23 Wednesday
October 2024
2024 October 23
1446 Rabie Al-Âkher 19

കോവിഡാനന്തരം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാറ്റം വരും – എന്‍ പി ചെക്കുട്ടി /വി കെ ജാബിര്‍

കോവിഡ് പ്രശ്നം കൈകാര്യം ചെയ്തതു പോലും രാജ്യത്തിന്‍റെ സാഹചര്യം മനസ്സിലാക്കാതെ ആയിരുന്നു. ജനങ്ങളുടെ പ്രതികരണം എന്താണ്, എന്താകും?

കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പൊടുന്നനെ രാജ്യം അടച്ചുപൂട്ടിയപ്പോള്‍ സാധാരണ മനുഷ്യര്‍ക്കും തൊഴിലാളികള്‍ക്കും ഭക്ഷണം കിട്ടാന്‍ ഒരു വഴിയും അവശേഷിച്ചിരുന്നില്ല. പണം നല്‍കിയാല്‍ പോലും ഭക്ഷണം ലഭിക്കാത്ത അവസ്ഥ. മഹാഭൂരിപക്ഷം ജനങ്ങള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെ എന്തെങ്കിലും ആനുകൂല്യം നല്‍കുന്നതിനെ കുറിച്ച് രാജ്യം ഭരിക്കുന്നവര്‍ ആലോചിച്ചില്ല എന്നത് ചെറിയ കാര്യമാണോ.
രാത്രി 9 മണിക്ക് രാജ്യം പൂട്ടുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നു. പന്ത്രണ്ടു മണിയോടെ പൊതു വാഹന ഗതാഗതം സ്തംഭിക്കുന്നു. അപ്പോള്‍ ജനം എന്തു ചെയ്യും. ഏറ്റവും പരിമിതമായ മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട ഒരവസ്ഥയിലാണ് രാജ്യം.
ദല്‍ഹിയില്‍ നിന്ന് മാതൃസംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്ത ആയിരക്കണക്കിന് തൊഴിലാളികളുടെ അവസ്ഥ ദയനീയമായിരുന്നു. ആയിരത്തി അഞ്ഞൂറ് കിലോമീറ്ററുകളാണ് വളരെ പ്രതികൂല സാഹചര്യത്തില്‍ ഓരോ മനുഷ്യരും നടന്നുപോകാന്‍ തയ്യാറായത്. നമ്മുടെ സങ്കല്പത്തിനുമപ്പുറത്താണ് യാഥാര്‍ഥ്യങ്ങള്‍. ഇന്ത്യാ വിഭജന കാലത്ത് ഇവിടെ നിന്ന് ആയിരങ്ങള്‍ നടന്നും കാളവണ്ടിയിലുമൊക്കെ പാകിസ്താനിലേക്കും അവിടെ നിന്ന് ആയിരങ്ങള്‍ എല്ലാം നഷ്ടപ്പെട്ട് ഇന്ത്യയിലേക്കും പലായനം ചെയ്യുകയുണ്ടായി. അതിനെ ഓര്‍മിപ്പിക്കുന്ന ദുരന്തങ്ങളാണ് ഇപ്പോള്‍ രാജ്യത്തുണ്ടായത്. ഇവയൊക്കെ മതത്തിനു പുറത്തെ വിഷയങ്ങളാണ്. മതകാര്യങ്ങളല്ല അവരെ അലട്ടുന്നത്, പട്ടിണിയും തൊഴില്‍ നഷ്ടവുമാണ്. കഴിഞ്ഞയാഴ്ച ദല്‍ഹിയില്‍ ആളുകള്‍ ഭക്ഷണത്തിനു വേണ്ടി രണ്ടു കിലോമീറ്ററാണ് ക്യൂ നിന്നത്.
