8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

കോവിഡ് മഹാമാരി ദൈവം കൈവിട്ടു, മതം കണ്ണടച്ചു? യുക്തിവാദികളുടെ ആരോപണം വാസ്തവമോ?

അബ്ദുസ്സലാം മുട്ടില്‍

കോവിഡ്-19 ബാധിച്ച് ലോകം ദുരിതത്തിലാവുകയും ലക്ഷങ്ങള്‍ മരിക്കുകയും ചെയ്യുന്ന ആഗോള ദുരന്തമുഖത്താണ് നാമുള്ളത്. ഈ മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ അനുദിനം വര്‍ധിക്കുമ്പോഴും സര്‍വശക്തനായ ദൈവം തന്റെ സൃഷ്ടികളെ രക്ഷിക്കാന്‍ കഴിയാതെ നിസ്സഹായനായി മാറിയെന്ന ആരോപണമാണ് നാസ്തികര്‍ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ സംരക്ഷണം നിര്‍വഹിക്കാന്‍ സാധിക്കുന്ന ദൈവത്തിന് സംഹരിക്കാനും പ്രാപ്തിയുണ്ടെന്ന് വരുമ്പോള്‍ അവന്‍ നിസ്സഹായനല്ല മറിച്ച് സര്‍വ ശക്തനാണെന്നേ യുക്തിചിന്തയ്ക്ക് വൈറസ് ബാധയേല്‍ക്കാത്തവര്‍ക്ക് അംഗീകരിക്കാന്‍ കഴിയൂ.
പ്രകൃതിയിലെ ഏത് സംഭവങ്ങളേയും ദുരുദ്ദേശ്യത്തോടെ ദുര്‍വ്യാഖ്യാനിച്ച് ദൈവത്തിനും മതത്തിനുമെതിരെ പ്രചാരവേലകള്‍ നടത്താറുള്ള ഇക്കൂട്ടര്‍ ഇത് പോലുള്ള ദുരന്തങ്ങളുടെ കാരണങ്ങളെ ശാസ്ത്രീയമായും സത്യസന്ധമായും സമീപിക്കാന്‍ തയ്യാറല്ല. ശാസ്ത്രവക്താക്കളെന്ന് സ്വയം പ്രഖ്യാപിക്കുമ്പോഴും ഇവരുടെ നിലപാടുകളും സമീപനങ്ങളും ശാസ്ത്രബോധത്തിനും യുക്തിചിന്തക്കും എതിരാണ് താനും. സുവ്യക്തമായ സത്യത്തേയും യുക്തിയേയും നിരാകരിക്കാന്‍ അന്ധമായ മതവിരോധം മാത്രമാണ് ഇവരുടെ പക്കലുള്ള ഏക മൂലധനം.
ജൈവലോകത്ത് നിലനില്‍ക്കുന്ന നിസ്സാരവും അതിസങ്കീര്‍ണ്ണവുമായ സൃഷ്ടിഘടനയുള്ള ഓരോ ജീവിവര്‍ഗവും പ്രകൃതിയുടെ സന്തുലനാവസ്ഥയ്ക്ക് അനല്‍പ്പമായ സേവനങ്ങള്‍ നിര്‍വഹിച്ച് വരുന്നു. വൈറസുകള്‍ പോലുള്ള സൂക്ഷ്മാണുക്കളും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. പ്രകൃതിയിലെ ഓരോ വസ്തുക്കളും മനുഷ്യനന്മയ്ക്ക് വേണ്ടി പ്രയോജനകരമായ വിധം ഉപയോഗപ്പെടുത്താന്‍ പാകത്തിലാണ് സ്രഷ്ടാവ് സംവിധാനിച്ചിരിക്കുന്നത്. പ്രത്യക്ഷത്തില്‍ നമ്മുടെ ജീവഹാനിക്ക് തന്നെ കാരണമാകുന്ന ഉഗ്ര ശക്തിയുള്ള പാമ്പിന്‍ വിഷത്തില്‍ നിന്ന് കാന്‍സര്‍ ചികിത്സയ്ക്ക് ആവശ്യമായ ചില ഔഷധങ്ങള്‍ നിര്‍മ്മിച്ചെടുക്കുന്നു. ക്യൂബയിലെ ചതുപ്പ് നിലങ്ങളിലും മറ്റും കാണപ്പെട്ടിരുന്ന ചിലയിനം പക്ഷികളുടെ കാഷ്ടമുപയോഗിച്ച് നിര്‍മ്മിച്ച ജൈവവളത്തിന്റെ കയറ്റുമതിയിലൂടെ ആ രാജ്യത്തിന്റെ സമ്പദ്ഘടന ശക്തിപ്പെട്ടതും പിന്നീട് അവയുടെ വംശനാശത്തിലൂടെ വളത്തിന്റെ ഉത്പാദനവും കയറ്റുമതിയും ഗണ്യമായി കുറഞ്ഞതിനാല്‍ ക്യൂബയുടെ സമ്പദ് വ്യവസ്ഥയെ അത് സാരമായി ബാധിച്ചതും ഈ മേഖലയിലെ നിരൂപകര്‍ രേഖപ്പെടുത്തിയുണ്ട്.
