കുറ്റബോധവും പശ്ചാത്താപവും
അന്‍വര്‍ അഹ്‌മദ്
മനുഷ്യര്‍ ഏറെ ദൗര്‍ബല്യങ്ങളുള്ള സമൂഹമാണ്. അല്ലാഹു പറയുന്നു: “ദുര്‍ബലനായിക്കൊണ്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്” (നിസാഅ് 28). മനുഷ്യരില്‍ ഭൂരിപക്ഷവും തെറ്റാണെന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് തെറ്റുകള്‍ ചെയ്യുന്നത്. അറിഞ്ഞുകൊണ്ട് ചെയ്യുന്ന തെറ്റുകളും അറിയാതെ ചെയ്യുന്നവയും മാപ്പാക്കുക എന്നത് അല്ലാഹുവിന്റെ അധികാരത്തില്‍ പെട്ടതാണ്. “പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു ബാധ്യത ഏറ്റെടുത്തിട്ടുള്ളത് അറിവില്ലായ്‌മ നിമിത്തം തിന്മ ചെയ്യുകയും എന്നിട്ട് താമസിയാതെ പശ്ചാത്താപിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമാകുന്നു.” (നിസാഅ് 17)
കുറ്റബോധമില്ലാതെ തെറ്റുകള്‍ ആവര്‍ത്തിക്കുകയും മരണ സമയത്ത് മാത്രം പശ്ചാത്തപിക്കുകയും ചെയ്യുന്നവരുടെ പ്രാര്‍ഥന അല്ലാഹു സ്വീകരിക്കുകയില്ല. “പശ്ചാത്താപം എന്നത് തെറ്റുകള്‍ ചെയ്‌തുകൊണ്ടിരിക്കുകയും എന്നിട്ട് മരണം ആസന്നമാകുമ്പോള്‍ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല. സത്യനിഷേധികളായിക്കൊണ്ട് മരണപ്പെടുന്നവര്‍ക്കുമുള്ളതല്ല” (നിസാഅ് 18).
അല്ലാഹു പൊറുക്കാത്ത പാപം കുറ്റബോധമോ പശ്ചാത്താപമോ ഇല്ലാതെ ചെയ്യുന്ന ശിര്‍ക്ക് മാത്രമാണ്. ശിര്‍ക്കു ചെയ്യുന്നവര്‍ മരണത്തിന് മുമ്പ് പശ്ചാത്തപിച്ച് മടങ്ങേണ്ടതാണ്. അല്ലാഹു പറയുന്നു: “തന്നോട് പങ്കു ചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തു കൊടുക്കുന്നതാണ്” (നിസാഅ് 48)
“നബിയേ. പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നവനാണ്” (സുമര്‍ 53). ഈ വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നുകസീര്‍(റ) രേഖപ്പെടുത്തുന്നു: “ഈ വചനത്തെക്കുറിച്ച് വന്ന നബിവചനങ്ങളെല്ലാം ബോധ്യപ്പെടുത്തുന്നത് പശ്ചാത്താപം എല്ലാ പാപങ്ങളും പൊറുക്കപ്പെടാന്‍ കാരണമാകുമെന്നാണ്. അതിനാല്‍ ഒരു അടിയാന്റെ പാപം എത്ര പെരുകിയാലും അവന്‍ അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിരാശപ്പെടരുത്.” (അബൂദാവൂദ്, തിര്‍മിദി, ഇബ്‌നുകസീര്‍ 4:58)
“നിങ്ങള്‍ തെറ്റുകുറ്റങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍ തെറ്റുകുറ്റങ്ങള്‍ ചെയ്യുന്ന ഒരു സമൂഹത്തെ അല്ലാഹു കൊണ്ടുവരിക തന്നെ ചെയ്യുന്നതാണ് (അവരുടെ പശ്ചാത്താപത്തിന്റെ കാരണത്താല്‍) അവന്‍ അവരുടെ പാപങ്ങള്‍ പൊറുത്തു കൊടുക്കുന്നതാണ്.” (അഹ്‌മദ്, മുസ്‌ലിം, തിര്‍മിദി)
