3 Tuesday
December 2024
2024 December 3
1446 Joumada II 1

ശൂറയുടെ മതവിധി

ഡോ. ജാബിര്‍ അമാനി

ഖുര്‍ആനും പ്രവാചകചര്യയും സാമൂഹികമായ ദൗത്യ നിര്‍വഹണങ്ങളില്‍ ശൂറ ഏറെ മഹത്തായ ഒരു ഗുണമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കൂടിയാലോചന വിശ്വാസികള്‍ക്ക് നിര്‍ബന്ധമായ ഒരു കടമയായി അഭിപ്രായപ്പെട്ട പണ്ഡിതന്‍മാരേയും കാണാവുന്നതാണ്. ഇജ്തിഹാദിന് (ഗവേഷണം) ചര്‍ച്ചകളും ആശയപ്രകാശനവും അനിവാര്യമാണ്. ഒരുവേള സംവാദവും വിമര്‍ശനവും വഴിയാണ് അത് ആശയസമ്പുഷ്ടമാവുന്നത്. അതിനാല്‍ വശാവിര്‍ഹും എന്ന ഖുര്‍ആനിക കല്പന പ്രത്യക്ഷത്തില്‍ തന്നെ കൂടിയാലോചനയെയും അതിന്റെ മതപരമായ നിര്‍ബന്ധത്തെയുമാണ് സൂചിപ്പിക്കുന്നത് എന്ന് കാണാം.
ഇമാം ശൗക്കാനി (നൈലുല്‍ഔത്വാര്‍, 7:256), മുഹമ്മദ് അബ്ദു (തഫ്‌സീറുല്‍മനാര്‍ 9:67) റശീദുറിളാ, ശാഫിഈ മദ്ഹബിലെ പ്രമുഖരായ ഹസ്വനുല്‍ബസ്വരി എന്നീ പണ്ഡിതര്‍ സാമൂഹിക പ്രധാനമായ സന്ദര്‍ഭങ്ങളിലും മതാശയങ്ങളുടെ ഗവേഷണങ്ങളിലും ശൂറയുടെ മതപരമായ അനിവാര്യതയെ ഊന്നിപ്പറഞ്ഞിട്ടുണ്ട്.
നമസ്‌കാരം വ്യക്തിപരമായ നിര്‍ബന്ധ ബാധ്യതയാണ്. സകാത്ത് സാമൂഹികപരമായും ശൂറ രാഷ്ട്രീയപരവും സംഘടിത പ്രവര്‍ത്തനങ്ങളിലും നിര്‍ബന്ധമായതാണെന്ന വീക്ഷണവും പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ശൂറ അവഗണിക്കുക വഴി ഒരു നല്ല വഴിതേടാന്‍ കഴിയില്ല. ഏതെങ്കിലുമൊരു സമൂഹം ശൂറ ചെയ്ത് ഒരു തീരുമാനത്തിലെത്താന്‍ തീരുമാനിച്ചാല്‍ അല്ലാഹു അവരെ സുദൃഢവും സുവ്യക്തവുമായ ഒരു വഴി കാണിക്കാതിരിക്കില്ല.
മതവിധി
ഇമാം ശാഫിഈ(റ), ഇബ്‌നുഹജറുല്‍ അസ്ഖലാനി എന്നിവര്‍ ശൂറയെ ഏറ്റവും ശ്രേഷ്ഠമായ ഒരു ഐഛിക കര്‍മമെന്ന നിലയില്‍ പരിഗണിച്ചവരാണ്. പ്രവാചകന്‍ കൂടിയാലോചന നിര്‍വഹിച്ചിട്ടുള്ളത് ഒരു മതപരമായ നിര്‍ബന്ധ ബാധ്യതയായിട്ടല്ല. മറിച്ച്, ശൂറ മതപരമായി ശ്രേഷ്ഠമായതും അനുവദനീയവുമാണ് എന്ന് മാത്രമേ അതില്‍ നിന്ന് ഗ്രഹിക്കേണ്ടതുള്ളൂവെന്ന അഭിപ്രായം പ്രകടിപ്പിച്ചവരും പൗരാണികവും ആധുനികരുമായ പണ്ഡിതരില്‍ ഉണ്ട്.
