20 വര്‍ഷത്തിനു ശേഷം സുഡാന് യു എസ് അംബാസഡര്‍
20-ലേറെ വര്‍ഷങ്ങള്‍ക്കു ശേഷം സുഡാന് യു എസില്‍ ആദ്യമായി അംബാസഡര്‍. മുതിര്‍ന്ന നയതന്ത്ര പ്രതിനിധിയായ നൂറുല്‍ദീന്‍ സാത്തിയെയാണ് വാഷിങ്ടണ്‍ ഡി സിയിലെ അംബാസഡറായി വിദേശകാര്യമന്ത്രാലയം ശുപാര്‍ശ ചെയ്തത്. അദ്ദേഹത്തിന്‍റെ നാമനിര്‍ദേശം യു എസ് അംഗീകരിച്ചു. 1990-കളില്‍ ഫ്രഞ്ച് അംബാസഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട് സാത്തി. ഡെമോക്രാറ്റിക് കോംഗോ, റുവാണ്ട എന്നീ രാജ്യങ്ങളില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള യു എന്‍ ദൗത്യസംഘത്തിലും അംഗമായിരുന്നു. സുഡാനില്‍ ഉമറുല്‍ ബഷീറിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ ശേഷം നിലവില്‍വന്ന സര്‍ക്കാര്‍ യു എസുമായി ബന്ധം പുനസ്ഥാപിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ സുഡാന്‍ പ്രധാനമന്ത്രി അബ്ദുല്ല ഹംദക് വാഷിങ്ടണ്‍ സന്ദര്‍ശിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളിലും തമ്മില്‍ അംബാസഡര്‍മാരെ പുനസ്ഥാപിക്കുമെന്ന് അന്ന് യു എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ പ്രഖ്യാപിച്ചിരുന്നു. ഭീകരവാദത്തെ സ്പോണ്‍സര്‍ ചെയ്യുന്നുവെന്നാരോപിച്ച് യു എസ് ഭരണകൂടം 1993-ല്‍ സുഡാനെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു.