സ്ത്രീകളുടെ ജനാസ നമസ്‌കാരം യാഥാസ്ഥിതിക നിലപാടിന് പ്രമാണങ്ങളുടെ പിന്തുണയില്ല
പി കെ മൊയ്തീന്‍ സുല്ലമി
ഇസ്‌ലാം പുരുഷ കേന്ദ്രീകൃത മതമല്ല. സ്ത്രീകള്‍ക്ക് ഇസ്‌ലാം ഒരു ആരാധനയും നിഷിദ്ധമാക്കിയിട്ടില്ല. ഇസ്‌ലാമിന് പൊതുവായ നേതൃത്വം പുരുഷനാണ്. അതിന്റെ അടിസ്ഥാനത്തില്‍ ചില ആരാധനാ കര്‍മങ്ങള്‍ സംഘടിപ്പിക്കാനും നിലനിര്‍ത്താനും അല്ലാഹു ഏല്പിച്ചിട്ടുള്ളത് പുരുഷന്മാരെയാണ്. ജുമുഅ ജമാഅത്തുകള്‍, പെരുന്നാള്‍ നമസ്‌കാരങ്ങള്‍, ഗ്രഹണ നമസ്‌കാരങ്ങള്‍, മഴയ്ക്കുവേണ്ടിയുള്ള നമസ്‌കാരങ്ങള്‍ എന്നിവയെല്ലാം നിലനിര്‍ത്തിപ്പോരേണ്ടത് പുരുഷന്മാരുടെ ബാധ്യതയാണ്.
ഇവയില്‍ പങ്കെടുക്കുകയും പുണ്യം നേടുകയും ചെയ്യുകയെന്നത് സ്ത്രീകളെ സംബന്ധിച്ച് സുന്നത്തായ കാര്യമാണ്. പെണ്ണായതിന്റെ പേരില്‍ ഇസ്‌ലാം ഏതെങ്കിലും ഒരു കര്‍മം അവര്‍ക്ക് നിഷിദ്ധമാക്കിയിരുന്നുവെങ്കില്‍ ഹജ്ജ് കര്‍മം നിഷിദ്ധമാക്കേണ്ടതായിരുന്നു. എന്നാല്‍ സമ്പത്തും ആരോഗ്യവും മഹ്‌റമും യാത്രാ സൗകര്യവുമുണ്ടെങ്കില്‍ സ്ത്രീകള്‍ക്കും ഹജ്ജുകര്‍മം നിര്‍ബന്ധമാണ്. സല്‍ക്കര്‍മങ്ങളിലും പ്രതിഫലങ്ങളിലും ആണും പെണ്ണും തുല്യഅവകാശികളാണ്.
അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും അല്ലാഹുവിന് കീഴ്‌പ്പെടുന്ന പുരുഷന്മാരും സ്ത്രീകളും, ഭക്തിയുള്ള പുരുഷന്മാരും സ്ത്രീകളും, സത്യസന്ധരായ പുരുഷന്മാരും സ്ത്രീകളും, ക്ഷമാശീലരായ പുരുഷന്മാരും സ്ത്രീകളും, വിനയമുള്ള പുരുഷന്മാരും സ്ത്രീകളും, ദാനംചെയ്യുന്ന പുരുഷന്മാരും സ്ത്രീകളും, നോമ്പനുഷ്ഠിക്കുന്ന പുരുഷന്മാരും സ്ത്രീകളും, തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്ന പുരുഷന്മാരും സ്ത്രീകളും, അല്ലാഹുവെ ധാരാളമായി ഓര്‍ക്കുന്ന പുരുഷന്മാരും സ്ത്രീകളും. ഇവര്‍ക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു” (അഹ്‌സാബ് 35)
”ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍ക്കര്‍മം പ്രവര്‍ത്തിക്കുന്നപക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും.” (നഹ്ല്‍ 97). സല്‍ക്കര്‍മങ്ങള്‍ക്കുള്ള പ്രതിഫലം നല്‍കുന്നത് അല്ലാഹുവാണ്.
സ്ത്രീകള്‍ ജനാസ നമസ്‌കാരം നിര്‍വഹിക്കല്‍ ഹറാമാണെന്ന് വാദിക്കുന്നവരുണ്ട്. കറാഹത്താണെന്ന വാദക്കാരുമുണ്ട്. പുരുഷന്മാര്‍ നമസ്‌കരിക്കുന്നതിന് മുമ്പുള്ള നമസ്‌കാരം അനുവദനീയമല്ലെന്ന് വാദിക്കുന്നവരുമുണ്ട്.