ഇത്തരം യാഥാര്‍ഥ്യങ്ങളുടെ അനുഭവ പശ്ചാത്തലത്തില്‍ പുതിയ പ്രസ്ഥാനങ്ങള്‍ വരും. അത് ബുദ്ധിമുട്ടുന്ന ജനങ്ങളുടെ മുന്നണിയായിട്ടാകും രൂപപ്പെടുക. അങ്ങനെ വരുമ്പോള്‍, വര്‍ഗീയതയുടെ രാഷ്ട്രീയത്തിനപ്പുറമുള്ള ഒരു പുതിയ രാഷ്ട്രീയം ഉദയം കൊള്ളും. ഭാഗ്യവശാല്‍, മുസ്ലിംകളിലും ദളിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളിലും വളരെ ശക്തരായ യുവനേതാക്കളുണ്ടെന്നത് ആശാവഹമാണ്. അവര്‍ കാര്യങ്ങളെ വിശാലമായ കാഴ്ചപ്പാടുകളിലാണ് കാണുന്നത്. ദളിത് വിഭാഗങ്ങളില്‍ നല്ല സ്വാധീനമുള്ള ചന്ദ്രശേഖര്‍ ആസാദ്, ജിഗ്നേഷ് മേവാനി, ഉമര്‍ ഖാലിദ്, ഗുജറാത്തിലെ ഹര്‍ദിക് പട്ടേല്‍ തുടങ്ങി രാജ്യത്തിന്‍റെ നാനാ ഭാഗങ്ങളിലും പുതുതായി ഉയര്‍ന്നുവരുന്ന വിവിധ സമുദായക്കാരായ യുവനേതാക്കള്‍ വ്യത്യസ്തമായ ഭാഷയിലാണ് സംസാരിക്കുന്നത്.
അധികാരം അവരെ സംബന്ധിച്ച് ഇപ്പോള്‍ പ്രശ്നമല്ല. അധികാരത്തിനപ്പുറം ജനങ്ങളുടെ അടിസ്ഥാന പ്രശ്നം അഡ്രസ് ചെയ്ത്, വളരെ ശക്തമായ സമര മുന്നേറ്റങ്ങളുമായാണ് (അതിന് എന്തു ത്യാഗവും സഹിക്കാന്‍ തയ്യാറായി) ഇവര്‍ മുന്നോട്ടുവരുന്നത്.
ചന്ദ്രശേഖര്‍ ആസാദിനെ ദല്‍ഹി ജുമാ മസ്ജിദിനകത്തേക്ക് മുസ്ലിംകള്‍ ക്ഷണിച്ചുവരുത്തി അവിടെ സംസാരിക്കാന്‍ പറഞ്ഞത് നിസ്സാരമായ അര്‍ഥമല്ല പ്രസരിപ്പിക്കുന്നത്. മുസ്ലിം വിഭാഗങ്ങളില്‍, വിശേഷിച്ച് ഉത്തരേന്ത്യയില്‍ സാധാരണ സംഭവിക്കാത്ത കാര്യമാണത്. മതപുരോഹിതരുടെ ആഹ്വാനം തള്ളിയാണ് അവര്‍ ആസാദിനെ വരവേറ്റത്. ആ തരത്തിലുള്ള നീക്കങ്ങളുടെ മാനസികമായ അനന്തരഫലം ചെറുതല്ല. ഇത്തരം സമുദായങ്ങള്‍ കൈ കോര്‍ക്കുമ്പോള്‍ അത് ഇന്ത്യയിലെ മഹാഭൂരിപക്ഷം വരും.
ദലിത് പിന്നാക്ക സമുദായങ്ങള്‍ വളരെ ശക്തമാണ്. ആര്‍ എസ് എസിന്‍റെ ഹിന്ദുത്വ പ്രത്യയശാസ്ത്രം മേല്‍ജാതിക്കാരുടെതാണ്. അവര്‍ രാജ്യത്ത് ജനസംഖ്യാപരമായി ഭൂരിപക്ഷമൊന്നുമില്ല. ഇവിടെ സാധാരണ ജനങ്ങള്‍ യോജിക്കുമ്പോള്‍ വലിയ മാറ്റമുണ്ടാകും. ആ പരിവര്‍ത്തനത്തിനു അനുയോജ്യമായി സംസാരിക്കാന്‍ കെല്പുള്ള, ആശയങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ കഴിവുള്ള ശക്തരായ പുതിയ തലമുറ രംഗത്തുണ്ട്. അത് രാജ്യത്തിന് വലിയ പ്രതീക്ഷയാണ്.

തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ഈ മൂവ്മെന്‍റിന് എന്തു മാറ്റം സൃഷ്ടിക്കാനാകുമെന്നാണ് കരുതുന്നത്

ഇപ്പോള്‍ രാജ്യത്തുണ്ടായിരിക്കുന്ന മാറ്റം സാമൂഹികവും പ്രത്യയശാസ്ത്രപരവുമാണ്. അത് രാഷ്ട്രീയ മൂവ്മെന്‍റായും അനുരണനമായും വരേണ്ടതുണ്ട്. അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ആശയതലത്തില്‍ കൈവരിച്ച സ്പഷ്ടത വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള യോജിപ്പിനുള്ള സാധ്യതകള്‍ തുറന്നിടുന്നു. ഇത് പിന്നീട് മൂവ്മെന്‍റുകളും പ്രസ്ഥാനങ്ങളുമായി രൂപപ്പെടണം. ഈ പ്രസ്ഥാനങ്ങള്‍ രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ യാഥാര്‍ഥ്യമായി കഴിഞ്ഞിട്ടുണ്ട്.