ചുരുക്കത്തില്‍, അതിശ്രേഷ്ഠമായ ഒരു മതകര്‍മമായി കൂടിയാലോചനയെ (ശൂറ) പരിഗണിക്കുകയും സാമൂഹിക ദൗത്യനിര്‍വഹണങ്ങളില്‍ ശരിയായതും ദൈവികാനുഗ്രഹമുള്ളതുമായ ഒരു തീരുമാനത്തില്‍ എത്തിച്ചേരുന്നതിനായി അനിവാര്യമായ ഒരു കടമയായി ഉള്‍ക്കൊള്ളുകയും ചെയ്യുക എന്നതാണ് പ്രമാണങ്ങളുടെ സാരാംശങ്ങളില്‍ നിന്നും പണ്ഡിതാഭിപ്രായങ്ങളില്‍ നിന്നും വ്യക്തമാവുന്ന കാര്യം. എത്രമേല്‍ ശരിയാണെന്ന് സ്വയം ബോധ്യപ്പെട്ടാലും സാമൂഹിക ക്രമത്തില്‍ ഏകപക്ഷീയ നിലപാടുകള്‍ അടിച്ചേല്പിക്കുന്ന രീതിയോ തന്റെ അഭിപ്രായങ്ങള്‍ മാത്രമായിരിക്കും ഫലപ്രദമായിട്ടുള്ളതെന്ന ദുരഭിമാന ചിന്തയോ മതപരമായി തന്നെ ഒഴിവാക്കേണ്ട അധര്‍മമായിട്ടാണ് നാം തിരിച്ചറിയേണ്ടത്.
ഒരു സംഘമുന്നേറ്റത്തിന്റെ ഭാഗമായി കൂടിയാലോചനയിലൂടെ നിര്‍ധരിച്ചെടുത്ത അഭിപ്രായങ്ങളോടും തീരുമാനങ്ങളോടും എതിരു നില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും തിന്മയായിട്ടാണ് പരിഗണിക്കുക. പ്രവാചകന്റെ(സ) കാലത്തെ ശൂറയുടെ ചരിത്രം പരിശോധിക്കുക. ബദര്‍ യുദ്ധം, ഹുദൈബിയ സന്ധി എന്നീ ഘട്ടങ്ങളില്‍ എടുത്ത തീരുമാനങ്ങളില്‍ സ്വഹാബികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു. യോജിപ്പും വിയോജിപ്പും അറിയിക്കുന്നു. ശൂറക്കൊടുവില്‍ ഒരു തീരുമാനത്തില്‍ എത്തിച്ചേരുന്നു. എല്ലാവരും ഒറ്റക്കെട്ടായി അണിചേരുകയാണ് ചെയ്തത്.
ചര്‍ച്ചാ വേളകളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടമാക്കിയ സ്വഹാബികള്‍ പോലും തങ്ങളുടെ അഭിപ്രായങ്ങളേക്കാള്‍ പരിഗണനയും തീരുമാനത്തിന്റെ കാരണവുമായത് അപരരുടേതായിരുന്ന സന്ദര്‍ഭത്തില്‍ പോലും ഈ പിന്തുണയും പ്രവര്‍ത്തനവും കാണാവുന്നതാണ്. ഒരു സമൂഹത്തിന്റെയും സുശക്തമായ സംഘചലനങ്ങളുടെയും കണ്ണികള്‍ അകലാനും കെട്ട് ദുര്‍ബലപ്പെടാനും ഒരുവേള ഭിന്നതയ്ക്കും വിഭാഗീയതയ്ക്കും ആക്കം കൂട്ടുവാനും ശൂറ വഴിയുള്ള തീരുമാനങ്ങളോടുള്ള എതിര്‍പ്പും വിയോജിപ്പും കാരണമാവുക തന്നെ ചെയ്യും.
ശൂറ വഴി ഒരുമിച്ചെടുക്കുന്ന തീരുമാനങ്ങളില്‍ മാനുഷികമോ സാങ്കേതികമോ ആയ സ്വാഭാവിക ന്യൂനതകള്‍ വരുന്നപക്ഷം, അവയുടെ കാവലും സംരക്ഷണവും സ്രഷ്ടാവില്‍ ഭരമേല്പിച്ചിരിക്കണമെന്ന ആഹ്വാനവും ഖുര്‍ആന്‍ നിര്‍വഹിക്കുന്നുണ്ട് (3:159). സാമൂഹിക സുരക്ഷിതത്വം ഏറെ പ്രാധാന്യത്തോടെ കാണുന്ന ഇസ്്‌ലാം നല്‍കുന്ന ഇത്തരം നിര്‍ദേശങ്ങള്‍ സമകാല സംഭവങ്ങളില്‍ വളരെ പ്രസക്തിയുള്ളതാണെന്ന് കാലം സാക്ഷ്യപ്പെടുത്തുന്നു.
