30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

മത്സ്യലഭ്യത കൂടാന്‍ കടലിലേക്ക്‌ പഴമെറിയല്‍: അന്ധവിശ്വാസം തള്ളിക്കളയണം – ഐ എസ്‌ എം

കോഴിക്കോട്‌: കടലോര നിവാസികളുടെ ഐശ്വര്യത്തിനും മല്‍സ്യലഭ്യത സുലഭമാക്കാനും കടലില്‍ പഴമെറിയല്‍ ചടങ്ങ്‌ നടത്തിയത്‌ തികഞ്ഞ അന്ധവിശ്വാസവും അനാചാരവുമാണെന്ന്‌ ഐ എസ്‌ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ പഴയങ്ങാടി കടപ്പുറത്ത്‌ നടന്ന പഴമെറിയല്‍ ചടങ്ങ്‌ ദൈവിക വിധിവിശ്വാസത്തിലുള്ള കടുത്ത വ്യതിചലനമാണ്‌. മല്‍സ്യസമ്പത്ത്‌ ഉണ്ടാകുന്നതും അത്‌ യഥാസന്ദര്‍ഭങ്ങളില്‍ ലഭ്യമാകുന്നതും ഇത്തരത്തിലുള്ള അബദ്ധജടിലമായ ചടങ്ങുകള്‍ നടത്തിയിട്ടല്ല. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സമൃദ്ധി കൈവരുമെങ്കില്‍ ട്രോളിംഗ്‌ നിരോധന കാലത്തും കടല്‍ക്ഷോഭ ഘട്ടങ്ങളിലും മല്‍സ്യത്തൊഴിലാളികളെ സഹായിക്കാന്‍ ഫിഷറീസ്‌ വകുപ്പ്‌ കോടികള്‍ ചിലവഴിക്കേണ്ട ആവശ്യമില്ല. ഇത്തരം ചടങ്ങുകള്‍ നടത്താത്ത പ്രദേശങ്ങളില്‍ കോടിക്കണക്കിന്‌ രൂപയുടെ മല്‍സ്യചാകര ഉണ്ടാകുന്നത്‌ എങ്ങനെയെന്ന്‌ ഇതിന്‌ നേതൃത്വം നല്‍കിയവര്‍ പറയണം.
സമുദായ നേതൃത്വത്തിന്റെ പരിവേഷമണിയുന്നവര്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക്‌ കൂട്ടുനില്‍ക്കുന്നത്‌ പ്രതിഷേധാര്‍ഹമാണെന്നും വിശ്വാസി സമൂഹം ഇത്‌ തള്ളിക്കളയണമെന്നും ഐ എസ്‌ എം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ്‌ ഡോ. ഫുക്കാര്‍ അലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്‌ പദ്ധതികള്‍ അവതരിപ്പിച്ചു. ഷാനിഫ്‌ വാഴക്കാട്‌, അബ്ദുസ്സലാം മുട്ടില്‍, ഷമീര്‍ ഫലാഹി, അബ്ദുല്‍ ജലീല്‍ മദനി, ഫൈസല്‍ മതിലകം, യൂനുസ്‌ നരിക്കുനി, ടി വി അബ്‌ദുല്‍ജലീല്‍, അഫ്‌താഷ്‌ ചാലിയം, മുഹ്‌സിന്‍ തൃപ്പനച്ചി, യു ഷാനവാസ്‌, ജാബിര്‍ വാഴക്കാട്‌ പ്രസംഗിച്ചു

Back to Top