ഇന്ത്യയിലെ മുസ്‌ലിംവിരുദ്ധ മീഡിയ സയണിസ്റ്റ് പാതയില്‍
ശിവം വിജ്
ബീഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലെ ബേല ദിഹ് ഗ്രാമവും യു കെ യിലെ ലിങ്കണ്‍ നഗരവും തമ്മില്‍ ഒരു പാട് അകലമുണ്ട്. എന്നാല്‍ ഈ മാസം ഗോപാല്‍ഗഞ്ചില്‍ നടന്ന ഒരു സംഭവം ഏകദേശം 765 വര്‍ഷം മുമ്പ് 1255 ല്‍ ലിങ്കണില്‍ നടന്ന ഒരു സംഭവത്തെ അനുസ്മരിപ്പിക്കുന്നതാണ്.
1255 ജൂലൈ 31 ന് ലിങ്കണില്‍ ഒന്‍പത് വയസുകാരനായ ഹ്യൂഗ് എന്ന ബാലന്‍ അപ്രത്യക്ഷനായി. ഏകദേശം ഒരു മാസത്തിനുശേഷം ഹ്യൂഗിന്റെ മൃതദേഹം ഒരു കിണറ്റില്‍ നിന്നും കണ്ടെത്തി. ഒരു ജൂതന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ കിണര്‍. പിന്നാലെ മതപരമായ ആചാരങ്ങള്‍ക്കായി ഒരു ക്രിസ്ത്യന്‍ ആണ്‍കുട്ടിയെ ഈ ജൂതന്‍ ബലി നല്‍കിയതാണെന്ന തെറ്റായ ആരോപണം ഉന്നയിക്കപ്പെട്ടു.
ഗോപാല്‍ഗഞ്ച് ജില്ലയിലെ ബേല ദിഹ് ഗ്രാമത്തില്‍ രോഹിത് എന്ന 15 വയസുകാരന്‍ ഈ വര്‍ഷം മാര്‍ച്ച് 28 ന് നദിയില്‍ മുങ്ങിമരിച്ചു. മുങ്ങിമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടവും എഫ്ഐആറും വ്യക്തമായി പറയുന്നു. പോരാത്തതിന് പരിക്കേറ്റ അടയാളങ്ങളൊന്നും റിപ്പോര്‍ട്ടില്‍ എവിടേയും പരാമര്‍ശിച്ചിട്ടില്ല. ഏകദേശം 40 ദിവസത്തിനു ശേഷം, തെറ്റായ വാര്‍ത്തകള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച ബി ജെ പി അനുകൂല ഓണ്‍ലൈന്‍ പോര്‍ട്ടലായ ഓപ് ഇന്ത്യ കുട്ടിയുടെ മരണത്തെ കുറിച്ച് ഒരു വാര്‍ത്ത പ്രസിദ്ധീകരിക്കുന്നു. 15കാരനെ മുസ്‌ലിം പള്ളിയില്‍ വെച്ച് മതാചാരത്തിന്റെ ഭാഗമായി കൊലപ്പെടുത്തിയതാണെന്നായിരുന്നു വാര്‍ത്ത. ഇത് ഗോപാല്‍ ഗഞ്ചില്‍ വര്‍ഗീയ സംഘര്‍ഷത്തിന് കാരണമായി, ബീഹാര്‍ പൊലീസ് മേധാവി, ഡി ജി പിക്ക് വ്യക്തിപരമായി തന്നെ ബേല ദിഹ് ഗ്രാമത്തിലേക്ക് പോകേണ്ടിവന്നു. മുസ്‌ലിംകളായ അയല്‍വാസികളെ പേടിച്ചാണ് കൊല്ലപ്പെട്ട ബാലന്റെ കുടുംബം ഗ്രാമം വിട്ടുപോയതെന്ന സാങ്കല്‍പ്പിക വിവരണങ്ങളും ഓപ് ഇന്ത്യ പ്രസിദ്ധീകരിച്ചു. യഥാര്‍ഥത്തില്‍ പ്രാദേശിക ഭരണകൂടത്തോട് അതൃപ്തിയുള്ളതിനാലായിരുന്നു കുടുംബാംഗങ്ങള്‍ ഗ്രാമത്തില്‍ നിന്നും പോയത്.