എന്‍ ആര്‍ സി വിരുദ്ധ സമരങ്ങളില്‍ നാം കണ്ടത് വിശാലമായ ഐക്യ സാധ്യതകളാണ്. ആ സമരത്തിന് നേതൃത്വം കൊടുത്തത് സാധാരണ ജനങ്ങളും സ്ത്രീകളുമായിരുന്നു. ഏതെങ്കിലും സംഘടിത രാഷ്ട്രീയ പാര്‍ട്ടികളല്ല മുന്നില്‍ നിന്നത്. സാഹചര്യം പുതിയ മൂവ്മെന്‍റുകളുടെ ഉദയത്തിന് വഴിയൊരുക്കി കഴിഞ്ഞു. അതിനി രാഷ്ട്രീയ പാര്‍ട്ടികളോ പ്രസ്ഥാനങ്ങളോ ആയി പരിണമിച്ചുവരണം. അത് സാധാരണ നിലയില്‍ സമയമെടുത്തുണ്ടാവേണ്ട പ്രക്രിയയാണ്. ചിലപ്പോള്‍ വളരെ പെട്ടെന്നും സംഭവിച്ചേക്കാം. അതൊരുപക്ഷെ അടുത്ത തെരഞ്ഞെടുപ്പു വരുമ്പോഴേക്ക് വളരെ കരുത്തുള്ള പുതിയ മുന്നേറ്റങ്ങള്‍ ആവാന്‍ സാധ്യതയുണ്ട്.
അടിയന്തരാവസ്ഥ കാലത്തെ അനുഭവം ഇതിനു ന്യായീകരിക്കാന്‍ മതിയായതാണ് എന്നു തോന്നുന്നു. ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുമ്പോള്‍ രാജ്യത്ത് പറയത്തക്ക പ്രതിപക്ഷമുണ്ടായിരുന്നില്ല. പ്രതിപക്ഷ നേതാക്കള്‍ ഭൂരിഭാഗവും ജയിലിലായിരുന്നു. അവര്‍ തമ്മില്‍ യോജിപ്പില്ല, വിവിധ പാര്‍ട്ടികളിലുമായിരുന്നു. കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. പക്ഷെ ജയിലിലിരുന്നുകൊണ്ടാണ് യോജിച്ചുനില്‍ക്കാന്‍ വിവിധ പാര്‍ട്ടികള്‍ തീരുമാനിക്കുന്നത്. വളരെ പെട്ടെന്നു രൂപപ്പെട്ട സംഗതി.
അതേ തരത്തില്‍ വളരെ പ്രത്യക്ഷമായ നിലയില്‍ കാണാന്‍ കഴിയുന്നില്ലെങ്കിലും വളരെ ഗാഢമായ ഐക്യത്തിന്‍റെ സാധ്യത വളര്‍ന്നുവരുന്നുണ്ട്. അതിന് ആരാണ് നേതൃത്വം നല്‍കുക, ആരൊക്കെയാണ് നേതാക്കളായി വരിക എന്നൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല. പക്ഷെ ഇപ്പോഴുള്ള മുഖ്യധാരാ നേതൃത്വത്തില്‍ വലിയ മാറ്റം വരുമെന്നുറപ്പാണ്. പല നേതാക്കളും തമസ്കരിക്കപ്പെടും. പുതിയ ഒരുപാട് നേതാക്കള്‍ ഉയര്‍ന്നുവരും. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ വരാന്‍ പോകുന്ന ഒരു പ്രക്രിയയാണ് അത്. ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വത്തിലും രാഷ്ട്രീയത്തിലും പ്രകടമായ മാറ്റം കോവിഡാനന്തര തലമുറയില്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

മുസ്ലിംകള്‍ ഉള്‍പ്പെടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ വ്യാപകമായ വിധം ഭരണകൂടത്തില്‍ നിന്നും ഭരണഘടനാ സ്ഥാപനങ്ങളില്‍ നിന്നും നടപടിയുണ്ടാകുമ്പോള്‍ രാജ്യത്തെ മതേതര പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറെക്കുറെ നിശ്ശബ്ദമാണ്. എന്താണിതു ബോധ്യപ്പെടുത്തുന്നത്?

