23 Monday
December 2024
2024 December 23
1446 Joumada II 21

ഖുര്‍ആന്‍ വായനയുടെ ആഴക്കടല്‍ – സി കെ റജീഷ്

പഴുത്ത് പാകമായി നില്‍ക്കുന്ന ഒരു ഫലം. ഏറെ ഹൃദ്യമാണ് അതിന്‍റെ മണവും രുചിയും. അല്പം പ്രയാസപ്പെട്ടാണെങ്കിലും തൊലി ആസ്വദിക്കാം. തൊലി കളയുന്നത് ബുദ്ധിമുട്ടാണെന്ന് കരുതിയാലോ? ആ പഴത്തിന്‍റെ മാധുര്യം നിങ്ങള്‍ക്ക് നുകരാനാവുകയില്ല. അതിന്‍റെ നിറവും മണവും രുചിയും നിങ്ങളെ മോഹിപ്പിക്കുന്നുണ്ടെങ്കില്‍ മടികൂടാതെ അത് തൊലിച്ച് കളഞ്ഞ് നിങ്ങള്‍ അത് കഴിക്കാനൊരുങ്ങുകയാണ് വേണ്ടത്. പ്രപഞ്ചനാഥന്‍ വിഭവ സമൃദ്ധമായ വിജ്ഞാനത്തിന്‍റെ ഒരു വിരുന്ന് മനുഷ്യര്‍ക്കായി ഒരുക്കിയിരിക്കുന്നു. വിശുദ്ധ ഖുര്‍ആനാണത്. അതിലെ ആവര്‍ത്തനങ്ങള്‍ നമ്മെ മുഷിപ്പിക്കുകയല്ല, അതിശയിപ്പിക്കുകയാണ് ചെയ്യുന്നത്. അതിമനോഹരമായ ഭാഷയിലും അനിതര സാധാരണമായ ശൈലിയിലും ആണ് അതിലെ വിജ്ഞാനങ്ങള്‍ അടുക്കിവെച്ചിരിക്കുന്നത്. അതിന്‍റെ ഹൃദ്യത നമുക്കനുഭവിക്കണമെങ്കില്‍ അകക്കാമ്പ് തൊട്ടറിഞ്ഞ വായന തന്നെ വേണം. അതിന് അതിലെ ആശയങ്ങളുടെ ആഴങ്ങളിലേക്കിറങ്ങി ചെല്ലുന്ന ആലോചനകള്‍ വേണം. ഇത് അല്പം ശ്രമകരമാണെന്ന് കരുതി കേവലം പാരായണത്തില്‍ ആ ഖുര്‍ആനുമായുള്ള ബന്ധം പരിമിതപ്പെടുത്തിയാലോ? തൊലി കളയാന്‍ മടിച്ച് രുചിയുള്ള പഴത്തിന്‍റെ മാധുര്യം നുണയാന്‍ മോഹിക്കുന്ന ഒരാളെപ്പോലെയാവും നമ്മുടെയും അവസ്ഥ. ഖുര്‍ആനിനെ കുറിച്ചുള്ള ചിന്ത (തദബ്ബുറുല്‍ ഖുര്‍ആന്‍) നാം അവഗണിച്ചാല്‍ ഖുര്‍ആന്‍ പ്രസരിപ്പിക്കുന്ന വൈജ്ഞാനിക പ്രഭാവവും സന്മാര്‍ഗ ദര്‍ശനവും നമുക്കും അന്യമാവും.