ഈ വിഷയത്തില്‍ എ പി വിഭാഗം സമസ്തയുടെ നേതാവ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരുടെ ഫത്‌വ ശ്രദ്ധിക്കൂ: ”അതിനാല്‍ സ്ത്രീകള്‍ക്ക് മയ്യിത്ത് നമസ്‌കാരം ഫര്‍ളായി നിര്‍ദേശിക്കപ്പെടാത്തതുപോലെ സുന്നത്തായും നിര്‍ദേശിക്കപ്പെടുന്നില്ലെന്ന് വ്യക്തമായി. അതുകൊണ്ടാണ് സ്ത്രീകള്‍ക്ക് മയ്യിത്ത് നിസ്‌കാരത്തില്‍ പുണ്യമില്ലെന്ന് പറയുന്നത്.” (ഫതാവാ മുഹ്‌യിസ്സുന്ന പേജ് 207)
മറ്റൊരു ഫത്‌വ ഇപ്രകാരമാണ്: ”എന്നാല്‍ പുരുഷന്‍ നിസ്‌കരിക്കുന്നതിന്റെ മുമ്പായി സ്ത്രീകള്‍ നിസ്‌കരിക്കുന്നതായും ചിലയിടങ്ങളില്‍ കണ്ടുവരുന്നുണ്ട്. അത് അഭികാമ്യമല്ലെന്ന് മാത്രമല്ല, തെറ്റായ പ്രവണത കൂടിയാണ്.” (ഫതാവാ മുഹ്‌യിസ്സുന്ന, പേജ് 209)
മേല്‍പറഞ്ഞ രണ്ട് ഫത്‌വകളിലൂടെ അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് സ്ത്രീകള്‍ ജനാസ നമസ്‌കരിക്കല്‍ ബിദ്അത്താകുന്നു എന്നാണ്. എന്നാല്‍ അതിന് അദ്ദേഹം തന്നെ മറുപടിയും പറയുന്നുണ്ട്. അതു ശ്രദ്ധിക്കുക: ”പുരുഷന്മാര്‍ നിസ്‌കരിക്കുന്നതിന് മുമ്പ് (ഫര്‍ള് വീട്ടുന്നതിന് മുമ്പ്) സ്ത്രീകള്‍ മാത്രം നിസ്‌കരിക്കുന്നതില്‍ മൂന്ന് അഭിപ്രായങ്ങള്‍ ശാഫിഈ മദ്ഹബിലുണ്ട്. 1), ആ നിസ്‌ക്കാരം ഫാതിറത്തും ഹറാമുമാണ്. 2), ഹറാമില്ല, ഫര്‍ളായി സാധുവാകും. 3), ഹറാമില്ല സുന്നത്തായി സാധുവാകും” (ഫതാവാ മുഹ്‌യിസ്സുന്ന, പേ 309-310)
ഇവിടെ പൊന്മള മുസ്‌ല്യാര്‍ ശാഫിഈ മദ്ഹബിലെ ബഹുഭൂരിപക്ഷത്തിന്റെ അഭിപ്രായം തള്ളി ഒറ്റപ്പെട്ട അഭിപ്രായമാണ് സ്വീകരിക്കുന്നത്. കാരണം ശാഫിഈ മദ്ഹബിലെ രണ്ടാമത്തേതും മൂന്നാമത്തേതുമായ അഭിപ്രായങ്ങള്‍ പുരുഷന്മാരുടെ ജനാസ നമസ്‌കാരത്തിന് മുമ്പ് സ്ത്രീകള്‍ നമസ്‌കരിക്കുന്നപക്ഷം അത് സുന്നത്തായി പരിഗണിക്കപ്പെടും എന്നാണ്. അദ്ദേഹം തന്നെയാണ് അതും രേഖപ്പെടുത്തിയത്. പുരുഷന്മാര്‍ ജനാസ നമസ്‌കരിക്കുന്നതിന് മുമ്പ് സ്ത്രീകള്‍ ജനാസ നമസ്‌കരിക്കല്‍ ഹറാമാണെന്ന വാദം ഒറ്റപ്പെട്ട അദ്ദേഹത്തിന്റെ നിര്‍മിതിയാണെന്ന്് മനസ്സിലാക്കാന്‍ പ്രയാസമില്ല.
