കൊറോണക്കെതിരെ നാസിലത്തിന്റെ ഖുനൂത്തോ?
പി കെ മൊയ്തീന്‍ സുല്ലമി
ഖുനൂത്ത് എന്ന പദത്തിന് ഭാഷാപരമായി നിരവധി അര്‍ഥങ്ങളുണ്ട്. അനുസരിക്കുക, ദീര്‍ഘനേരം അല്ലാഹുവോട് പ്രാര്‍ഥിക്കുക, അല്ലാഹുവോട് വിനയം കാണിക്കുക എന്നിവ അവയില്‍ ചിലതാണ്. ഇവിടെ ഖുനൂത്ത് കൊണ്ടു ഉദ്ദേശിക്കുന്നത് നബി(സ) അല്ലാഹുവിന്റെ കല്പനപ്രകാരം ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ സത്യവിശ്വാസികള്‍ക്കനുകൂലമായും സത്യനിഷേധികള്‍ക്കെതിരായും നടത്തിയ പ്രാര്‍ഥനയാണ്. അതിന് പൊതുവെ പറഞ്ഞുവരുന്നത് ഖുനൂത്തുന്നാസിലത്ത് എന്നാണ്.
നാസിലത്ത് എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് മുസ്‌ലിംകള്‍ക്ക് സംഭവിച്ച പൊതുവിപത്താണ്. അല്ലാതെ ലോകത്തിനോ ഒരു രാജ്യത്തിനോ സംഭവിക്കുന്ന വിപത്തല്ല. ഹദീസുകളില്‍ നിന്നും അതിന്റെ വ്യാഖ്യാനങ്ങളില്‍ നിന്നും അപ്രകാരമാണ് മനസ്സിലാകുന്നത്. ഒരു വിഷയത്തില്‍ പണ്ഡിതന്മാര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായേക്കാം. ആ അഭിപ്രായങ്ങള്‍ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും കല്പനകള്‍ക്ക് വിരുദ്ധമാണെങ്കില്‍ അത് തള്ളിക്കളയേണ്ടതാണ്. ഇക്കാര്യത്തില്‍ മുസ്‌ലിം ലോകത്ത് രണ്ടഭിപ്രായമില്ല.
പണ്ഡിതന്മാര്‍ ഇജ്തിഹാദിയായി നടത്തുന്ന അഭിപ്രായങ്ങള്‍ പിഴച്ചാലും അവര്‍ക്ക് ഒരു പ്രതിഫലമുണ്ട്. ശരിയാണെങ്കില്‍ രണ്ട് പ്രതിഫലവും. നബി(സ) പറഞ്ഞു: ”ഒരു വിധികര്‍ത്താവ് ഗവേഷണം നടത്തിപ്പറഞ്ഞ അഭിപ്രായം ശരിയാണെങ്കില്‍ അദ്ദേഹത്തിന് രണ്ട് പ്രതിഫലമുണ്ട്. അദ്ദേഹം ഗവേഷണം നടത്തിപ്പറഞ്ഞ അഭിപ്രായം തെറ്റാണെങ്കില്‍ അദ്ദേഹത്തിന് ഒരു പ്രതിഫലവുമുണ്ട്” (ബുഖാരി, മുസ്‌ലിം)
ഖുര്‍ആനും സുന്നത്തും വ്യക്തമായി പറഞ്ഞ ഒരു കാര്യത്തെക്കുറിച്ച് ഗവേഷണം നടത്തി മറ്റൊരു അഭിപ്രായം പറയല്‍ നിഷിദ്ധമാണ്. ഇജ്തിഹാദ് നടത്തി അഭിപ്രായം പറയാന്‍ പാണ്ഡിത്യമുള്ള ഒരു പണ്ഡിതന്റെ അഭിപ്രായം പിഴച്ചാലും അവന് ഒരു പ്രതിഫലമുണ്ടെങ്കില്‍ കൂടി അത്തരം പണ്ഡിതന്മാരെ അന്ധമായി അനുകരിച്ച് വഴിപിഴച്ചുപോകുന്ന പക്ഷം അവര്‍ ശിക്ഷാര്‍ഹരായിത്തീരുന്നതാണ്.