‘ഫല്‍സഫത്തുല്‍ ഖുര്‍ആന്‍’ എന്ന കൃതിയില്‍ അബ്ബാസ് മഹ്മൂദ് അഖാദ് ഖുര്‍ആന്‍ ചിന്തയുടെ പ്രാധാന്യത്തെ സൂചിപ്പിച്ചുകൊണ്ട് എഴുതിയതാണിത്. ഖുര്‍ആന്‍ പാരായണത്തിനും പഠന മനനങ്ങള്‍ക്കും സവിശേഷ പ്രാധാന്യം കല്പിക്കുന്ന പുണ്യറമദാനില്‍ ഖുര്‍ആന്‍ വിജ്ഞാനങ്ങളുടെ ആഴവും പരപ്പും തൊട്ടറിഞ്ഞ വായനയും ചിന്തയും നമുക്ക് അന്യമാവാന്‍ പാടില്ല. കേവല വായന കൊണ്ട് തന്നെ സുഗ്രാഹ്യമായ ഈ വിശുദ്ധ ഗ്രന്ഥം വീണ്ടും വീണ്ടും വായിക്കാന്‍ നമ്മെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു. കാരണം അത് മനുഷ്യബുദ്ധിയോടും മനസ്സിനോടും ഒരേ സമയം സംവദിച്ചു കൊണ്ടിരിക്കുന്നു. അതിലെ വിജ്ഞാനങ്ങളാകട്ടെ വികാസക്ഷമതയുള്ളതും ജീവിത ബന്ധിയുമാണ്. ദേശഭാഷാതിര്‍ത്തികളെയൊക്കെ അതിലംഘിച്ച് ഖുര്‍ആന്‍ ലോകര്‍ക്ക് മുമ്പില്‍ നിത്യപ്രസക്തമായി നിലകൊള്ളുന്നതിന് കാരണവും മറ്റൊന്നല്ല. വൈജ്ഞാനികമായി ഏത് നിലവാരത്തില്‍ നില്‍ക്കുന്ന മനുഷ്യര്‍ക്കും ഈ വിശുദ്ധ ഗ്രന്ഥത്തിന്‍റെ സാന്മാര്‍ഗികത ഉള്‍ക്കൊള്ളാനും പ്രയോഗവല്‍ക്കരിക്കാനും സാധിക്കുന്നുവെന്നുള്ളതും അതിന്‍റെ ദൈവികതക്കുള്ള തെളിവാണ്. വ്യത്യസ്ത സൂക്തങ്ങളില്‍ ഖുര്‍ആനിനെ അന്‍പത്തഞ്ച് പേരുകളിലായി അല്ലാഹു തന്നെ പരിചയപ്പെടുത്തി തന്നിട്ടുണ്ട്. ഖുര്‍ആന്‍ എന്ത്? എന്തിന്? എന്നുള്ളതിന്‍റെ ഉത്തരങ്ങള്‍ ആണ് ഈ പേരുകള്‍ ഉപയോഗിച്ചിട്ടുള്ള സൂക്തങ്ങളിലുള്ളത്. അവ്വിധം ഖുര്‍ആനിനെ നാം സമീപിച്ചാല്‍ ഓരോ വായനയും നമുക്ക് വഴികാട്ടിയായി മാറുന്നു. ഓരോ വിജ്ഞാനവും നമുക്ക് വെളിച്ചം പകരും. മനുഷ്യ ബുദ്ധിയോടും മനസ്സിനോടും കാലദേശമില്ലാതെ ഖുര്‍ആന്‍ സംവദിച്ചു കൊണ്ടേയിരിക്കുന്നു. അതുകൊണ്ട് തന്നെ ഒരേ സമയം അറിവിന്‍റെയും തിരിച്ചറിവിന്‍റെയും പാഠങ്ങള്‍ ഖുര്‍ആന്‍ പകര്‍ന്ന് നല്‍കിക്കൊണ്ടിരിക്കുന്നു. വിശ്വാസത്തിന്‍റെ അകബലത്തില്‍ വിവേകത്തിന്‍റെയും വിശുദ്ധിയുടെയും വികാസവഴികളെ അത് തുറന്നിട്ട് തരുന്നു. മന:ശാസ്ത്ര നിര്‍വചന പ്രകാരം ജീവികളുടെ തിരിച്ചറിവിനെയാണ് ബുദ്ധി എന്ന് വിളിക്കുന്നത്. ഈ തിരിച്ചറിവ് മനുഷ്യനിലുണ്ടാവണമെങ്കില്‍ അനിവാര്യമായ ചില സിദ്ധികള്‍ വേണം. ഓര്‍മശക്തി, കാര്യനിര്‍വഹണം, ആശയ വിനിയമം, പ്രശ്ന പരിഹാരം, പ്രയോഗവല്‍ക്കരണം, ആസൂത്രണം എന്നിവയാണവ. ഈ സിദ്ധികളെ മനുഷ്യന്‍റെ ആത്യന്തിക ജീവിതവിജയത്തിനും വ്യക്തിത്വ വികാസത്തിനും ഉപകരിക്കുന്ന വിധം പ്രയോജനപ്പെടുത്താനുള്ള മാര്‍ഗരേഖയില്ലായെങ്കില്‍ ജീവിതം തന്നെ അര്‍ഥ ശൂന്യമായിത്തീരും. ദൈവിക മാര്‍ഗദര്‍ശനത്തിന്‍റെ ശിക്ഷണവലയത്തില്‍ നിന്ന് മനുഷ്യന്‍ ബുദ്ധിയെ പ്രയോജനപ്പെടുത്തുമ്പോള്‍ കാഴ്ചകള്‍ക്കപ്പുറം കാഴ്ചപ്പാടുകള്‍ക്ക് ജീവിതത്തില്‍ ഇടമുണ്ടാകും. അറിവിനപ്പുറം തിരിച്ചറിവിന്‍റെ പാഠങ്ങള്‍ അവന് ജീവിതത്തില്‍ ദിശാബോധം നല്‍കും. ചിന്ത എന്ന മനസ്സിന്‍റെ വ്യാപാരത്തിലൂടെ മനുഷ്യനെ നേര്‍വഴി നടത്താന്‍ കഴിയുന്ന ഒരേയൊരു ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ബുദ്ധിയും ചിന്തയും ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ഖുര്‍ആന്‍ എളിമയുള്ളൊരു മനസ്സും തെളിമയുള്ളൊരു ജീവിതവും സമ്മാനിക്കും.

ചിന്തയുടെ പ്രാധാന്യം ബുദ്ധി കൊടുത്തു ചിന്തിച്ചും മനസ്സുകൊണ്ടും വായിച്ചും ആ വിശുദ്ധ ഗ്രന്ഥത്തെ സമീപിക്കുന്നവര്‍ക്ക് പാഠങ്ങളേറെ ഉള്‍ക്കൊള്ളാനുണ്ടെന്ന് അല്ലാഹു പറയുന്നു. “നിനക്ക് നാം അവതരിപ്പിച്ചു തന്ന അനുഗ്രഹീത ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്മാര്‍ ഉല്‍ബുദ്ധരാകുന്നതിനും വേണ്ടി (38:29). ഖുര്‍ആനിന്‍റെ പാരായണവും അര്‍ഥവും ആശയവും ഗ്രഹിച്ചുകൊണ്ടുള്ള വായനയും മന:പാഠമാക്കലുമെല്ലാം പുണ്യമുള്ള കാര്യങ്ങളാണെങ്കിലും ഖുര്‍ആനിന്‍റെ അവതരണ ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ അവയെക്കുറിച്ച് ആലോചിക്കുകയും (തദബ്ബുര്‍) അവയില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയും (തദക്കുര്‍) വേണമെന്ന് അല്ലാഹു ഉണര്‍ത്തുന്നു. ഖുര്‍ആന്‍ പ്രേരണ നല്‍കുന്ന ചിന്താമണ്ഡലത്തിലൂടെ കടന്നുപോകാന്‍ കേള്‍വിയും കാഴ്ചയും ബുദ്ധിയും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ജ്ഞാനാന്വേഷണം അനിവാര്യമാണ്. അപ്പോള്‍ ലഭിക്കുന്ന തെളിവുകള്‍ വായനക്കാരന്‍റെ വൈജ്ഞാനിക തലത്തെ പോഷിപ്പിക്കുക മാത്രമല്ല ജീവിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയും മനസ്സിന് സംസ്ക്കരണവും നല്‍കുന്നു.