8 Tuesday
July 2025
2025 July 8
1447 Mouharrem 12

ബദറായിപ്പുലര്‍ന്ന ആതിക്കയുടെ സ്വപ്നം – വി എസ് എം കബീര്‍

ഖുറൈശി പ്രമാണി അബൂ സുഫ്യാന്‍റെ നായകത്വത്തില്‍ സിറിയയിലേക്ക് പോയ വര്‍ത്തക സംഘം തിരിച്ചുവരുന്നു എന്ന വാര്‍ത്ത മക്കയിലെ ധനാഢ്യരെ ആമോദോന്മത്തരാക്കി. മികച്ച ലാഭവുമായി നാടണയുന്ന സംഘത്തിന് വന്‍ വരവേല്പൊരുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അബൂജഹലും അബൂലഹബും ഉള്‍പ്പെടെയുള്ളവര്‍.
ഇതേ കച്ചവട സംഘത്തെ ലക്ഷ്യമാക്കി മദീനയില്‍ നിന്ന് ഒരു സംഘത്തെ അയക്കാനുള്ള ആലോചനയിലായിരുന്നു ഇതേസമയം തിരുനബി. നിര്‍ണായക തീരുമാനത്തിനായുള്ള ആലോചനകളില്‍ മദീനയും ലാഭമോഹികളുടെ ആഹ്ളാദത്തില്‍ മക്കയും അലിഞ്ഞ ദിനങ്ങള്‍.
ആ രാവുകളിലൊന്നില്‍, ഇങ്ങ് മക്കയിലെ വീട്ടില്‍, തിരുനബിയുടെ അമ്മായി ആതിക്ക ബിന്‍ത് അബ്ദില്‍ മുത്തലിബ് പതിവ് പോലെ ഉറങ്ങാന്‍ കിടന്നു. മക്കയുടെ മാനത്ത് ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ ആതിക്കയില്‍ നേരിയ അസ്വസ്ഥതയുണ്ടാക്കി. തിരിഞ്ഞും മറിഞ്ഞും കിടന്ന അവരെ രാത്രിയുടെ ഏതോ യാമം ഉറക്കത്തിലേക്കെടുത്തപ്പോള്‍ അവരൊരു സ്വപ്നം കണ്ടു; വല്ലാത്തൊരു സ്വപ്നം.
ഒട്ടകപ്പുറത്തേറി ഒരപരിചിതന്‍ മക്കയിലെത്തുന്നു. ധൃതിയില്‍ വന്ന അയാള്‍ തന്‍റെ ഒട്ടകത്തിന്‍റെ മൂക്കുകയര്‍ ഒന്നാഞ്ഞു വലിച്ചപ്പോള്‍ ആ ജീവി സാവധാനം സഞ്ചാരം നിര്‍ത്തി. ശേഷം അയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു: ‘വഞ്ചകക്കൂട്ടമേ, ഒരുങ്ങിയിരിക്കൂ. ഇന്നേക്ക് മൂന്നാം നാള്‍ ഒരു മഹാ വിപത്ത് നിങ്ങളെത്തേടി വരാനിരിക്കുന്നൂ!”
ഈ അട്ടഹാസം കേട്ട് ജനം ഓടിക്കൂടി. അന്ധാളിപ്പോടെ അവര്‍ അയാള്‍ക്ക് ചുറ്റും കൂടി നിന്നു.
ഇതോടെ കടിഞ്ഞാണ്‍ അഴിച്ചിട്ട് ആഗതന്‍ ഒട്ടകത്തെ കഅ്ബയുടെ നേരെ തിരിച്ചുവിട്ടു. ജനം ആകാംക്ഷയോടെ അയാളെ പിന്തുടര്‍ന്നു. ഒന്ന് നിര്‍ത്തിയ ശേഷം ഒട്ടകത്തെ വട്ടംകറക്കി അയാള്‍ ആദ്യം പറഞ്ഞത് ഒന്നുകൂടി ആവര്‍ത്തിച്ചു. ജനം ഒന്നുമറിയാത്തവരെ പോലെ പരസ്പരം നോക്കി വാ പൊളിച്ചു.