ഖുര്‍ആന്‍ മനപ്പാഠമാക്കിയ എഴുപതോളം പണ്ഡിതന്മാരെ ഇസ്‌ലാംമത പ്രബോധനത്തിനായി നബി(സ) യമനിലേക്ക് അയച്ചു. ശത്രുക്കളുടെ ആവശ്യപ്രകാരമായിരുന്നു അവരെ പറഞ്ഞയച്ചത്. എന്നാല്‍ ശത്രുക്കള്‍ അവരെ കൊന്നുകളഞ്ഞു. ഇവിടെ നബി(സ) ചതിയില്‍ പെടുകയായിരുന്നു. ഇക്കാര്യം ഇമാം ബുഖാരി 1002-ാം നമ്പര്‍ ഹദീസായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ മനംനൊന്ത് നബി(സ) സത്യവിശ്വാസികള്‍ക്ക് അനുകൂലമായും സത്യനിഷേധികള്‍ക്ക് എതിരായും ഒരു മാസത്തോളം ഖുനൂത്ത് നിര്‍വഹിച്ചു. ഇതാണ് ഖുനൂത്തിന്റെ ചരിത്രം. അല്ലാഹുവിന്റെ കല്പന പ്രകാരം നബി(സ) അത് ആരംഭിക്കുകയും അല്ലാഹുവിന്റെ കല്പനപ്രകാരം തന്നെ അത് നിര്‍ത്തുകയും ചെയ്തു.
പിന്നീട് നിരവധി വിഷമങ്ങളും പ്രതിസന്ധികളും ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ഉണ്ടായിട്ടുണ്ട്. അപ്പോഴൊന്നും നബി(സ)യോ സ്വഹാബത്തോ പൊതു വിപത്തിന്റെ ഖുനൂത്ത് നിര്‍വഹിച്ചിട്ടില്ല. അനസ്(റ) പറയുന്നു: ”രിഅ്‌ല്, ദക്‌വാന്‍ ഗോത്രങ്ങള്‍ക്കെതിരില്‍ നബി(സ) ഒരു മാസം ഖുനൂത്ത് നിര്‍വഹിക്കുകയുണ്ടായി” (ബുഖാരി 1003, ഫത്ഹുല്‍ബാരി 3:573). പ്രസ്തുത ഖുനൂത്ത് നിര്‍ത്താനുള്ള കാരണം ഇമാം ബുഖാരി രേഖപ്പെടുത്തുന്നു: ”അല്ലാഹുവേ, മുദ്വര്‍ ഗോത്രക്കാര്‍ക്കെതിരില്‍ നിന്റെ ശിക്ഷ നീ ശക്തമാക്കുകയും യൂനുസ്(അ)യുടെ കാലത്തുണ്ടായതുപോലെയുള്ള വരള്‍ച്ച അവര്‍ക്കു നീ നല്‍കുകയും ചെയ്യേണമേ. ഇപ്രകാരം ഖുര്‍ആന്‍ വചനം അല്ലാഹു ഇറക്കിയപ്പോള്‍ നബി(സ) പ്രസ്തുത ഖുനൂത്ത് ഉപേക്ഷിച്ചു. നബിയേ, കാര്യത്തിന്റെ തീരുമാനത്തില്‍ താങ്കള്‍ക്ക് യാതൊരവകാശവുമില്ല. അവന്‍ (അല്ലാഹു) ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലെങ്കില്‍ അവന്‍ അവരെ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികളാകുന്നു (സ്വഹീഹു മുസ്‌ലിം 3:190). ”അങ്ങനെ നബി(സ) ശത്രുക്കള്‍ക്കെതിരില്‍ ഒരു മാസം ഖുനൂത്ത് നിര്‍വഹിച്ചു. എന്നാല്‍ (പിന്നീട്) ഞങ്ങള്‍ ഖുനൂത്ത് നിര്‍വഹിക്കാറുണ്ടായിരുന്നില്ല” (ബുഖാരി 4088, ഫത്ഹുല്‍ബാരി 9:342)
നബി(സ) ശാപത്തിനുവേണ്ടി പ്രാര്‍ഥിച്ച മുദ്വര്‍ ഗോത്രം സത്യവിശ്വാസികളെ ദ്രോഹിക്കാനും കൊലപ്പെടുത്താനും കൂട്ടുനിന്നവരും സഹായിച്ചവരുമായിരുന്നു. ഈ വിഷയത്തില്‍ അനസില്‍(റ) നിന്നു വന്ന മറ്റൊരു റിപ്പോര്‍ട്ട് ഇപ്രകാരമാണ്: ”പ്രസ്തുത ഖുര്‍ആന്‍ വചനം (ആലുഇംറാനിലെ 128-ാം വചനം) അല്ലാഹു നബി(സ)ക്ക് അല്ലാഹു ഇറക്കിയത് ബിഅ്‌റുമഊന എന്ന സ്ഥലത്തുവെച്ച് വധിക്കപ്പെട്ടവരുടെ പ്രശ്‌നത്തിലായിരുന്നു. പിന്നീട് അത് (ഖുനൂത്ത്) ദുര്‍ബലപ്പെടുത്തുകയും ചെയ്തു. (ബുഖാരി 4095: ഫത്ഹുല്‍ബാരി 9:345)
സത്യവിശ്വാസികള്‍ക്ക് അനുകൂലമായും പ്രസ്തുത ഖുനൂത്തില്‍ പ്രാര്‍ഥന നിര്‍വഹിച്ചിരുന്നു. അതിപ്രകാരമാണ്: ”അല്ലാഹുവേ, വലീദിന്റെ മകന്‍ വലീദിനും ഹിശാമിന്റെ മകന്‍ സലമത്തിനും അബൂറബീഅത്തിന്റെ മകന്‍ ഇയാശിനും ദുര്‍ബലരായ സത്യവിശ്വാസികള്‍ക്കും നീ രക്ഷ നല്‍കേണമേ” (ബുഖാരി 4560, മുസ്‌ലിം 675).
മേല്‍പറഞ്ഞ പ്രമാണങ്ങളില്‍ നിന്നു ഒരു കാര്യം വ്യക്തമാണ്: നബി(സ)യോട് അല്ലാഹു ഖുനൂത്ത് നിര്‍ത്താന്‍ കല്പിച്ചതിന് ശേഷം പിന്നീട് നബി(സ)യുടെ മരണം വരെ മറ്റൊരു പൊതു വിപത്തിന്റെ പേരില്‍ അവിടുന്ന് ഖുനൂത്ത് നിര്‍വഹിച്ചിട്ടില്ല പ്രവാചകന്റെ കാലശേഷം സ്വഹാബത്തും അപ്രകാരം നിര്‍വഹിച്ചിരുന്നതായി തെളിവില്ല. അപ്പോള്‍ അത് താല്‍ക്കാലികമായി നബി(സ)യില്‍ മാത്രം പരിമിതപ്പെട്ട ഒരു കര്‍മമായിരുന്നു എന്ന് മനസ്സിലാക്കാം.