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരവേഗമുള്ളത് മനുഷ്യചിന്തക്കാണെന്ന് പറയാറുണ്ട്. പഞ്ചേന്ദ്രിയങ്ങളിലൂടെ മനുഷ്യന് അനുഭവപ്പെടുന്ന കാര്യങ്ങള്‍ എത്ര വേഗത്തിലാണ് ചിന്തയുടെ ചക്രവാളങ്ങളിലൂടെ പടര്‍ന്നു കയറുന്നത്? അവന്‍ ഈ അനുഭവ പരിസരത്തു നിന്ന് തന്നെ അനവധി അറിവുകള്‍ ആര്‍ജിക്കുന്നു. മനുഷ്യന് ഈ ഭൗതിക ലോകത്ത് നിന്ന് ലഭിക്കുന്ന ചില നേര്‍ക്കാഴ്ചകള്‍ ഉള്‍ക്കാഴ്ചകളിലേക്ക് കൂടി വെളിച്ചം വീശണമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അങ്ങനെയാകുമ്പോള്‍ കാഴ്ച കണ്ണുകൊണ്ടുള്ളതും കേള്‍വി ചെവി കൊണ്ടുള്ളതുമായ ഒരു പ്രവര്‍ത്തനം മാത്രമാകില്ല. കാണാത്തതും കേള്‍ക്കാത്തതുമായ ലോകത്തുകൂടി സഞ്ചരിക്കാന്‍ നമ്മുടെ മനസ്സിന് ചിന്ത ഊര്‍ജം പകരുന്നു. മനുഷ്യന്‍റെ ഈ ബഹുവിധ സിദ്ധികളെ പ്രയോജനപ്പെടുത്തുമ്പോള്‍ പ്രപഞ്ചനാഥനിലും വിശ്വാസമെന്ന സിദ്ധമായ ചോദന അവനെ ലക്ഷ്യത്തിലേക്ക് എത്തിക്കുന്നു. യാന്ത്രികതയില്‍ നിന്ന് സക്രിയതിലേക്കും അശ്രദ്ധയില്‍ നിന്ന് ജാഗ്രതയിലേക്കും ജീവിതത്തെ മാറ്റിപ്പണിയാന്‍ ഇത് നിമിത്തമാകുകയും ചെയ്യുന്നു. കൂടുതല്‍ പിഴച്ചവര്‍, ശ്രദ്ധയില്ലാത്തവര്‍ എന്നെല്ലാം ഖുര്‍ആന്‍ പറഞ്ഞ് തരുന്നത് സഹജമായി മനുഷ്യനുള്ള ഈ കഴിവുകളെ പ്രയോജനപ്പെടുത്താതെ ജീവിക്കുന്നവരെ കുറിച്ചാണ്. “ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് മനസ്സുകളുണ്ട്. അതുപോയഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ട് മനസ്സിലാക്കുകയില്ല. അവര്‍ കാലികളെ പോലെയാകുന്നു. അല്ല, അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍.” (7:179)


