24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനം കേരള ജനതയോടുള്ള വെല്ലുവിളി

ഐ എസ് എമ്മിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം കലക്ടറേറ്റ് പടിക്കല്‍ സംഘടിപ്പിച്ച കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ പ്രതിഷേധ സംഗമം പി ഉബൈദുല്ല എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം: ദേവാലയങ്ങള്‍ പോലും അടഞ്ഞുകിടക്കുന്ന ഈ പ്രതിസന്ധി കാലത്ത് മദ്യശാലകള്‍ തുറക്കാനും ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാനുമുള്ള സര്‍ക്കാരിന്റെ തീരുമാനം കേരള ജനതയോടുള്ള വെല്ലുവിളിയാണെന്നും പ്രായോഗികമായി മദ്യശാലകള്‍ എന്നെന്നേക്കുമായി അടച്ചുപൂട്ടാനുള്ള സുവര്‍ണാവസരമാണ് സര്‍ക്കാര്‍ മദ്യലോബിയുടെ താല്‍പര്യങ്ങള്‍ക്കു വഴങ്ങി ഇല്ലാതെയാക്കുന്നതെന്നും ഐ എസ് എമ്മിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരള മദ്യവിരുദ്ധ ജനകീയ മുന്നണി പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും കുറക്കുമെന്ന് പ്രകടന പത്രികയിലൂടെ വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ എല്‍ ഡി എഫ് സര്‍ക്കാറിന്റെ ജനദ്രോഹ മദ്യനയത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാറിന്റെ നാലാം വാര്‍ഷിക ദിനമായ മെയ് 25-ന് സംസ്ഥാന വ്യാപകമായി മദ്യവിരുദ്ധ ജനകീയ മുന്നണി വഞ്ചനാദിനമായി ആചരിച്ചതിന്റെ ഭാഗമായിട്ടാണ് മലപ്പുറം കലക്ട്രേറ്റ് പടിക്കല്‍ പ്രതിഷേധ സത്യാഗ്രഹം നടത്തിയത്. വിവിധ ജില്ലകളില്‍ വിവിധ മതസാമൂഹ്യ സംഘടനകളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. മലപ്പുറത്ത് ഐ എസ് എമ്മിന്റെ നേതൃത്വത്തില്‍ നടന്ന സമരം പി ഉബൈദുല്ല എം എല്‍ എ ഉദ്ഘാടനം ചെയ്തു. പി എം എ സമദ് അധ്യക്ഷത വഹിച്ചു. മുഹ്‌സിന്‍ തൃപ്പനച്ചി, റാഫി കുന്നുംപുറം, ടി കെ എന്‍ നാസര്‍, ശരീഫ് കോട്ടക്കല്‍, ഹബീബ് മൊറയൂര്‍, ഖയ്യൂം കുറ്റിപ്പുറം, യൂനസ് മയ്യേരി, ഇല്യാസ് മാസ്റ്റര്‍, യാസര്‍ അറഫാത്ത് പ്രസംഗിച്ചു.

Back to Top