നിസ്സാരമായ പക്ഷികളുടെ വിസര്‍ജ്യങ്ങള്‍ പോലും ഒരു രാഷ്ട്രത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ സ്വാധീനമുണ്ടാക്കുന്നത് അത്ഭുതം തന്നെയാണ്. ശരീരത്തിന്റെ ആരോഗ്യ സംരക്ഷണത്തിലും, രോഗപ്രതിരോധം ശക്തിപ്പെടുത്തുന്നതിലും ശ്വേതരക്താണുക്കള്‍ക്ക് കൂടുതല്‍ ജാഗ്രത കൈവരിക്കാനും അത് വഴി ശരീരം കൂടുതല്‍ സുരക്ഷിതമകാനും വൈറസുകള്‍ പോലുള്ള സൂക്ഷ്മാണുക്കളുടെ സാന്നിധ്യം നിമിത്തമാകുന്നത് പഠനങ്ങള്‍ വ്യക്തമാക്കിയതാണ്. ഒരു പ്രദേശത്ത് മോഷ്ടാക്കളുണ്ടെങ്കില്‍ അവിടെയുള്ളവര്‍ കൂടുതല്‍ ജാഗ്രതയും കരുതലും സ്വീകരിച്ച് വീടും സമ്പത്തും സുരക്ഷിതമാക്കുന്നത് പോലെയാണിത്.
”പ്രത്യക്ഷവും പരോക്ഷവുമായ അവന്റെ അനുഗ്രഹങ്ങള്‍ അവന്‍ നിങ്ങള്‍ക്ക് നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു” (വി.ഖു 31:20) എന്ന ഖുര്‍ആന്‍ വചനം പ്രകൃതിയിലെ അതി നിസ്സാരമായ സൃഷ്ടികളെ പോലും സമീപിക്കേണ്ട നമ്മുടെ മനോഭാവത്തിന് കൂടുതല്‍ ഉള്‍കാഴ്ച്ച നല്‍കും. കൂടാതെ പ്രാപഞ്ചിക വസ്തുക്കളോടുള്ള ഇസ്‌ലാമിന്റെ സമീപനം നശീകരണാത്മകമല്ല, ക്രിയാത്മകമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യും.