അതോടൊപ്പം തന്നെ ഒരു തീരുമാനമെടുക്കുന്നതില്‍ സ്വജനപക്ഷപാതിത്വം ഉണ്ടാവരുത്. വിയോജിപ്പുകളും ഇതര വീക്ഷണങ്ങളും പ്രകടമാക്കുന്നതിനുള്ള കൃത്യമായ അവസരം നല്‍കുകയും അവയുടെ ഗുണദോഷങ്ങള്‍ കൂടിയാലോചിച്ച് ഒരഭിപ്രായത്തില്‍ എത്തിച്ചേരുകയുമാണ് ശൂറയുടെ ആത്മാവ്. അതിന് ഭംഗം നേരിടുന്നതും സമൂഹസുരക്ഷയ്ക്ക് തകര്‍ച്ച വരുത്തും.
ഉലുല്‍അംറ് എന്ന വിഭാഗം ശൂറയുടെ ഭാഗമായ ഒരു വിഭാഗമായി പരിഗണിക്കണമെന്ന ആശയം പൂര്‍വീകരായ പണ്ഡിതര്‍ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. ഇമാം ഇബ്‌നുതൈമിയ ഉലുല്‍അംറ് എന്നതുകൊണ്ടുള്ള ഉദ്ദേശ്യം ഉലമാക്കളും ഉമറാക്കളുമാണ് എന്നും, ശൈഖ് മുഹമ്മദ് അബ്ദു പണ്ഡിതര്‍, മതനേതൃത്വം, ജനങ്ങളുടെ പൊതു ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നവര്‍, രാഷ്ട്രത്തിന്റെ നന്മയില്‍ നേതൃത്വം നല്‍കുന്നവര്‍, ഭരണാധികാരികള്‍ തുടങ്ങിയ എല്ലാ നേതൃത്വവും- അവര്‍ നന്മയിലും ധര്‍മത്തിലും മതവിരുദ്ധമല്ലാത്ത നിര്‍ദേശങ്ങള്‍ അറിയിക്കുന്ന കാലത്തോളം ഉള്‍പ്പെടുമെന്നും(143) അഭിപ്രായപ്പെട്ടിട്ടുണ്ട് (തഫ്‌സീര്‍ മനാര്‍ 5:147).
പൊതുനന്മ, പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍, സമൂഹശാക്തീകരണ സംരംഭങ്ങള്‍, അവകാശങ്ങളുടെ പാലനം തുടങ്ങിയ കാര്യങ്ങളില്‍ നല്ല കാഴ്ചപ്പാടും ഗവേഷണതല്പരതയോടെയുള്ള പ്രവര്‍ത്തന നേതൃത്വവും കൂട്ടായ ചര്‍ച്ചകളിലൂടെ പ്രകടിപ്പിക്കുന്ന സംഘങ്ങളെയും സംഘനേതൃത്വത്തെയും പണ്ഡിതക്കൂട്ടായ്മകളെയും ഉലുല്‍അംറിന്റെയും ശൂറയുടെയും മതപരിഗണനയില്‍ പ്രത്യേകമായി പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട് (അല്‍ഇസ്്‌ലാം: അഖീദ വ ശരീഅ പേജ് 443)
ശൂറയുടെ രംഗത്ത് സ്ത്രീ പുരുഷ വ്യത്യാസത്തെ മതം കാണുന്നില്ല. പുരുഷന്മാരെയും സ്ത്രീകളെയും ബാധിക്കുന്ന കാര്യങ്ങളില്‍ കൂടുതല്‍ അനുഭവജ്ഞാനം അവരവര്‍ക്കുതന്നെയായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അത്തരമൊരു പരിഗണന ഇരുവിഭാഗങ്ങളിലും അനുവര്‍ത്തിക്കുന്നുമുണ്ട്. പൊതുവില്‍ പുരുഷനും സ്ത്രീക്കുമിടയില്‍ ഒട്ടേറെ സാമ്യതകള്‍ ഉള്ളതുപോലെ തന്നെ ഒട്ടേറെ വ്യത്യസ്തകളും ഉണ്ട്. അവ ഒരിക്കലും വേര്‍തിരിവുകള്‍ അല്ല. ജൈവപരവും സാമൂഹികപരവും നേതൃപരവും ശാരീരികവുമായ വൈവിധ്യങ്ങളാല്‍ ഒരുവിഭാഗം മറ്റൊരു വിഭാഗത്തില്‍നിന്ന് വ്യത്യസ്തതമാവുന്നുവെന്നതിനെ അനീതിയായി വിലയിരുത്താവതല്ല.