അപ്പോള്‍ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമുണ്ട്: ”ഒരു സ്ത്രീ പള്ളിയില്‍ ജമാഅത്ത് നടക്കുന്നതിന് മുമ്പ് ളുഹ്‌റ് നമസ്‌കാരം നിര്‍വഹിച്ചാല്‍ ആ നമസ്‌കാരവും ഹറാമാകേണ്ടതല്ലേ?” കാരണം ജമാഅത്ത് നമസ്‌കാരവും ജനാസ നമസ്‌കാരംപോലെ തന്നെ ശാഫിഈ മദ്ഹബില്‍ ഫര്‍ളു കിഫായ (സാമൂഹ്യനിര്‍ബന്ധം) യില്‍ പെട്ടതല്ലേ. അതിനെന്താണ് ഇവര്‍ മറുപടി പറയുക. മുസ്്‌ല്യാരുടെ അഭിപ്രായമല്ല ഈ വിഷയത്തില്‍ ശാഫിഈ മദ്ഹബിലുള്ളത്. ശാഫിഈ മദ്ഹബുകാരുടെ മുഫ്തിയാണ് ഇബ്‌നുഹജറുല്‍ ഹൈതമി(റ). അദ്ദേഹത്തിന്റെ പ്രസ്താവന ശ്രദ്ധിക്കുക: ”പുരുഷന്‍ ഉണ്ടായിരിക്കെ സ്ത്രീ മയ്യിത്ത് നമസ്‌കരിക്കുന്നപക്ഷം സുന്നത്ത് ലഭിക്കുന്നതാണ്.” (തുഹ്ഫ 3:148)
പുരുഷന്‍ അവിടെ ഉണ്ടായിരിക്കെ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പുരുഷന്‍ നമസ്‌കരിക്കുന്നതിന് മുമ്പ് എന്നാ ണ്. ഇസ്്‌ലാമിക ഗ്രന്ഥങ്ങള്‍ മുഴുവന്‍ പരിശോധിച്ചാലും ഈ യാഥാര്‍ഥ്യം ബോധ്യപ്പെടും. സ്ത്രീകള്‍ ഒറ്റയ്ക്ക് ജനാസ നമസ്‌കരിച്ചാലും ജമാഅത്തായി നമസ്‌കരിച്ചാലും അതിന്റെ പ്രതിഫലം അവര്‍ക്ക് ലഭിക്കുന്നതാണ്. നബി(സ) മരണപ്പെട്ടപ്പോള്‍ ആദ്യമായി പുരുഷന്മാരും പിന്നീട് സ്ത്രീകളും ജനാസ നമസ്‌കരിച്ചിരുന്നതായി റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ഒരു പക്ഷേ മസ്ജിദുന്നബവിയുടെ വിശാലതക്കുറവുകൊണ്ടായിരിക്കാം അപ്രകാരം സ്ത്രീകളും പുരുഷന്മാരും വെവ്വേറെ നമസ്‌കാരം നിര്‍വഹിച്ചത്. കാരണം അന്ന് മസ്ജിദുന്നബവി ഒരു ഓലയുടെ (ഈത്തപ്പനയുടെ) ഷെഡായിരുന്നുവല്ലോ.
ഇബ്‌നുഅബ്ബാസിന്റെ(റ) പ്രസ്താവന ഇപ്രകാരമാണ്: ”നബി(സ)ക്കുവേണ്ടി നമസ്‌കാരം നിര്‍വഹിക്കപ്പെട്ടപ്പോള്‍ ആദ്യം പുരുഷന്മാര്‍ക്ക് പ്രവേശനം നല്‍കപ്പെടുകയും അവര്‍ അദ്ദേഹത്തിനുവേണ്ടി ജനാസ നമസ്‌കരിക്കുകയും ചെയ്തു. പിന്നീട് സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കപ്പെടുകയും അവരും അദ്ദേഹത്തിന്റെ മേല്‍ നമസ്‌കരിക്കുകയും ചെയ്തു.” (ബൈഹഖി)
ഈ വിഷയത്തില്‍ വന്ന മറ്റു റിപ്പോര്‍ട്ടുകള്‍ ഇപ്രകാരമാണ്: ”ആഇശ(റ) പറയുന്നു: സഅ്ദുബ്‌നു അബീവഖാസ്(റ) മരണപ്പെട്ടപ്പോള്‍ നബി(സ)യുടെ പത്‌നിമാര്‍ അദ്ദേഹത്തിനുവേണ്ടി ജനാസ നമസ്‌കരിക്കാനായി ജനാസ പള്ളിയിലേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെടുകയുണ്ടായി. അപ്രകാരം അവര്‍ ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ മയ്യിത്ത് അവരുടെ മുറികളുടെ അടുത്ത് വെക്കുകയും നബിപത്‌നിമാര്‍ മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്തു” (മുസ്‌ലിം 973, സ്വഹീഹു മുസ്‌ലിം 4:44)
മുസ്‌ലിം ഉദ്ധരിച്ച മറ്റൊരു റിപ്പോര്‍ട്ടില്‍ ആഇശ(റ) അദ്ദേഹത്തിന്റെ ജനാസ പള്ളിയില്‍ പ്രവേശിപ്പിക്കുവാന്‍ വേണ്ടി കര്‍ശന നിര്‍ദേശം നല്‍കുന്നതായി കാണാം. അതിപ്രകാരമാണ്: ”സഅദ്(റ) മരണപ്പെട്ടപ്പോള്‍ നിങ്ങള്‍ അദ്ദേഹത്തിന്റെ ജനാസ പള്ളിയില്‍ പ്രവേശിപ്പിക്കുവീന്‍. എനിക്ക് അദ്ദേഹത്തിന്റെ ജനാസ നമസ്‌കരിക്കാന്‍ വേണ്ടി എന്ന് ആഇശ(റ) കല്പിക്കുകയുണ്ടായി (മുസ്‌ലിം q, സ്വഹീഹു മുസ്‌ലിം 4:48)
പ്രസ്തുത ഹദീസ് ഇമാം മാലിക്(റ) റിപ്പോര്‍ട്ട് ചെയ്യുന്നത് ഇപ്രകാരമാണ്: ”പ്രവാചകപത്‌നി ആഇശ(റ) സഅദുബ്‌നു അബീവഖാസ്(റ) മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിക്കാന്‍ (ജനാസ നമസ്‌കരിക്കുവാന്‍) അദ്ദേഹത്തിന്റ ജനാസ പള്ളിയിലേക്ക് കൊണ്ടുവരാന്‍ കല്പിക്കുകയുണ്ടായി.” (മാലിക്, മുവത്വ 1:229).
