23 Monday
December 2024
2024 December 23
1446 Joumada II 21

ആചാരാനുഷ്ഠാനങ്ങള്‍ക്ക് മീതെ ആതുര സേവനം – നദീര്‍ കടവത്തൂര്‍

അബ്ദുര്‍റഹ്മാന് പ്രായം അന്‍പതു വയസ്സു കടന്നിട്ടുണ്ട്. കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റുന്നത്. കുടുംബത്തെ സഹായിക്കാന്‍ ഭാര്യയും കൂലിപ്പണിക്കു പോവുന്നുണ്ട്. ഒരുപാടു വര്‍ഷമായി ദിവസവും കിട്ടുന്ന തുച്ഛമായ തുകയില്‍ നിന്ന് ഒരു സംഖ്യ അദ്ദേഹം സൂക്ഷിച്ചു വെക്കുന്നുണ്ട്. വലിയൊരു സ്വപ്നമാണ് മനസ്സില്‍. ഹജ്ജ് ചെയ്യണം. അഞ്ചുനേരം ഖിബ്ലയാക്കി നമസ്കരിക്കുന്ന കഅ്ബയൊന്ന് കണ്‍കുളിര്‍ക്കെ കാണണം. ജീവിതത്തിലെ പാപക്കറകള്‍ തുടച്ചുനീക്കി മനസ്സ് ശുദ്ധീകരിക്കണം.
സ്വപ്നങ്ങള്‍ പൂവണിയാവുന്ന രൂപത്തില്‍ കയ്യില്‍ സമ്പാദ്യമായ സമയത്താണ് കാര്യങ്ങള്‍ തകിടം മറിയുന്നത്. കൊറോണ നാട്ടിലെങ്ങും പടര്‍ന്നു പിടിച്ചു. രാജ്യം പൊടുന്നനെ തടവിലായി. കൂലിപ്പണിയെടുത്ത് ജീവിച്ചിരുന്നവരുടെ അന്നം ചോദ്യചിഹ്നമായി മാറി. അയല്‍പക്കങ്ങള്‍ പട്ടിണിയായതോടെ അബ്ദുര്‍റഹ്മാന്‍റെ മനസ്സ് പിടയാന്‍ തുടങ്ങി. ഹജ്ജെന്ന സ്വപ്നം ഒരു ഭാഗത്തും പട്ടിണി കിടക്കുന്ന അയല്‍പക്കം മറുവശത്തും. സംശയമൊന്നുമുണ്ടായില്ല തീരുമാനമെടുക്കാന്‍. ചിരകാല അഭിലാഷത്തെ മറന്ന് ഹജ്ജിനു വേണ്ടി ഒരുക്കൂട്ടിയ പണത്തിന് ഭക്ഷണസാധനങ്ങള്‍ വാങ്ങി അബ്ദുര്‍റഹ്മാന്‍ തന്‍റെ ഗ്രാമത്തിലെ പാവങ്ങളുടെ വിശപ്പടക്കി.
ഏതെങ്കിലും സിനിമയിലെ ഭാവന കലര്‍ന്ന രംഗങ്ങളല്ല. കൊറോണക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ ഒരു സംഭവമാണ്. കര്‍ണാടകയിലെ ദക്ഷിണ കന്നട ജില്ലയില്‍ ഗൂഡിനാബലി പ്രദേശത്തുകാരനാണ് അബ്ദുര്‍റഹ്മാന്‍. മകന്‍ ഇല്യാസ് പിതാവിനെക്കുറിച്ച് ഫെയ്സ്ബുക്കിലൂടെ എഴുതിയപ്പോഴാണ് സംഭവം ലോകമറിയുന്നത്. മറ്റുള്ളവര്‍ക്ക് പ്രചോദനമാവണം എന്നതായിരുന്നു മകന്‍റെ കുറിപ്പ്. സംഭവം വൈറലായതോടെ അബ്ദുര്‍റഹ്മാന് ഹജ്ജിനു വേണ്ടി പണം വാഗ്ദാനം ചെയ്ത് ഒരുപാട് സുമനസ്സുകള്‍ രംഗത്തെത്തുകയും ചെയ്തു.