നമ്മുടെ ശരീരത്തിലെ ഉമിനീര്‍, വിയര്‍പ്പ്, കണ്ണുനീര്‍, ചര്‍മം, രോമങ്ങള്‍, വിവിധ ദ്വാര ഭാഗങ്ങളിലും മുറിവുകളിലും കാണപ്പെടുന്ന സ്രവങ്ങള്‍, ചെവിക്കായം തുടങ്ങിയവയെല്ലാം രോഗാണുക്കളെ പ്രതിരോധിക്കാനും ശരീരത്തെ സുരക്ഷിതമാക്കാനും സ്രഷ്ടാവ് രൂപകല്‍പ്പന നിര്‍വ്വഹിച്ച അത്ഭുത സംവിധാനങ്ങളാണ്. ഇവയിലേതെങ്കിലുമൊന്നിന്റെ അഭാവത്തില്‍ ജീവിതം തന്നെ ദുസ്സഹമായിത്തീരും. വൈറസുകളുടെ പ്രഹര ശേഷിയെ തടുക്കാന്‍ കഴിയാത്തവനെന്ന് ദൈവത്തെ ഒരു വശത്ത് പരിഹസിക്കുന്ന നാസ്തികര്‍ മറുവശത്ത് അവരുടെ ശരീരത്തില്‍ പോലും നിലനില്‍ക്കുന്ന ഇത്തരം ആരോഗ്യ സുരക്ഷാ പ്രതിരോധ സംവിധാനങ്ങളില്‍ ദൈവത്തിന് പങ്കില്ലെന്നും യാദൃച്ഛികമായി സ്വയം രൂപപ്പെട്ടതാണെന്നും വാദിക്കുന്നത് വാദിക്കുന്നു! രോഗാണുക്കളെ മാത്രമല്ല അവയെ പ്രതിരോധിക്കാനുള്ള കുറ്റമറ്റ സംവിധാനങ്ങളെയും കൃത്യമായി ക്രമീകരിച്ചത് ദൈവത്തിന്റെ സൃഷ്ടി വൈഭവത്തിന്റെ തെളിവാണെന്നംഗീകരിക്കലാണ് യഥാര്‍ഥ യുക്തിവാദം.
പ്രകൃതിയില്‍ കാണുന്ന ഏത് വസ്തുവിലും സൃഷ്ടിപരവും നശീകരണാത്മകവുമായ രണ്ട് സവിശേഷതകളും ഘടനാപരമായിത്തന്നെ ഉള്‍ചേര്‍ത്തുക്കൊണ്ടാണ് ദൈവം അവയെ സൃഷ്ടിച്ചിരിക്കുന്നത്. നന്മ തിന്മകളെ സംബന്ധിച്ച ദാര്‍ശനിക വിശകലനം നടത്തുന്നതിനിടയില്‍ വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിച്ച ”പറയുക: എല്ലാം അല്ലാഹു വിന്റെ പക്കല്‍ നിന്നുള്ളതാണ്. അപ്പോള്‍ ഈ മനുഷ്യര്‍ക്കെന്തു പറ്റി? അവര്‍ ഒരു വിഷയവും മനസ്സിലാക്കാന്‍ ഭാവമില്ല” (4:78) എന്ന വചനത്തിന്റെ ആശയതലം വളരെ വിശാലമാണ്. പദാര്‍ഥങ്ങളുടെ ഈ ഭിന്ന സവിശേഷതകള്‍ നിലനില്‍ക്കേണ്ടത് പ്രകൃതിയുടെ താളക്രമത്തിന് അനിവാര്യവുമാണ്. എന്നാല്‍ പ്രകൃതിപരമായ ധര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ഓരോ വസ്തുവിനും ദൈവം ക്രമീകരിച്ച അന്യൂനമായ ഘടനാ പ്രക്രിയകളില്‍ മനുഷ്യന്‍ നടത്തുന്ന കൈക്രിയകള്‍ ജൈവ ലോകത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായ വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കാറുണ്ട്. ദൈവികാനുഗ്രഹത്തിന്റെ ഭാഗമായി മനുഷ്യന് നല്‍കപ്പെട്ട വിവേചനബുദ്ധിയും ധര്‍മ്മബോധവുമുപയോഗിച്ച് പ്രകൃതി വസ്തുക്കളുടെ ഘടനാ സവിശേഷതകളില്‍ ഏതിനെ ഉപയോഗപ്പെടുത്തുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ മനുഷ്യന്റെ തന്നെ സുരക്ഷയോ നാശമോ ലോകത്ത് സംജാതമാകുന്നു. പദാര്‍ഥങ്ങള്‍ക്ക് ഈ ഭിന്ന സവിശേഷതകള്‍ നല്‍കിയിട്ടുണ്ടെങ്കിലും, ദൈവം തന്റെ കാരുണ്യത്തിന്റെ ഭാഗമായി മുഴുവന്‍ ജീവജാലങ്ങളുടേയും നന്മ നിറഞ്ഞ ജീവിതത്തിനുതകുന്ന പ്രകൃതിയും സാഹചര്യങ്ങളുമാണ് സംവിധാനിച്ചിരിക്കുന്നത്.