അത്തരം വ്യത്യസ്തതയുടെ പേരില്‍ പുരുഷനും സ്ത്രീക്കും നിര്‍വഹിക്കേണ്ട മൗലികമായ ഉത്തരവാദിത്വങ്ങളിലും ബാധ്യതകളിലും മുന്‍ഗണനാക്രമങ്ങളിലും ഏറ്റക്കുറച്ചിലുകളുമുണ്ട്. എല്ലാവരെയും എല്ലാ കാര്യങ്ങളിലും തുല്യതയോടെ പരിഗണിക്കുകയല്ല, മറിച്ച് ജൈവപരവും സാമൂഹികപരവുമായ അവസ്ഥകള്‍ പരിഗണിച്ചുള്ള അവസരസമത്വത്തിനാണ് ഇസ്്‌ലാം ഊന്നല്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ അടിസ്ഥാനപരമായി മനുഷ്യന്‍ എന്ന പരിഗണനയിലാണ് എല്ലാ ലിംഗ വ്യത്യസ്തതകളെയും മതം പരിഗണിക്കുന്നതും. അതുകൊണ്ടുതന്നെ കൂടിയാലോചന, തീരുമാനമെടുക്കല്‍, നേതൃത്വം, അഭിപ്രായ പ്രവര്‍ത്തന സ്വാതന്ത്ര്യം തുടങ്ങിയ രംഗങ്ങളില്‍ ഇസ്്‌ലാം ഒരു വേര്‍തിരിവും മൗലികമായി നിശ്ചയിച്ചിട്ടില്ല.
പ്രവാചക പത്‌നിമാര്‍ വിശിഷ്യാ ഖദീജ(റ), ആഇശ(റ), മകള്‍ ഫാത്വിമ(റ) തുടങ്ങിയ മഹതികളുമായി മതകാര്യങ്ങളില്‍ ചര്‍ച്ചയും മതവിധി തേടലും ഉണ്ടായിരുന്നുവെന്നതിന് ധാരാളം ചരിത്ര സംഭവങ്ങള്‍ നമുക്ക് കാണാവുന്നതാണ് (ഇല്‍ഇസ്വാബ, ഇബ്‌നുഹജര്‍)
പ്രവാചകനു(സ)മായി നിര്‍വഹിച്ച അതിമഹത്തായ ഒരു ഉടമ്പടിയാണ് അഖബ ഉടമ്പടി. മദീനയിലേക്കുള്ള ഇസ്്‌ലാം പ്രവേശനത്തിന് നാന്ദി കുറിച്ച ഉടമ്പടിയാണത്. പ്രസ്തുത ഉടമ്പടിയുടെ വിവിധങ്ങളായ ചര്‍ച്ചയില്‍ നസ്വീബ ബിന്‍ത് കഅ്ബും അസ്മാഅ് ബിന്‍ത് അംറും പങ്കാളിയായിരുന്നു.
ഹുദൈബിയ സന്ധിക്കുശേഷം മൃഗങ്ങളെ ബലി അറുത്ത് തല മുണ്ഡനം ചെയ്ത് ഉംറ നിര്‍വഹിക്കാതെ തിരിച്ചുപോകണമെന്ന മക്കക്കാരുടെ നിര്‍ദേശം പ്രത്യക്ഷത്തില്‍ സ്വഹാബികള്‍ക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാനായില്ല. അതിനാല്‍ അവര്‍ ഉംറയില്‍ നിന്ന് വിടുതല്‍ നേടാന്‍ വിസമ്മതിച്ചു. അതിനാല്‍ പ്രവാചകന്‍(സ) അക്കാര്യത്തില്‍ വിഷമിക്കുകയുണ്ടായി. ഈ സന്ദര്‍ഭത്തില്‍ നബി(സ) ഭാര്യ ഉമ്മുസലമയുമായി കൂടിയാലോചിക്കുകയും അവരുടെ നിര്‍ദേശപ്രകാരം പ്രവാചകന്‍(സ) ആദ്യം തന്നെ തലമുണ്ഡനം ചെയ്ത് മാതൃക കാണിക്കുകയും സ്വഹാബികള്‍ അക്കാര്യം പിന്തുടരാന്‍ നിര്‍ബന്ധിതരായിത്തീരുകയും ചെയ്തു. ഇവിടെ അതിപ്രധാനമായ ഒരു കര്‍മത്തിന്റെ കൂടിയാലോചനയില്‍ പങ്കാളിയായത് വിശ്വാസിനികളുടെ മാതാവാണ്.
