ക്‌ വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയാനാണ്‌ നബി(സ) കല്‌പിച്ചത്‌. “നിങ്ങളുടെ ബുദ്ധിക്ക്‌ യോജിക്കാത്ത ഒരു ഹദീസ്‌ നിങ്ങള്‍ എന്നില്‍ നിന്നും (ഞാന്‍ പറഞ്ഞു എന്ന നിലയില്‍) കേള്‍ക്കുകയും അപ്രകാരം സംഭവിക്കാന്‍ സാധ്യതയില്ലെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്ന പക്ഷം ഞാന്‍ അതില്‍ നിന്നും വിദൂരമായിരിക്കും (അത്‌ ഞാന്‍ പറഞ്ഞതാകുന്നതല്ല)” (അഹ്‌മദ്‌, അല്‍ബാനി, സില്‍സില 2:260)
(മൂന്ന്‌) ഇജ്‌മാഇന്‌ (മുസ്‌ലിംകളുടെ ഏകകണ്‌ഠമായ തീരുമാനത്തിന്‌) വിരുദ്ധമായ ഹദീസുകള്‍: നബി(സ)ക്ക്‌ പിശാചിന്റെ ദുര്‍ബോധനം ബാധിക്കുന്നതല്ലെന്ന്‌ ഖുര്‍ആന്‍ വചനങ്ങള്‍ കൊണ്ടും ഹദീസുകള്‍ കൊണ്ടും സ്ഥിരപ്പെട്ട കാര്യമാണ്‌. നബി(സ)ക്ക്‌ സിഹ്‌റു ബാധിച്ചു എന്ന റിപ്പോര്‍ട്ട്‌ നബി(സ)ക്ക്‌ പിശാചു ബാധയേറ്റു എന്നാണ്‌ കാണിക്കുന്നത്‌. സിഹ്‌റ്‌ ബാധ പിശാചിനെ കൊണ്ടല്ലാതെ നടക്കുന്നതല്ല എന്നാണ്‌ സിഹ്‌റ്‌ ബാധിക്കുമെന്ന്‌ അവകാശപ്പെടുന്നവര്‍ പറയുന്നത്‌. അത്‌ ഇജ്‌മാഇന്ന്‌ വിരുദ്ധമാണ്‌. ഇമാം നവവി പറയുന്നു: “ഖാളി ഇയാള്‌ പറയുന്നു: നബി(സ)യുടെ നാക്കിനും മനസ്സിനും ശരീരത്തിനും പിശാചില്‍ നിന്നു അല്ലാഹു സംരക്ഷണം നല്‍കിയിട്ടുണ്ട്‌ എന്ന കാര്യത്തില്‍ മുസ്‌ലിം സമുദായം ഏകോപിച്ചിരിക്കുന്നു” (9:173).
(നാല്‌) ഹദീസുകള്‍ കൃത്യമായ ചരിത്രയാഥാര്‍ഥ്യങ്ങള്‍ക്ക്‌ വിരുദ്ധമാകാതിരിക്കല്‍: നബിയുടെ പേരില്‍ വന്ന ഒരു ഹദീസ്‌ ഇപ്രകാരമാകുന്നു: “കഅ്‌ബയുടെയും മസ്‌ജിദുല്‍ അഖ്‌സയുടെയും നിര്‍മാണത്തിലുള്ള കാലവ്യത്യാസം നാല്‍പത്‌ വര്‍ഷമാകുന്നു” (ബുഖാരി). എന്നാല്‍ ഇബ്‌നുല്‍ ജൗസിയും (മറ്റു പണ്ഡിതന്മാരും) അവയുടെ നിര്‍മാണങ്ങള്‍ക്കിടയില്‍ ഏകദേശം ആയിരം വര്‍ഷത്തെ വ്യത്യാസമുണ്ട്‌ എന്നാണ്‌ അഭിപ്രായപ്പെട്ടിട്ടുള്ളത്‌. (ഫത്‌ഹുല്‍ബാരി 8:199)
(അഞ്ച്‌) ഒരു വ്യക്തിയില്‍ നിന്ന്‌ മാത്രം ഒറ്റപ്പെട്ടുവരുന്ന അഭിപ്രായം: സ്വഹീഹുല്‍ ബുഖാരിയിലെ 4976, 4977 നമ്പര്‍ ഹദീസുകളുടെ ഉദ്ദേശ്യം മുഅവ്വദതൈനി (സൂറത്തുല്‍ ഫലഖും സൂറത്തുന്നാസും) ഖുര്‍ആനില്‍ പെട്ടതല്ല എന്നതാണെന്ന്‌ ഇബ്‌നുഹജര്‍(റ) ഇബ്‌നു മസ്‌ഈദ്‌(റ) പറഞ്ഞിരുന്നതായി ഉദ്ധരിക്കുന്നു. ഈ അഭിപ്രായം അടിസ്ഥാന രഹിതവും കുഫ്‌റുമാണെന്ന്‌ ഇമാം നവവിയും മറ്റും പ്രസ്‌താവിച്ചിരിക്കുന്നു (ഫത്‌ഹുല്‍ബാരി 11:190). ഇത്‌ സ്വഹാബത്തിന്റെ ഇജ്‌മാഇന്ന്‌ വിരുദ്ധമാണെന്ന്‌ ഇമാം ഖുര്‍തുബി രേഖപ്പെടുത്തിയിട്ടുണ്ട്‌. (അല്‍ജാമിഉ ലി അഹ്‌കാമില്‍ ഖുര്‍ആന്‍ 20:172).
