കൊറോണയെ മറയാക്കി കുരുക്ക് തയ്യാറാകുന്നു!
ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അദ്ദേഹത്തിന്‍റെ പ്രധാന രാഷ്ട്രീയ എതിരാളി ബെന്നി ഗാന്‍റ്സും ഒരു ‘അടിയന്തര’ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കരാറില്‍ കഴിഞ്ഞാഴ്ച ഒപ്പുവെക്കുകയുണ്ടായി. കരാര്‍ പ്രകാരം നെതന്യാഹു ഒന്നര വര്‍ഷം പ്രധാനമന്ത്രി പദവിയില്‍ തുടരും, ശേഷം ഗാന്‍റ്സ് പ്രധാനമന്ത്രിയാവും.
കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ നേരിടാനെന്ന പേരില്‍ 36 മാസം നീണ്ടുനില്‍ക്കുന്ന ‘അടിയന്തര’ സഖ്യകക്ഷി സര്‍ക്കാറിന്‍റെ രൂപീകരണം ന്യായീകരിക്കപ്പെട്ടു. പുതിയ സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരണത്തിന് കൊറോണ വൈറസ് നേരിടുന്നതുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാണ്, മറിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങളാണ് അതിനു പിന്നിലുള്ളത്. ലോകവും ഫലസ്തീനികളും പകര്‍ച്ചവ്യാധിയെ നേരിടാന്‍ ആത്മാര്‍ഥമായി പ്രയത്നിക്കുമ്പോള്‍, ട്രംപിന്‍റെ കരാര്‍ നടപ്പാക്കലും, വെസ്റ്റ്ബാങ്ക് പിടിച്ചെടുക്കലുമാണ് കൊറോണ വൈറസിന്‍റെ മറവില്‍ നെതന്യാഹുവും ഗാന്‍റ്സും ലക്ഷ്യംവെക്കുന്നത്. നവംബറില്‍ യു എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കും. ട്രംപിന്‍റെ പ്രസിഡന്‍റ് പദവി സുരക്ഷിതമാക്കുന്നതിനുള്ള ഒരു നല്ല പ്രചാരണ നീക്കം കൂടിയാണിത്. നിലവിലെ ആഗോളപ്രാദേശിക സ്ഥിതിവിശേഷം മുതലെടുത്ത്, സുസ്ഥിര കോളനിവത്കരണം എന്ന അജണ്ട നടപ്പാക്കാന്‍, അമേരിക്കയുടെ എല്ലാവിധ പിന്തുണയോടും കൂടി, ഇസ്റാഈലി രാഷ്ട്രീയ നേതൃത്വം ഭരണപക്ഷ പ്രതിപക്ഷ ഭേദമില്ലാത്ത ഒന്നായിരിക്കുന്നു എന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്.
– അബ്ദുല്‍ മനാഫ്
