22 Wednesday
October 2025
2025 October 22
1447 Joumada I 0

അല്ലാഹു എന്ന പേരും വിശ്വാസത്തിന്‍റെ പൊരുളും – സി എ സഈദ് ഫാറൂഖി

പരിശുദ്ധ റമദാനിലാണ് നാം. അല്ലാഹുവിന് വഴിപ്പെട്ടും കീഴ്പ്പെട്ടും അവന്‍റെ കല്പനകളെ അറിഞ്ഞും അനുസരിച്ചും പരമാവധി വിധേയപ്പെട്ട് കഴിഞ്ഞു കൂടാന്‍ മനുഷ്യര്‍ തിടുക്കം കൂട്ടുന്ന സമയമാണിത്. അല്ലാഹു മനുഷ്യകുലത്തിന് നല്കിയിട്ടുള്ള ഏറ്റവും അനുഗ്രഹപൂര്‍ണമായ സമയങ്ങളിലൊന്നാണിത്. ആ അനുഗ്രഹം നല്കിയ പടച്ച തമ്പുരാനോട് ഏറെ അടുക്കാനുള്ള ശ്രമങ്ങള്‍ നമ്മില്‍ രൂപപ്പെടേണ്ടതുണ്ട്. അല്ലാഹുവിനോട് ബന്ധിതമായ ഉറച്ച വിശ്വാസമാണ് നമ്മില്‍ ഉണ്ടാകേണ്ടത്. അതുകൊണ്ടു തന്നെയാണ് വിശ്വാസത്തെ സൂചിപ്പിക്കാനായി അഖീദ എന്ന പദം ഉപയോഗിക്കപ്പെടുന്നത്. ഉഖ്ദത്, അഖ്ദ എന്നൊക്കെയുള്ള പദങ്ങള്‍ ഇതില്‍ നിന്നാണ് വരുന്നത്. രണ്ട് പേര്‍ ചേര്‍ന്നു ബന്ധിതമാകുന്ന സന്ദര്‍ഭങ്ങള്‍, കരാറുകള്‍, ഉറച്ച ബന്ധങ്ങള്‍, ഉറച്ച കെട്ടുകള്‍ എന്നിവക്കൊക്കെ ഉഖ്ദത് എന്ന് പ്രയോഗിക്കപ്പെടുന്നു. നികാഹുമായി ബന്ധപ്പെട്ട കരാറിന് അഖ്ദു നികാഹ് എന്ന വാക്ക് ഉപയോഗിക്കുന്നതായും കാണാം. ചുരുക്കത്തില്‍ ദൃഢമായ ബന്ധങ്ങള്‍ വരുമ്പോഴാണ് ഈ വാക്കുകള്‍ പ്രയോഗിക്കപ്പെടുക.
അത്തരമൊരു വിവക്ഷയില്‍ നമ്മുടെ മനസ്സിനെയും ശരീരത്തെയുമെല്ലാം അല്ലാഹുവിനോട് ബന്ധിപ്പിക്കുന്ന സുപ്രധാന പ്രക്രിയയാണ് വിശ്വാസം എന്ന് മനസിലാക്കാനൊക്കും. അതുകൊണ്ട് തന്നെ ‘ഞാന്‍ ഇന്ന ഇന്ന കാര്യങ്ങളില്‍ വിശ്വസിച്ചു’ എന്നു പറഞ്ഞാല്‍ ഞാന്‍ എന്‍റെ ഹൃദയത്തെയും മനസിനേയും അതിലേക്ക് ബന്ധിപ്പിച്ചു എന്നാണ് വിവക്ഷ. അത്തരമൊരു ബന്ധം അല്ലാഹുവിലേക്കുണ്ടാക്കലാണ് നമ്മുടെ വിശ്വാസം കൊണ്ട് ലക്ഷ്യമാക്കുന്നത്.
