22 Sunday
December 2024
2024 December 22
1446 Joumada II 20

വൈധവ്യം നിരാശയ്ക്കും ദുരിതങ്ങള്‍ക്കും നിമിത്തമാകരുത്

അബ്ദുസ്സലാം മുട്ടില്‍

വൈവാഹിക കുടുംബ സംവിധാനങ്ങളില്‍ നിന്ന് മുക്തമായ ആത്മ സന്യാസ ജീവിതത്തിന് പവിത്രതയും മഹത്വവും കല്‍പ്പിക്കുന്ന ചില മതങ്ങളും ചിന്താധാരകളും ലോകത്തുണ്ട്. എന്നാല്‍ ആശയപരമായി ഇത്തരം വീക്ഷണങ്ങളോട് വിയോജിക്കുന്ന ഇസ്‌ലാം വൈവാഹിക കുടുംബ വ്യവസ്ഥകള്‍ക്ക് ഉന്നത പദവിയും അംഗീകാരവുമാണ് നിശ്ചയിച്ചത്. സാമൂഹ്യഘടനയുടെ സുഭദ്രതയ്ക്ക് ഇവയെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ധര്‍മമാണെന്ന സന്ദേശവും ഇസ്‌ലാമികാധ്യാപനത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍പ്പെട്ടതാണ്. അതുകൊണ്ട് തന്നെ സാമൂഹ്യ ജീവിതവ്യവസ്ഥയ്ക്ക് കോട്ടം സംഭവിക്കുന്ന ഏത് വിഷയങ്ങളെയും ഇസ്‌ലാം കരുതലോടെയാണ് വീക്ഷിക്കുന്നത്. അത്തരം സാഹചര്യങ്ങളുണ്ടാകാതിരിക്കാന്‍ ജാഗ്രത കൈക്കൊള്ളാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് വിധവകളാകുന്നവരുടെ സംരക്ഷണത്തിനും, ത്വലാഖിലൂടെ വിവാഹമോചിതകളാകുന്നവരുടെ അവകാശങ്ങള്‍ക്കും ഇസ്‌ലാമിക പ്രമാണങ്ങളില്‍ വലിയ സ്ഥാനമുണ്ട്.
ആധുനിക സാമൂഹ്യ ജീവിതഘടനയില്‍ പോലും അവഗണനയ്ക്കും അവകാശധ്വംസനങ്ങള്‍ക്കും വിധേയരാകുന്ന വിധവകള്‍, അനാഥകള്‍, അഭയാര്‍ഥികള്‍ പോലുള്ള ദുര്‍ബല വിഭാഗങ്ങളോടുള്ള അരികുവത്ക്കരണ ചൂഷണ മനോഭാവത്തിനും സമീപനത്തിനും പകരം സഹാനുഭൂതിയുടെയും ഉത്തരവാദിത്തബോധത്തിന്റെയും പ്രതിബദ്ധതാ ചിന്തകളെയാണ് ഇസ്‌ലാം ഉയര്‍ത്തിക്കൊണ്ടു വന്നത്. വിധവാ പുനരധിവാസ സംരക്ഷണ മേഖലയില്‍ ലോകത്തിന് പരിചിതമല്ലാത്ത മാതൃകാപരമായ പരിവര്‍ത്തനം വരുത്താന്‍ ഇസ്‌ലാമിന് കഴിഞ്ഞിട്ടുമുണ്ട്.