മറ്റു സമുദായങ്ങള്‍ക്കെതിരെ വ്യാജ വാര്‍ത്തകള്‍, തെറ്റായ വിവര പ്രചാരണം, യുദ്ധആഹ്വാനം എന്നിവ ഇന്ത്യയില്‍ യഥേഷ്ടം എല്ലാ സമയത്തും ഉണ്ട്. ഹിന്ദു- മുസ്‌ലിം സംഘര്‍ഷങ്ങള്‍ പലപ്പോഴും ഗോഹത്യ പോലുള്ള കള്ളക്കഥകളിലൂടെയാണ് പ്രാവര്‍ത്തികമാക്കാറുള്ളത്. 1984ലെ സിഖ് വിരുദ്ധ വംശീയ കലാപം ഉദാഹരണമായി എടുക്കാം. ഈ സമയത്ത് ഡല്‍ഹിയില്‍ ജല ടാങ്കുകളില്‍ സിഖുകാര്‍ വിഷം കലക്കുന്നുവെന്ന വ്യാജ വാര്‍ത്തയായിരുന്നു പ്രചരിപ്പിച്ചിരുന്നത്. മറ്റു സമുദായങ്ങള്‍ക്കെതിരെ ആക്രമണം നടത്തും മുമ്പ് തങ്ങളുടെ സമുദായത്തിനിടയില്‍ മറ്റുള്ള സമുദായങ്ങളെ കുറിച്ച് വെറുപ്പ് വിതക്കുക. പിന്നീട് തങ്ങള്‍ ചെയ്യുന്ന ആക്രമങ്ങളെ ന്യായീകരിക്കുക.
എന്നാല്‍ ഓപ് ഇന്ത്യയുടെ ഓപറേഷന്‍ ഗോപാല്‍ഗഞ്ചില്‍ നമ്മള്‍ കാണുന്നത് വളരെ വ്യത്യസ്തമായ ഒന്നാണ്. ഒന്ന്-നിങ്ങളുടെ പ്രദേശത്ത് മാത്രം ഈ നുണ പ്രചരിപ്പിക്കുന്നതിനെ നിങ്ങള്‍ പരിമിതപ്പെടുത്തിയിട്ടില്ല. 1255 ല്‍ ലിങ്കണിലായാലും 1984 ല്‍ ഡല്‍ഹിയിലെ സിഖ് വിരുദ്ധ കലാപത്തില്‍ ആയാലും അത്തരം അഭ്യൂഹങ്ങള്‍ സൃഷ്ടിക്കുകയും അവ പ്രാദേശികമായി പ്രചരിപ്പിക്കുകയുമാണ് ചെയ്തത്. പിന്നീട് മേഖലാ തലത്തിലേക്കോ, ദേശീയ തലത്തിലേക്കോ വ്യാപിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാല്‍ ഇന്ന്, ചമ്പാരന്‍, പട്‌ന, മുംബൈ അല്ലെങ്കില്‍ ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ഇരുന്ന് ഗോപാല്‍ഗഞ്ചിലെ ഒരു ഗ്രാമത്തെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനും ഇന്റര്‍നെറ്റ് നിങ്ങളെ പ്രാപ്തരാക്കുന്നു.
ഇക്കാരണത്താല്‍ ഇതിന്റെ അനന്തര ഫലമായി ഉണ്ടാകുന്ന സാമുദായിക സംഘര്‍ഷം ഗോപാല്‍ഗഞ്ചില്‍ മാത്രം ഒതുങ്ങില്ല. ഗുഡ്ഗാവില്‍ ഇരിക്കുന്ന ഒരു ഓപ് ഇന്ത്യ ‘എഡിറ്റര്‍’ ബിഹാറിനെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കും, അത് ഉത്തര്‍പ്രദേശില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കും.
പഴയകാല വ്യാജ വാര്‍ത്തകളില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു കാര്യം കാഴ്ചയുടെ (വീഡിയോ, അല്ലെങ്കില്‍ ചിത്രങ്ങള്‍) ശക്തിയാണ്. ദുഖിതരായ കുടുംബത്തിന്റെ ഒരു ഫോട്ടോ ഇടുന്നതിലൂടെ, നിങ്ങള്‍ക്ക് ആളുകളെ അവരോട് അനുകമ്പ തോന്നിപ്പിക്കാനും ‘ഉത്തരവാദിത്തമുള്ളവര്‍’ എന്ന് ആരോപിക്കപ്പെടുന്ന സമുദായത്തെ ആക്രമിക്കുമ്പോള്‍ നിങ്ങളുടെ പിന്നില്‍ ഉറച്ചുനില്‍ക്കാനും നിങ്ങള്‍ക്ക് കഴിയും.