വിശ്വാസ പ്രധാനമായ മൗലിക വിഷയങ്ങള്‍ പോലും അല്ലാഹു ഖുര്‍ആനില്‍ പ്രതിപാദിക്കുമ്പോള്‍ മനുഷ്യന്‍റെ പഞ്ചേന്ദ്രിയങ്ങളുടെ അനുഭവ പരിസരങ്ങളില്‍ നിന്നുള്ള തെളിവുകളുടെ പിന്‍ബലത്തിലാണ് സംസാരിക്കുന്നത്. അതുകൊണ്ട് നന്ദിബോധത്തോടു കൂടിയുള്ള ജീവിതത്തിന് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തന്നവനായ അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മ അനിവാര്യമാണെന്ന് ഉണര്‍ത്തുന്നു (22:78). അതുകൊണ്ടുതന്നെ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന നിത്യപ്രസക്ത സത്യത്തെ സ്വീകരിക്കാന്‍ മനുഷ്യന്‍ സ്വശരീരത്തെ തന്നെ ആലോചനാ വിഷയമാക്കേണ്ടിയിരിക്കുന്നു. “നിങ്ങളില്‍ തന്നെയും പല ദൃഷ്ടാന്തങ്ങളുണ്ട്. നിങ്ങള്‍ കണ്ടറിയുന്നില്ലേ “(51:21) . ജനിച്ച് പത്തൊന്‍പത് മാസത്തിനു ശേഷം കേള്‍വിയും കാഴ്ചയും നഷ്ടപ്പെട്ട ഹെലന്‍ കെല്ലര്‍ എന്ന ധീര വനിതയുടെ അടുത്ത് ഒരിക്കല്‍ സുഹൃത്ത് വന്നു. കാട്ടുപാതയിലൂടെ നടന്നിട്ട് വന്ന അവളോട് ഹെലന്‍റെ ചോദ്യം ഇതായിരുന്നു: “നീ എന്താണ് വഴിയില്‍ കണ്ടത്? ഒന്നും കണ്ടില്ല എന്ന അവളുടെ മറുപടി ഹെലനെ വിഷമിപ്പിച്ചു. ഹെലന്‍ പറഞ്ഞു ആ വഴിയരികില്‍ നിറയെ സസ്യലതാദികളും, പൂക്കളും പൂമ്പാറ്റകളും പക്ഷിജാലങ്ങളുമൊക്കെയുണ്ട്. അതൊന്നും കാണാനുള്ള കണ്ണും കേള്‍ക്കാനുള്ള കാതും നിനക്കുണ്ടായില്ലേ? അന്ധയും ബധിരയുമായ എന്‍റെ മനസ്സിന്‍റെ സഞ്ചാരം ഇനിയും കാട്ടുപാതയെപ്പറ്റി എന്നെ വല്ലാതെ വാചാലയാക്കം.” കാഴ്ചയും കേള്‍വിയും ഇല്ലാതിരുന്നിട്ടും ബുദ്ധിയും ചിന്തയും പ്രയോജനപ്പെടുത്തി ഉയരങ്ങളിലെത്തിയ ആ വനിതയുടെ ജീവിതയും നമുക്കൊരു പാഠമാണ്. ഇങ്ങനെ എത്രയെത്ര അത്ഭുത പ്രതിഭകള്‍?

ഖുര്‍ആനിലെ പരാമര്‍ശങ്ങള്‍
വിശുദ്ധ ഖുര്‍ആന്‍ അറിവിന്‍റെ അക്ഷയ ഖനിയാണ്. അതിലെ പദാവലികള്‍, ശൈലി പ്രയോഗങ്ങള്‍, ഉപമകള്‍, ഉദാഹരണങ്ങള്‍, ചരിത്ര സംഭവങ്ങള്‍, കഥാവിവരണങ്ങള്‍, ശാസ്ത്ര സൂചനകള്‍, നിയമ പാഠങ്ങള്‍, താക്കീതുകള്‍, സുവിശേഷങ്ങള്‍, സത്യവാചകങ്ങള്‍, ചോദ്യങ്ങള്‍, അഭിസംബോധനകള്‍, കല്പനകള്‍, വിരോധങ്ങള്‍, ഗോത്രനാമങ്ങള്‍, സസ്യജീവി