അയാള്‍ പിന്നീട് പോയത് തൊട്ടടുത്ത അബൂ ഖുബൈസ് മലമുകളിലേക്കാണ്. അവിടെയെത്തിയ അയാള്‍ അത്യുച്ചത്തില്‍ ഒന്നുകൂടി വിളിച്ചു കൂവി: “വഞ്ചകക്കൂട്ടമേ, കാത്തിരിക്കൂ, മൂന്നേ മൂന്ന് നാള്‍, മഹാ ദുരന്തം നിങ്ങളെത്തേടി വരാനിരിക്കുന്നു!!”
അവര്‍ നോക്കിനില്‍ക്കെ ആ ഒട്ടക സഞ്ചാരി ഒരു വലിയ പാറക്കല്ല് ഇളക്കിയെടുത്ത് താഴ്വാരത്തിലേക്ക് അലക്ഷ്യമായി വലിച്ചെറിഞ്ഞു. അത് പല കഷ്ണങ്ങളായി ചിതറിത്തെറിച്ചു. അതുണ്ടാക്കിയ പ്രകമ്പനം മക്കയിലെ മുഴുവന്‍ വീടുകളിലും ഞെട്ടലുളവാക്കി.
ആതിക്ക സ്വപ്നം വിട്ട് ഞെട്ടിയുണര്‍ന്നു. അവര്‍ കൂടുതല്‍ അസ്വസ്ഥയായി.
എന്താണാവോ സംഭവിക്കാന്‍ പോകുന്നത്? തന്നോട് തന്നെ വേവലാതിപ്പെട്ട്, നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പു കണങ്ങള്‍ തുടച്ചെടുത്ത് അവര്‍ വീണ്ടും കിടന്നു.
പക്ഷേ, ഉറക്കം കണ്‍പോളകളില്‍ നിന്ന് വിട്ടുനിന്നു.
നേരം പുലര്‍ന്നപ്പോള്‍ അവര്‍ സഹോദരന്‍ അബ്ബാസുമായി സ്വപ്നദര്‍ശനം പങ്കുവെച്ചു. മക്കയിലെയും മദീനയിലെയും പുതിയ സംഭവവികാസങ്ങളുമായി സ്വപ്നത്തിന് ബന്ധമുണ്ടാവാം എന്ന് കൃതഹസ്തനായ അബ്ബാസ് സംശയിക്കാതിരുന്നില്ല. ഇതാരോടും പറയേണ്ടെന്ന നിര്‍ദേശം മാത്രം സഹോദരിക്ക് നല്‍കി അദ്ദേഹം പുറത്തിറങ്ങി.
അബ്ബാസിന്‍റെ മനസ്സില്‍ എന്തൊക്കെയോ പുകഞ്ഞു. മുഖത്ത് വല്ലായ്മ പരന്നു. കാരണമാരാഞ്ഞ സുഹൃത്ത് വലീദിനോട് അദ്ദേഹം സ്വപ്നക്കാര്യം പറഞ്ഞു. ചിരിച്ചു തള്ളിയെങ്കിലും വലീദ്, പിതാവ് ഉത്ബയോട് വിവരം പറഞ്ഞു. അദ്ദേഹം പക്ഷേ, ചിന്താകുലനാവുകയാണുണ്ടായത്.
തിരിച്ചടിക്കാന്‍ അനുവാദം നല്‍കുന്ന സൂക്തങ്ങളുടെ അവതരണവും ജൂതരുള്‍പ്പെടെ ചില ഗോത്രങ്ങളുമായുള്ള മുഹമ്മദിന്‍റെ സഖ്യവും മദീനയില്‍ ശക്തിപ്പെട്ടു വരുന്ന ഖുറൈശി വിരുദ്ധ വികാരവും ഉത്ബക്ക് ബോധ്യമുണ്ട്.
ഇതിനിടെ മദീനയില്‍ നിന്നുണ്ടായ ചില ഒറ്റപ്പെട്ട ആക്രമണങ്ങളും സൂചനകളാണ്. സിറിയയില്‍ നിന്നും മദീനയുടെ ചാരത്തുകൂടി മടങ്ങുന്ന കച്ചവട സംഘത്തിന്‍റെ കാര്യം പുതിയ സാഹചര്യങ്ങളുമായി ചേര്‍ത്താലോചിച്ചപ്പോഴാണ് ആതിക്കയുടെ സ്വപ്നം ഉത്ബയില്‍ നേരിയ ഭീതിപടര്‍ത്തിയത്.