വിധവകള്‍ നേരിടുന്ന വെല്ലുവിളികള്‍
വിധവകള്‍ നേരിടുന്ന ജീവിത പ്രശ്‌നങ്ങള്‍ നിരവധിയാണ്. ചില സമൂഹങ്ങള്‍ ഇവരോട് പുലര്‍ത്തുന്ന മനോഭാവങ്ങളും സമീപനങ്ങളും തന്നെയാണ് ഇതില്‍ മുഖ്യമായിട്ടുള്ളത്. സ്ത്രീയുടെ കര്‍മദോഷത്തിന്റെ ഫലമായാണ് വൈധവ്യം സംഭവിക്കുന്നതെന്നും വിധവാ ജീവിതകാലത്തെ കഷ്ടനഷ്ട പ്രാരാബ്ധങ്ങള്‍ അവള്‍ തന്നെ അനുഭവിക്കേണ്ടതാണെന്നുമുള്ള വിശ്വാസം സൂക്ഷിക്കുന്നവര്‍ ഇന്നുമുണ്ട്. ഭര്‍ത്താവിന്റെ ചിതയില്‍ ചാടി വിധവ ജീവന്‍ ഹോമിക്കണമെന്ന കാടത്ത കരിനിയമം ഒരു കാലഘട്ടത്തിലെ സാമൂഹ്യ വ്യവസ്ഥയുടെ ഭാഗമായിരുന്നത് ഇത്തരം വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു.
തങ്ങള്‍ രണ്ടാംകിട പൗരകളാണെന്ന അപകര്‍ഷ ചിന്ത ഇതിന്റെ ഫലമായി വിധവകളിലുണ്ടായി. ജന്മസിദ്ധമായ ധാരാളം കഴിവുകളുണ്ടായിട്ടും ഇത്തരം അപകര്‍ഷബോധം വിധവകള്‍ക്ക് അവരുടെ ഉയര്‍ത്തെഴുന്നേല്‍പിനും, പ്രതിസന്ധികളെ മറികടക്കുന്നതിനും വിഘാതമായി.
ഭാര്യയും ഭര്‍ത്താവും ജീവിത ഭാരങ്ങളുടെയും ദൗത്യങ്ങളുടെയും പരസ്പര വാഹകരാവുക എന്നതാണല്ലോ വിവാഹജീവിത സംസ്‌ക്കാരത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്. ഇതിലൂടെ അവര്‍ക്ക് ജീവിത പ്രതീക്ഷകളെ നിലനിര്‍ത്താനും പ്രതിസന്ധികളെ തരണം ചെയ്യാനുമുള്ള ഊര്‍ജം കരഗതമാവുന്നു. എന്നാല്‍ ഭര്‍ത്താവ് വേര്‍പിരിയുന്നതോടെ വിധവയായിത്തീരുന്ന ഭാര്യയുടെ മുന്നില്‍ കടുത്ത നിരാശയും കുറേ ചോദ്യങ്ങളുമാണ് ബാക്കിയാവുന്നത്. നിസ്സാരമായ ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ സ്വന്തം കുടുംബത്തിലോ ഭര്‍ത്താവിന്റെ കുടുംബത്തിലോ ചിലപ്പോള്‍ സമൂഹത്തിലോ ഉള്ള പലരെയും ആശ്രയിക്കേണ്ടി വരുന്നത് വിധവാ ജീവിതങ്ങള്‍ അനുഭവിക്കുന്ന വര്‍ണിക്കാന്‍ കഴിയാത്ത ദൈന്യതകളാണ്.
ഇത്തരം ആശ്രയ സന്ദര്‍ഭങ്ങളെ സാമ്പത്തിക ലൈംഗിക ചൂഷണത്തിനുള്ള അവസരങ്ങളായി കാണുന്നവരും കുറവല്ല. ഇതിന്റെ ഫലമായി ധാര്‍മിക മൂല്യബോധമുള്ളവരും നിഷ്‌കളങ്കരുമായ വിധവകളെ പോലും സമൂഹം സംശയത്തോടെ സമീപിക്കുന്ന സാഹചര്യം സംജാതമാവുന്നു. ഒരു പിതാവിന്റെ അഭാവത്തില്‍ മക്കള്‍ക്ക് നഷ്ടമാകുന്ന ശിക്ഷണ സംസ്‌ക്കാര മുറകളുടെ അനന്തര ഫലമായി അവരുടെ ജീവിതവഴികള്‍ താളംതെറ്റുന്നതും ഇരുളടയുന്നതും എത്രമേല്‍ വേദന നിറഞ്ഞ നിസ്സഹായാവസ്ഥയാണ് വിധവകളില്‍ ഉണ്ടാക്കുന്നതെന്ന് ഊഹിക്കാവുന്നതാണ്. ഒരു സ്ത്രീ വിധവയാകുന്നതിലൂടെ അനുഭവിക്കേണ്ടി വരുന്ന മാനസിക, സാമൂഹിക, കുടുംബ, സാമ്പത്തിക വെല്ലുവിളികളില്‍ ചിലത് മാത്രമാണിതെല്ലാം.