അതുകൊണ്ടു തന്നെ ഈ സമയങ്ങളില്‍ നാം ഏറെ ബന്ധം പുലര്‍ത്തേണ്ടത് അല്ലാഹുവിനോടാണ്. അതിനുള്ള വഴി വിശ്വാസ കാര്യങ്ങളില്‍ കൃത്യത പാലിക്കുക എന്നതാണ്. അവയില്‍ ഏറ്റവും പ്രധാനമായത് അല്ലാഹുവില്‍ വിശ്വസിക്കുക എന്നതാണ്. അല്ലാഹുവിലുള്ള വിശ്വാസം അടിസ്ഥാനപരമായി അഞ്ചു കാര്യങ്ങളില്‍ ബന്ധിതമാണ്.
ഒന്ന്: അല്ലാഹുവിന്‍റെ വുജൂദിയ്യത്ത് ആണ്. അല്ലാഹുവിന്‍റെ നിറസാന്നിധ്യത്തെക്കുറിച്ചുള്ള അവബോധമാണ് വുജൂദിയ്യത്ത്. രണ്ട്: റുബൂബിയ്യത്ത്. അല്ലാഹുവിന്‍റെ രക്ഷാകര്‍തൃത്വത്തെക്കുറിച്ചുള്ള ബോധ്യമാണിത്. അല്ലാഹുവാണ് ഈ പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവ് എന്നും അതില്‍ സംഭവിക്കുന്ന സകല കാര്യങ്ങള്‍ക്കും കാരണഭൂതന്‍ അവനാണെന്നുമുള്ള അവബോധമാണത്. മൂന്ന്: ഉലൂഹിയ്യത്ത്. അല്ലാഹു മാത്രമേ ആരാധ്യനായുള്ളൂ, ആരാധനക്കര്‍ഹന്‍ അവന്‍ മാത്രമാണ് എന്ന അവബോധമാണത്. നാല്: അല്ലാഹുവിന്‍റെ നാമങ്ങളെക്കുറിച്ചുള്ള അവബോധം. അഞ്ച്: അല്ലാഹുവിന്‍റെ സവിശേഷമായിട്ടുള്ള വിശേഷണങ്ങളെക്കുറിച്ചുള്ള (സിഫത്) അവബോധം.
ഈ അഞ്ചു കാര്യങ്ങളും ഏറെ ശക്തി പ്രാപിക്കുമ്പോഴാണ് ആ വിശ്വാസം ശക്തിമത്തായിത്തീരുന്നത്. അപ്പോള്‍ മാത്രമാണത് ഫലം ചെയ്യുക. അതായത്, അല്ലാഹുവിന്‍റെ വുജൂദിയത്ത്, റുബൂബിയത്ത്, ഉലൂഹിയത്ത്, അസ്മാഉ വ സിഫാത് (രണ്ടിനെയും ഒന്നായി എണ്ണിയവരുമുണ്ട്) എന്നിവയിലുള്ള അവബോധമാണ് ശരിയായ വിശ്വാസത്തിന്‍റെ നിദാനം എന്ന് പറയാനാവും.
അല്ലാഹുവിനെ അറിയാനുള്ള ഏറ്റവും ലളിതമായ വഴി അവന്‍റെ നാമങ്ങളെക്കുറിച്ച് അവബോധത്തിലാവുക എന്നതാണ്. അല്ലാഹുവിന്‍റെ രൂപ ഭാവങ്ങളെയൊന്നും നമുക്ക് ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ അവന്‍റെ നാമങ്ങളിലൂടെ അവന്‍റെ ആരാധ്യതയെയും സാന്നിധ്യത്തെയും പരിചയപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. അല്ലാഹുവിന്‍റെ നാമങ്ങളില്‍ ഏറ്റവും മഹത്വമുള്ള നാമം ‘അല്ലാഹു’ എന്നതു തന്നെയാണ്.