ഇമാം ശാഫിഈ അല്‍ഉമ്മില്‍ ഹസനുല്‍ബസ്വരി പറഞ്ഞതായി ഉദ്ധരിച്ചിട്ടുള്ളത് ഏറെ പ്രസക്തമാണ്. ഒരു പ്രവാചകന്‍ എന്ന നിലയില്‍ നബി(സ) സ്ത്രീകളുമായി കൂടിയാലോചിക്കേണ്ട പ്രത്യേക കാര്യമൊന്നുമില്ല. പക്ഷേ, തന്റെ കാലശേഷം ഭരണാധികാരികള്‍ സ്ത്രീകളുമായി ശൂറ ചെയ്യാമെന്നത് ഒരു മാതൃകയായി മനസ്സിലാക്കുന്നതിനാണ് അവിടുന്ന് അപ്രകാരം ചെയ്തിട്ടുള്ളത്.
ഉമര്‍(റ) ധാരാളം കാര്യങ്ങളില്‍ സ്ത്രീകളുമായി കൂടിയാലോചിച്ച് പല ഉത്തരവാദിത്വങ്ങളും പൂര്‍ത്തീകരിച്ചതായി കാണാവുന്നതാണ്. (താരീഖ് ഉമര്‍ബ്‌നുല്‍ ഖത്വാബ്, ഇബ്‌നുല്‍ജൗസി 101). ഉമര്‍(റ) തന്റെ പിന്‍ഗാമിയെ നിശ്ചയിക്കാത്ത പ്രശ്‌നം മകള്‍ ഹഫ്‌സ്വ (റ), സഹോദരനായ ഇബ്‌നു ഉമറു(റ)മായി ചര്‍ച്ച ചെയ്യുകയും തീരുമാനം കൈക്കൊള്ളുകയും ചെയ്തിരുന്നു. (മുസ്്‌ലിം, കിതാബുല്‍ ഇമാറ)
നന്മ കല്പിക്കുക, തിന്മ വിരോധിക്കുക എന്ന ഇസ്്‌ലാമിന്റെ അതിപ്രധാന കല്പന ലിംഗവ്യത്യാസമില്ലാതെ നിര്‍വഹിക്കുവാനാണ് ഖുര്‍ആന്‍ കല്പിക്കുന്നത് (തൗബ 67,71). പ്രസ്തുത കല്പനയുടെ നിര്‍വഹണകാര്യത്തില്‍ കൂടിയാലോചനയും ചര്‍ച്ചകളും തീരുമാനമെടുക്കലും സ്വാഭാവികമായും രുപപ്പെട്ടുവരുമെന്ന് ഉറപ്പാണ്. എന്നിരിക്കെ, സ്ത്രീകളുമായി മത-ഭൗതിക കാര്യങ്ങളില്‍ കൂടിയാലോചനയോ (ശൂറ) ചര്‍ച്ചകളോ നിര്‍വഹിക്കുന്നതിനെ തെറ്റായി കാണുന്നതും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ നേതൃപരമായ പങ്ക് നിര്‍വഹിക്കുന്നതില്‍ നിന്ന് അവരെ തടയുന്നതും മതത്തിന്റെ അടിസ്ഥാന ദര്‍ശനങ്ങള്‍ക്ക് യോജിക്കുന്നതായി കാണുന്നില്ല. ഒട്ടനവധി ഉദാഹരണങ്ങള്‍ സ്ത്രീകളുമായുള്ള കൂടിയാലോചനകള്‍, ചര്‍ച്ചകള്‍, സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ അവരുടെ നേതൃപരമായ പങ്കാളിത്വം എന്നീ വിഷയങ്ങളില്‍ ഇസ്്‌ലാമിക ചരിത്രത്തില്‍ കാണാവുന്നതാണ്

Back to Top