പകര്‍ച്ചവ്യാധികള്‍ മാറാന്‍ നബി(സ) ഖുനൂത്ത് നിര്‍വഹിച്ചിട്ടില്ല. രോഗങ്ങള്‍ മാറാനും ഖുനൂത്ത് നിര്‍വഹിച്ചിട്ടില്ല. മറിച്ച് മറ്റുള്ള പ്രാര്‍ഥനകളാണ് പഠിപ്പിച്ചിട്ടുള്ളത്. മുഅവ്വദതൈനിയും സൂറത്തുല്‍ ഇഖ്‌ലാസും ഓതി രോഗശമനത്തിനുവേണ്ടി നബി(സ) പ്രാര്‍ഥിച്ചിരുന്നതായി സ്വഹീഹായ ഹദീസുകളില്‍ വന്നിട്ടുണ്ട്. ഇബ്‌നുഹജര്‍(റ) പറയുന്നു: ”ഖുനൂത്ത് എന്നത് (നബി(സ) നിര്‍വഹിച്ചത്) ഒരു സമൂഹത്തിന് അനുകൂലമായോ മറ്റൊരു സമൂഹത്തിന് പ്രതികൂലമായോ റുകൂഇന്ന് ശേഷമാണ് നിര്‍വഹിക്കപ്പെട്ടത്. ഇതില്‍ നിന്നു നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് മേല്‍ പറഞ്ഞ അവസ്ഥയിലല്ലാത്ത ഖുനൂത്ത് നടത്താവതല്ല എന്നാണ്. അക്കാര്യം ഇബ്‌നുഖുസൈമ(റ) സ്വഹീഹായ പരമ്പരയോടെ അനസില്‍(റ) നിന്നു ഉദ്ധരിച്ചിട്ടുണ്ട്: ഒരു സമൂഹത്തിന്ന് അനുകൂലമായോ മറ്റൊരു സമൂഹത്തിന് പ്രതികൂലമായിട്ടോ അല്ലാതെ നബി(സ) ഖുനൂത്ത് നിര്‍വഹിക്കാറുണ്ടായിരുന്നില്ല.” (ഫത്ഹുല്‍ബാരി 10:113)
പകര്‍ച്ചവ്യാധികള്‍ക്കും പൊതു വിപത്തുകള്‍ക്കുമെതിരെ ഖുനൂത്ത് നിര്‍വഹിക്കാമെന്നതിന് ഖിയാസിയായ (താരതമ്യ പഠനം) തെളിവ് മാത്രമാണുള്ളത്. ആരാധനാ വിഷയങ്ങളില്‍ ഖിയാസ് പാടില്ല എന്നതാണ് അഹ്‌ലുസ്സുന്നയുടെ അഭിപ്രായം. ഇക്കാര്യം ഇമാം നവവിയും (നൈലുല്‍ ഔത്വാറിന്റെ ഹാമിശ് 1:485) ഇമാം അബൂശാമ(റ)യും (കിതാബുല്‍ ബാഇസ്, പേജ് 286) ഇമാം ശീറാസിയും (സിംഹ്‌റുസ്സആദ, പേജ് 46) പറയുന്നുണ്ട്. യാതൊരു രേഖയുമില്ലാതെ ഖുനൂത്ത് നിര്‍വഹിക്കുന്നതിനെ സംബന്ധിച്ച് പണ്ഡിതന്മാര്‍ ചോദ്യം ചെയ്തിട്ടുണ്ട്.
ഒരു സംഭവം ശ്രദ്ധിക്കുക: ”ഇമാം സുഹ്ദി(റ) പ്രസ്താവിച്ചതായി മഅ്മര്‍(റ) ഉദ്ധരിക്കുന്നു: അദ്ദേഹം ചോദിക്കുകയുണ്ടായി: എവിടെ നിന്നാണ് ജനങ്ങള്‍ ഖുനൂത്തിനെക്കുറിച്ച് പഠിച്ചത്? അദ്ദേഹം അതില്‍ അത്ഭുതം പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു: നബി(സ) ഏതാനും ദിവസങ്ങള്‍ മാത്രമാണ് ഖുനൂത്ത് നടത്തിയത്. പിന്നീടത് ഉപേക്ഷിക്കുകയും ചെയ്തു.” (അബ്ദുറസാഖ്)
