ഉന്നത വിദ്യാഭ്യാസം: മാറേണ്ടതുണ്ട് നമ്മുടെ മുന്‍ഗണനകള്‍
ഡോ. ഇസെഡ് എ അഷ്റഫ്
വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീ ശാക്തീകരണം, സുരക്ഷിതത്വം തുടങ്ങി വിവിധ സാമൂഹ്യ വികസന സൂചികകളില്‍ കേരളം ഇതര സംസ്ഥാനങ്ങളെക്കാള്‍ ബഹുദൂരം മുന്നിലാണ്. ഇതേ സമയം തന്നെ ഉന്നത വിദ്യാഭ്യാസരംഗത്തെ എന്റോള്‍മെന്റ്, ഗുണനിലവാരം, അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ തുടങ്ങി ചില രംഗങ്ങളില്‍ സംസ്ഥാനം പ്രതിസന്ധികള്‍ നേരിടുന്നുമുണ്ട്. സ്വാഭാവികമായും ഇത്തരം പ്രശ്നങ്ങള്‍ കൂടുതലായി പ്രതിഫലിക്കുന്നത് പിന്നോക്ക വിഭാഗങ്ങളിലായിരിക്കും.
കേരളീയ ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്ന് വരുന്ന മുസ്ലിം സമുദായം പല മേഖലകളിലും ഇപ്പോഴും പിന്നോക്കമായി തന്നെ തുടരുന്നു എന്നതാണ് പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവിധ റിപ്പോര്‍ട്ടുകളുടെ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിക്കുമെങ്കിലും അതുപോലും സമുദായം വേണ്ട വിധം ഉപയോഗപ്പെടുത്താറില്ല.
ഇതര സംസ്ഥാനങ്ങളിലെ, പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ, അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ മുസ്ലിംകള് ഏറെ മുന്പന്തിയിലാണെന്ന വസ്തുത വിസ്മരിക്കുന്നില്ല. സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലാണെങ്കിലും ശരാശരി വരുമാനത്തിന്റെ കാര്യത്തിലാണെങ്കിലും മറ്റു സാമൂഹ്യ സാഹചര്യങ്ങളുടെ കാര്യത്തിലാണെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ ശോചനീയാവസ്ഥ കേരളത്തില്‍ പ്രകടമല്ല. ഇത്തരമൊരു മുന്നേറ്റത്തിന് സഹായിച്ച നിരവധി ഘടകങ്ങളുണ്ട്. കഴിഞ്ഞ നൂറ്റാണ്ട് ആരംഭകാലത്ത് തുടക്കം കുറിക്കപ്പെട്ട നവോത്ഥാന സംരംഭങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ്, ഗള്‍ഫ് സ്വാധീനത്താല്‍ ജനങ്ങള്‍ക്കിടയില്‍ പൊതുവിലും വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രത്യേകിച്ചും ഉണ്ടായ അനുകൂല മനോഭാവം തുടങ്ങി പലതും ഇത്തരമൊരു വളര്‍ച്ചക്ക് സഹായിച്ചിട്ടുണ്ട്.
പക്ഷേ, പുതിയ കാലത്തിന്റെ സാഹചര്യങ്ങളെ മനസ്സിലാക്കി, കേരളത്തിന്റെ പൊതു ഗുണവശങ്ങളെ പ്രയോജനപ്പെടുത്തി, ലോകത്തിന് മാതൃകയാക്കാനാവും വിധം ഒരു ഉത്തമ സമുദായമാവുന്നതില് നാം പരാജയപ്പെടുന്നത് എന്തുകൊണ്ടായിരിക്കുമെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.
ഉന്നത വിദ്യാഭ്യാസത്തോടുള്ള സമീപനം
ചില പ്രാദേശിക അസന്തുലിതത്വം കാരണം സര്‍ക്കാര്‍ സീറ്റുകള്‍ മലബാറില്‍ വളരെ കുറവാണെങ്കിലും താല്പര്യമുള്ള ഏറെക്കുറെ എല്ലാവര്ക്കും ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് പ്രവേശിക്കാനുള്ള സാഹചര്യം കേരളത്തിലുണ്ട്. കേന്ദ്ര സര്‍വകലാശാലകളിലും മറ്റ് ഉയര്‍ന്ന പാഠശാലകളിലും മലയാളി മുസ്ലിം പെണ്‍കുട്ടികളുടെ സാന്നിധ്യത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും സമുദായം മൊത്തത്തില്‍ ഒരു പക്വത ഇപ്പോഴും കൈവരിച്ചിട്ടില്ല.