സമാനമായ പല സംഭവങ്ങള്‍ക്കും ഈ കൊറോണക്കാലം സാക്ഷ്യം വഹിച്ചിട്ടുണ്ട്. കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ ചെറുകിട ബിസിനസ് നടത്തുന്ന തജാമുല്‍ പാഷ, മുസമ്മില്‍ പാഷ എന്നീ സഹോദരങ്ങള്‍ ലോക്ഡൗണിനെത്തുടര്‍ന്ന് പട്ടിണിയിലായ കുടുംബങ്ങളുടെ വിശപ്പകറ്റാന്‍ തങ്ങളുടെ 25 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി വില്‍ക്കുകയാണ് ചെയ്തത്. ഭൂമി വിറ്റുകിട്ടിയ പണം കൊണ്ട് എണ്ണയും ധാന്യങ്ങളും വാങ്ങി. തുടര്‍ന്ന് വീടിനടുത്തായി തൊഴിലാളികള്‍ക്കും ഭവനരഹിതര്‍ക്കുമായി ഭക്ഷണം ഉണ്ടാക്കുന്നതിന് ഒരു കമ്യുണിറ്റി അടുക്കള സ്ഥാപിക്കുകയും ചെയ്തു.
ഇന്ത്യയില്‍ കൊറോണാ വ്യാപനമുണ്ടായ ആദ്യനാളുകളില്‍ ഏറെ പഴിചാരപ്പെട്ടവരാണ് തബ്ലീഗ് ജമാഅത്തിന്‍റെ പ്രവര്‍ത്തകര്‍. കൊറോണാ ഭീതി നിലനില്‍ക്കെ അവര്‍ നടത്തിയ സമ്മേളനത്തെ ദുരുദ്ദേശ്യപരമെന്ന് മുദ്രകുത്തി. ആരോഗ്യപ്രവര്‍ത്തകരുടെ ദേഹത്ത് കൊറോണ പടര്‍ത്താന്‍ തുപ്പുന്ന തബ്ലീഗ് പ്രവര്‍ത്തകരെന്ന വ്യാജസന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. ഏറ്റവും ഭീകരമായി അവരുടെ പ്രവര്‍ത്തനങ്ങള്‍ ‘കൊറോണാ ജിഹാദ്’ വരെയാക്കി മാറ്റി. ആ തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരാണ് കൂട്ടമായി കൊറോണാ പ്രതിരോധത്തിനായി ഇപ്പോള്‍ പ്ലാസ്മ ദാനം ചെയ്തുകൊണ്ടിരിക്കുന്നത്.
പ്രളയ സമയത്ത് കടയിലെ തുണികള്‍ മുഴുവന്‍ പാവങ്ങള്‍ക്കു വേണ്ടി വിതരണം ചെയ്ത് ‘മരിക്കുമ്പോള്‍ നമ്മളെന്ത് കൊണ്ടുപോവാനാണെന്നു’ പറഞ്ഞ നൗഷാദ് കൊച്ചിയെ നമ്മളാരും മറന്നു കാണില്ല. സമകാലിക സംഭവങ്ങളില്‍ നിന്ന് എടുത്തു പറയാന്‍ ഇങ്ങനെ ഒരുപാട് ഉദാഹരണങ്ങളുണ്ടാകും. ഇവയെല്ലാം വൈറലാവുകയും സാമൂഹിക ശ്രദ്ധ ലഭിക്കുകയും ചെയ്ത സമയത്തെല്ലാം ഇവരുടെ മതത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണോ വേണ്ടയോ എന്ന തര്‍ക്കങ്ങളുണ്ടായിരുന്നു. മാനുഷികമായ നന്മകള്‍ക്കപ്പുറത്തേക്ക് ഇവരെ സ്വാധീനിച്ച മതപരമായ ഒരു നന്മകളുമില്ല എന്നു വിധിയെഴുതുകയാണ് പലരും ചെയ്തത്.

