അസ്തമിക്കൂ ചന്ദ്രികേ
അബ്ദുര്‍റഹ്മാന്‍ അല്‍ അശ്മാവി, വിവ. ഹാസില്‍ കെ
അസ്തമിക്കൂ ചന്ദ്രികേ
ജനങ്ങള്‍ നിന്നെ തോല്‍പിക്കുമെന്ന്
ഞാന്‍ ഭയപ്പെടുന്നു.
കാര്‍മേഘങ്ങള്‍ക്ക് പിന്നില്‍ നീ ഒളിക്കൂ
കുന്നിന്‍ മുകളില്‍ നീ പ്രഭ പരത്തരുതേ
അസ്തമിക്കൂ ചന്ദ്രികേ
ജനങ്ങള്‍ ഉന്മാദികളാകുമ്പോള്‍
നിനക്ക് വിപത്ത് ബാധിക്കുന്നത് ഞാന്‍
ഭയപ്പെടുന്നു
ഓ ചന്ദ്രികേ
സ്വന്തം കുടുംബത്തെ വേര്‍പ്പെടേണ്ടി
വന്ന അറേബ്യന്‍ ബാലിക ഞാന്‍
രക്തരൂക്ഷിതമായ കദനകഥകള്‍
പറയാനുണ്ടെനിക്ക്
അധിനിവേശത്തിന്റെ ഇരയാണു
ഞാന്‍
പരാജിതയുടെ മുലപ്പാല്‍ കുടിച്ചാണ്
ഞാന്‍ വളര്‍ന്നത്
ഒരു ദിവസം എന്റെ വീടിനടുത്ത്
ഞാന്‍ സൈന്യത്തെ കണ്ടു
അന്ന് ഞങ്ങളുടെ പ്രിയപ്പെട്ട
ഗ്രാമത്തിനു ചുറ്റും
കനത്ത ഇരുള്‍ പരന്നിരുന്നു
ആ ദിവസം സൈന്യം എന്റെ
പിതാവിനെ പിടിച്ചുകൊണ്ടുപോയി
അദ്ദേഹത്തിന്റെ കണ്ണുകളില്‍
ബന്ധനസ്ഥന്റെ കണ്ണീര്‍
പുഴകളൊഴുകുന്നുണ്ടായിരുന്നു
പൊടി പറത്തി
ആ ചെന്നായ്ക്കള്‍
ഇരയെ തേടി
ഒരുമിച്ചു കൂടി
ഒരു സൈനികന്‍ സംശയം കലര്‍ന്ന
കണ്ണുകളാല്‍
എന്റെ ഉമ്മയെ ഉപരോധിക്കുന്നത്
ഞാന്‍ കണ്ടു
ഓ ചന്ദ്രികേ
അറബ് സമൂഹത്തോട് രക്ഷക്കു വേണ്ടി
യാചിക്കുന്ന എന്റെ ഉമ്മയുടെ ശബ്ദം
ഞാന്‍ കേട്ടു കൊണ്ടിരുന്നു
മൂര്‍ച്ചയേറിയ കഠാര കൊണ്ട്
തിന്മയെ പ്രതിരോധിക്കുന്ന എന്റെ
ഉമ്മയെ ഞാന്‍ നോക്കിയിരുന്നു
പാവം എന്റെ ഉമ്മ മരിച്ചുപോയി
അവരുടെ മരണം അറബ് ലോകം
അറിഞ്ഞില്ല.
എനിക്ക് അത്ഭുതം തോന്നുന്നു
ചന്ദ്രികേ,
റേഡിയോ സംഗീതത്താല്‍ ഉത്തേജനം
നല്‍കുന്നു
മദ്യക്കോപ്പകള്‍ ലഹരി പിടിപ്പിക്കുന്നു
സന്തോഷഗീതങ്ങള്‍ ഉന്മേഷം നല്‍കുന്നു
ചെവികളില്‍ ഗായകരുടെ ആനന്ദ
കീര്‍ത്തനങ്ങള്‍ പ്രതിധ്വനി മുഴക്കുന്നു.
ടെലിവിഷന്‍ പ്രോഗ്രാമുകളില്‍
‘സന്തോഷ പെരുന്നാള്‍ കുട്ടികളേ’ എന്ന
ആശംസാവചനം പ്രത്യക്ഷപ്പെടുന്നു
ലബനാനിലെ ബാലന് സ്വന്തം ജന്മ
സ്ഥലമറിയില്ല.
അഖ്‌സയിലെ ബാല്യങ്ങള്‍ നഗ്നരും
പട്ടിണിക്കാരുമാണ്.
അഭയാര്‍ഥികളും പകര്‍ച്ച
വ്യാധികളോട് മല്ലിടുന്നവരുമാണവര്‍
അസ്തമിക്കൂ ചന്ദ്രികേ
അവര്‍ പറഞ്ഞു: സന്തോഷവുമായി
തന്നെയാണോ പെരുന്നാള്‍ സുദിനം
ഞങ്ങളിലേക്ക് വരുന്നത്?
രക്തസാക്ഷികളുടെ രക്തത്താല്‍ ഭൂമി
നനഞ്ഞു കൊണ്ടിരിക്കുന്നു.
സുഖലോലുപന്മാരുടെ
അന്തപുരിയിലാണ് സന്തോഷപെരുന്നാള്‍
ഞങ്ങളുടെ ചുവടുകള്‍ക്ക് വാര്‍ധക്യം
ബാധിച്ചിരിക്കുന്നു ചന്ദ്രികേ
സന്തോഷം ഞങ്ങളില്‍ നിന്ന് അകന്നു
കൊണ്ടിരിക്കുന്നു.