(ആറ്‌) നാട്ടില്‍ നടക്കുന്നതും നാം നേരില്‍ കാണുന്നതുമായ യാഥാര്‍ഥ്യങ്ങള്‍ക്ക്‌ വിരുദ്ധമായ ഹദീസുകള്‍: “കരിംജീരകം മരണമൊഴിച്ചുള്ള എല്ലാ രോഗങ്ങള്‍ക്കും ശമനമാകുന്നു” (ബുഖാരി, മുസ്‌ലിം). കാന്‍സര്‍, കിഡ്‌നിരോഗം, ഹൃദ്രോഗം, മഞ്ഞപ്പിത്തം, എലിപ്പനി, വിവിധിനം പനികള്‍ എന്നിവകള്‍ക്കൊന്നും കരിംജീരകം ശമനല്ലമെന്ന്‌ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്‌.
(ഏഴ്‌) ചെറിയ കുറ്റത്തിന്‌ വലിയ ശിക്ഷ വാഗ്‌ദാനം ചെയ്യുന്ന ഹദീസുകള്‍: ഉദാഹരണം: “വെള്ളിയാഴ്‌ച രാവില്‍ വല്ലവനും വെളുത്തുള്ളി ഭക്ഷിക്കുന്ന പക്ഷം അവന്‍ എഴുപത്‌ വര്‍ഷം നരകത്തില്‍ ആണ്ടുപോകുന്നതായിരിക്കും.” (ഹാമിശ്‌ നുഖ്‌ബ, പേജ്‌ 112).
(എട്ട്‌) ചെറിയ കര്‍മത്തിന്‌ വലിയ പ്രതിഫലം വാഗ്‌ദാനം ചെയ്യുന്ന ഹദീസുകള്‍: വല്ലവരും ഇത്ര റക്‌അത്ത്‌ ളുഹാ നമസ്‌കരിക്കുന്ന പക്ഷം അത്തരക്കാര്‍ക്ക്‌ എഴുപത്‌ നബിമാര്‍ക്ക്‌ നല്‍കുന്ന പ്രതിഫലം നല്‍കപ്പെടും” (തൗളീഹുല്‍ അഹ്‌കാം 2:97).
(ഒമ്പത്‌) നബി(സ)യുടെ ചര്യക്ക്‌ വിരുദ്ധമായ ഹദീസുകള്‍: “നബി(സ) ജുമുഅക്ക്‌ മുമ്പ്‌ നാലും ശേഷം നാലും റക്‌അത്തുകള്‍ സുന്നത്തായി നിര്‍വഹിച്ചിരിക്കുന്നു” (ത്വബ്‌റാനി, ഇബ്‌നുമാജ). “ഇതിന്റെ പരമ്പരയില്‍ വിശ്വാസയോഗ്യരല്ലാത്ത രണ്ട്‌ വ്യക്തികള്‍ ഉള്ളതിനാല്‍ ഇത്‌ അടിസ്ഥാനരഹിതമാണെന്ന്‌ ഇമാം നവവി പ്രസ്‌താവിച്ചിരിക്കുന്നു.” (അല്‍ബാനി, സില്‍സിലതുദ്ദ്വഈഫ 3:45-46)
(പത്ത്‌) ഹദീസിന്റെ പദങ്ങളും ആശയവും വ്യക്തമായും മനസ്സിലാക്കാന്‍ കഴിയാത്ത ഹദീസുകള്‍: ഇവകള്‍ രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥങ്ങള്‍ ഏതൊക്കെയാണെന്ന്‌ നാം തുടക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

(തുടരും)

Back to Top