മതത്തിന്‍റെ അന്തസ്സത്ത
“നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നതില്‍ നിന്ന് ചെലവഴിക്കുന്നതു വരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല” (വി.ഖു 3:92). നന്മകള്‍ക്കും സല്‍കര്‍മങ്ങള്‍ക്കും പിറകില്‍ ഇസ്ലാം ലക്ഷ്യമിടുന്ന വലിയൊരു ലക്ഷ്യത്തെ ഈ വചനം പ്രതിഫലിപ്പിക്കുന്നുണ്ട്. മതമെന്നാല്‍ കേവലം ചില ആരാധനകള്‍ മാത്രമാണെന്ന അബദ്ധധാരണ വെച്ചു പുലര്‍ത്തുന്നവരില്‍ വിശ്വാസികളുമില്ലാതില്ല. ശരീഅത്ത് കൊണ്ട് പ്രപഞ്ച സ്രഷ്ടാവ് ലക്ഷ്യമിടുന്നത് നന്മകളും സുകൃതങ്ങളും കൊണ്ടുവരലും തിന്മകളും മ്ലേച്ഛതകളും തുടച്ചുനീക്കലുമാണെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചതായി കാണാന്‍ കഴിയും. മതത്തിന്‍റെ കല്‍പനകളെ പ്രഥമദൃഷ്ടിയാല്‍ വായിക്കുന്നവര്‍ക്കു പോലും വ്യക്തമായി മനസ്സിലാക്കാവുന്ന രീതിയില്‍ ഖുര്‍ആനും പ്രവാചക വചനങ്ങളും ഇവ വിശദീകരിച്ചിട്ടുമുണ്ട്.
അല്ലാഹുവിന്‍റെ പ്രത്യേക നിര്‍ദേശത്താല്‍ പ്രവാചകന്‍റെ കാലത്ത് പ്രതിരോധമായിക്കൊണ്ട് യുദ്ധം അനുവദിക്കപ്പെട്ടിരുന്നു. അങ്ങനെ യുദ്ധങ്ങളില്‍ രക്തസാക്ഷിയാവുന്നവര്‍ക്ക് വിചാരണ കൂടാതെയുള്ള സ്വര്‍ഗപ്രവേശമായിരുന്നു പ്രതിഫലമായി വാഗ്ദാനം ചെയ്യപ്പെട്ടത്. ഈ പ്രതിഫലമാഗ്രഹിച്ച് സൈന്യത്തില്‍ ചേരാന്‍ വേണ്ടി ഒരാള്‍ പ്രവാചകന്‍റെ സന്നിധിയില്‍ വരുകയാണ്. അയാളുടെ വീട്ടില്‍ വൃദ്ധരായ മാതാപിതാക്കളുണ്ട് എന്നു മനസ്സിലാക്കിയ പ്രവാചകന്‍ അയാളെ സൈന്യത്തിലെടുക്കാതെ തിരിച്ചയച്ചു. എന്നിട്ട് പറഞ്ഞു: “നിന്‍റെ ജിഹാദ് മാതാപിതാക്കളെ സംരക്ഷിക്കലാണ്”.
“മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ? അനാഥയെ തള്ളിക്കളയുന്നവനത്രെ അത്, പാവപ്പെട്ടവന്‍റെ ഭക്ഷണ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവര്‍” (വി.ഖു 107:13). പരോപകാരത്തെ തടയുന്ന നമസ്കാരക്കാര്‍ക്ക് നാശമാണുണ്ടാവുകയെന്ന ഖുര്‍ആനിക പരാമര്‍ശവും ഇതേ അധ്യായത്തിലാണ്. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചു ഭക്ഷിക്കുന്നവന്‍ വിശ്വാസിയല്ല എന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. കൂടാതെ അനാഥയുടെ മുമ്പില്‍ വെച്ച് സ്വന്തം കുഞ്ഞിനെ താലോലിക്കരുതെന്നു തുടങ്ങി സഹജരുടെ മാനസികവും ശാരീരികവുമായ എല്ലാ ആവശ്യങ്ങളെയും പരിഗണനകളെയും വകവെച്ചു കൊടുക്കുന്ന മറ്റു നിര്‍ദേശങ്ങളും കാണാന്‍ കഴിയും.
