5 Friday
December 2025
2025 December 5
1447 Joumada II 14

ലിബിയ: ട്രിപളി വിമാനത്താവളം സര്‍ക്കാര്‍ സേന പിടിച്ചെടുത്തു

ഖലീഫ ഹഫ്തറിന്റെ ലിബിയന്‍ നാഷനല്‍ ആര്‍മിയുടെ (എല്‍ എന്‍ എ) നിയന്ത്രണത്തിലുള്ള ലിബിയയിലെ ട്രിപളി രാജ്യാന്തര വിമാനത്താവളം സര്‍ക്കാര്‍ സേന പിടിച്ചെടുത്തു. സൈനിക വക്താവ് മുഹമ്മദ് ഗൗനയാണ് വാര്‍ത്ത പുറത്തുവിട്ടത്. ട്രിപളിയില്‍ നിന്ന് 21 മൈല്‍ അകലെയാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. 2014-ലാണ് കിഴക്കന്‍ ലിബിയ ആസ്ഥാനമായുള്ള ഹഫ്തറിന്റെ ലിബിയന്‍ നാഷനല്‍ ആര്‍മി വിമാനത്താവളത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തത്. തുടര്‍ന്ന് യാത്രാവിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞ ഏപ്രില്‍ മുതല്‍ രാജ്യ തലസ്ഥാനമായ ട്രിപളി പിടിക്കാനുള്ള നീക്കത്തിലാണ് ഖലീഫ ഹഫ്തറും എല്‍ എന്‍ എയും. 2011-ല്‍ ഗദ്ദാഫിയുടെ പതനത്തോടെയാണ് ലിബിയയില്‍ അധികാരത്തിനായുള്ള ആഭ്യന്തര യുദ്ധം ആരംഭിച്ചത്. ഗദ്ദാഫിയുടെ വിശ്വസ്തനായിരിക്കെ കൂറുമാറി നാടുകടക്കുകയും ഒടുവില്‍ ഗദ്ദാഫിയെ പടിയിറക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്ത ആളാണ് ഹഫ്തര്‍. അരാജകത്വം വാഴുന്ന രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും ഹഫ്തറിനാണ് നിയന്ത്രണം. യു എന്‍ പിന്തുണയുള്ള ഭരണകൂടം പട്ടണങ്ങള്‍ തിരിച്ചു പിടിക്കാനുള്ള പോരാട്ടം കഴിഞ്ഞ ഏപ്രിലിലാണ് ആരംഭിച്ചത്. ട്രിപളിക്ക് തെക്ക് സ്ഥിതി ചെയ്യുന്ന അല്‍വാദിയ വ്യോമകേന്ദ്രം സര്‍ക്കാര്‍ സേന തന്ത്രപരമായ നീക്കത്തിലൂടെ തിരികെ പിടിച്ചിരുന്നു. കഴിഞ്ഞ 14 വര്‍ഷമായി ഹഫ്തറിന്റെ നിയന്ത്രണത്തിലായിരുന്നു വ്യോമകേന്ദ്രം.

Back to Top