അമേരിക്കയില്‍ വീണ്ടും പൊലിസ് അതിക്രമം ഒരു ആഫ്രോ അമേരിക്കനെ വെടിവെച്ച് കൊന്നു
അമേരിക്കയില്‍ പൊലീസ് അതിക്രമത്തിന് ഇരയായി കറുത്ത വര്‍ഗക്കാരന്‍ മരിച്ചതില്‍ പ്രതിഷേധിച്ച് ജനകീയ പ്രക്ഷോഭം തുടരുന്നതിനിടെ മറ്റൊരാള്‍ കൂടി മരിച്ചു. ആഫ്രോ അമേരിക്കന്‍ വംശജനായ റഷാര്‍ഡ് ബ്രൂക്ക്‌സ് ആണ് അറ്റ്‌ലാന്റയില്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രതിഷേധം കനത്തതോടെ അറ്റ്‌ലാന്റ പൊലീസ് ചീഫ് എറിക ഷീല്‍ഡ്‌സ് രാജിവെച്ചു. വന്റീസ് ഫാസ്റ്റ്ഫുഡ് റസ്‌റ്റോറന്റില്‍ നിന്ന് പൊലീസിന് ലഭിച്ച പരാതിയാണ് സംഭവങ്ങളുടെ തുടക്കം. വാഹനങ്ങള്‍ പോകുന്ന വഴിയില്‍ നിര്‍ത്തിയിട്ട കാറില്‍ ഒരാള്‍ ഉറങ്ങുന്നുണ്ടെന്നും മാറ്റിത്തരണമെന്നുമായിരുന്നു പരാതി. സംഭവ സ്ഥലത്തെത്തിയ പൊലീസ് കാറില്‍ ഉറങ്ങുകയായിരുന്ന റഷാര്‍ഡ് ബ്രൂക്ക്‌സിന് ലഹരി പരിശോധന നടത്തി. പരിശോധനയില്‍ റഷാര്‍ഡ് ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു.
റഷാര്‍ഡ് ബ്രൂക്ക്‌സ് ഓടുന്നതും അദ്ദേഹത്തെ പിടിക്കാനായി പിറകില്‍ രണ്ട് പൊലീസുകാര്‍ ഓടിയെത്തുന്നതുമാണ് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ഇടക്ക് തിരിഞ്ഞ് നില്‍ക്കുന്ന റഷാര്‍ഡ് പൊലീസിന് നേരെ എന്തോ ചൂണ്ടുന്നുണ്ട്. പിന്നീട് പൊലീസുകാര്‍ അദ്ദേഹത്തെ വെടിവെച്ചിടുകയും ചെയ്യുന്നു. ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയ റഷാര്‍ഡ് അവിടെ വെച്ചാണ് മരിക്കുന്നത്. പൊലീസിന്റെ കയ്യിലുള്ള ആയുധം റഷാര്‍ഡ് തട്ടിയെടുത്ത് ഓടിയെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് സേനയുടെ ശരിയായ പ്രയോഗമല്ല സംഭവത്തില്‍ ഉണ്ടായതെന്ന് അറ്റ്‌ലാന്റ മേയര്‍ കേയ്ശ ലാന്‍സ് ബോട്ടംസ് പറഞ്ഞു.