”നന്മയായി നിനക്ക് ലഭിക്കുന്നതെല്ലാം അല്ലാഹുവില്‍ നിന്നുള്ളതും, നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്റെ പക്കല്‍ നിന്നുണ്ടാകുന്നതുമാകുന്നു” (വി.ഖു 4:79) എന്ന ദൈവിക വചനം അല്ലാഹു തന്റെ സൃഷ്ടികള്‍ക്ക് നന്മയും ഐശ്വര്യവുമാണുദ്ദേശിക്കുന്നതെന്നും ദുരന്തവും ദുരിതവും ഉണ്ടാകുന്നതില്‍ മനുഷ്യന്റെ ഇടപെടല്‍ കാരണമാകുന്നുവെന്നും വ്യക്തമാക്കുന്നു. പ്രകൃതി വസ്തുക്കളുടെ സൃഷ്ടിപരമായ പ്രത്യേകതകളില്‍ മാറ്റങ്ങള്‍ വരുത്തുകയും പ്രതിലോമപരമായി അവയെ സമീപിക്കുകയും ചെയ്യുന്നത് മൂലം ദുരന്തങ്ങള്‍ സംഭവിക്കല്‍ അവയുടെ പ്രതിപ്രവര്‍ത്തനങ്ങളുമാണ്. ഇത്തരം പ്രതിപ്രവര്‍ത്തനങ്ങള്‍ സംഭവിക്കുന്നത് ദൈവത്തിന്റെ വിധി പ്രകാരമാണെങ്കിലും മനുഷ്യന്റെ ക്രൂരതയും സ്വാര്‍ഥതയും നിറഞ്ഞ ഇടപെടലുകളാകുന്നു ഈ വിധികളുടെ അടിസ്ഥാന കാരണങ്ങളില്‍ ഒന്ന്.
”മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കാന്‍ വേണ്ടിയത്രെ അത്. ഒരുവേള അവര്‍ മടങ്ങിയേക്കാം.” (വി.ഖു 30:41). തത്വദീക്ഷയില്ലാത്ത മനുഷ്യ ചെയ്തികള്‍ പ്രകൃതിയിലുണ്ടാക്കുന്ന വന്‍ ദുരന്തങ്ങളെപ്പറ്റി ഖുര്‍ആന്‍ നടത്തിയ ഈ പ്രവചനത്തിന്റെ പ്രസക്തി അംഗീകരിക്കലാണ് യഥാര്‍ഥ യുക്തിബോധം. ആധുനിക ശാസ്ത്ര സത്യങ്ങള്‍ ഇതിനെ പൂര്‍ണമായും ശരിവെക്കുകയും ചെയ്യുന്നു. യുക്തിരഹിതവാദികളായ നാസ്തികന്മാര്‍ക്ക് അതെത്ര സ്വീകാര്യമല്ലെങ്കില്‍ പോലും.
മനുഷ്യന്റെ ഗുണപരമല്ലാത്ത ഇടപെടലുകള്‍ മൂലമുണ്ടാകുന്ന ദുരന്തങ്ങളുടെ ഭീകരതയെ സംബന്ധിച്ച ക്യത്യമായ ബോധം അവന് നല്‍കപ്പെട്ടിട്ടും നശീകരണ പ്രവര്‍ത്തനങ്ങളിലേക്കുള്ള അവന്റെ ചെയ്തികളാണ് പ്രത്യാഘാതങ്ങള്‍ക്ക് കാരണമെന്ന് വരുമ്പോള്‍ പിന്നെയും ദൈവത്തെ പ്രതിയായി പ്രതിഷ്ഠിക്കുന്നത് എന്തുമാത്രം യുക്തിവാദമല്ല. ഒരു പവര്‍ സ്‌റ്റേഷന് ചുറ്റും സജ്ജമാക്കിയ സുരക്ഷാ ക്രമീകരണങ്ങളേയും, അപകട മുന്നറിയിപ്പുകളെയും അവഗണിച്ച് അതിലേക്ക് അതിക്രമിച്ച് കയറിയവന്‍ അവയുടെ സുഗമമായ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നത് മൂലം പൊട്ടിത്തെറിയോ അഗ്‌നിബാധയോ സംഭവിച്ച് വന്‍ ദുരന്തമുണ്ടായാല്‍ പവര്‍ സ്‌റ്റേഷന്റെ നിര്‍മ്മാതാക്കളെ ആരെങ്കിലും കുറ്റക്കാരാക്കുമോ? ഇവിടെ കുറ്റവാളി അതിക്രമിച്ച് കയറിയവന്‍ തന്നെയാണ്.