‘കൊറോണ ജിഹാദ്’
ലിങ്കണ്‍ സംഭവത്തിന് ചരിത്രവും ഭാവിയുമുണ്ടായിരുന്നു. ഇതിന് ശേഷം യഹൂദന്മാര്‍ നരബലി നടത്തുന്നതിനെക്കുറിച്ചുള്ള കിംവദന്തികള്‍ വര്‍ഷങ്ങളോളം തുടര്‍ന്നു (ക്രിസ്ത്യാനികള്‍ക്കിടയില്‍ ഉറപ്പായും). അതിനാല്‍ ഈ സംഭവം വിശ്വസനീയമായി: കിണറിന്റെ ഉടമയെ കുറ്റസമ്മതം നടത്താന്‍ പീഡിപ്പിച്ചു. ഈ കേസിനെ കുറിച്ച് നാടോടിപ്പാട്ടുകളും നഴ്‌സറി ഗാനങ്ങളും എഴുതിയതോടെ ഇത് പ്രശസ്തമായി. യഹൂദവിരുദ്ധത മുഖ്യധാരയിലേക്ക് എത്തിയത് ഇങ്ങനെയാണ്.
ഈ തന്ത്രത്തെ ജൂത അല്ലെങ്കില്‍ സെമിറ്റിക് വിരുദ്ധ കപടവാര്‍ത്ത എന്നാണ് വിളിക്കുന്നത്. ഇത്തരത്തിലുള്ള പല തരം ജൂത വിരുദ്ധ കപടവാര്‍ത്തകള്‍ നൂറ്റാണ്ടുകളായി ഉണ്ട്. അത്തരത്തിലുള്ള ഒന്ന് മഹാമാരിയുടെ സമയത്ത് കണ്ടു. പതിനാലാം നൂറ്റാണ്ടിലെ യൂറോപ്പിലെ പ്ലേഗ്, ”ബ്ലാക്ക് ഡെത്ത്” എന്നറിയപ്പെടുന്നു, ദശലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. ജൂതന്‍മാര്‍ കിണറുകളില്‍ വിഷം കലര്‍ത്തിയതാണ് കറുത്ത മരണത്തിന് കാരണമെന്ന് കിംവദന്തി പ്രചരിച്ചു. ഇത് ജൂതരുടെ കൂട്ടക്കൊലയിലേക്കും നയിച്ചു.
അത് നമ്മള്‍ ഇപ്പോള്‍ ഇന്ത്യയില്‍ കണ്ടതിന് സമാനമാണ്. മുസ്‌ലിംകള്‍ കറന്‍സി നോട്ടുകള്‍ തുപ്പുകയും ഉപേക്ഷിക്കുകയും ചെയ്യുന്നുവെന്ന വ്യാജവാര്‍ത്തകള്‍ കോവിഡ് -19 ന് മുസ്്‌ലിംകളാണ് ഉത്തരവാദികളെന്ന കപട പ്രചാരണത്തിന് ഉപയോഗിച്ചു.