ചില നടപ്പുശീലങ്ങളില്‍ തളച്ചിടപ്പെട്ടതിനാലാണ് നിരവധി കഴിവുകളുള്ള വിദ്യാര്‍ഥികളെ പോലും രക്ഷിതാക്കള്‍ മെഡിക്കല്‍, എഞ്ചിനീയറിഗ് പോലുള്ള ചില ചുരുക്കം കോഴ്സുകളിലേക്ക് നിര്‍ബന്ധിച്ച് തള്ളിവിടുന്നത്. ഓരോരുത്തരുടെയും അഭിരുചിക്ക് പ്രാധാന്യം നല്കി ഏറ്റവും മികച്ച സ്ഥാപനങ്ങളില്‍ ഇഷ്ടപ്പെട്ട കോഴ്സുകളിലേക്ക് പ്രവേശനം ലഭിക്കാനാവും വിധം പുതിയ തലമുറയെ പാകപ്പെടുത്തേണ്ടതുണ്ട്. ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകളിലും പ്രൊഫഷണല്‍ കോളജുകളിലും ബിരുദതലത്തില്‍ കൊഴിഞ്ഞു പോവുന്നവരില്‍ ഏറിയ പങ്കും മുസ്ലിം പെണ്‍കുട്ടികളാണെന്ന കാര്യം വിസ്മരിക്കരുത്. ഒരുപക്ഷെ, ഇഷ്ടപ്പെട്ട കോഴ്സുകളല്ല ലഭിക്കുന്നത് എന്നത് ഇതിന് ഒരു കാരണമാവാം. വൈവിധ്യമാര്‍ന്ന ഇന്റര്‍ ഡിസിപ്ലിനറിയായ ബിരുദ കോഴ്സുകളിലേക്ക് കൂടി വിദ്യാര്‍ഥികള്‍ എത്തിപ്പെട്ടാല്‍ മാത്രമേ പുതിയ കാലം ആവശ്യപ്പെടുന്ന നവ മാധ്യമങ്ങളിലും കലാരംഗങ്ങളിലുംസാന്നിധ്യമുണ്ടാവുകയുള്ളൂ
തൊഴില്‍ രംഗത്തെ മാറ്റങ്ങളും അതിനനുസരിച്ചുള്ള വിദ്യാഭ്യാസവും
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവോടു കൂടി ലോകത്താകമാനം തൊഴില്‍ രംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ കുറിച്ച് ചര്‍ച്ച നടക്കവെയാണ് കോവിഡ് കടന്നു വന്നിരിക്കുന്നത്. ഇത് തൊഴില്‍ രംഗത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുന്നു. സര്‍ക്കാര്‍ ജോലിയോട് പുതിയ യുവാക്കള്‍ പതുക്കെ താല്പര്യം കാണിച്ചു തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തെ വേണ്ട വിധം ഉപയോഗപ്പെടുത്തി വ്യാപകമായി മത്സരപ്പരീക്ഷാ പരിശീലന പരിപാടികള്‍ ആരംഭിക്കേണ്ടതുണ്ട്. മുസ്ലിംകള്ക്ക് വേണ്ടി സര്‍ക്കാര്‍ സ്ഥാപിച്ച മൈനോരിറ്റി കോച്ചിംഗ് സെന്ററുകള്‍ വേണ്ട വിധം ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
ബിരുദ കോഴ്സുകളോടൊപ്പം തന്നെ വിദ്യാര്‍ഥികള്‍ക്ക് വിവിധ നൈപുണ്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സഹായിക്കേണ്ടതുണ്ട്. അണ് സ്കില്‍ഡ് ആയവര്‍ക്ക് ഇനിയങ്ങോട്ട് നാട്ടിലും വിദേശത്തും ജോലി ലഭിക്കാനിടയില്ലായെന്ന് യുവാക്കളെയും യുവതികളെയും ബോധ്യപ്പെടുത്തേണ്ടതുണ്ട്. കോവിഡാനന്തര തൊഴില്‍ നൈപുണ്യത്തില്‍ ഡിജിറ്റല്‍ നോളജ് വളരെ പ്രധാനപ്പെട്ടതായതിനാല്‍ എല്ലാവരെയും ഇതില്‍ സാമാന്യ വിദ്യാഭ്യാസം നേടിയവരാക്കിതീര്ക്കണം.