ഈ യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാതെ, ദൈവം സംവിധാനിച്ച പ്രകൃതി നിയമങ്ങള്‍ക്കനുസൃതമായി ചിന്തയെയും ചെയ്തികളെയും ചിട്ടപ്പെടുത്താതെ ഏത് വിഷയത്തിലും ദൈവത്തെയും മതത്തെയും ചീത്ത വിളിക്കുന്ന മനോവൈകല്യത്തെയാണ് ചിലര്‍ യുക്തിവാദമെന്ന പേരില്‍ പൂജിച്ച് നടക്കുന്നത്.

ദുരന്തങ്ങള്‍: പ്രതി മതമോ ശാസ്ത്രമോ?
മതമാണ് മനുഷ്യന്റെ മുഖ്യ പ്രശ്‌നമെന്നും അത് മാനവികതയുടെ നാശമാണെന്നും പ്രചരിപ്പിക്കുന്ന യുക്തിവാദികള്‍, ശാസ്ത്രത്തിനു മാത്രമേ മനുഷ്യനെ മോചിപ്പിക്കാനും സുരക്ഷിതനാക്കാനും കഴിയൂ എന്ന് സിദ്ധാന്തിക്കുന്നവരാണ്. ദൈവം, മതം, വേദം, പ്രവാചകന്‍മാര്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയോട് നാസ്തികന്മാര്‍ക്ക് എക്കാലത്തും പുച്ഛവും നിന്ദാമനോഭാവവുമാണുള്ളത്. ഇവരുടെ വീക്ഷണത്തില്‍ അവയെല്ലാം ശാസ്ത്രചിന്തയ്ക്ക് വിഘാതം സൃഷ്ടിക്കുന്നതും ആധുനികതയോട് പുറംതിരിഞ്ഞ് നില്‍ക്കുന്നതും സമൂഹത്തിന്റെ സര്‍വ്വനാശത്തിന്റെ അടിസ്ഥാന കാരണങ്ങളുമാണെന്നാണ്. ഏതെങ്കിലും മതനാമകാരികളുടെ അവിവേകങ്ങളോ അതിവികാരങ്ങളോ അനിഷ്ടകരമായ സംഭവങ്ങള്‍ക്ക് കാരണമാകുന്നതില്‍ പോലും മതത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ആവേശം കാണിക്കുന്ന യുക്തിവാദികള്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ബാധ്യസ്ഥതരാണ്.
ഹിരോഷിമയിലും നാഗസാക്കിയിലും വര്‍ഷിച്ച് ലക്ഷങ്ങളെ കൊന്നൊടുക്കിയ അണുബോംബുകള്‍ നിര്‍മിച്ചത് പള്ളികളിലോ അതോ സയന്‍സ് ലാബുകളിലോ?
ജനിച്ച് വീഴുന്ന ചോര പൈതങ്ങള്‍ക്ക് പോലും കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ സമ്മാനിക്കുന്ന എന്‍ഡോസള്‍ഫാനുള്‍പ്പെടെയുള്ള കീടനാശിനികളും രാസവളങ്ങളും നിര്‍മ്മിക്കുന്നത് മതപണ്ഡിതരോ അതോ ശാസ്ത്രജ്ഞന്മാരോ?
കൂട്ട നശീകരണ ശേഷിയുള്ള ആയുധങ്ങള്‍ പ്രയോഗിക്കുന്നത് സൈന്യങ്ങളാണെങ്കിലും അവയുടെ നിര്‍മ്മിതിക്കുപയോഗിക്കുന്ന സൂത്രവാക്യങ്ങളും തിയറികളും ആവിഷ്‌ക്കരിക്കുന്നത് ശാസ്ത്ര ബുദ്ധിജീവികളല്ലേ?