നിര്‍ഭാഗ്യവശാല്‍, ഇന്ത്യന്‍ സമൂഹത്തിന്‍റെ വലിയൊരു പ്രശ്നം, ഭൂരിപക്ഷ സമുദായത്തിനകത്ത് ഒരു തരത്തിലുള്ള വര്‍ഗീയവാദ പ്രവണതകള്‍ വര്‍ധിച്ചുവരുന്ന ഒരു കാലമാണിതെന്നതാണ്. ദേശീയ പ്രസ്ഥാന കാലത്ത് സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടായിരുന്നെങ്കിലും അതിനെ ചെറുക്കുന്ന ഒരുപാട് ധാരകളും അതിനകത്തുണ്ടായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെ ഭാഗമായിട്ടാണ് നിസ്സഹകരണ പ്രസ്ഥാനം തുടങ്ങിയത്. മൗലാന മുഹമ്മദലിയും ഷൗക്കത്തലിയും ഗാന്ധിജിയും ഒരുമിച്ച് ദേശീയ പ്രസ്ഥാനത്തില്‍ അണിനിരന്നിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ആ സമീപനത്തില്‍ നിന്നു പല പാര്‍ട്ടികളും മാറി.
ദേശീയതയുടെ പാരമ്പര്യം അമ്പതുകൊല്ലത്തോളം പല പാര്‍ട്ടികളിലും നിലനിന്നിരുന്നു. പക്ഷെ ഇപ്പോള്‍ വര്‍ഗീയ വിഭജനത്തിന്‍റേതായ രാഷ്ട്രീയമാണ് മേല്‍ക്കൈ നേടുന്നത്. ഭൂരിപക്ഷ, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് വര്‍ഗീയതയിലൂന്നിയ, മാറ്റിനിര്‍ത്തുന്ന സമീപനങ്ങള്‍ ഉണ്ടാകുന്നുണ്ട്. സമുദായങ്ങളെ യോജിപ്പിക്കുന്നതിനു പകരം ഭിന്നിപ്പിച്ചു ഭരിക്കുന്ന, പ്രയോഗിക്കാന്‍ എളുപ്പമുള്ള നിലപാട് രാഷ്ട്രീയ കക്ഷികള്‍ നടപ്പാക്കുന്നുണ്ട്. മൃദു ഹിന്ദുത്വ സമീപനം കോണ്‍ഗ്രസ് പണ്ടുമുതലേ സ്വീകരിച്ചതാണ്. ബാബരി മസ്ജിദ് തകര്‍ത്ത വേളയില്‍ പ്രധാനമന്ത്രി നരസിംഹ റാവു പൂജാമുറിയില്‍ കയറി വാതിലടച്ചത് ഈ സമീപനത്തിന്‍റെ ഭാഗമായിരുന്നു. ഹിന്ദു വോട്ട് താനായിട്ട് നഷ്ടപ്പെടുത്തേണ്ട എന്ന നിലപാടായിരുന്നു റാവുവിന്‍റെ മൗനത്തിന് പിന്നില്‍.
നേരത്തെ ലാല്‍കൃഷ്ണ അദ്വാനി അയോധ്യയിലേക്ക് രഥയാത്ര നടത്തിയപ്പോള്‍ വി പി സിംഗ് അത് അനുവദിക്കില്ലെന്നു പ്രഖ്യാപിക്കുകയും സഹറന്‍പൂരില്‍ നിന്ന് അറസ്റ്റു ചെയ്ത് ലോക്കപ്പിലാക്കുകയും ചെയ്തിരുന്നു. അത്തരമൊരു സമീപനം തന്നെയാണ് ഇടതുപക്ഷം ഉള്‍പ്പെടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ എടുത്തത്. ഭൂരിപക്ഷ സമുദായത്തിന് ഹിതകരമല്ലാതെ വരുമോ എന്ന ചിന്തയാണ് അല്പം മുസ്ലിം വിരുദ്ധമായാല്‍ പോലും, അവസരവാദപരമായ സമീപനം സ്വീകരിക്കാന്‍ മതേതര രാഷ്ട്രീയ പാര്‍ട്ടികളെ പ്രേരിപ്പിച്ചത്. സമൂഹത്തിലെ ഒരു പ്രശ്നമാണത്.
