6 Wednesday
August 2025
2025 August 6
1447 Safar 11

വായനയും മനുഷ്യനും

അനസ് റഹ്മാന്‍ കൊല്ലം

വായനക്ക് നല്ല പ്രാധാന്യം നല്കിയ മതമാണ് ഇസ്‌ലാം. വിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെടുന്നത് തന്നെ വായിക്കുക എന്ന കല്പനയുമായാണ്. എന്നാല്‍ നമ്മില്‍ എത്രപേര്‍ ഈ വായനയെ പ്രാധാന്യത്തിലെടുത്തിട്ടുണ്ട്? വായിക്കുകയും കേള്‍ക്കുകയും ചെയ്യാത്ത ഒരു ജനതക്കും പുരോഗതി പ്രാപിക്കുക സാധ്യമല്ല. ചുരുക്കത്തില്‍ ആദ്യ കല്പ്പനയോടു തന്നെ മുഖം തിരിച്ചാണ് പലരും മതത്തെ അംഗീകരിക്കുന്നത്.
എഴുത്തും വായനയും മനുഷ്യ നിലനില്‍പ്പിന്റെ കൂടി അടിസ്ഥാനമായി കണക്കാക്കുന്നു. അതുകൊണ്ടാണ് വായനക്ക് ഊന്നല്‍ നല്‍കി ദൈവീക ബോധനം ആരംഭിക്കുന്നത്. വിഞാനമാണ് വ്യക്തികളുടെ സ്ഥാനം നിര്‍ണയിക്കുന്നത്. ‘വിവരമുള്ളവരും ഇല്ലാത്തവരും സമമാകുമോ?’ എന്ന ഖുര്‍ആനിക ചോദ്യം അവിടെയാണ് പ്രസക്തമാകുന്നതും.
ചിന്തയുടെ അടിസ്ഥാനം വായനയും കേള്‍വിയുമാണ്. ‘വാക്കുകള്‍ കേള്‍ക്കുകയും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത അറിയിക്കുക’ എന്നാണ് അതിനെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞു വെച്ചത്. കൃത്യതയുള്ള ചിന്തക്കും പഠനത്തിനും വായന അനിവാര്യമാണ്. പലരും പലപ്പോഴും വിമര്‍ശനം ഉന്നയിക്കുന്നത് ശരിയായ വായന ഇല്ലാതെയാണ്.
ഭാഷ ഒരു സംസ്‌കാരമാണ് എന്ന് വിശേഷിപ്പിക്കുന്നതുപോലെ വായനയെ നമുക്ക് സംസ്‌കാരം എന്നു തന്നെ പേരിട്ടു വിളിക്കാം. മാറ്റത്തെ വിഭാവനം ചെയ്യുന്ന മനസംസ്‌കാരമാണ് വായന. പഴയതിനെ നവീകരിക്കുകയും പുതിയതിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്നു വായന. ഇത് ഒരു സര്‍ഗാത്മകമായ കര്‍മമാണ്. എഴുത്തുകാരന്റെ ചിന്ത വായനക്കാരന്‍ അയാളുടെ ചിന്തയാക്കി മാറ്റുന്നു എന്നതാണ് വായനക്കാരന്റെ സര്‍ഗാത്മക ദൗത്യം. ശരീരത്തിന് വ്യായാമം വേണമെന്നതുപോലെ മനസിനും വ്യായാമം കൂടിയേ തീരൂ. മനസിനു നല്‍കുന്ന വ്യായാമമാണ് വായന. വായന മനസിന്റെ അകത്തളങ്ങളിലേക്ക് പുതിയ അനുഭവങ്ങളെയും ആശയങ്ങളെയും ആനയിക്കുന്നു. അതുവഴി മനസിന് ആനന്ദവും ആസ്വാദനവും ലഭിക്കുന്നു.
