ഭൂപട പരിഷ്‌കരണത്തിന് പിന്നാലെ കാലാപാനിയില്‍ പട്ടാളക്യാമ്പ് ഒരുക്കാന്‍ നേപ്പാള്‍
ഇന്ത്യന്‍ സംസ്ഥാനം ഉത്തരാഖണ്ഡിന്റെ ഭാഗങ്ങളായ ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ ഉള്‍പ്പെടുത്തിയ രാഷ്ട്രീയ ഭൂപടം പരിഷ്‌ക്കരിക്കാനുള്ള ഭരണഘടന ഭേദഗതി ബില്‍ പാസാക്കിയതിന് പിന്നാലെ കാലാപാനിക്ക് സമീപം പട്ടാള ക്യാമ്പ് സ്ഥാപിക്കാനൊരുങ്ങി നേപ്പാള്‍ സൈന്യം. ക്യാമ്പ് നിര്‍മിക്കുന്നതിന് മുന്നോടിയായി കാലാപാനി അതിര്‍ത്തി പ്രദേശത്ത് നേപ്പാള്‍ പട്ടാള മേധാവി പൂര്‍ണ ചന്ദ്ര ഥാപ്പ ബുധനാഴ്ച സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. നേപ്പാളിന്റെ പുതിയ നീക്കം ഇപ്പോഴും തുടരുന്ന ഇന്ത്യ-നേപ്പാള്‍ അസ്വാരസ്യങ്ങള്‍ രൂക്ഷമാക്കിയേക്കും. അതിര്‍ത്തിക്കടുത്ത് ഒരു സൈനിക ക്യാമ്പ് സ്ഥാപിക്കാനൊരുങ്ങുന്നുവെന്ന് നേപ്പാള്‍ വിദേശകാര്യ വകുപ്പ് ഡെപ്യൂട്ടി മേധാവി വെളിപ്പെടുത്തിയിരുന്നു. അതിനാല്‍ റോഡ് നിര്‍മ്മിക്കാനുള്ള ചുമതല സൈന്യത്തിന് നല്‍കുന്നതായും കലാപാനിക്കടുത്തുള്ള ചാങ്‌രുവില്‍ ഞങ്ങള്‍ സായുധ പൊലീസ് സേനയുടെ അതിര്‍ത്തി പോസ്റ്റ് സ്ഥാപിച്ചതായും അവര്‍ അറിയിച്ചു. ആറ് ദശാബ്ദത്തോളം ഇന്ത്യ നിയന്ത്രിക്കുന്ന പ്രദേശമായ കാലാപാനിയടക്കമുള്ള ഇന്ത്യന്‍ പ്രദേശങ്ങള്‍ തങ്ങളുടെതാണെന്നാണ് നേപ്പാള്‍ അവകാശപ്പെടുന്നത്.`