പരാമര്‍ശങ്ങള്‍, പക്ഷികള്‍, സദ്വൃത്തര്‍, ദുര്‍വൃത്തര്‍ എന്നിങ്ങനെ ചിന്താര്‍ഹമായ എത്രയെത്ര വിഷയങ്ങളാണ് ഖുര്‍ആനില്‍ ഉള്ളടങ്ങിയിരിക്കുന്നത്. അതിലെ ആവര്‍ത്തന പദങ്ങളും സംഖ്യാ വിസ്മയങ്ങള്‍ പോലും അമാനുഷികതക്കുള്ള തെളിവുകളാകുന്നു. വിശുദ്ധ ഖുര്‍ആനിലെ കണിശമായ കല്പനകളും ഖണ്ഡിതമായ വിരോധങ്ങളും ഒക്കെ വായിക്കുമ്പോള്‍ അതിനോടനുബന്ധമായി അല്ലെങ്കില്‍ മുന്നോടിയായി അതിന്‍റെ കാരണങ്ങള്‍ കൂടി വ്യക്തമാക്കുന്നു. സ്വാഭാവികമായുള്ള ചോദ്യത്തിന് അവസരം നല്‍കി ഉത്തരം പറയാതെ പറയുന്ന രീതി സ്വീകരിക്കുന്നു. സൂറത്തുല്‍ നംലിലെ 60 മുതല്‍ 64 വരെയുള്ള സൂക്തങ്ങളില്‍ ‘അല്ലാഹുവോടൊപ്പം വേറെ വല്ല ആരാധ്യനോ? എന്ന ചോദ്യം അഞ്ച് തവണ ആവര്‍ത്തിക്കുന്നു. ഈ പ്രപഞ്ചത്തിലുള്ള വസ്തുക്കളില്‍ നിന്നും വസ്തുതകളില്‍ നിന്നും അല്ലാഹുവിന് മാത്രമുള്ള കഴിവിന്‍റെ തെളിവിനെ നിരത്തിക്കൊണ്ടാണ് ഇക്കാര്യം മനുഷ്യചിന്തയിലേക്ക് ഉത്തരമായി നല്‍കുന്നത്. അല്ലാഹു അല്ലാതെ മറ്റൊരാരാധ്യനും ഇല്ല എന്ന സത്യം. അത്യുന്നതനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക (87:1) എന്ന കല്പനയില്‍ ആ രക്ഷിതാവിനെക്കുറിച്ച് ചിന്തിക്കാനുള്ള വിശാലമായ വൈജ്ഞാനിക ലോകത്തെ അല്ലാഹു തുറന്നിട്ട് തരുന്നു. സൃഷ്ടിപ്പിന്‍റേതും (ഖല്‍ക്ക്), ശരിപ്പെടുത്തലിന്‍റെയും (തസ്വിയത്ത്), നിര്‍ണയത്തിന്‍റെയും (തഖ്ദീര്‍), മാര്‍ഗദര്‍ശന (ഹിദായത്ത്) ത്തിന്‍റെതുമാണത്. ഭൗതിക ജീവിതത്തില്‍ തെളിവുകളുടെ പിന്‍ബലത്തില്‍ കാര്യങ്ങള്‍ സ്ഥിരീകരിക്കുകയും തീരുമാനത്തിലെത്തുകയും ചെയ്യുന്ന മനുഷ്യന് ചിന്തിക്കാനുള്ള ഒട്ടേറെ വൈജ്ഞാനിക വിഭവങ്ങളെ വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു ഇറക്കിത്തന്നിരിക്കുന്നു. അതുകൊണ്ട് ചിന്തയില്‍ നിന്ന് വിമുഖത കാണിക്കുന്നവര്‍ക്ക് നികൃഷ്ടത വരുത്തിവെക്കുമെന്ന് അവന് മുന്നറിയിപ്പ് നല്‍കുന്നു. (10:100)

ഖുര്‍ആനിന്‍റെ വായന