സമയമൊട്ടും കളയാതെ സന്തത സഹചാരി അബൂജഹലിനെ തേടി അയാളിറങ്ങി. തേടിപ്പിടിച്ച് ഉത്ബ കാര്യം അവതരിപ്പിച്ചു. ഒരു പരിഹാസപ്പൊട്ടിച്ചിരിയായിരുന്നു അബൂജഹലില്‍ നിന്നുണ്ടായ പ്രതികരണം. പിന്നീട് അവരിരുവരും കഅ്ബയുടെ അടുത്തേക്ക് നീങ്ങി.
അപ്പോഴേക്കും സ്വപ്ന വിശേഷം അങ്ങാടിപ്പാട്ടാവുകയും ആളുകള്‍ കൂടുകയും ചെയ്തിരുന്നു. അവരിലേക്കെത്തിയ അബൂജഹല്‍ ശബ്ദമുയര്‍ത്തി അല്പം പരിഹാസച്ചുവയോടെ പറഞ്ഞു: “അബ്ദുല്‍ മുത്തലിബിന്‍റെ കുടുംബത്തില്‍ സ്ത്രീകള്‍ എന്നാണാവോ ഭാവി പ്രവചനം നടത്താന്‍ തുടങ്ങിയത്? എന്താ അവരുടെ മക്കളില്‍ പ്രവചന സിദ്ധിയുള്ള ആണുങ്ങളാരുമില്ലേ?”
ചിലര്‍ അത് കേട്ട് ചിരിച്ചു.
അബ്ബാസിനെ അബൂജഹല്‍ ഒളികണ്ണിട്ട് നോക്കിയെങ്കിലും അദ്ദേഹം നിശ്ശബ്ദനായി മാറിനിന്നതേയുള്ളൂ.
“ഏതായാലും മൂന്ന് നാള്‍ വരെ നമുക്ക് കാത്തിരിക്കാം. വിപത്തൊന്നും വന്നില്ലെങ്കില്‍ പ്രവചനം നടത്തിയവരെ നമുക്ക് വ്യാജന്മാരായി പ്രഖ്യാപിക്കാമല്ലോ” -അബൂജഹല്‍ പരിഹസിച്ചു.
ചര്‍ച്ച അധികം നീണ്ടുനിന്നില്ല. കച്ചവട സംഘത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ക്കിടെ ആ ദിനം അസ്തമിച്ചു.
അബൂഖുബൈസ് മലമുകളില്‍ നിന്നുയര്‍ന്ന അട്ടഹാസമാണ് അടുത്ത ദിവസം മദീനയെ ഉണര്‍ത്തിയത്.
ളംളം അല്‍ഗഫാരിയുടേതായിരുന്നു ആ അട്ടഹാസം. മദീനയുടെ നീക്കം മണത്തറിഞ്ഞ ബുദ്ധിമാനായ അബൂസുഫ്യാന്‍ പറഞ്ഞുവിട്ടതാണ് ളംളമിനെ. കച്ചവടസംഘം അപകടത്തിലാണെന്നും രക്ഷക്കായി ആയുധസജ്ജരായി പുറപ്പെടണമെന്നും മക്കയെ അറിയിക്കലായിരുന്നു ളംളമിന്‍റെ ദൗത്യം.
ഒട്ടകപ്പുറത്തേറി വന്ന അയാള്‍ ആര്‍ത്തലച്ച് മലയിറങ്ങി വന്നു. അപ്പോഴേക്കും വീടുകളില്‍ നിന്നും പരിഭ്രാന്തരായി ഓടിയിറങ്ങിയ ജനക്കൂട്ടം കഅ്ബയുടെ മുറ്റത്തെത്തിയിരുന്നു. അവരുടെ നടുവില്‍, കടിഞ്ഞാണ്‍ പിടിച്ച് ഒട്ടകത്തെ വലംവെപ്പിച്ചുകൊണ്ട് അയാള്‍ അവരുടെ ആധിയേറ്റി. അവര്‍ അക്ഷമയോടെയും ഭീതിയോടെയും നോക്കി നില്‍ക്കെ അയാള്‍ വാളെടുത്ത് ഒട്ടകത്തിന്‍റെ മൂക്കില്‍ മുറിവേല്‍പിച്ചു. ചോര ചീറ്റിയപ്പോള്‍ സ്വന്തം കുപ്പായം ഊരിയെടുത്ത് വലിച്ചുകീറി മുറിവില്‍ പുതപ്പിച്ചു.