കര്‍മശാസ്ത്ര പണ്ഡിതന്മാരുടെ പ്രസ്താവനകള്‍ ശ്രദ്ധിക്കുക: ”സ്ത്രീകള്‍ ജനാസ നമസ്‌കാരം ജമാഅത്തായി നിര്‍വഹിക്കുന്നപക്ഷം അതില്‍ കുറ്റമില്ല” (നവവി, ശറഹുല്‍ മുഹദ്ദബ് 5:211).
മുഹ്‌യുദ്ദീന്‍ ശൈഖ്(റ) ജനാസ നമസ്‌കാരത്തില്‍ സ്വഫ്ഫ് നില്‍ക്കേണ്ട ക്രമം ഇപ്രകാരം വിശദീകരിക്കുന്നതായി കാണാം: ”ജനാസ നമസ്‌കാരത്തിന് പുരുഷന്മാരും സ്ത്രീകളും അടിമകളും നപുംസകങ്ങളും കുട്ടികളുമുണ്ടെങ്കില്‍ ആദ്യം പുരുഷന്മാരും ശേഷം അടിമകള്‍, കുട്ടികള്‍, നപുംസകങ്ങള്‍, സ്ത്രീകള്‍ എന്നീ ക്രമമനുസരിച്ച് സ്വഫ്ഫ് നില്‍ക്കേണ്ടതാണ്.” (അല്‍ഗുന്‍യ 2:133)
നമ്മുടെ നാടുകളില്‍ ആദ്യമായി ചൊല്ലിപ്പഠിപ്പിക്കുന്ന ഒരു ചെറിയ ഗ്രന്ഥമാണ് നൂറുല്‍ അബ്‌സ്വാര്‍. അതില്‍പോലും ജനാസ നമസ്‌കാരം സ്ത്രീകള്‍ക്ക് നിരോധിക്കുന്നില്ല. അതിപ്രകാരമാണ്: ”ജനാസ നമസ്‌കാരം ഒരു കുട്ടി നിര്‍വഹിച്ചാലും നിര്‍ബന്ധം വീടുന്നതാണ്. എന്നാല്‍ പുരുഷന്മാര്‍ ഉണ്ടായിരിക്കെ സ്ത്രീകളുടെ നമസ്‌കാരം കൊണ്ട് നിര്‍ബന്ധം വീട്ടുന്നതല്ല. പുരുഷന്മാര്‍ ഇല്ലെങ്കില്‍ സ്ത്രീകള്‍ക്ക് ജനാസ നമസ്‌കാരം നിര്‍ബന്ധമായിത്തീരുന്നതാണ്. ജനാസ നമസ്‌കാരത്തില്‍ ജമാഅത്ത് സുന്നത്താണ്.” (നൂറുല്‍ അബ്‌സ്വാര്‍, പേജ് 72). പുരുഷന്മാരില്ലെങ്കില്‍ സ്ത്രീകള്‍ ജനാസ നമസ്‌കരിക്കല്‍ നിര്‍ബന്ധവും അല്ലാത്തപക്ഷം അവര്‍ക്കത് സുന്നത്തുമായിത്തീരും എന്നാണ് പറഞ്ഞത്. ”സ്ത്രീകള്‍ ജനാസ നമസ്‌കാരം നിര്‍വഹിക്കല്‍ സുന്നത്താണെന്ന് ആധുനിക പണ്ഡിതനായിരുന്ന സയ്യിദ് സാബിഖ്(റ) ഫിഖ്ഹുസ്സുന്ന യില്‍ (1:536) രേഖപ്പെടുത്തിയിട്ടുണ്ട്.