കോവിഡ് -19 അനുബന്ധ വ്യാജവാര്‍ത്തകളെക്കുറിച്ചുള്ള വസ്തുതാ പരിശോധനാ വെബ്സൈറ്റ് ബൂംലൈവ് നടത്തിയ പഠനത്തില്‍ മാര്‍ച്ച് വരെ കോവിഡുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ ചൈനയുമായി ബന്ധപ്പെട്ടവയാണെന്ന് കണ്ടെത്തി, ഏപ്രിലില്‍ ഒരു കോവിഡ് -19 ആംഗിള്‍ ഉപയോഗിച്ച് മുസ്‌ലിം വിരുദ്ധ വ്യാജ വാര്‍ത്തകള്‍ പെട്ടെന്നുണ്ടായതായി കണ്ടെത്തി. മുഖ്യധാരാ വാര്‍ത്താ മാധ്യമങ്ങള്‍ പുറത്തുവിട്ട ചില റിപ്പോര്‍ട്ടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ഈ വ്യാജ വാര്‍ത്തയുടെ വ്യാപനം മുസ്ലിംകള്‍ സാമ്പത്തിക ബഹിഷ്‌കരണത്തെ അഭിമുഖീകരിക്കുന്ന സംഭവങ്ങളിലേക്കും അല്ലെങ്കില്‍ അത് ആവശ്യപ്പെടുന്നതിലേക്കും നയിച്ചു, കാര്‍ട്ടൂണുകളും, തമാശകളും വരെ ഇത് വര്‍ധിപ്പിക്കാനായി ഉപയോഗിച്ചു. കൊറോണ ജിഹാദ് ആരോപിക്കപ്പെട്ട് ഡല്‍ഹിയില്‍ ഒരു മുസ്്‌ലിമിന് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നു. ആശുപത്രിയിലേക്ക് പോകാന്‍ അനുവദിക്കുന്നതിന് പകരം പരിക്കേറ്റയാളെ ഹിന്ദു ക്ഷേത്രത്തിലേക്കാണ് കൊണ്ടു പോയത്. ആശുപത്രിയില്‍ പോകാന്‍ അനുവദിക്കുന്നതിനുമുമ്പ് ബലമായി ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ആവശ്യപ്പെട്ടതായി ‘ദി ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്തു.
പിന്നീട് തബ്‌ലീഗ് ജമാഅത്ത് തലവന്‍ മൗലാന സഅദ് കന്ദാല്‍വിയുടെ ഓഡിയോ ക്ലിപ്പ് ഉപയോഗിച്ചായിരുന്നു വ്യാജ പ്രചാരണം. സാമൂഹിക അകലം പാലിക്കരുതെന്ന് സഅദ് അനുയായികളോട് ആവശ്യപ്പെട്ടതായും കോവിഡുമായി ബന്ധപ്പെട്ട് നിയന്ത്രണ ഉത്തരവുകളെ ലംഘിക്കണമെന്നും ആവശ്യപ്പെട്ടു എന്നായിരുന്നു പ്രചരണം. എന്നാല്‍ ഡല്‍ഹി പൊലീസിന്റെ ഫോറന്‍സിക് പരിശോധനയില്‍ ഇത് കൃത്രിമമായി ഉണ്ടാക്കിയ ഓഡിയോയാണെന്ന് കണ്ടെത്തിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി പൊലീസ് ഈ അവകാശവാദം നിഷേധിച്ചെങ്കിലും ഇന്ത്യന്‍ എക്‌സ്പ്രസ് തങ്ങളുടെ വാര്‍ത്തയില്‍ ഉറച്ചു നിന്നു.
വ്യാജ വാര്‍ത്താ സ്രഷ്ടാക്കള്‍ ആദ്യം ഗൂഗിളില്‍ നിന്നും പാകിസ്ഥാനിലോ ബംഗ്ലാദേശിലോ ഇസ്‌ലാം കള്‍ മറ്റ് ഇസ്‌ലാം കളെ മര്‍ദ്ദിക്കുന്ന ചില ചിത്രങ്ങളോ വീഡിയോകളോ എടുക്കും. പിന്നീട് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയയിലും ഒരു ഇസ്‌ലാം ഹിന്ദുവിനെ മര്‍ദ്ദിച്ചുവെന്ന് വ്യാജമായി അവകാശപ്പെടുന്ന വാചകം ചേര്‍ത്ത് അവ പ്രചരിപ്പിക്കപ്പെടുന്നു. അത്തരം വ്യാജ വാര്‍ത്തകളുടെ ഒഴുക്ക് തുടര്‍ച്ചയായതും സ്ഥിരവുമാണ്. മുസ്്‌ലിംകള്‍ക്കെതിരെ പതുക്കെ പതുക്കെ വിദ്വേഷം പരത്തുക എന്ന ലക്ഷ്യമാണ് ഇത് നിര്‍വഹിക്കുന്നത്. ഹിന്ദു ഭൂരിപക്ഷം ഇത് അക്രമാസക്തവും, ഭീതിതവും, യുക്തിരഹിതവുമായി കാണുന്നു അത് വഴി വിദ്വേഷം പരത്താന്‍ കാരണമാക്കുന്നു.
