28 Wednesday
January 2026
2026 January 28
1447 Chabân 9

ദൈവിക മതത്തെ ഊതിക്കെടുത്താന്‍ കഴിയില്ല

മുഹമ്മദ് മുസ്തഫ

ആഗോളതലത്തില്‍ ഇസ്‌ലാമോഫോബിയ പടര്‍ന്നു പന്തലിച്ചിട്ട് വര്‍ഷങ്ങളായി. യൂറോപ്യന്‍, അമേരിക്കന്‍ രാജ്യങ്ങളില്‍ ഇതിപ്പോഴും തഴച്ചുവളരുകയാണ്. മിനസോട്ടയിലെ സ്റ്റാര്‍ബക്ക്‌സിന്റെ കോഫിഷോപ്പില്‍ നിന്നു കോഫി ഓര്‍ഡര്‍ ചെയ്ത 19-കാരിയായ അയിഷക്ക് ചായക്കപ്പില്‍ ഐസിസ് എന്ന് എഴുതി നല്‍കിയത് അടുത്തിടെയാണ്. ഓര്‍ഡര്‍ നല്‍കുമ്പോള്‍ പേര് നല്‍കിയ സമയത്ത് ജീവനക്കാരന്‍ കപ്പില്‍ എന്തോ എഴുതുന്നുണ്ടായിരുന്നു. പിന്നീട് കോഫി നല്‍കിയ സമയത്താണ് കപ്പില്‍ ഐസിസ് എന്ന് എഴുതിയത് കണ്ടത്. ഇതിന്റെ ഫോട്ടോയും പുറത്തുവന്നിരുന്നു. ഹിജാബ് ധാരിയായിരുന്നു അയിഷ. പിന്നീട് യു എസിലെ ഏറ്റവും വലിയ മുസ്‌ലിം സംഘടനയായ സി എ ഐ ആര്‍ അടക്കം സംഭവത്തെ അപലപിച്ച് രംഗത്തുവരികയും സ്റ്റാര്‍ബക്‌സിനെതിരെ പരാതി നല്‍കുകയും ചെയ്തു. സംഭവം വിവാദമായതോടെ അയിഷയോട് ക്ഷമാപണം ചോദിച്ച് കമ്പനി രംഗത്തെത്തി. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ അമേരിക്കയില്‍ ധാരാളം നടക്കാറുണ്ടെന്ന് അവിടങ്ങളിലെ ഇസ്‌ലാമോഫോബിയ വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ഇവയൊന്നും അബദ്ധത്തില്‍ സംഭവിക്കുന്നതല്ലെന്നും ഇസ്‌ലാം മതവിശ്വാസികളോട് ഇതര മതസ്ഥര്‍ വെച്ചുപുലര്‍ത്തുന്ന വിദ്വേഷ മനോഭാവത്തിന്റെ ഭാഗമാണെന്നും മനസ്സിലാക്കാന്‍ ചെറിയ ബുദ്ധി മതി.
ഇസ്‌ലാം ഭീതി മൂത്ത് മുസ്‌ലിംകളെ മുഴുവന്‍ തീവ്രവാദികളും ഭീകരവാദികളുമായി ചാപ്പ കുത്തുന്നതിനായി എന്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്താനും ഇക്കൂട്ടര്‍ക്ക് മടിയില്ല എന്നതാണ് വലിയ സംഗതി.
പാവപ്പെട്ടവനെ സഹായിക്കാതെയും ആ രംഗത്ത് കര്‍മപഥത്തിലിറങ്ങാതെയും കേവല ആരാധനാനുഷ്ഠാനങ്ങളില്‍ മാത്രം അഭിരമിച്ച് ഒരു മുസ്‌ലിമിനും ആത്യന്തിക വിജയം നേടാന്‍ കഴിയില്ല. ഇസ്‌ലാമിനെ പഠിക്കുന്നവന്‍ ഈ മൂല്യതത്വങ്ങളില്‍ ആകൃഷ്ടരാവുക സ്വാഭാവികം. അതിനാല്‍ ഇസ്‌ലാമിനെ പറ്റി തെറ്റായ ഒരു മുന്‍ധാരണ ആസൂത്രിതമായി പ്രചരിപ്പിക്കുക എന്നതാണ് ഇസ്‌ലാമിക വിരോധികളുടെ മുമ്പിലുള്ള ഏക മാര്‍ഗം! അതിന്റെ ഫലമായാണ് ഇസ്‌ലാമോഫോബിയ എന്ന ഒരു സംജ്ഞപോലും വികസിപ്പിച്ചെടുക്കപ്പെട്ടത്! ‘ദൈവിക മതത്തെ അവര്‍ വായകൊണ്ട് ഊതിക്കെടുത്താന്‍ വൃഥാ ശ്രമം നടത്തുകയാണ്’ എന്ന് ഖുര്‍ആന്‍ സൂചിപ്പിച്ചതില്‍ ഇസ്‌ലാമോഫോബിയ വിജയ ലക്ഷ്യത്തിലെത്തുകയില്ല എന്നതിന്റെ വ്യക്തമായ സൂചനയുണ്ട്.

Back to Top