കടുത്ത അനുഭവ യാഥാര്‍ഥ്യത്തിന്‍റെ അടിസ്ഥാനത്തില്‍, മതജാതി വര്‍ഗമന്യെ ജനങ്ങള്‍ ഒന്നിച്ചുവരുന്നത് (ഉദാഹരണത്തിന് വിദേശരാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ പ്രശ്നം) വളരെ വലിയ ജനകീയ ഐക്യത്തിനു കാരണമായിത്തീരും. അവര്‍ സംഘടിക്കുന്നത് മതത്തിന്‍റെ അടിസ്ഥാനത്തിലല്ല, യാഥാര്‍ഥ്യ ബോധത്തിന്‍റെ വെളിച്ചത്തിലാണ് അവര്‍ കാര്യങ്ങളെ കാണുന്നത്. രാജ്യത്തിനകത്തും മറ്റൊരു തരത്തില്‍ ഈ അനുഭവം നിലനില്‍ക്കുന്നുണ്ട്. തീഷ്ണമായ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജനകീയ മുന്നേറ്റങ്ങളുണ്ടാകുമ്പോള്‍ പാര്‍ട്ടികള്‍ക്കു മാറി ചിന്തിക്കേണ്ടിവരും.

ഇപ്പോഴത്തെ സന്ദിഗ്ധ രാഷ്ട്രീയ സാഹചര്യത്തില്‍ മുസ്ലിംകള്‍ രാഷ്ട്രീയമായി സംഘടിക്കണമെന്ന വാദത്തെ എങ്ങനെ കാണുന്നു?

ഐഡന്‍റിറ്റി പൊളിറ്റിക്സ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ രൂപപ്പെടുന്നുണ്ട്. മുസ്ലിം സമുദായത്തെ സംബന്ധിച്ച്, മുസ്ലിംലീഗ് അങ്ങനെയാണ് 1948-ല്‍ ഇന്ത്യയില്‍ പുനര്‍ രൂപീകരിക്കപ്പട്ടത്. എന്നാല്‍ ആ പാര്‍ട്ടി മുസ്ലിംകള്‍ക്ക് വലിയ പ്രയോജനം ചെയ്തു എന്നു പറയാനാവില്ല. കേരളത്തിലൊഴികെ മറ്റൊരിടത്തും പാര്‍ട്ടിക്കു കാര്യമായ പിന്തുണയും ലഭിച്ചില്ല. അതിനൊരു കാരണം വിഭജനത്തിനു ശേഷമുണ്ടായ കാലാവസ്ഥയാണ്. കേരളത്തിലും തമിഴ്നാട് പോലുള്ള സ്ഥലത്തുമൊഴികെ മറ്റു സംസ്ഥാനങ്ങളില്‍ പിന്തുണ കിട്ടാതിരുന്നതിനു കാരണം, നേതാക്കള്‍ ഭൂരിഭാഗവും പാകിസ്താനിലേക്കു പോയതും മുഖ്യധാരാ പാര്‍ട്ടികളില്‍ മുസ്ലിംകള്‍ വിശ്വാസമര്‍പ്പിച്ചു എന്നതുമാണ്.
കേരളത്തില്‍ തന്നെ മലബാറില്‍ മാത്രമാണ് പാര്‍ട്ടിക്ക് വലിയ പിന്തുണ ലഭിച്ചത്. കഴിഞ്ഞ പത്തമ്പതു വര്‍ഷത്തെ അനുഭവം പരിശോധിച്ചാല്‍ കേരളത്തില്‍ ലീഗ് ഒരു പരിധിവരെ സമുദായത്തിന് ഗുണമുണ്ടാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ പ്രവര്‍ത്തനം കാരണമാണ് വിദ്യാഭ്യാസ രംഗത്തുണ്ടായ വലിയ മാറ്റം സാധ്യമായത്. മറ്റു വിഭാഗങ്ങളെ പോലെ തന്നെ ഭരണരംഗത്തും മറ്റും ശക്തമായി ഇടപെടാന്‍ സാധിച്ചു. രാജ്യത്തെ മറ്റിടങ്ങളെക്കാള്‍ മെച്ചപ്പെട്ട സ്ഥിതിയുണ്ട്. ഇക്കാര്യം നിഷേധിക്കാന്‍ കഴിയില്ല.
