15 Wednesday
July 2026
2026 July 15
1448 Mouharrem 29

മയ്യിത്ത് ഖബറടക്കാന്‍ തടസം സൃഷ്ടിച്ചത് പ്രതിഷേധാര്‍ഹം: കെ എന്‍ എം

തിരൂര്‍: തിരുന്നാവായ താഴത്തറ മഹല്ല് നിവാസിയായ കോട്ടപ്പുറത്ത് മജീദ് എന്ന വ്യക്തിയുടെ മയ്യിത്ത് ഖബറടക്കുന്നതിന് തടസം സൃഷ്ടിച്ച മഹല്ല് അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. നിയമപാലകരുടെ ഇടപെടലിലൂടെയാണ് ഖബര്‍സ്ഥാന്‍ അനുവദിച്ചത്. ഖബറടക്ക ചെലവ് എന്ന പേരില്‍ ഭീമമായ സംഖ്യ നിര്‍ബന്ധിതമായി ഈടാക്കുകയും ചെയ്ത മഹല്ല് നടപടി ഹീനമാണ്. ഒരു പ്രദേശത്തെ ഖബര്‍സ്ഥാന്‍ മുസ്‌ലിംകളില്‍ പെട്ട ആര്‍ക്കും നിഷേധിക്കപ്പെടാവതല്ല എന്ന വഖഫ് ബോര്‍ഡിന്റെയും വിവിധ കോടതികളുടെയും ഉത്തരവുകള്‍ നിലനില്‍ക്കെയാണ് ഇസ്‌ലാഹി പ്രവര്‍ത്തകനായതിന്റെ പേരില്‍ മയ്യിത്ത് മറവ് ചെയ്യുന്നതിന് എതിരു നിന്നത്. ഇത്തരം മനുഷ്യത്വ വിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ച മഹല്ല് ഭാരവാഹികള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് കെ എന്‍ എം ആവശപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി സുഹൈല്‍ സാബിര്‍, ജില്ലാ സെക്രട്ടറി ടി ആബിദ് മദനി, ഹുസൈന്‍ കുറ്റൂര്‍, ജലീല്‍ തൊട്ടിവളപ്പില്‍, അബ്ദുല്‍മജീദ് കണ്ണാടന്‍, മുഹമ്മദലി മുളക്കല്‍, സി പി മൊയ്തീന്‍ കുട്ടി, അലവി പറമ്പില്‍ എന്നിവര്‍ മരണവീട്ടില്‍ സന്ദര്‍ശനം നടത്തി.

Back to Top