പ്രവാചകന്‍ (സ) പറയുന്നു: “നിശ്ചയം അല്ലാഹുവിന് മഹോന്നതമായ നാമമുണ്ട്. അതുപയോഗിച്ച് പ്രാര്‍ഥിച്ചാല്‍ ഉത്തരം ലഭിക്കും. അതുവെച്ച് ചോദിച്ചാല്‍ തീര്‍ച്ചയായും അത് നല്കിയിരിക്കും.” ജ്ഞാനികളായ പ്രമുഖരെല്ലാം അല്ലാഹുവിന്‍റെ ഏറ്റവും മഹോന്നത നാമമായി കണക്കാക്കിയിരിക്കുന്നത് ‘അല്ലാഹു’ എന്ന നാമത്തെയാണ്. ആ നാമങ്ങള്‍ ജപിക്കുകയും മറ്റു നാമങ്ങള്‍ ചേര്‍ത്ത് എണ്ണിപ്പറയുകയും വഴി സ്വര്‍ഗപ്രവേശം സാധ്യമാകും. അതോടൊപ്പം ഇഹലോകത്ത് സമാധാനവും ശക്തിയും ജീവിത വഴിയും നമുക്ക് മുന്‍പില്‍ അവന്‍ തെളിയിച്ച് നല്കുകയും ചെയ്യും.
ഒരിക്കല്‍ ഒരു സ്വഹാബി ഇങ്ങനെ പ്രാര്‍ഥിക്കുന്നത് പ്രവാചകന്‍ കേള്‍ക്കാനിടയായി: “അല്ലാഹുവേ, നിശ്ചയം ഞാന്‍ നിന്നോട് ചോദിക്കുന്നു. നീ അല്ലാഹുവാണെന്ന് തീര്‍ച്ചയായും സാക്ഷ്യപ്പെടുത്തുന്നു. നീ അല്ലാതെ മറ്റൊരാരാധ്യനില്ല, നീ ഏകനും ആശ്രയരഹിതനുമാണ്, നീ ജനകനോ ജാതകനോ അല്ല. നിനക്ക് തത്തുല്യനായി ഈ പ്രപഞ്ചത്തില്‍ ആരും തന്നെയില്ല.”
ഇതുകേട്ട പ്രവാചകന്‍ പറഞ്ഞു: “എന്‍റെ നഫ്സ് ആരുടെ കരങ്ങളിലാണോ, നിശ്ചയം. അവന്‍ ചോദിച്ചിരിക്കുന്നത് അല്ലാഹുവിന്‍റെ മഹോന്നതമായ നാമം എടുത്തു പറഞ്ഞുകൊണ്ടാണ്. അതുപയോഗിച്ചുകൊണ്ട് അല്ലാഹുവോട് ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ തീര്‍ച്ചയായും അത് നല്കപ്പെടും. അതുപയോഗിച്ച് പ്രാര്‍ഥിച്ചാല്‍ ഉത്തരം ലഭിക്കുക തന്നെ ചെയ്യും.”
മറ്റൊരിക്കല്‍ ഒരു സ്വഹാബി നമസ്കരിക്കുമ്പോള്‍ പ്രാര്‍ഥിക്കുന്നത് പ്രവാചകന്‍ കേട്ടു: “അല്ലാഹുവേ, നിശ്ചയമായും ഞാന്‍ നിന്നോട് ചോദിക്കുന്നു. നിനക്കാണ് സര്‍വ സ്തുതിയും. നീയല്ലാതെ ആരാധ്യനില്ല. നീ ഔദാര്യവാനാണ്. ആകാശഭൂമികളെ സൃഷ്ടിച്ചവനാണ് നീ. പ്രാഗത്ഭ്യവും ഉദാരതയുമുള്ളവനാണ് നീ. ജീവിച്ചിരിക്കുന്നവനും എന്നെന്നും നിലനില്ക്കുന്നവനുമാണ്.” അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: “അദ്ദേഹം ചോദിച്ചുകൊണ്ടിരിക്കുന്നത് അല്ലാഹുവിന്‍റെ സമോന്നതമായ നാമത്തെ മുന്‍നിര്‍ത്തിയാണ്. ആ നാമത്തെ മുന്‍നിര്‍ത്തി ഒരാള്‍ പ്രാര്‍ഥിച്ചാല്‍ ആ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുക തന്നെ ചെയ്യും.” ഇതൊക്കെ സൂചിപ്പിക്കുന്നത് അല്ലാഹുവിന്‍റെ ഏറ്റവും സമുന്നത നാമം അല്ലാഹു എന്നതു തന്നെയാണ് എന്നാണ്.