നേരെ മറിച്ച് മുസ്ലിം സമുദായാംഗങ്ങള്‍ കമ്യൂണിസ്റ്റു പാര്‍ട്ടികളിലും കോണ്‍ഗ്രസിലും സംഘടിതമായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷെ കേരളത്തില്‍ രണ്ടോ മൂന്നോ മുസ്ലിം മുഖ്യമന്ത്രിമാര്‍ ഉണ്ടാകുമായിരുന്നു. സി എച്ച് മുഹമ്മദ് കോയ അമ്പതു ദിവസം മുഖ്യമന്ത്രിയായത് ഒഴിച്ചാല്‍ ഒരാള്‍ക്കും മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ സാധിച്ചിട്ടില്ല. മേല്‍ജാതി സ്വാധീനം നന്നായി ഉള്ള സി പി എമ്മില്‍ നിന്ന് രണ്ടു ഈഴവ മുഖ്യമന്ത്രിമാര്‍ ഉണ്ടായി എന്നത് വിസ്മരിക്കരുത്. നമ്പൂതിരിപ്പാട് രണ്ടു തവണയും നായനാര്‍ നാലു തവണയും പിന്നെ പി കെ വിയും അച്യുതമേനോനും തുടങ്ങി മേല്‍ജാതിക്കാരാണ് ശേഷിച്ച മുഖ്യമന്ത്രിമാര്‍. പിന്നാക്ക വിഭാഗത്തില്‍ നിന്ന് വി എസ് അച്യുതാനന്ദനെയും പിണറായി വിജയനെയും കൊണ്ടുവരാന്‍ സാധിച്ചു. കോണ്‍ഗ്രസില്‍ നിന്ന് ആര്‍ ശങ്കര്‍ മുഖ്യമന്ത്രിയായി.
മറ്റു സമുദായങ്ങള്‍ ശക്തമായ രാഷ്ട്രീയ സ്വാധീനം പാര്‍ട്ടികളില്‍ ചെലുത്താന്‍ തുടങ്ങി എന്നത് നാം മനസ്സിലാക്കണം. അവ്വിധം രാഷ്ട്രീയ സ്വാധീനം ചെലുത്തുന്നതില്‍, സത്യസന്ധമായി പറഞ്ഞാല്‍ കേരളത്തിലെ മുസ്ലിംകള്‍ പരാജയപ്പെടുകയായിരുന്നു. അവര്‍ എപ്പോഴും രണ്ടാം സ്ഥാനത്തിനു വേണ്ടി മാത്രമേ പരിശ്രമിച്ചുള്ളൂ. അവര്‍ക്കു ഒന്നാം നമ്പര്‍ വേണ്ട എന്ന മനോഭാവമായിരുന്നു യഥാര്‍ഥത്തില്‍ ഉണ്ടായത്.
നേതാക്കളുടെ കഴിവ് രാഷ്ട്രീയ സംഘാടനത്തില്‍ അതി പ്രധാനമാണ്. നേരത്തെ പറഞ്ഞ ഉമര്‍ ഖാലിദ്, റാണ അയ്യൂബ് പോലെ യുവതലമുറയിലുള്ള നേതാക്കളെ മുസ്ലിം നേതാക്കള്‍ എന്ന നിലയിലല്ല കാണേണ്ടത്. യുവതലമുറയിലെ കരുത്തുറ്റ അഭിപ്രായങ്ങള്‍ എന്ന തരത്തിലാണ് അവരെ പൊതുവെ കാണുന്നത്. സ്വാഭാവികമായും കഴിവുള്ള, ജനങ്ങളെ ആകര്‍ഷിക്കാന്‍ പ്രാപ്തിയുള്ള, കാര്യങ്ങള്‍ മനസ്സിലാക്കാനും പറയാനും കഴിയുന്ന നേതൃത്വം വരുമ്പോഴാണ്, സമുദായം പൊതുധാരയുടെ ഭാഗമായി നില്‍ക്കുമ്പോഴാണ് കൂടുതല്‍ ഗുണമുണ്ടാവുക. മറിച്ച് മാറിനില്‍ക്കുമ്പോള്‍ പതിനഞ്ചു ശതമാനത്തിനു ലഭിക്കാവുന്ന ആനുകൂല്യങ്ങളും സ്വാധീനവും മാത്രമാണ് നേടാനാവുക.
വിഭജനത്തിനു മുമ്പ് മുസ്ലിം നേതാക്കള്‍ ഇന്ത്യയില്‍ വളരെ കരുത്തരായിരുന്നു. ഗാന്ധിജിയും മൗലാന ഷൗക്കത്തലിയും മുഹമ്മദലിയും ചേര്‍ന്നാണ് 1920-കളില്‍ ദേശീയ പ്രക്ഷോഭങ്ങള്‍ നടത്തിയത്. ഈ മൂന്നുപേരും തുല്യമായി ശക്തരായിരുന്നു. 1930-കളില്‍ മുഹമ്മദലി ജിന്ന നേതൃത്വത്തിലേക്കു വന്നു. അപ്പോള്‍ ജിന്നയും നെഹ്റുവും തമ്മിലായിരുന്നു യഥാര്‍ഥത്തില്‍ മത്സരം. വിഭജനകാലത്ത് മൗലാന ആസാദായിരുന്നു എ ഐ സി സി അധ്യക്ഷന്‍. അക്കാലത്തുണ്ടായിരുന്ന ശക്തമായ നേതൃത്വം വിഭജനത്തിനു ശേഷം എന്തുകൊണ്ടുണ്ടായില്ല എന്നത് പ്രസക്തമാണ്.