വിധവകള്‍: ഇസ്‌ലാമിക സമീപനം
സമൂഹത്തിലെ ഏറ്റവും ദുര്‍ബല വിഭാഗങ്ങളുടെ സംരക്ഷണത്തിനും പുനരധിവാസത്തിനും വലിയ പ്രധാന്യമാണ് ഇസ്‌ലാം നല്‍കിയിട്ടുള്ളത്. ഇത്തരം ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ലഭ്യമാകേണ്ട സുരക്ഷയും, അവകാശങ്ങളും നിഷേധിക്കപ്പടുന്നത് സാമൂഹ്യഘടനയുടെ കെട്ടുറപ്പിനെ ഗുരുതരമായി ബാധിക്കുകയും ചെയ്യും. അതിനാല്‍ ഇത്തരം അവകാശ നിഷേധങ്ങള്‍ ഇസ് ലാം ശിക്ഷാര്‍ഹമായ കുറ്റകൃത്യങ്ങളായി കണക്കാക്കുകയും ചെയ്യുന്നു.
മരിച്ച വ്യക്തിയുടെ ഭാര്യയെ അനന്തര സ്വത്തായി കാണുകയും, ഈ വ്യക്തിക്ക് മറ്റ് ഭാര്യമാരിലുണ്ടായ മൂത്ത മക്കള്‍ ഇവരെ ഭാഗിച്ചെടുത്ത് ഭോഗിക്കുകയും ചെയ്തിരുന്ന നീച സംസ്‌കാര പാരമ്പര്യത്തെ ഇസ് ലാം നിരോധിച്ചു. ‘നിങ്ങളുടെ പിതാക്കള്‍ വിവാഹം ചെയ്ത സ്ത്രീകളെ നിങ്ങള്‍ വിവാഹം കഴിക്കരുത്; മുമ്പ് ചെയ്ത് പോയതൊഴികെ. തീര്‍ച്ചയായും അതൊരു നീചവൃത്തിയും വെറുക്കപ്പെട്ട കാര്യവും ദുഷിച്ച മാര്‍ഗ്ഗവുമാകുന്നു (വി.ഖു. 4:22).
ഭര്‍ത്താവിന്റെ കാലശേഷം അദ്ദഹത്തിന്റെ മക്കള്‍ക്ക് മുന്നില്‍ തന്നെ സമര്‍പ്പിക്കേണ്ടിയിരുന്ന ദുരാചാരം വിധവയിലുണ്ടാക്കിയ അപമാന ഭാരത്തില്‍ നിന്നും, അപകര്‍ഷ ചിന്തയില്‍ നിന്നും ഇസ് ലാം അവള്‍ക്ക് മോചനം നല്‍കി.’ വിധവയെ അവളോട് ആലോചിക്കുന്നത് വരെ വിവാഹം ചെയ്ത് കൊടുക്കരുത് (ബുഖാരി).
മന:ശാസ്ത്രപരമായ ഈ നിര്‍ദ്ദേശത്തിലൂടെ ഇസ്ലാം വിധവകളുടെ വ്യക്തിത്വവും, അഭിമാനവും, സാമൂഹിക മാനവും ഉയര്‍ത്തുകയും, പരിപാവനമാക്കുകയും ചെയ്തു. ഇത് മൂലം ഇസ്‌ലാമിന്റെ തണലില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന തിരിച്ചറിവ് വിധവകള്‍ക്ക് അതിജീവനത്തിന്റെ ഊര്‍ജം പകര്‍ന്നു.