വ്യാജവാര്‍ത്തകളുടെ വ്യക്തിഗത ഭാഗങ്ങളായി കാണപ്പെടുന്ന അവ വെറും ക്രമരഹിതമായ വിദ്വേഷ സംഭാഷണമായി കാണുന്നു. ഈ തരത്തിലുള്ള വ്യാജവാര്‍ത്തകളുടെ വ്യാപ്തിയും കൃത്യതയും നിങ്ങള്‍ കാണുകയാണെങ്കില്‍, വ്യക്തമായ ദീര്‍ഘകാല തന്ത്രം കാണാതിരിക്കാനാവില്ല. ഹിന്ദുക്കള്‍ ഉപരോധത്തിലാണെന്ന ഒരു വിവരണം തയ്യാറാക്കുന്നതിനായി, ”ഒരിക്കലും ചെയ്യാത്ത കുറ്റകൃത്യങ്ങളില്‍ മുസ്്‌ലിംകള്‍ക്കെതിരെ ആരോപിക്കപ്പെടുന്ന വ്യാജവാര്‍ത്തകളുടെ ഉദാഹരണങ്ങളുടെ ഒരു നീണ്ട പട്ടിക 2018 ല്‍ വസ്തുതാ പരിശോധനാ വെബ്സൈറ്റ് ആള്‍ട്ട് ന്യൂസ് പുറത്തുവിട്ടു. ഓരോ ബലാത്സംഗവും, ഓരോ കൊലപാതകവും, ഓരോ അപകടവും മുസ്ലിംകളെ വ്യാജമായി കുറ്റപ്പെടുത്തുന്നു. തിരിച്ചറിയാനാവാത്ത വാട്ട്സ്ആപ്പ് ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും ഇത് വര്‍ദ്ധിക്കുന്നു. ഓരോ ദിവസവും ഇസ്‌ലാം ആംഗിള്‍ ഒരു വിവരണ മെച്ചപ്പെടുത്തലിനായി ചേര്‍ക്കുന്നു. ആളുകള്‍ പത്രങ്ങളിലെ ക്രൈം സ്റ്റോറികള്‍ വായിക്കുന്നതുപോലെയാണ് ഇത്.
ചുരുക്കത്തില്‍, നരേന്ദ്ര മോദി സര്‍ക്കാരിന്റെ പരാജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഇത് സഹായിക്കുന്നു. വ്യാജ വാര്‍ത്താ ഫാക്ടറികള്‍ പറയുന്നു കോവിഡ് -19 പ്രചരിക്കാന്‍ കാരണം മോദി സര്‍ക്കാര്‍ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ (പിപിഇ), കോവിഡ് പരിശോധന എന്നിവ ക്രമീകരിക്കുന്നതിലും കാലതാമസം വരുത്തിയതും കൊണ്ടല്ല, മറിച്ച് മുസ്ലിംകള്‍ അത് സജീവമായി പ്രചരിപ്പിക്കുന്നതിനാലാണ്. നിലവാരമുള്ള ഹിന്ദു-മുസ്ലിം ധ്രുവീകരണത്തിനു ഇത് സഹായിക്കുന്നു, സാമ്പത്തിക സാഹചര്യങ്ങളില്‍ അതൃപ്തിയുള്ള അല്ലെങ്കില്‍ മറ്റൊരു പാര്‍ട്ടിക്ക് വോട്ടുചെയ്യുന്നതില്‍ നിന്ന് മറ്റ് പരാതികളുള്ള ഒരു ബിജെപി വോട്ടറെ ഇത്തരം ന്യായീകരണങ്ങള്‍ തടയുന്നു.
എന്നാല്‍ മുസ്ലിം വിരുദ്ധ വ്യാജ പ്രചാരണങ്ങള്‍ക്ക് ഒരു ദീര്‍ഘകാല തന്ത്രമുണ്ട്. ജൂത വിരുദ്ധ വ്യാജ പ്രചാരണത്തിന്റെ നീണ്ട ചരിത്രം പഠിച്ചാല്‍ നിങ്ങള്‍ക്ക് ആ തന്ത്രം കാണാന്‍ കഴിയും. മുകളില്‍ ഉദ്ധരിച്ച രണ്ട് സംഭവങ്ങള്‍ ഉദാഹരണങ്ങളായി പറഞ്ഞു – ഓപ് ഇന്ത്യയുടെ ഓപ്പറേഷന്‍ ഗോപാല്‍ഗഞ്ചും ‘കൊറോണ ജിഹാദ്’ പ്രചാരണവും – ജൂത വിരുദ്ധ വ്യാജ പ്രചാരണത്തിന് സമാനമാണ്, ആരെങ്കിലും ഇത്തരം കാര്യങ്ങളൊക്കെ വായിക്കുന്നുണ്ടോ എന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം.