ഗവേഷണ താല്പര്യം വളര്‍ത്തണം
കേരളത്തിലെ മുസ്ലിം സമുദായം ഏറെ ഊന്നല്‍ നല്‍കേണ്ട ഒരു മേഖലയാണ് ഗവേഷണം. ഒരുപക്ഷേ ലോകത്ത് ഏറ്റവും കൂടുതല്‍ ഗവേഷകരെയും ഗവേഷണ പ്രബന്ധങ്ങളും ഉത്പാദിപ്പിക്കാന്‍ പറ്റുന്ന ഒരു കമ്മ്യൂണിറ്റിയാണ് കേരളം. വിദ്യാഭ്യാസ സൗകര്യങ്ങളുടെ ലഭ്യത, പ്രാപ്യത, സാങ്കേതിക രംഗത്തെ വളര്‍ച്ച ഇതൊക്കെ തന്നെയും ഗവേഷണരംഗത്ത് മലയാളി മുസ്ലിംകള്ക്ക് വലിയൊരു സാധ്യത തുറന്നു വെക്കുന്നു. സ്കൂള്‍ തലം മുതല്‍ തന്നെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഗവേഷണ ആഭിമുഖ്യവും ബിരുദ തലം മുതല്‍ തന്നെ ഗവേഷണ പ്രാവീണ്യവും വളര്‍ത്തിയെടുക്കണം. ലോകത്ത് നടക്കുന്ന പുതിയ പുതിയ പഠനങ്ങളും കണ്ടുപിടുത്തങ്ങളും സമയാസമയങ്ങളില്‍ നമ്മുടെ വിദ്യാര്‍ഥികളില്‍ എത്തിക്കാന്‍ സാധിക്കണം. പ്രഗത്ഭരായ സ്കോളെഴ്സുമായി പരസ്പരം ബന്ധപ്പെടാന്‍ അവസരമൊരുക്കണം. ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും റിസര്‍ച്ചിനായി നല്കപ്പെടുന്ന ഫെലോഷിപ്പുകള്‍ ലഭിക്കാന്‍ തക്ക വിധം വിദ്യാര്‍ഥികളെ പ്രാപ്തരാക്കണം. വായനയോടും പഠനത്തോടും അതിയായ ആഭിമുഖ്യം സ്കൂള്‍ തലത്തില്‍ തന്നെ വളര്‍ത്തിക്കൊണ്ടുവരുന്നത് നല്ല ഗവേഷണ പ്രബന്ധങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സഹായിക്കും.
സ്ഥാപനങ്ങളുടെ ക്വാളിറ്റി ഉയര്‍ത്തണം
നമ്മുടെ കോളജുകളെയും സ്ഥാപനങ്ങളെയും സമൂലമായ പരിവര്‍ത്തനത്തിന് വിധേയമാക്കേണ്ടതുണ്ട്. നിലവില്‍ നമ്മുടെ കാമ്പസുകളില്‍ ഉയര്‍ന്ന ചിന്താപരമായ, ധൈഷണികമായ, വ്യായാമങ്ങള്‍ കൊണ്ട് സജീവമല്ല. സ്ഥാപനങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഡിബേറ്റ്കളിലൂടെയും ഡിസ്കഷന്സിലടെയും, സെമിനാര്‍/ കോണ്‍ഫറന്‍സുകളിലൂടെയും ലോകത്തില്‍ നടക്കുന്ന ഏറ്റവും പുതിയ ചലനങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കണം. അപ്പോള്‍ മാത്രമാണ് ഒരു അക്കാദമിക് സംസ്കാരം കാമ്പസുകളില്‍ രൂപപ്പെടുക. അങ്ങനെ വരുമ്പോഴാണ് കാമ്പസുകള്‍ അറിവുത്പാദന കേന്ദ്രങ്ങളാവുകയും മാറുകയും കാമ്പസുകളില്‍ നിന്ന് നിരന്തരം പ്രബന്ധങ്ങള്‍ പുറത്തേക്ക് വരികയും ചെയ്യുക. ഇതിന് സ്ഥാപന മാനേജ്മെന്റ്കളുടെ സമീപനം മാറണം. ഗുണമേന്മ വളരെ പ്രസക്തമായ ഒരു വിഷയമാണ് എന്ന് അവരെ ബോധ്യപ്പെടുത്തണം. ഇന്ന് കേരളത്തിലെ മുസ്ലിം സ്ഥാപനങ്ങള്‍ ദേശീയ റാങ്കിംഗിലോ മറ്റു ക്വാളിറ്റി ഗ്രേഡിങ്ങിലോ ഇടം പിടിക്കുന്നില്ല. അപൂര്‍വമായി കാണുന്ന ഒന്നോ രണ്ടോ കോളേജുകള്‍ ഒഴികെ. ഇതു വളരെ ഗൗരവത്താടെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് എന്നത് പോലും നമ്മുടെ ഭൂരിപക്ഷം മാനേജ്മെന്റുകള്‍ക്കും തോന്നുന്നുമില്ല. പല സ്ഥാപനങ്ങളുടെയും തലപ്പത്തിരിക്കുന്നവര്‍ അക്കാദമിക് മേഖലയില്‍ നിന്നുള്ളവരല്ല. മാനേജ്മെന്റുകള്‍ തന്നെ അടിമുടി മാറേണ്ടിയിരിക്കുന്നു.