ലാബുകളില്‍ ഗവേഷണം നടത്തി വീര്യം കൂടിയ മദ്യങ്ങളുല്‍പ്പാദിപ്പിക്കുകയും അത് വഴി കുടുംബങ്ങളില്‍ ശൈഥില്യവും പട്ടിണിയുമുണ്ടാവാനും നിരവധി വാഹനാപകടങ്ങളും ദാരുണാന്ത്യങ്ങളും സംഭവിക്കുവാനും കാരണം മതമാണെന്ന് പറയാമോ?
ലക്ഷങ്ങളുടെ ജീവനെടുത്ത കൊറോണ വൈറസ് പുറത്തേക്ക് ചോര്‍ന്നത് ഏതെങ്കിലും മദ്‌റസകളില്‍ നിന്നോ അറബി കോളേജുകളില്‍ നിന്നോ അല്ല. മറിച്ച് വൈറസുകളെ ശാസ്ത്രീയമായി പഠനവിധേയമാക്കുന്ന വൈറോളജി ലാബുകളില്‍ നിന്നാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ചില ലാബുകളുടെ പേരുകള്‍ ഈ വിഷയത്തില്‍ കേള്‍ക്കുകയുമുണ്ടായി. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്ന സൂചനകളിലും ചില രാഷ്ട്രങ്ങള്‍ നല്‍കുന്ന തെളിവുകളിലും മതസ്ഥാപനങ്ങളോ മത പണ്ഡിതന്മാരോ പ്രതികളല്ലതാനും.
ചൈനയിലേതു പോലുള്ള ഇത്തരം ശാസ്ത്ര ലാബുകളില്‍ നിന്നാണ് നിമിഷങ്ങള്‍ കൊണ്ട് പതിനായിരങ്ങളെ കൊന്നൊടുക്കാന്‍ ശേഷിയുള്ള രാസായുധങ്ങള്‍ നിര്‍മ്മിക്കുന്നത്. വേദഗ്രന്ഥത്തിലെ വചനങ്ങളുടെ സ്വാധീനത്തിലല്ല, മറിച്ച് ശാസ്ത്രലോകത്ത് ആവിഷ്‌ക്കരിച്ച സിദ്ധാന്തങ്ങളുടെ പിന്‍ബലത്തില്‍ ഇവയുടെ നിര്‍മിതിയും പ്രയോഗവും നിര്‍വ്വഹിച്ച് വന്‍ ദുരന്തങ്ങള്‍ വിതയ്ക്കുമ്പോള്‍, വിശ്വാസികളുടെ മതമല്ല പ്രസ്തുത യുക്തിവാദികളുടെ ശാസ്ത്രമാണ് മാനവികതയുടെ അന്തകന്‍ എന്ന് സമ്മതിക്കേണ്ടി വരില്ലേ?
ശാസ്ത്രജ്ഞന്‍മാരില്‍ മഹാഭൂരിപക്ഷവും ദൈവനിഷേധികളാണെന്ന യുക്തിവാദികളുടെ അവകാശവാദം സത്യമാണെങ്കില്‍ ലോകത്തുണ്ടാകുന്ന ഭീകരമായ ദുരന്തത്തിനുത്തരവാദികളും ഇത് പോലുള്ള നാസ്തിക ശാസ്ത്രകാരന്മാരാകണമല്ലോ? മതം സ്വാതന്ത്ര്യത്തിന് വിലങ്ങ് തടിയാണെന്നും, ബുദ്ധിയുള്ള മനുഷ്യനെ വഴിനടത്താനും നിയന്ത്രിക്കാനും ദൈവിക നിയമങ്ങള്‍ ആവശ്യമില്ലെന്നും സൈദ്ധാന്തികമായി അവതരിപ്പിക്കുന്ന യുക്തിവാദികള്‍ക്ക് മേല്‍പറഞ്ഞ ശാസ്ത്രത്തെ തിരുത്താനും അതിന്റെ കണ്ടുപിടുത്തങ്ങള്‍ മാനവ സമൂഹത്തിന്ന് ഭീഷണിയാകാതിരിക്കാനും ശസ്ത്രജ്ഞന്മാരെ ഉപദേശിക്കാന്‍ ദാര്‍ശനികമായി സാധിക്കുമോ?