പശ്ചാത്താപം നടത്തിയാല്‍ അല്ലാഹു ശിര്‍ക്കടക്കമുള്ള മഹാപാപങ്ങള്‍ പൊറുത്തുകൊടുക്കുന്നതാണ്. അല്ലാഹു പറയുന്നു: “അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും വിളിച്ചുപ്രാര്‍ഥിക്കുന്നവരും അല്ലാഹു പവിത്രമാക്കിവെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ വധിച്ചുകളയാത്തവരും വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്നപക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും. ഉയിര്‍ത്തെഴുന്നേല്‌പിന്റെ നാളില്‍ അവന്ന് ശിക്ഷ ഇരട്ടിയാക്കപ്പെടുകയും നിന്ദ്യനായിക്കൊണ്ട് അവന്‍ അതില്‍ കഴിച്ചുകൂട്ടുകയും ചെയ്യും. പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്‌തവരൊഴികെ. അത്തരക്കാര്‍ക്ക് അല്ലാഹു തങ്ങളുടെ തിന്മകള്‍ക്ക് പകരം നന്മകള്‍ മാറ്റിക്കൊടുക്കുന്നതാണ്.” (ഫുര്‍ഖാന്‍ 68, 69, 70). മേല്‍ വചനങ്ങളില്‍ അല്ലാഹു പറഞ്ഞത് അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ഥനയാകുന്ന ശിര്‍ക്കും വ്യഭിചാരവും അന്യായമായ കൊലയും പശ്ചാത്താപം കാരണത്താല്‍ അല്ലാഹു നന്മകളാക്കി മാറ്റുമെന്നാണ്.
പശ്ചാത്താപം പന്ത്രണ്ട് ഇനം കുറ്റങ്ങള്‍ പൊറുക്കാന്‍ ഇടയാക്കുമെന്നാണ് ഇബ്‌നുല്‍ ഖയ്യിം(റ) രേഖപ്പെടുത്തിയിട്ടുള്ളത്. “അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ പശ്ചാത്താപം നിര്‍ബന്ധമാക്കുന്നത് പന്ത്രണ്ട് ഇനം കുറ്റങ്ങള്‍ക്കാണ്. അക്കാര്യങ്ങള്‍ ഹറാമുകളില്‍ പെട്ടതാണ്. കുഫ്‌റ് (അവിശ്വാസം), ശിര്‍ക്ക് (ബഹുദൈവ വിശ്വാസം), നിഫാഖ് (കാപട്യം), ഫുസൂഖ് (തോന്നിവാസം), ഇസ്വ്‌യാന്‍ (അനുസരണക്കേട്), നസ്‌മ് (വലിയ കുറ്റം), ഉദുവാന്‍ (ശത്രുത), ഫഹ്‌ശാഅ് (തോന്നിവാസങ്ങള്‍), മുന്‍കര്‍ (നിഷിദ്ധമായ കാര്യങ്ങള്‍), ബഗ്‌യ് (അതിക്രമം), അല്ലാഹുവെക്കുറിച്ച് അറിവില്ലാതെ പറയുക, സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്‍തുടരുക എന്നിവാണവ.” (മദാരിജുസ്സാലികീന്‍ 1:445)