ഇസ്‌ലാമിക ലോകത്ത് വിവിധ കാലഘട്ടങ്ങളിലായി അഞ്ചു തവണ പകര്‍ച്ച വ്യാധികള്‍ ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ പ്ലേഗ് രോഗം ബാധിച്ചിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളിലൊന്നും നാസിലത്തിന്റെ ഖുനൂത്ത് നിര്‍വഹിച്ചിരുന്നതായി തെളിവില്ല. ഇമാം നവവി(റ) പറയുന്നു: ”ഹിജ്‌റ വര്‍ഷം ആറില്‍ നബി(സ)യുടെ കാലത്ത് ബാധിച്ച പ്ലേഗ് രോഗം, ഉമറിന്റെ(റ) ഭരണകാലത്ത് ശാമില്‍ പ്ലേഗ് ബാധയുണ്ടാവുകയും ഇരുപത്തി അയ്യായിരം പേര്‍ മരണപ്പെടുകയും ചെയ്തു. ഇബ്‌നു സുബൈറിന്റെ(റ) കാലത്തുണ്ടായ പ്ലേഗ് ബാധയില്‍ ഒരു ദിവസം മരണപ്പെട്ടത് എഴുപതിനായിരം ആളുകളാണ്. ഹിജ്‌റ 50-ല്‍ കൂഫയില്‍ പ്ലേഗ് ബാധയുണ്ടായി. ഹിജ്‌റ 18-ല്‍ അമവാസ എന്ന സ്ഥലത്ത് പ്ലേഗ് പിടിപെടുകയുണ്ടായി” (ശറഹു മുസ്‌ലിം 1:148)
ഇതുപോലെ നബി(സ)യുടെ കാലത്തും മറ്റു ഖലീഫമാരുടെ കാലഘട്ടങ്ങളിലും ഇസ്‌ലാമിക ലോകത്ത് വരള്‍ച്ചകള്‍ ബാധിച്ചിട്ടുണ്ട്. അപ്പോഴൊന്നും നാസിലത്തിന്റെ ഖുനൂത്ത് നിര്‍വഹിച്ചതായി തെളിവില്ല. മദീനയില്‍ ശക്തമായ വരള്‍ച്ചയുണ്ടായ കാലത്ത് ജുമുഅ നടക്കുന്ന വേളയില്‍ ഒരു യാത്രാസംഘം എത്തിയപ്പോള്‍ ഭൂരിപക്ഷം പേരും ഖുത്ബ ശ്രവിക്കാതെ യാത്രാസംഘത്തിന്റെ അടുത്തേക്ക് പോയ സംഭവമുണ്ട്. ഇതിനെ ആക്ഷേപിച്ചുകൊണ്ടാണ് സൂറത്തു ജുമുഅയിലെ 11-ാം വചനം അവതരിച്ചതെന്ന് ബുഖാരിയും മുസ്‌ലിമും മറ്റു മുഫസ്സിറുകളും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും നബി(സ) വരള്‍ച്ചയില്‍ നിന്നു രക്ഷ ലഭിക്കാന്‍ നാസിലത്തിന്റെ ഖുനൂത്ത് നിര്‍വഹിച്ചില്ല.
കൊറോണ പോലുള്ള പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുമ്പോള്‍ നിര്‍വഹിക്കേണ്ട ഖുനൂത്ത് നബി(സ) പഠിപ്പിച്ചിട്ടില്ല. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും നിരന്തരം ഉപദ്രവിച്ച ചില ഗോത്രങ്ങളെ പേരടുത്തു പറഞ്ഞ് ശപിക്കുകയും പ്രാര്‍ഥിക്കുകയുമാണ് ചെയ്തത്. നബി(സ)യുടെ ശാപ പ്രാര്‍ഥന കൂടിയപ്പോഴാണ് അല്ലാഹു അത് നിര്‍ത്താന്‍ കല്പിക്കുന്നത്. അതിനാല്‍ നബി(സ) പഠിപ്പിക്കാത്ത ഒരു ഖുനൂത്ത് നിര്‍വഹിക്കല്‍ ബിദ്അത്താണെന്ന കാര്യത്തില്‍ സംശയമില്ല. ഒരു ആചാരം ആരെല്ലാം ചെയ്യുന്നു എന്നല്ല നോക്കേണ്ടത്, ഇസ്‌ലാമില്‍ അതിന്റെ പ്രമാണമെന്ത് എന്നാണ് നോക്കേണ്ടത്.