വിദ്യാഭ്യാസവും കഴിവുമുള്ള നേതാക്കളില്‍ നല്ലൊരു പങ്കും പാകിസ്താനിലേക്കു പോയി. നേതാക്കളില്ലാതെ മുസ്ലിം സമുദായം വഴിയാധാരമായി എന്നത് ഇന്ത്യന്‍ യാഥാര്‍ഥ്യമാണ്. അതിനുശേഷമുണ്ടായ പുതിയ നേതൃത്വം ജനങ്ങളെ ഒന്നിച്ചുനിര്‍ത്തിക്കൊണ്ടുള്ള ഒരു പുതിയ പൊളിറ്റിക്സിന് നേതൃത്വം നല്‍കേണ്ടതായിരുന്നു. മുസ്ലിം ലീഗിനെ പോലുള്ള കക്ഷികള്‍ വേറിട്ടു നിന്നതോടെ ആ സാധ്യത ഉണ്ടായില്ല. എന്തു തന്നെയായാലും 21-ാം നൂറ്റാണ്ടില്‍ വളരെ വ്യത്യസ്തമായ പുതിയ രാഷ്ട്രീയ പരിപ്രേക്ഷ്യം പുതു തലമുറയില്‍ വികസിച്ചു വരുന്നുണ്ട്. അവര്‍ ഇന്ത്യയിലെ ബുദ്ധിമുട്ടനുഭവിക്കുന്ന മുഴുവനാളുകളുടെയും ലീഡര്‍ഷിപ്പിലേക്ക് ഉയര്‍ന്നുവരുമെന്നാണ് കരുതുന്നത്.

സി എ എ പൗരത്വ പട്ടിക വിരുദ്ധ സമരം രാജ്യത്ത് ഒരു ബദല്‍ രാഷ്ട്രീയസാമൂഹിക മുന്നേറ്റമുണ്ടാകുമെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു. കോവിഡിനു ശേഷം ആ ജ്വാല നിലനില്‍ക്കുകയും ഒരു മുന്നേറ്റമായി മാറുകയും ചെയ്യുമെന്ന ശുഭാപ്തി വിശ്വാസത്തിന് സാധ്യതയുണ്ടോ?

കോവിഡ് അനന്തര ഇന്ത്യന്‍ രാഷ്ട്രീയത്തിലും നേരത്തെയുണ്ടായിരുന്ന വിഷയങ്ങള്‍ അതേപടി നിലനില്‍ക്കും. പൗരത്വപ്രശ്നം, പൗരത്വം തെളിയിക്കാന്‍ പെടാപാട് പെടേണ്ട വിഷയം, കടുപ്പം കൂട്ടിയ ഭീകരവിരുദ്ധ നിയമം തുടങ്ങിയവ മാറ്റമില്ലാതെ നിലനില്‍ക്കുന്നുണ്ട്. പൗരത്വം തെളിയിക്കാന്‍ എല്ലാ ജാതിക്കാരും ബുദ്ധിമുട്ടനുഭവിക്കേണ്ടിവരും. നോട്ട് റദ്ദാക്കിയ വേളയില്‍ കൈയിലുള്ള നോട്ടു മാറ്റാനും എ ടി എമ്മില്‍ നിന്ന് രണ്ടായിരം പിന്‍വലിക്കാനും രാപ്പകല്‍ ക്യൂ നിന്നവരാണ് ജനങ്ങള്‍. അതുകഴിഞ്ഞ് കോവിഡ് കൂടി വന്നതോടെ അരി വാങ്ങാന്‍ ക്യൂ നില്‍ക്കേണ്ട സാഹചര്യമാണു വരുന്നത്. എഫ് സി ഐ ഗോഡൗണുകളിലെ അരി സ്റ്റോക്ക് തീര്‍ന്നാല്‍ പിന്നെ എന്താണു ചെയ്യുക. അരിയൊഴികെ മറ്റെന്തു ഭക്ഷ്യവസ്തുക്കളാണ് കരുതല്‍ ശേഖരമായി നമുക്കുള്ളത്.