വായന ചിന്തോദ്ദീപകമായ പ്രവര്‍ത്തനമാണ്. അറിവിന്‍റെ സ്രോതസ്സായ വായന ഉദാസീന ഭാവത്തില്‍ ചെയ്യേണ്ട ഒന്നല്ല. ഒരു വ്യക്തിയില്‍ സൃഷ്ടിപരമായ പ്രവര്‍ത്തികളുടെ അടിത്തറ രൂപം കൊള്ളുന്നത് വായിക്കുന്ന രീതിയെ അടിസ്ഥാനപ്പെടുത്തിയാണ്. ‘വായിക്കുക’ എന്ന ആഹ്വാനത്തോടെ അവതരണാരംഭം കുറിക്കപ്പെട്ട വിശുദ്ധ ഖുര്‍ആന്‍ വേദവായനയുടെ രീതിശാസ്ത്രവും തിരുനബിയെ പഠിപ്പിച്ചു. വിശുദ്ധ ഖുര്‍ആനിന്‍റെ അവതരണം തന്നെ അല്പാല്പമാക്കിയത് അവധാനതയോടെ അത് ഓതിക്കൊടുക്കാനാണെന്ന് ഉണര്‍ത്തി (17:106). അത് ഹൃദിസ്ഥമാക്കാന്‍ അനാവശ്യ ധൃതി പാടില്ലെന്നും പറഞ്ഞു (75:16). ഖുര്‍ആനിന്‍റെ അവതരണ ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ അതിലെ വചനങ്ങളോരോന്നും മനസ്സിനെ സ്പര്‍ശിക്കുകയും വിശ്വാസത്തിന്‍റെ അകബലം കൊണ്ടുള്ള അചഞ്ചലാവസ്ഥ മനസ്സിന് കൈവരിക്കുകയും വേണ്ടതുണ്ട്. സത്യനിഷേധികളുടെ പരിഹാസ ചോദ്യത്തിന് മറുപടിയെന്നോണം അല്ലാഹു ഇക്കാര്യം ഇങ്ങനെ തെര്യപ്പെടുത്തി. സത്യനിഷേധികള്‍ പറഞ്ഞു. ഇദ്ദേഹത്തിന് ഖുര്‍ആന്‍ ഒറ്റത്തവണയായി ഇറക്കപ്പെടാത്തതെന്താണ്? അത് അപ്രകാരം ഘട്ടം ഘട്ടങ്ങളിലായി അവതരിപ്പിക്കുക തന്നെയാണ് വേണ്ടത്. അതുകൊണ്ട് നിന്‍റെ ഹൃദയത്തെ ഉറപ്പിച്ച് നിര്‍ത്താന്‍ വേണ്ടിയാകുന്നു. ശരിയായ സാവകാശത്തോടെ നാമത് പാരായണം ചെയ്ത് കേള്‍പ്പിക്കുകയും ചെയ്തിരിക്കുന്നു (25: 22, ).
സാവകാശ ക്രമത്തില്‍ പാരായണം ചെയ്യണമെന്ന കല്പന പ്രകാരം നബി(സ) നമസ്കാരത്തില്‍ പോലും അവധാനതയോടുകൂടിയാണ് ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നത്. ഹുദയ്ഫ(റ)ല്‍ നിവേദനം. ഒരു രാത്രി നബി(സ)യോടൊപ്പം നമസ്കരിച്ചു. നബി(സ) സാവകാശ ക്രമത്തില്‍ പാരായണം ചെയ്തുകൊണ്ടിരുന്നു. തസ്ബീഹ് (പ്രകീര്‍ത്തനം) നടത്തേണ്ട സൂക്തത്തിന്‍റെ അടുത്തെത്തിയാല്‍ അദ്ദേഹം പ്രകീര്‍ത്തിക്കും. ചോദ്യം ബാക്കി വെക്കുന്ന സൂക്തത്തിന്‍റെ അടുത്തെത്തിയാല്‍ ചോദിക്കും (മനസ്സില്‍) രക്ഷ തേടേണ്ട സൂക്തത്തിന്‍റെ അടുത്തെത്തിയാല്‍ അല്ലാഹുവിനോട് രക്ഷതേടും. (മുസ്ലിം 772)