മതത്തിന്‍റെ ബാലപാഠങ്ങളായി ഏതൊരു വിശ്വാസിയും പഠിപ്പിക്കപ്പെടുന്ന കാര്യങ്ങളാണ് മേല്‍ സൂചിപ്പിച്ചത്. വിശ്വാസകാര്യങ്ങളുടെ പൂര്‍ത്തീകരണത്തിനു വേണ്ടിയും വലിയ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടതിനാല്‍ സ്വര്‍ഗ പ്രവേശത്തിനുള്ള ഉപാധിയായും വിശ്വാസികള്‍ ഇവ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നു.

ഇസ്ലാമോഫോബിയയുടെ സന്തതി
മതം കൃത്യമായി പഠിപ്പിച്ച ഇത്തരം നന്മകള്‍ വിശ്വാസികള്‍ ചെയ്യുമ്പോള്‍ മതം പ്രശംസിക്കപ്പെടാതെ പോവുകയും വെറും മാനുഷികതയായി അവ വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. മറിച്ച് മുസ്ലിം നാമധാരികളായ ആളുകള്‍ ചെയ്തു കൂട്ടുന്ന മതം നിഷിദ്ധമാക്കിയ തിന്മകള്‍ക്ക് ഇസ്ലാമിനെ പഴിചാരുകയും ചെയ്യുന്നു. ഒരു മനുഷ്യനെ കൊന്നാല്‍ അത് ലോകത്തുള്ളവരെ മുഴുവന്‍ കൊന്നതിനു തുല്യമാണെന്നാണ് ഇസ്ലാമികാധ്യാപനം. എന്നിട്ടും ഒരു കൂട്ടം തീവ്രവാദികള്‍ നടത്തുന്ന ബോംബ് സ്ഫോടനവും അക്രമങ്ങളുമെല്ലാം ഇസ്ലാമിക ഭീകരതായി മാറുന്നു.
“മതത്തിന്‍റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞു കഴിഞ്ഞിരിക്കുന്നു” (വി.ഖു 2:256). നിസ്സംശയം ഖുര്‍ആന്‍ പഠിപ്പിച്ച കാര്യമാണ്. എന്നിട്ടുമെങ്ങനെയാണ് അറബിപ്പേരുള്ളവര്‍ പ്രേമിക്കുമ്പോഴേക്കും അത് ‘ലവ് ജിഹാദായി’ മാറുന്നത്? ഇസ്ലാം മത വിശ്വാസികളായ ഏതാനും ചിലര്‍ക്ക് വന്ന കൊറോണയും അവരിലൂടെ പകര്‍ന്നതുമെല്ലാം ‘തബ്ലീഗ് കോവിഡായി’ മാറുന്നതിനു പിന്നിലെ രഹസ്യമെന്താണ്?
ഇസ്ലാമെന്നത് വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും ഭീകരവാദത്തിന്‍റെയും മതമാണെന്ന പൊതുബോധ നിര്‍മിതി ഇസ്ലാമോഫോബിയയുടെ സന്തതിയാണ്. വികലമായ ഈ ഒരു ആശയം ലാഭകരമായ ഒരു വ്യവസായമായി വളര്‍ന്നിട്ടുണ്ട് എന്നത് അതിനു കിട്ടുന്ന സ്വീകാര്യതയില്‍ നിന്ന് മനസ്സിലാക്കാവുന്നത് മാത്രമാണ്. മില്യണ്‍ കണക്കിന് ഡോളറുകളാണ് ഇസ്ലാമിക വിരുദ്ധ ഗവേഷണ സ്ഥാപനങ്ങള്‍ക്ക് പശ്ചാത്യ രാഷ്ട്രങ്ങള്‍ ഇപ്പോഴും നല്കിക്കൊണ്ടിരിക്കുന്നത്. പൊതുശത്രുവിനെ ഉണ്ടാക്കിയെടുത്താല്‍ മാത്രമേ തങ്ങള്‍ക്ക് നിലനില്‍പുള്ളൂവെന്ന ഫാസിസ്റ്റുകളുടെ പ്രത്യയശാസ്ത്രമാണ് ഇവിടെയും പ്രതിഫലിക്കുന്നത്.

Back to Top