ഹോളോകോസ്റ്റ് – ഇരുപതാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ജൂതന്മാരുടെ വംശഹത്യ സംഭവിച്ചത് ജൂതന്മാര്‍ക്കെതിരായ നൂറ്റാണ്ടുകളുടെ പ്രചാരണത്തിന് ശേഷമാണ്. ഈ പ്രചാരണത്തിന്റെ കേന്ദ്രബിന്ദു ജൂത വിരുദ്ധതയായിരുന്നു. ക്രിസ്ത്യന്‍ ജനതയെ നിശ്ശബ്ദരും ഹോളോകോസ്റ്റിനെ പിന്തുണയ്ക്കുന്നവരുമായി മാറ്റുകയെന്നതും നാസി പ്രചാരണത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു.
വരുന്നതുവരെ കാത്തിരിക്കരുത്
നിസ്സാരമായി ഉപയോഗിക്കരുതാത്ത ഒരു വലിയ പദമാണ് വംശഹത്യ. എന്നിരുന്നാലും, യൂറോപ്പിലെ ജൂത വിരുദ്ധ പ്രചാരണവും ഇന്നത്തെ ഇന്ത്യയിലെ മുസ്്‌ലിം വിരുദ്ധതയും തമ്മിലുള്ള സാമ്യത ചരിത്രത്തിന്റെ നീണ്ട കമാനത്തെ പരിശോധിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഈ വ്യാജ വാര്‍ത്താ ഫാക്ടറികള്‍ ഇന്ന് നമ്മള്‍ നിര്‍ത്തിയില്ലെങ്കില്‍, നാം നമ്മുടെ കാലത്തെ ഭയാനകമായ ഒരു ചരിത്രം എഴുതുകയാണ്.
ഈ വാദങ്ങള്‍ അതിശയോക്തിയാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, ശംഭുലാല്‍ റെഗാറിനെക്കുറിച്ച് ഓര്‍ക്കുക. 2017 ല്‍ രാജസ്ഥാനിലെ രാജ്സമാന്ദ് ജില്ലയില്‍ ഒരു മുസ്‌ലിം തൊഴിലാളിയെ ക്രൂരമായി വെട്ടിക്കൊന്ന് ജീവനോടെ ചുട്ടുകൊന്നു. വാട്സ്ആപ്പിലൂടെ പ്രദേശത്തെ ആളുകള്‍ അനന്തമായ വിദ്വേഷ വീഡിയോകള്‍ക്ക് വിധേയരാണെന്ന് ബിബിസി ഹിന്ദി റിപ്പോര്‍ട്ട് കണ്ടെത്തി, പശുക്കിടാക്കളെ അറുക്കുന്നതിന്റെ മോശം ചിത്രങ്ങള്‍ കാണിക്കുന്ന വീഡിയോകള്‍. ഇന്ത്യയിലെ വിദ്വേഷ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ക്വിന്റിന്റെ വിശകലനം അനുസരിച്ച്, 2015 ല്‍ ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് അഞ്ഞൂറിലധികം ആളുകള്‍ തല്ലിക്കൊന്ന സംഭവം മുതല്‍ 113 പേരെയെങ്കിലും ഹിന്ദു ജനക്കൂട്ടം തല്ലിക്കൊന്നിട്ടുണ്ട്. ഈ സംഭവങ്ങള്‍ ഒരു വലിയ പ്രതിഭാസമായി മാറുന്ന സമയത്തിനായി നമ്മള്‍ കാത്തിരിക്കേണ്ടതില്ല. യൂറോപ്പിന്റെ തെറ്റുകള്‍ നമ്മള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍, ഒരു ദിവസം നമ്മള്‍ ചെയ്ത കാര്യങ്ങളില്‍ കുറ്റബോധവും പശ്ചാത്താപവും മാത്രമേ ഉണ്ടാകൂ.
വിവ.
പി വി അഹമ്മദ് ഷരീഫ്