24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

മദ്യഷാപ്പുകള്‍ തുറക്കാന്‍ അനുവദിക്കരുത്

തിരൂര്‍:കോവിഡ് പശ്ചാത്തലത്തില്‍ അടച്ചുപൂട്ടിയ മദ്യഷാപ്പുകള്‍ ലോക്ഡൗണ്‍ ഇളവു നല്‍കി തുറക്കാനുള്ള ശ്രമം കുടുംബങ്ങളോടുള്ള വെല്ലുവിളിയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഈ നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്നും കെ എന്‍ എം (മര്‍കസുദ്ദഅവ) മലപ്പുറം വെസ്റ്റ് ജില്ലാ സമിതി അഭിപ്രായപ്പെട്ടു. മദ്യാസക്തി കുറക്കാനുള്ള ഫലപ്രദമായ മാര്‍ഗം മദ്യലഭ്യത ഇല്ലാതാക്കുകയാണ്. മദ്യഷാപ്പുകള്‍ അടച്ചിടുക വഴി സ്ത്രീകളും കുട്ടികളുമടങ്ങുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളില്‍ സ്വസ്ഥതയും സമാധാനവും കൈവരികയും ഗാര്‍ഹിക പീഡനങ്ങള്‍ കുറയുകയും ചെയ്ത പശ്ചാത്തലത്താല്‍ ഇനിയും മദ്യഷാപ്പുകള്‍ തുറക്കുന്നത് സ്ത്രീകളോടും കുഞ്ഞുങ്ങളോടും ചെയ്യുന്ന ക്രൂരതയായിരിക്കും. ആഴ്ചകളായി വരുമാനമാര്‍ഗങ്ങള്‍ നിലച്ച് രോഗ പകര്‍ച്ച ഭീതിയോടെ പ്രിയപ്പെട്ടവരെ കാണാന്‍ കഴിയാതെ വിദേശങ്ങളില്‍ കഴിയുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു. മെയ് 3-ന് നടക്കുന്ന ഒണ്‍ലൈന്‍ ജില്ലാ തസ്കിയത് സംഗമത്തിന് യോഗം അന്തിമരൂപം നല്‍കി. സംഗമത്തിന് മുന്നോടിയായി വറുതിയില്‍ കഴിയുന്ന തീരദേശത്ത് 1000 കുടുംബങ്ങളില്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ പദ്ധതിയൊരുക്കി. ശാഖകള്‍ കേന്ദ്രീകരിച്ച് ലോക്ഡൗണ്‍ കാല സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തും. ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലാ പ്രസിഡന്‍റ് അബ്ദുല്‍ കരീം എഞ്ചിനീയര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി പി ഖാലിദ്, ടി ആബിദ് മദനി, പി സുഹൈല്‍ സാബിര്‍, ടി ഇബ്റാഹിം അന്‍സാരി, പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി, ഇ ഒ ഫൈസല്‍, ശരീഫ് കോട്ടക്കല്‍ പ്രസംഗിച്ചു.

Back to Top