അല്ലാഹു പറയുന്നത് നോക്കൂ. “അല്ലാഹു, അവനല്ലാതെ ആരാധ്യനില്ല” (സൂറതുല്‍ ബഖറ) അവന്‍ സര്‍വലോകരില്‍ നിന്നും ഈ നാമം വഴി നിസ്തുലനായിരിക്കുന്നു. അജ്ഞാനികളുടെ ഹൃദയത്തില്‍ നിന്നും നാവില്‍ നിന്നും ഈ നാമ ശിലാന്യാസത്തെ അല്ലാഹു തടയുകയും ചെയ്തിരിക്കുന്നു. യാതൊരു വിലക്കോ എതിര്‍പ്പോ കൂടാതെ തന്നെ അതങ്ങനെയാണ് നടന്നുകൊണ്ടിരിക്കുന്നത്. അല്ലാഹു പറയുന്നു: “ആകാശഭൂമികളെ ആരാണ് പടച്ചതെന്ന് ചോദിച്ചാല്‍ അവര്‍ ഒന്നടങ്കം പറയും അല്ലാഹു തന്നെയാണ് ആകാശഭൂമികളെ പടച്ചിരിക്കുന്നത് എന്ന്.” ഈ മഹോന്നത നാമം മറ്റു സകല സുന്ദര നാമങ്ങളെയും ഉള്‍ക്കൊള്ളുന്നുണ്ട്.
ഒരടിമ അല്ലാഹുവേ എന്ന് വിളിച്ച് പ്രാര്‍ഥിച്ചാല്‍ അവന് അത് മതി. മറ്റു സകല നാമങ്ങളും ചേര്‍ത്ത് വിളിച്ചതിന് തുല്യമാണ് ആ വിളി എന്നര്‍ഥം. അല്‍ ഇലാഹ് എന്നാണ് അല്ലാഹുവിന്‍റെ ഭാഷാര്‍ഥം എന്നാണ് പണ്ഡിതാഭിപ്രായം. അവന്‍റെ അടിമകള്‍ സകല സുഖ ദുഖ അവസരങ്ങളിലും ആ നാമം ചേര്‍ത്തുപിടിച്ചുകൊണ്ടാണ് വിളിക്കുന്നത്. അവനാണ് പരമസത്യമായിട്ടുള്ള പരിശുദ്ധനായ ആരാധ്യന്‍. സകലമാന ആരാധ്യരും മിഥ്യരാണ്, അല്ലാഹുവൊഴിച്ച്. അവന്‍ പ്രതാപിയാണ്. പരിപൂര്‍ണതയുടേയും പ്രഭാവത്തിന്‍റെയും സകല സവിശേഷതകളും അവനില്‍ ചേര്‍ന്നിരിക്കുന്നു. അവന്‍ എല്ലാ ന്യൂനതകളില്‍ നിന്നും മുക്തനാണ്. അവന് പങ്കുകാരില്ല, സമന്മാരില്ല. അവനെ നേരിടാന്‍ ആരുമില്ല. അവനു സഹായികളായി ആരുമില്ല. എല്ലാ വിധേനയും അവന്‍ പരിപൂര്‍ണന്‍ തന്നെയാണ്. അല്ലാഹു എന്ന സമുന്നതമായ നാമം മുന്‍നിര്‍ത്തി ഈ പരിപൂര്‍ണനായവനോട് അര്‍ഥനകള്‍ അര്‍പ്പിക്കാനാണ് നാം ശ്രമിക്കേണ്ടത്.

Back to Top