ചുരുക്കത്തില്‍, കോവിഡാനന്തരം മറ്റൊരു ഉന്നത വിദ്യാഭ്യാസ ലോകമാണ് നമ്മെ കാത്തിരിക്കുന്നത്. അത് ഉള്‍ക്കൊള്ളാനും മാറ്റത്തിന്റെ നല്ല വശങ്ങളെ സ്വാംശീകരിച്ച് മുന്നേറാനും സമുദായത്തിന് സാധിക്കട്ടെ.
ആണ്‍കുട്ടികളെ പഠിപ്പിക്കാന്‍ എന്തുണ്ട് മാര്‍ഗം?
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സമുദായത്തിനകത്തും പുറത്തും പല വേദികളിലും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് കടന്നു വരുന്ന പെണ്‍കുട്ടികള്‍ക്ക് ആനുപാതികമായി ആണ്‍കുട്ടികള്‍ കടന്നുവരുന്നില്ല എന്നത്. കേരളത്തില്‍ എല്ലാ സമുദായത്തിലും ഈ പ്രശ്നമുണ്ടെങ്കിലും മുസ്ലിം സമുദായത്തിലാണ് വളരെ പ്രകടമായി കാണുന്നത്.
ഇത് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ക്ക് അനുയോജ്യമായ വിവാഹാലോചനകള്‍ നടക്കുന്നില്ല എന്നത് എല്ലാവരും ഉന്നയിക്കാറുള്ള ഒരു പ്രശ്നമാണ്. ആണ്‍കുട്ടികളെ വിവിധ വിഷയങ്ങളില്‍ ഡിഗ്രി, പിജി ഗവേഷണ പഠനത്തിന് പ്രോത്സാഹിപ്പിക്കുക എന്നതാണ് ഏകപരിഹാരം. എളുപ്പം ജോലി കിട്ടണമെന്ന ഒരു കാഴ്ചപ്പാട് ആണ്‍കുട്ടികള്‍ക്ക് മാറേണ്ടതുണ്ട്. ദീര്‍ഘകാലം പഠിക്കുന്നത് എന്തോ അപരാധമാണ് എന്ന ചിന്ത ചെറിയ പ്രായത്തില്‍ തന്നെ ആണ്കുട്ടികള്ക്കിടയില് രൂപപ്പെട്ടുവരുന്നു. ഇത് അവരെ പഠനത്തില്‍ നിന്ന് അകറ്റാനും അതുമുഖേന വിദ്യാഭ്യാസരംഗത്ത് സാന്നിധ്യം കുറയാനും കാരണമാകുന്നുണ്ട്.
സമൂഹത്തിന്റെ പിന്തുണയാണ് ഇതിനാവശ്യമായത്. തുടര്‍ന്ന് പഠിക്കുന്ന ആണ്‍കുട്ടികള്‍ക്ക് കൂടുതല്‍ സ്കോളര്‍ഷിപ്പുകളും പ്രോത്സാഹനങ്ങളും നല്‍കിക്കൊണ്ട് അവരെ ഉയര്‍ന്ന തലത്തിലെ പഠിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് ഒരു മാര്‍ഗം.