മനുഷ്യന്റെ സര്‍വനാശത്തിന്റെയും നിദാനമെന്നാരോപിക്കപ്പെടുന്ന മതത്തെ വലിച്ചെറിഞ്ഞിട്ടും ചൈനയിലേത് പോലുള്ള രാഷ്ട്രത്തലവന്മാര്‍, പക്ഷെ ലോകത്തെയാകമാനം തകര്‍ക്കാന്‍ ശക്തിയുള്ള ആയുധങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടി ബില്യണ്‍ കണക്കിന് ഡോളര്‍ ചെലവഴിക്കാന്‍ മാത്രം അവരുടെ മനസ്സില്‍ നശീകരണ ചിന്തയുണ്ടായത് ഏത് പ്രത്യയശാസ്ത്രത്തില്‍ നിന്നാണ്? ശാസ്ത്ര ബുദ്ധിജീവികള്‍ അവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരുപറഞ്ഞ് ജൈവലോകത്തിന്റെ നിലനില്‍പ്പിനെ അവതാളത്തിലാക്കുന്ന പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ചാല്‍ ഇത്തരം ശാസ്ത്രപ്പടുക്കളെ തിരുത്താന്‍ അതിര് കടന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ തന്നെ വക്താക്കളായ യുക്തികള്‍ക്ക് ആശയപരമായ കരുത്തുണ്ടോ?
എന്നാല്‍ ദൈവിക മതമായ ഇസ്‌ലാമിന് ഈ മേഖലയിലും വളരെ സുചിന്തിതമായ ദാര്‍ശനിക നിലപാടുകളുണ്ട്. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ അതെത്ര നിസ്സാരമോ, സങ്കീര്‍ണ്ണമോ ആണെങ്കിലും സ്രഷ്ടാവിന്റെ മുന്നില്‍ അവനെ വിചാരണയ്ക്ക് വിധേയമാക്കപ്പെടുന്ന ദിനമുണ്ടെന്ന ഖുര്‍ആനിന്റെ അടിസ്ഥാന സന്ദേശത്തിന് നിരക്ഷരനേയും ശാസ്ത്രജ്ഞനെയും ഒരുപോലെ ഉപദേശിക്കാനും തിരുത്താനുമുള്ള ശക്തിയുണ്ട്. ”പ്രതിഫലനാളിന്റെ ഉടമസ്ഥന്‍” (വി.ഖു1:4) എന്ന കൊച്ചു വചനത്തിന് പോലും മനുഷ്യ ചെയ്തികളെപ്പറ്റിയുള്ള വീണ്ടുവിചാരം അവന്റെ മനസില്‍ സൃഷ്ടിക്കാന്‍ കഴിയും. സ്വന്തം കര്‍മ്മങ്ങളെ സംബന്ധിച്ച ഈ വീണ്ടുവിചാരം ശാസ്ത്രത്തിന്റെ സാധ്യതകളെ സമസൃഷ്ടികളുടെ സുരക്ഷയ്ക്ക് ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ പ്രചോദനമായി മാറും.
എന്നാല്‍ മനസ്സുകളില്‍ നിഷേധാത്മക ചിന്തകളെ മാത്രം ഉത്പാദിപ്പിക്കുന്ന യുക്തിവാദ ഗ്രന്ഥങ്ങള്‍ക്ക് മനുഷ്യ ചെയ്തികളെ പറ്റിയുള്ള വീണ്ടുവിചാരമോ കരുതല്‍ ബോധമോ അവന്റെ ചിന്താമണ്ഡലത്തില്‍ സൃഷ്ടിക്കാന്‍ കഴിയില്ല. ഇവിടെയാണ് ദൈവിക സന്ദേശം മാനവസമൂഹത്തിന്റെ രക്ഷയാകുന്നതും നാസ്തികവാദം അതിന്റെ നാശമാകുന്നതും. ദൈവം കൈ പിടിക്കുന്നതും യുക്തിവാദികള്‍ കൈവിടുന്നതും. ”നിന്റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല, വെറുത്തിട്ടുമില്ല.” (വി.ഖു 93:3)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x