കോവിഡ്: ചൈനയെ കുറിച്ച് വിധി പറയാന്‍ ഞാന്‍ ആളല്ല- ജസിന്ത ആര്‍ഡേന്‍
കൊറോണ വൈറസ് എങ്ങനെയാണ് ഉത്ഭവിച്ചത് എന്നതിനെക്കുറിച്ച് വിധിപറയാന്‍ താന്‍ ആളല്ലെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേന്‍. ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍. കോവിഡ് ഉത്ഭവവും പ്രതിരോധവുമായി ബന്ധപ്പെട്ട് ചൈനയുടെ നടപടികളില്‍ സുതാര്യതയുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് ‘അതേക്കുറിച്ച് വിധി പറയാന്‍ എനിക്ക് കഴിയില്ല. ഞാന്‍ അതിന് യോഗ്യതയുള്ള ആളല്ല’ എന്ന് ജസിന്ത പ്രതികരിച്ചത്. ചൈനയുടെ നിലപാട് അന്താരാഷ്ട്ര സുതാര്യതക്ക് വിരുദ്ധമാണെന്ന ഇന്‍റലിജന്‍റ്സ് റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചോദ്യത്തോടും അവര്‍ മൗനം പാലിച്ചു. അതേസമയം, രോഗത്തിന്‍റെ തുടക്കവും വ്യാപനവും സംബന്ധിച്ച് ഭാവിയില്‍ സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജസിന്ത ആര്‍ഡേന്‍ പറഞ്ഞു. “മഹാമാരി ആവര്‍ത്തിക്കാതിരിക്കാന്‍ നമ്മള്‍ ഇതില്‍ നിന്ന് പഠിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ എന്ത് നടപടികള്‍ കൈക്കൊണ്ടുവെന്ന് ലോകം മൊത്തം പുനര്‍വിചിന്തനം നടത്തണം. ഞങ്ങളും അതിന്‍റെ ഭാഗമാകും. ആഭ്യന്തരമായി സ്വീകരിച്ച പ്രതിരോധ നടപടികളെയും പരിശോധനാവിധേയമാക്കും” -അവര്‍ പറഞ്ഞു.