പശ്ചാത്താപമില്ലാതെ തന്നെ അല്ലാഹു പാപങ്ങള്‍ പൊറുക്കുന്ന അവസ്ഥയുണ്ട്. “നിങ്ങളോട് വിരോധിക്കപ്പെട്ട പാപങ്ങള്‍ നിങ്ങള്‍ വര്‍ജിക്കുന്ന പക്ഷം നിങ്ങളുടെ തിന്മകളെ നിങ്ങളില്‍ നിന്ന് നാം മായ്‌ച്ചുകളയുകയും മാന്യമായ ഒരു സ്ഥാനത്ത് നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്` (നിസാഅ് 31). “വലിയ പാപങ്ങളില്‍ നിന്നും, ചെറിയ കുറ്റങ്ങള്‍ ഒഴിച്ച് തോന്നിവാസങ്ങളില്‍ നിന്നും, വിട്ടകന്ന് നില്‍ക്കുന്നവര്‍ക്ക് തീര്‍ച്ചയായും നിന്റെ രക്ഷിതാവ് പാപമോചനം നല്‍കുന്നവനാകുന്നു.” (നജ്‌മ് 52)
നബി(സ) പറയുന്നു: “നീ എവിടെയായിരുന്നാലും അല്ലാഹുവിനെ ഭയപ്പെടേണ്ടതുണ്ട്. ഒരു തിന്മയെ തുടര്‍ന്ന് നന്മ ചെയ്യുക. പ്രസ്‌തുത തിന്മയെ ആ നന്മ മായ്‌ച്ചുകളയുന്നതാണ്. നീ ജനങ്ങളോട് നല്ല സ്വഭാവത്തില്‍ വര്‍ത്തിക്കേണ്ടതാണ്” (തിര്‍മിദി). പശ്ചാത്താപം സ്വീകരിക്കേണമെങ്കില്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. ഇമാം നവവി(റ) പറയുന്നു: “എല്ലാ പാപങ്ങളില്‍ നിന്നും പശ്ചാത്തപിച്ചു മടങ്ങല്‍ നിര്‍ബന്ധമാണെന്ന് പണ്ഡിതന്മാര്‍ പ്രസ്‌താവിച്ചിരിക്കുന്നു. തെറ്റുകുറ്റം സംഭവിക്കുന്നത് അല്ലാഹുവിന്റെയും അടിമയുടെയും ഇടയിലാണെങ്കില്‍ അതിന്ന് മൂന്ന് നിബന്ധനകളുണ്ട്. ഒന്ന്: പശ്ചാത്താപത്തിന്ന് മുമ്പു തന്നെ പാപത്തില്‍ നിന്നും മുക്തരാവുക. രണ്ട്: തന്റെ പാപത്തിന്റെ പേരില്‍ അങ്ങേയറ്റം ഖേദം പ്രകടിപ്പിക്കുക. മൂന്ന്: പ്രസ്‌തുത പാപത്തിലേക്ക് ഒരിക്കലും മടങ്ങുന്നതല്ലെന്ന് ദൃഢനിശ്ചയം ചെയ്യുക. മൂന്നില്‍ ഒരു നിബന്ധന പാലിക്കാത്ത പക്ഷം അവന്റെ പശ്ചാത്താപം സാധുവായിത്തീരുന്നതല്ല. തെറ്റുകുറ്റങ്ങള്‍ നടക്കുന്നത് മനുഷ്യനും മനുഷ്യനും തമ്മിലാണെങ്കില്‍ നമ്മുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കണമെങ്കില്‍ മേല്‍ പറഞ്ഞ മൂന്ന് നിബന്ധനകള്‍ക്കു പുറമെ നാലാമത് ഒരു നിബന്ധനയും കൂടിയുണ്ട്. തന്റെ കൂട്ടുകാരന്റെ അവകാശത്തില്‍ നിന്നും ഒഴിവാക്കുക അഥവാ ധനപരമായ ഇടപാടാണെങ്കില്‍ അത് അവന്ന് തിരിച്ചുനല്‍കുക. അപവാദ പ്രചാരണം പോലുള്ളതാണെങ്കില്‍ അവനോട് മാപ്പു ചോദിക്കുക. പരദൂഷണം പോലുള്ളതാണെങ്കില്‍ അവന്നുവേണ്ടി പൊറുക്കലിനെ തേടാന്‍ പറയുക തുടങ്ങിയവാണവ” (രിയളുസ്സ്വാലിഹീന്‍, പേജ് 46, 47)
പാപം ചെയ്യാത്ത നബി(സ) പോലും ഒരു ദിവസം നൂറും എഴുപതും തവണ അല്ലാഹുവോട് മോചനം തേടിയിരുന്നു. നബി(സ) പറയുന്നു: “ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് ഖേദിച്ചു മടങ്ങുകയും അവനോട് പശ്ചാത്താപം നടത്തുകയും ചെയ്യുവിന്‍. തീര്‍ച്ചയായും ഞാന്‍ ഒരു ദിവസം നൂറു തവണ അല്ലാഹുവിങ്കലേക്ക് പശ്ചാത്താപിച്ച് ഖേദിച്ചു മടങ്ങാറുണ്ട്” (മുസ്‌ലിം)