സമൂഹത്തിന് വിധവകളോടുണ്ടായിരുന്ന പ്രതിലോമ ചിന്തകള്‍ക്ക് പകരം ക്രിയാത്മകമായ മനോഭാവങ്ങള്‍ അവരില്‍ ഉദ്പാദിപ്പിക്കുവാനും അതു വഴി വിധവ സംരക്ഷണത്തിന് ചരിത്രത്തില്‍ തുല്യതയില്ലാത്ത മാതൃകകള്‍ സൃഷ്ടിക്കനും സാധിച്ചു. ”വിധവകള്‍ക്ക് വേണ്ടി പരിശ്രമിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവന് തുല്യനാണ്.” (ബുഖാരി, മുസ്‌ലിം)
പ്രവാചകന്റെ ഈ പ്രഖ്യാപനം വിധവകള്‍ക്കും അവരെ സംരക്ഷിക്കുന്നവര്‍ക്കും അല്ലാഹുവിന്റെ അരികില്‍ ലഭിക്കുന്ന ഉയര്‍ന്ന അംഗീകാരത്തെയും അളവറ്റ പ്രതിഫലത്തെയുമാണ് വ്യക്തമാക്കുന്നത്. സദുദ്ദേശ്യത്തോടെ വിധവാ സംരക്ഷണത്തിന് തയ്യാറാകുന്നവര്‍ക്ക് പോലും സാമൂഹ്യ വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിടേണ്ടി വരുന്ന ഈ കാലത്ത്, യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ചവന്‍ എത്രമാത്രം ആദരണീയനാണോ അതേവിധം വിധവകളുടെ വിഷയത്തില്‍ പ്രയത്‌നിക്കുന്നവനും ആദരിക്കപ്പെടേണ്ടവനാണെന്ന സന്ദേശത്തിന് വളരെ പ്രസക്തിയുണ്ട്.
വിധവാ സംരക്ഷണം സൈദ്ധാന്തിക തലങ്ങളില്‍ പരിമിതമാക്കാതെ പ്രായോഗിക ജീവിതത്തില്‍ അനുവര്‍ത്തിക്കാന്‍ പ്രവാചകനും സഹചാരികളും സന്നദ്ധമായതിന്റെ ഉദാഹരണങ്ങള്‍ അനവധിയാണ്. പ്രവാചകന്റെ ഭാര്യമാരില്‍ ആഇശ(റ) ഒഴികെയുള്ളവരെല്ലാം വിധവകളായിരുന്നു. ഇവരില്‍ പ്രായാധിക്യമുള്ള ഭാര്യമാരെ പോലും പ്രവാചകന്‍ ഉപേക്ഷിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിരുന്നില്ലെന്നത് വിധവാ സംരക്ഷണത്തിന് പ്രവാചകന്‍ സമര്‍പ്പിച്ച അനല്പമായ സംഭാവനയാണ്. മുന്‍പ് അടിമയായിരുന്ന സൈദിന്റെ(റ) ഭാര്യയായിരുന്ന സൈനബിനെ(റ) അവരുടെ വിവാഹ മോചനത്തിന് ശേഷം പ്രവാചകന്‍ വിവാഹം കഴിച്ചതിലൂടെ മഹത്തായ മാനവിക മൂല്യങ്ങളെ ലോകത്തിന് പഠിപ്പിക്കുകയായിരുന്നു ഇസ്‌ലാം.
താഴെത്തട്ടിലുള്ളവനെന്ന് സമൂഹം വിലയിരുത്തുന്ന ഒരടിമ വിവാഹമോചനം നടത്തിയ ഒരു സ്ത്രീയെ സമൂഹത്തിന്റെ സമുന്നത പദവിയിലുള്ള പ്രവാചകന്‍ വിവാഹം ചെയ്യുന്നതിലൂടെ അടിമയ്ക്കും, വിധവക്കും മഹത്തായ മാനുഷിക പരിഗണനയും അംഗീകാരവുമാണ് കൈവരുന്നത്. എന്നാല്‍ മാനവിക മൂല്യങ്ങളെ പ്രചോദിപ്പിക്കാനും ദുര്‍ബലരായ വിധവകള്‍ക്ക് പരിരക്ഷ നല്‍കാനും പ്രവാചകന്‍ നടത്തിയ വിവാഹങ്ങളെ ദുരുദ്ദേശ്യത്തോടെ അവതരിപ്പിക്കുവാനുമാണ് വിമര്‍ശകര്‍ക്ക് താത്പര്യം.
അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ കണിശമായ നിര്‍ദേശങ്ങള്‍ക്ക് വിധേയമായി ബഹുഭാര്യാത്വം ഇസ്‌ലാം അനുവദിച്ചതിന്റെ താത്പര്യങ്ങളില്‍ ഒന്ന് വിധവകളുടെ സംരക്ഷണം തന്നെയാണ്. അതോട് കൂടെ വിധവകളെ പോലുള്ളവരുടെ എണ്ണം വര്‍ധിക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നത് ഇസ്‌ലാം കണിശമായി വിലക്കുകയും ചെയ്തു. വിധവകളുണ്ടാകാനുള്ള പ്രധാന കാരണം യുദ്ധമാണ്.
ഇങ്ങോട്ട് ആക്രമിച്ചാലല്ലാതെ യുദ്ധം ചെയ്യരുതെന്നും യുദ്ധത്തില്‍ ഏര്‍പ്പട്ടവരെ മാത്രമേ നേരിടാവൂ എന്നുമുളള ഇസ്‌ലാമിന്റെ നിയമങ്ങള്‍ യുദ്ധം മൂലമുണ്ടാകുന്ന വിധവകളുടെ എണ്ണം നിയന്ത്രിക്കാന്‍ സഹായകമാണ്. സകല യുദ്ധ നിയമങ്ങളെയും കാറ്റില്‍ പറത്തി നിരപരാധികളായ നിരവധി പേരെ കൂട്ടക്കശാപ്പിന് വിധേയമാക്കുന്ന ആധുനിക കാലത്ത് ഇത്തരം നിയമങ്ങളുടെ പ്രസക്തി ഏറുകയാണ്.
വിവാഹ മോചനത്തെ ലാഘവത്തോടെ സമീപിക്കുന്നതിനെ വിമര്‍ശിക്കുകയും ഘട്ടങ്ങളായി മാത്രം ചെയ്യേണ്ട മൂന്ന് ത്വലാഖുകളും ഒരു സമയത്ത് ഒന്നിച്ച് ചെയ്യുന്നതിനെ ഇസ്‌ലാം വിലക്കിയതും ഭര്‍ത്താക്കന്മാരില്ലാത്ത സ്ത്രീകളുടെ എണ്ണം വര്‍ധിക്കാതിരിക്കാനാണ്. നിസ്സാര പ്രശ്‌നങ്ങള്‍ക്ക് വിട്ടുവീഴ്ച നല്‍കാന്‍ തയ്യാറില്ലാത്ത ദുരഭിമാന ചിന്ത വ്യാപകമായും ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകള്‍ വര്‍ധിക്കുകയും ചെയ്യുന്ന ആധുനിക കാലഘട്ടത്തില്‍ മേല്‍ നിയമങ്ങളുടെ പ്രാധാന്യം വര്‍ധിക്കുന്നതായി മനസ്സിലാക്കാം.

സമൂഹ ബാധ്യത
യു എന്നിന്റെ കീഴില്‍ ജൂണ്‍ 23 വിധവാദിനമായി ആചരിക്കുന്നത് വിധവാ സംരക്ഷണബോധം സമൂഹത്തില്‍ വ്യാപിപ്പിക്കാനും, സജീവമാക്കാനുമാണ്. വൈധവ്യം ദൈവകോപമോ ശാപമോ മൂലമല്ലെന്നും അതിനാല്‍ തന്നെ അത് നിന്ദ്യവും നീചവുമെല്ലന്നും, ഏത് ഭാര്യയും ഏത് സമയവും വിധവയാകാന്‍ സാധ്യതയുണ്ടെന്നും തിരിച്ചറിയേണ്ടതുണ്ട്. യുവാക്കള്‍ക്കിടയില്‍ പോലും ആകസ്മിക മരണങ്ങള്‍ വര്‍ധിക്കുന്നതുമൂലം വിധവകളായിത്തീരുന്ന യുവതികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം കല്‍പ്പിക്കണം. അഭ്യസ്ഥവിദ്യരും, പ്രതിഭകളുമായ ഇത്തരം സ്ത്രീകളുടെ സേവനങ്ങള്‍ സമൂഹത്തിന് ലഭിക്കാന്‍ ഇത് കാരണമാകും.