നല്ലതു വായിക്കുമ്പോഴാണ് വായനയുടെ യഥാര്‍ഥ ഗുണഫലം അനുഭവിക്കാന്‍ കഴിയുന്നത്. ഒരു രസത്തിനു വേണ്ടിയുള്ള വായന ഒരു പരിധിവരെ ആവാം. പക്ഷേ, രസത്തിനു വേണ്ടി മാത്രമാവരുത്, വിജ്ഞാനവും സംസ്‌കാരവും നേടാന്‍ കൂടിയാവണം വായന. ഓരോ വായനയിലും അറിവിന്റെ ഒരംശമെങ്കിലും നമുക്കു ലഭ്യമാവണം. അല്ലെങ്കില്‍ വായന വ്യര്‍ഥമാകും. എത്ര വായിച്ചു എന്നതല്ല, എന്ത് വായിച്ചു എന്നതാണ് പ്രധാനം.
വര്‍ത്തമാനകാല സമൂഹം വായനാവിമുഖരാണ്. ഒരുകാര്യം അനിഷേധ്യമാണ്. വായനാശീലം ഒരു സിദ്ധിയാണ്. ഈ സര്‍ഗസിദ്ധി ബാല്യത്തിലേ വളര്‍ത്തിയെടുത്താല്‍ ജീവിതാവസാനം വരെ നിലനില്‍ക്കും. ജീവിത വിജയത്തിന് വഴിയൊരുങ്ങും. വായനയിലൂടെ നാം നേടിയെടുക്കുന്ന വിജ്ഞാനം നമ്മുടെ അജ്ഞത നീക്കുമെന്നു മാത്രമല്ല അതു മറ്റുള്ളവര്‍ക്കു നല്‍കുംതോറും വര്‍ധിക്കുകയും ചെയ്യും. ജീവിതത്തെ മഹത്വവല്‍കരിക്കുന്ന വഴികളില്‍ പ്രധാനമാണ് നല്ലൊരു വായനക്കാരനായി മാറുക എന്നത്. വായന ഒരു വ്യക്തിയെ മാത്രമല്ല, സമൂഹത്തെയും അത് വഴി തലമുറകളെ തന്നെയും മാറ്റിത്തീര്‍ക്കും.
മനുഷ്യപ്രയാണത്തിന് ചിന്തയുടെയും ചന്തയുടെയും രണ്ടു വഴികളാണുള്ളതെന്നും ചന്തയുടെ വഴി തെരഞ്ഞെടുക്കുന്ന ധനികരും ചിന്തയുടെ വഴി തെരഞ്ഞെടുക്കുന്നവര്‍ ധന്യരുമാകുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. അന്നം തേടിയുള്ള യാത്രയിലും ചിന്തയുടെയും ചന്തയുടെയും വഴികളെ സമന്വയിപ്പിക്കുവാന്‍ കഴിയുന്നവരാണ് ശരിയായ വിജയികള്‍. മനുഷ്യന് വായന ശരീരത്തിന് രക്തം പോലെയാണ്. പരന്ന വായന മനുഷ്യനില്‍ ധന്യത പ്രസരിപ്പിക്കുന്നതോടൊപ്പം വിനയാന്വിതരും സംസ്‌കാര സമ്പന്നരുമാക്കും. വായന വൈവിധ്യം നഷ്ടപ്പെടാതെ വായനയുടെ പരിമളം പരത്താനുള്ള സോദ്ദേശ്യ ശ്രമങ്ങളാണ് കാലഘട്ടം നമ്മോടാവശ്യപ്പെടുന്നത്. എന്തിന് വായിക്കണം, എന്തു വായിക്കണം എന്നിത്യാദി ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി കണ്ടെത്തി കേവലം അറിവിനുമപ്പുറം തിരിച്ചറിവിലേക്ക് നയിക്കുന്ന വായനകളാണ് കാലാതീതമായി നിലനില്‍ക്കുക

Back to Top