5 Friday
December 2025
2025 December 5
1447 Joumada II 14

കോവിഡ്മുക്തര്‍ വീണ്ടും പോസിറ്റീവായാല്‍ രോഗം പടരില്ലെന്ന് ഗവേഷകര്‍

കോവിഡ്-19ല്‍ നിന്ന് പൂര്‍ണമായി മുക്തരാവുകയും എന്നാല്‍, വീണ്ടും പോസിറ്റീവാകുകയും ചെയ്യുന്നവരില്‍ നിന്ന് രോഗം പടരില്ലെന്ന് ഗവേഷകര്‍. ഒരിക്കല്‍ കോവിഡ് വന്നവരുടെ ശരീരത്തില്‍ അത് പ്രതിരോധിക്കാനുള്ള ആന്റിബോഡി രൂപപ്പെടുന്നു. അതോടെ അവര്‍ വീണ്ടും രോഗക്കിടക്കയിലാകാനുള്ള സാധ്യതയും ഇല്ലാതാകുന്നു. കൊറിയയിലെ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനിലെ ഗവേഷകരാണ് പുതിയ കണ്ടുപിടിത്തത്തിനു പിന്നില്‍. രോഗമുക്തി നേടിയതിനു ശേഷം കോവിഡ് പോസിറ്റീവായ 285 പേരിലാണ് സംഘം പഠനം നടത്തിയത്. കോവിഡ് ലക്ഷണങ്ങളില്ലെങ്കിലും ഇവരില്‍ വൈറസ് സാന്നിധ്യമുണ്ടായിരുന്നു. ഇവരില്‍ നിന്നു ശേഖരിച്ച സാമ്പിളുകളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും നിര്‍ജീവാവസ്ഥയിലുള്ളതും മറ്റുള്ളവരിലേക്ക് പകരാന്‍ ശേഷിയില്ലാത്തതുമാണെന്നുമാണ് കണ്ടെത്തിയത്. അതേസമയം, വൈറസ് ബാധ സ്ഥിരീകരിക്കാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന പി സി ആര്‍ പരിശോധനയില്‍ നിര്‍ജീവമായ വൈറസുകളെ തിരിച്ചറിയാന്‍ സാധിക്കില്ല. വൈറസിലെ ന്യൂക്ലിക് ആസിഡ് മാത്രമാണ് അറിയാന്‍ കഴിയുക. അതിനാല്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരിലും നിര്‍ജീവമായ വൈറസ് സാന്നിധ്യം കണ്ടെത്തിയാല്‍ അവര്‍ക്ക് വീണ്ടും രോഗമുണ്ടെന്ന് തെറ്റിദ്ധരിക്കപ്പെടുകയാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

Back to Top