റാഫിയ അര്‍ഷാദ്: ബ്രിട്ടനിലെ ഹിജാബ് ധാരിയായ ആദ്യ ജഡ്ജി
ബ്രിട്ടനില്‍ ആദ്യമായി ഹിജാബ് ധരിച്ച ജഡ്ജിന് നിയമനം. മിഡ്‌ലാന്‍ഡ് സര്‍ക്യുട്ട് ഡെപ്യുട്ടി ജഡ്ജ് ആയാണ് 40-കാരി റാഫിയ അര്‍ഷാദ് നിയമിതയായത്. സെന്റ് മേരിസ് ലോ ഫേമില്‍ അഭിഭാഷകയായ ഇവര്‍ 17 വര്‍ഷമായി നിയമ രംഗത്തുണ്ട്.
”തന്റെ ന്യൂനപക്ഷ പശ്ചാത്തലം തന്റെ കരിയറില്‍ തടസ്സമായി നില്‍ക്കുമെന്ന് ചെറുപ്പത്തില്‍ താന്‍ ഭയന്നിരുന്നു. ഈ രാജ്യത്തിന്റെ ബഹുസ്വരത കൂടുതല്‍ ഉറപ്പിക്കാനും എല്ലാവരുടെയും ശബ്ദം കേള്‍പ്പിക്കാനും ഈ നിയോഗം വിനിയോഗിക്കും”-റാഫിയ പ്രതികരിച്ചു.
കുട്ടികളുടെ അവകാശ ധ്വംസനം, നിര്‍ബന്ധിത വിവാഹങ്ങള്‍ തുടങ്ങിയവക്കെതിരെ ശക്തമായി നിലപാടെടുക്കുന്ന റാഫിയ ഇസ്‌ലാമിക നിയമങ്ങളിലും നിപുണയാണ്. ഇസ്‌ലാമിക നിയമങ്ങളെ കുറിച്ച ഒരു പുസ്തകവും ഇവര്‍ എഴുതിയിട്ടുണ്ട്. പുതിയ സ്ഥാനലബ്ധിയോടൊപ്പം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ആളുകളുടെ അഭിനന്ദനവും സന്തോഷം നല്‍കുന്നുവെന്ന് റാഫിയ പറഞ്ഞു.