ഫാക്ടറികള്‍ പൂട്ടുകയും ഉല്പാദനം നിലയ്ക്കുകയും ചെയ്തു. കാര്‍ഷിക മേഖലയില്‍ മരവിപ്പുണ്ടാകുന്നു. പച്ചക്കറി, പഴങ്ങള്‍ പോലെ പെട്ടെന്നു കേടാവുന്ന കാര്‍ഷിക വിഭവങ്ങള്‍ നശിച്ചുപോയി. ഈ സാഹചര്യത്തില്‍ ആറു മാസം കഴിഞ്ഞാല്‍ രാജ്യം പട്ടിണി മരണത്തിന് സാക്ഷ്യം വഹിച്ചേക്കും. യു എന്‍ ഫുഡ് ആന്‍റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍റെ (എഫ് എ ഒ) കണക്കുപ്രകാരം ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഈ വര്‍ഷാവസാനത്തോടെ വ്യാപകമായ ക്ഷാമം ഉണ്ടാകുമെന്നും ഒരുപക്ഷെ പതിനായിരങ്ങള്‍ പട്ടിണിയിലേക്കു നീങ്ങുമെന്നും പറയുന്നു.
ആഫ്രിക്കയെയാണ് ഗുരുതരമായി ബാധിക്കുകയെങ്കിലും ഇന്ത്യയിലെയും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെയും ദരിദ്രരെ വല്ലാതെ പ്രയാസപ്പെടുത്തും. വരാന്‍ പോകുന്ന സാഹചര്യം ആശാവഹമായിരിക്കില്ല, അത് ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലെ ഗ്രാമ നഗരങ്ങളെയും ബാധിക്കും. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങളും പുതുതായി രൂപപ്പെടുന്ന പ്രതിസന്ധികളും ഒന്നിച്ചുവരുമ്പോള്‍ പ്രക്ഷോഭങ്ങളുടെ വഴിയിലേക്കു നീങ്ങുകയല്ലാതെ ജനത്തിന് മുന്നില്‍ മറ്റൊരു മാര്‍ഗവും ഉണ്ടാകില്ല. ജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ തെരുവുകളിലിറങ്ങും.
2008-ല്‍ അമേരിക്കയില്‍ ഉണ്ടായ ആഗോള പ്രതിസന്ധി ഹൗസിംഗ് മേഖലയിലാണ് തുടങ്ങിയത്. പിന്നീട് വാള്‍സ്ട്രീറ്റ് തകരുകയും ശേഷം ലോകത്തൊട്ടാകെ ബാധിക്കുകയും ചെയ്തു. അതിനു ശേഷമാണ് ലോകത്തിന്‍റെ പല ഭാഗത്തും സമരങ്ങള്‍ തെരുവുകളിലേക്കിറങ്ങിയത്. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരം നടന്നു, മിഡ്ലീസ്റ്റ് രാജ്യങ്ങളില്‍ അറബ് വസന്തമെന്ന പേരില്‍ സമരങ്ങളുണ്ടായി, ഹോംകോംഗില്‍ സമരം ജ്വലിച്ചു, ഹസാരെ മുതല്‍ കെജ്രിവാള്‍ വരെയുള്ളവരുടെ സമരം നടന്നു. ലോകത്തിന്‍റെ പലഭാഗത്തും ജനകീയ സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത് 2008-ലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ്. അതിലും എത്രയോ മടങ്ങ് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ ലോകം കടന്നുപോകുന്നത്.
ലോക്ഡൗണിന്‍റെ പ്രത്യാഘാതം ആഗോള സമ്പദ്ഘടനയുടെ ആറു ശതമാനം ഇടിവുണ്ടാക്കുമെന്നാണ് പഠനം. അത് അതിഭീകരമായ തിരിച്ചടിയായിരിക്കും. ആ ആഘാതം തെരുവുകളിലേക്കു തന്നെ പടരും. പല വിഷയങ്ങള്‍ ഒന്നിച്ചുവരുമ്പോള്‍ ഭരണകൂടങ്ങള്‍ മാറ്റങ്ങള്‍ക്കു തയ്യാറാകേണ്ടിവരും. പഴയ ഭരണരീതികളും അക്രമസ്വഭാവവുമായി മുന്നോട്ടുപോകാന്‍ കഴിയാതെ വരും. അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ പൊലീസും ഒരുപക്ഷെ പട്ടാളം പോലും അത്തരം ഭരണാധികാരികള്‍ക്കെതിരെ തിരിയും. ലോകത്തിന്‍റെ പല ഭാഗങ്ങളിലും അതുണ്ടായിട്ടുണ്ട്. ഒരുപക്ഷെ ഇന്ത്യയിലും അങ്ങനെ സംഭവിച്ചുകൂടായ്കയില്ല.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x