പിന്നീടയാള്‍ അലറി: “ഖുറൈശികളേ, വാഹനമൊരുക്കിക്കോളൂ, ആയുധമണിഞ്ഞോളൂ, നിങ്ങളുടെ സമ്പത്ത് കൊള്ളയടിക്കാന്‍ മുഹമ്മദിന്‍റെ സൈന്യം പുറപ്പെട്ടു കഴിഞ്ഞു. അബൂസുഫ്യാനെ സഹായിക്കാന്‍ ബാധ്യതയില്ലേ നിങ്ങള്‍ക്ക്?”
ളംളം ഗിഫാരി പിന്തിരിഞ്ഞതിനു പിന്നാലെ കഅ്ബയുടെ പരിസരം ബഹളത്തില്‍ മുങ്ങി. വരാനിരിക്കുന്ന നഷ്ടത്തിന്‍റെ ആഴമറിഞ്ഞവരുടെ ആര്‍ത്തനാദങ്ങളും വിലാപങ്ങളുമായിരുന്നു ഒരു ഭാഗത്ത്. മറുഭാഗത്ത് സൈനിക ഒരുക്കവും. ആതിക്കയുടെ സ്വപ്നം പുലരുകയാണെന്ന ആശങ്ക ഉത്ബയടക്കമുള്ളവരെ അലട്ടുന്നുണ്ടായിരുന്നു.
അബൂജഹലിനാകട്ടെ ആശങ്കക്കൊപ്പം ജാള്യത കൂടിയുണ്ടായി. കഴിഞ്ഞ ദിവസം താന്‍ അബ്ബാസിനോട് പറഞ്ഞത് അയാള്‍ മറക്കാന്‍ ശ്രമിച്ചു. എങ്കിലും ഒരുക്കങ്ങള്‍ക്ക് നായകത്വം വഹിച്ചത് അയാള്‍ തന്നെയായിരുന്നു.
സ്വപ്നപുലര്‍ച്ചയെന്നോണം മൂന്നാം നാള്‍ ദുരന്തമെത്തുമെന്ന് ഉറപ്പിച്ചതിനാലോ എന്തോ ആതിക്കയുടെ സഹോദരന്‍ അബൂലഹബ് സൈന്യത്തില്‍ നിന്ന് വിട്ടുനിന്നു. അബ്ബാസാകട്ടെ, യുദ്ധമൊഴിവാക്കുകയെന്ന രഹസ്യദൗത്യവുമായി സൈനികവേഷമണിയുകയും ചെയ്തു.
സര്‍വായുധ വിഭൂഷിതരായ ആയിരം അണികളടങ്ങുന്ന ആ സൈന്യം മുസ്ലിംകളെ ലക്ഷ്യംവെച്ച് ബദറിലേക്ക് പുറപ്പെട്ടെന്ന വിവരമറിഞ്ഞപ്പോള്‍ ആതിക്ക വീണ്ടും അസ്വസ്ഥയായി. സ്വപ്ന പുലര്‍ച്ചയുടെ ആദ്യ അടയാളത്തിന് പിന്നാലെ വരാനിരിക്കുന്നത് എന്തെല്ലാമായിരിക്കുമെന്ന ചിന്ത അവരെ ഭീതിയിലാഴ്ത്തി.
സഹോദര പുത്രനും മക്കയിലുള്ള ഉറ്റ ബന്ധുക്കള്‍ക്കും ഒന്നും സംഭവിക്കരുതേ എന്നായിരുന്നു അപ്പോള്‍ ആതിക്കയുടെ തേട്ടം.
സമര്‍ഥനായ അബൂസുഫ്യാനും സംഘവും മറുവഴി തേടി സുരക്ഷിതമായി മക്കയിലെത്തി. മുസ്ലിം സൈന്യമാകട്ടെ, ദൈവനിശ്ചയത്താല്‍ ബദറിലാണ് തമ്പടിച്ചത്. സ്വപ്നരാവിന്‍റെ കൃത്യം മൂന്നാംനാള്‍, ഖുറൈശിപ്പടയെയും പടച്ചവന്‍ അതേ താഴ്വരയിലേക്കെടുത്തു; ആതിക്കയുടെ ‘സ്വപ്ന സഞ്ചാരി’ വിളിച്ചു പറഞ്ഞ വിപത്തിന് വിധേയരാകാനെന്നവണ്ണം.

Back to Top