ഖുര്‍ആനിക സൂക്തങ്ങളുടെ വായനയും പഠനവും പൂര്‍ണമാകുക അതിലുള്ളടങ്ങിയ ദൈവിക മാര്‍ഗദര്‍ശനങ്ങളെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക കൂടി ചെയ്യുമ്പോഴാണ്. അതുകൊണ്ടു തന്നെ വേദവചനങ്ങളെ ‘ഓതിത്തീര്‍ക്കുകയോ’ പഠിച്ചുപോകുകയോ ചെയ്യുന്നതിലുപരി സമയമെടുത്ത് ചിന്തിക്കുകയും അതിനെ പ്രയോഗവല്‍ക്കരിക്കാനുള്ള അവധാനതയോട് കൂടി പഠനത്തെ ചിട്ടപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് നബി(സ)യും അനുചരരും ഖുര്‍ആനിന്‍റെ വായനയില്‍ സ്വീകരിച്ചത്. ഇബ്നു മസ്ഊദ്(റ) നിവേദനം. ഞങ്ങളില്‍ പെട്ട ഒരാള്‍ പത്ത് സൂക്തങ്ങള്‍ പഠിച്ചവനാകുന്നത് അതിന്‍റെ ആശയങ്ങള്‍ പൂര്‍ണമായി ഗ്രഹിച്ച് അത് കര്‍മമായി ജീവിതത്തില്‍ കൊണ്ടുവരുമ്പോഴാണ് (തഫ്സീറുത്ത്വബ്രി 1:80). വിശുദ്ധ ഖുര്‍ആനിലെ ഏറ്റവും വലിയ അധ്യായമായ അല്‍-ബഖറ പഠിക്കാന്‍ ഉമര്‍(റ) പന്ത്രണ്ടു വര്‍ഷമെടുത്തുവെന്ന് ചരിത്രത്തില്‍ കാണാം. (നുസ്ഹത്തുല്‍വുളലാഅ് 1:35).
വിശുദ്ധ ഖുര്‍ആന്‍ പാരായണം, പഠനം, മനനം, പ്രയോഗവല്‍ക്കരണം, ഹൃദിസ്ഥമാക്കല്‍ എന്നീ അഞ്ച് കാര്യങ്ങളിലൂന്നി ഖുര്‍ആനുമായി ഹൃദയ ബന്ധം കാത്തുസൂക്ഷിക്കാന്‍ നബി(സ) പഠിപ്പിച്ചു. അനുചരര്‍ ആ മാതൃക പിന്‍പറ്റിയതുകൊണ്ടാണ് ആ വിശുദ്ധ ഗ്രന്ഥം അവരുടെ ജീവിതത്തെ അത്രമേല്‍ സ്വാധീനിച്ചത്. വിശുദ്ധ ഖുര്‍ആനിന്‍റെ വായന വ്യര്‍ഥമാകാതിരിക്കാന്‍ ഈ അഞ്ചു കാര്യങ്ങളും ശ്രദ്ധിച്ചേ തീരൂ. വാമൊഴിയേക്കാള്‍ വരമൊഴിക്ക് പ്രാധാന്യം കൂടുകയും കാഴ്ചയുടെ ലോകമായി പുതിയ കാലത്ത് വായന രീതിയില്‍ വരെ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. വായന രീതിയിലുള്ള മാറ്റങ്ങള്‍ നമ്മുടെ മനന സംസ്കാരത്തെയും മാറ്റിപ്പണിയുന്നുണ്ട്. മനസ്സിനെ സ്പര്‍ശിക്കാത്ത, ചിന്തയെ തൊട്ടുണര്‍ത്താത്ത, കാഴ്ചപ്പാടിനെ തിരുത്തലിന് വിധേയമാക്കാത്ത നിരര്‍ഥക വായനയായി വേദ വായന മാറരുത്. കേവലം അക്ഷര വായനയായി മാറാതെ ആശയങ്ങളുടെ ആകാശ വിസ്തൃതിയിലേക്ക് ചിന്തയിലൂടെ പടര്‍ന്നുകയറാന്‍ സാധിച്ചാല്‍ വിശുദ്ധ ഖുര്‍ആന്‍ ഹൃദയത്തില്‍ നന്മയുടെ വസന്തം തീര്‍ക്കുക തന്നെ ചെയ്യും, തീര്‍ച്ച.

Back to Top