സര്‍ക്കാറും, സന്നദ്ധ സംഘങ്ങളും വിധവാ മേഖലയില്‍ നിര്‍വഹിക്കുന്ന സേവനസഹായങ്ങള്‍ അര്‍ഹരായവര്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പ് വരുത്താന്‍ മഹല്ലുകള്‍ക്കും മറ്റ് സാമൂഹിക ഘടകങ്ങള്‍ക്കും സംവിധാനങ്ങളുണ്ടാകണം. വിവിധയിനം കൈത്തൊഴിലുകള്‍ ചെയ്യുവാനുള്ള പരിശീലനങ്ങളും അതിനാവശ്യമായ ഭൗതിക സൗകര്യങ്ങളൊരുക്കുവാനും മഹല്ലുകള്‍ക്ക് പദ്ധതികള്‍ വേണം.
ഇതിന്നാവശ്യമായ സാമ്പത്തിക സഹായങ്ങള്‍ സക്കാത്ത് ഫണ്ടില്‍ നിന്നും മറ്റ് സംവിധാനങ്ങളില്‍ നിന്നും കണ്ടെത്താം. അതോടൊപ്പം ഓരോ വിധവയും അനുഭവിക്കുന്ന വ്യത്യസ്തങ്ങളായ മാനസിക ജീവിത പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം പകരുന്ന ശാസ്ത്രീയമായ കൗണ്‍സിലിംഗ് സൗകര്യങ്ങള്‍ പ്രാദേശികാടിസ്ഥാനത്തില്‍ ലഭ്യമാക്കണം. വിധവയുടെ കണ്ണീരിനും ക്ഷമയ്ക്കും പകരം സ്വര്‍ഗമാണെന്ന് അവള്‍ക്ക് ബോധ്യമാകുമ്പോള്‍ മനസ്സ് ശാന്തമാവുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യും
വിധവയായിത്തീര്‍ന്നിട്ടും പരീക്ഷണങ്ങളില്‍ പതറാതെ ദൃഡനിശ്ചയം കൊണ്ട് അഭിമാനകരമായ വിജയം കൈവരിച്ച മഹിളകളെ ആദരിക്കുകയും, പരിചയപ്പെടുത്തുകയും വേണം. വിധവകള്‍ക്ക് മനസ്സിലൊളിപ്പിച്ച സഹതാപം മാത്രമല്ല പ്രചോദനവും പ്രോത്സാഹനവും അംഗീകാരവും ആദരവും ആവുന്നത്ര നല്‍കണം. വിധവ പുനര്‍വിവാഹത്തെ പ്രോത്സാഹിപ്പിക്കണം. പ്രതീക്ഷയുടെ തുരുത്തുകള്‍ ചുറ്റുവട്ടത്ത് നിലനില്‍ക്കുമ്പോള്‍ വൈധവ്യത്തിന്റെ വേദനകള്‍ക്കിടയിലും ജീവിതം മധുരകരമാക്കാന്‍ തീര്‍ച്ചയായും വിധവകള്‍ക്ക് കഴിയും, ഊഷര സമാനമായ അവരുടെ മനസ്സിനെ രചനാത്മകമാക്കാന്‍ സാധിക്കും. മഹല്ലുകളുള്‍പ്പെടെയുള്ള സാമൂഹ്യ സംവിധാനങ്ങള്‍ക്ക് വിധവാ വിഷയത്തില്‍ താത്പര്യവും കാഴ്ച്ചപ്പാടുകളുമുണ്ടാകണമെന്ന് മാത്രം

Back to Top