മനുഷ്യരാശിയെ നടുക്കിയ പകര്‍ച്ചവ്യാധികള്‍ വെല്ലുവിളികളും ചരിത്രപാഠങ്ങളും – ഡോ. എം കബീര്‍
കറുത്ത മരണമെന്നു ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ച, പതിനാലാം നൂറ്റാണ്ടിന്‍റെ മധ്യത്തിലെ പ്ലേഗ്ബാധ, കോടിക്കണക്കിനാളുകളെയാണ് കൊന്നൊടുക്കിക്കയത്. ചൈനയില്‍ നിന്ന് തുടങ്ങി പട്ടു പാതയിലൂടെ ക്രിമിയയിലേയ്ക്കും അവിടെനിന്ന് ഇറ്റലി വഴി യൂറോപ്പിന്‍റെ മറ്റു ഭാഗങ്ങളിലേക്കും ക്രമേണ മധ്യപൂര്‍വേഷ്യയിലേക്കും വടക്കന്‍ ആഫ്രിക്കയിലേക്കും പടര്‍ന്ന കറുത്ത മരണത്തിന്‍റെ സഞ്ചാരപഥം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൊറോണയുടെ സഞ്ചാരപഥത്തിനു സമാനമായിരുന്നുവെന്നത് ആനുഷംഗികം മാത്രം. ചൈനയില്‍ ഉത്ഭവിച്ച പ്ലേഗ് മറ്റിടങ്ങളിലേക്ക് എത്തിച്ചേര്‍ന്നത് അന്തര്‍ദേശീയ ചരക്കു വ്യാപാരത്തിലൂടെയും ചരക്കു കൈമാറ്റത്തിലൂടെയും ആയിരുന്നപ്പോള്‍ കോവിഡ്-19 ന്‍റെ അന്തര്‍ദേശീയ വ്യാപനം നടക്കുന്നത് മനുഷ്യരുടെ അന്തര്‍ദേശീയ സഞ്ചലനത്തിലൂടെയാണ്.
കറുത്ത മരണം ഇന്ത്യയില്‍ എത്തിയിരുന്നോ ഇല്ലയോ എന്ന് വ്യക്തമല്ല. എന്നാല്‍, മരണനിരക്കിന്‍റെ അടിസ്ഥാനത്തില്‍ ഏറെക്കുറെ അടുത്ത് നിന്ന 1918-ലെ സ്പാനിഷ് ഫ്ളൂ ഇന്ത്യയില്‍ മാത്രം കൊന്നൊടുക്കിയ ആളുകളുടെ എണ്ണം 12 ദശലക്ഷത്തിനും 17 ദശലക്ഷത്തിനും ഇടയ്ക്കായിരുന്നു. 2005-ലെ ഒരു എസ്റ്റിമേറ്റ് പ്രകാരം, 50 ദശലക്ഷം ആളുകളായിരുന്നു ലോകത്താകമാനം കൊല്ലപ്പെട്ടത്. 1918-ലെ സ്പാനിഷ് ഫ്ളൂ എന്നാണ് അറിയപ്പെടുന്നതെങ്കിലും 1918 ജനുവരി മുതല്‍ 1920 ഡിസംബര്‍ വരെയുള്ള നീണ്ട 36 മാസങ്ങളായിരുന്നു എച്ച്-1 എന്‍-1 വിഭാഗത്തില്‍ പെട്ട ഇന്‍ഫ്ലുവെന്‍സ നീണ്ടു നിന്നത്.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ രോഗത്തിന്‍റെയും പ്രഭവസ്ഥാനം ചൈനയായിരുന്നു. ചൈനയില്‍ നിന്ന് ആവിര്‍ഭവിച്ച രോഗത്തിന്‍റെ വൈറസുകള്‍ മാറ്റത്തോട് കൂടി അമേരിക്കന്‍ ഐക്യനാടുകളുടെ പട്ടാളക്കാരിലേക്ക് എത്തിച്ചേരുകയും ഒന്നാം ലോകമഹായുദ്ധത്തിന്‍റെ കാലമായിരുന്നതിനാല്‍ സഖ്യസേനകളിലേയ്ക്കും അതുവഴി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും പടരുകയുമായിരുന്നു. യൂറോപ്പിലെ യുദ്ധമേഖലയില്‍ നിന്ന് ബോംബയില്‍ എത്തിച്ചേര്‍ന്ന ഒരു കപ്പലിലെ നാവികര്‍ വഴിയായിരുന്നു ഇന്ത്യയില്‍ രോഗം എത്തിച്ചേര്‍ന്നത്. അവിടെനിന്ന് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാന്‍ വളരെക്കുറച്ചു സമയം മാത്രമാണ് വേണ്ടിവന്നത്.
വൈറല്‍ രോഗത്തിന് മരുന്നുകള്‍ ലഭ്യമല്ലെന്നിരിക്കെ രോഗത്തെ പ്രതിരോധിക്കുക എന്നതായിരുന്നു 1918-ലും രോഗവ്യാപനം തടയാനുള്ള ഏകമാര്‍ഗം. രോഗപ്പകര്‍ച്ച വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്കായിരുന്നതു കൊണ്ട് ഇന്നത്തെപ്പോലെ തന്നെ രോഗം വന്നവരെ മറ്റുള്ളവരില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ശുചിത്വം നിഷ്കര്‍ഷിക്കുകയും വ്യക്തികള്‍ തമ്മില്‍ അകലം പാലിക്കുകയുമായിരുന്നു രോഗം തടയാനുണ്ടായിരുന്ന മാര്‍ഗം. എന്നാല്‍ യുദ്ധാന്തരീക്ഷത്തില്‍ ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ വിജയകരമായി നടന്നിരുന്നില്ല. ആരോഗ്യ സംവിധാനങ്ങള്‍ തന്നെയും അവികസിതമായിരുന്ന അക്കാലത്ത് രോഗികളായിക്കഴിഞ്ഞവര്‍ക്കു വേണ്ട ശ്രദ്ധയോ ശുശ്രൂഷയോ ലഭിക്കുക പ്രയാസവുമായിരുന്നു. മാത്രവുമല്ല, പരിമിതമായി മാത്രം ഉണ്ടായിരുന്ന ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനം തന്നെയും യുദ്ധമുന്നണികളിലേക്ക് വേണ്ടി വിനിയോഗിക്കപ്പെട്ടു കഴിഞ്ഞിരുന്നു. രോഗികള്‍ക്ക് ഭക്ഷണമോ മരുന്നോ ലഭ്യമാക്കുന്നതില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഒന്നും തന്നെ കാര്യമായി ചെയ്തില്ല എന്നാണ് ഇന്ത്യയിലെ സ്പാനിഷ് ഫ്ളൂവിനെക്കുറിച്ചു പഠിച്ച ഡേവിഡ് അര്‍ണോള്‍ഡ് അഭിപ്രായപ്പെട്ടിട്ടുള്ളത്.
പലയിടങ്ങളിലും ഇത്തരത്തിലുള്ള സേവനങ്ങള്‍ ലഭ്യമാക്കിയത് ശ്രീരാമകൃഷ്ണ മിഷനും ബോംബെ സോഷ്യല്‍ സര്‍വീസ് ലീഗും പോലുള്ള സന്നദ്ധ സംഘടനകള്‍ ആയിരുന്നു. അഞ്ചു കോടി മനുഷ്യരായിരുന്നു ലോകത്താകമാനം കൊല്ലപ്പെട്ടത് എന്നത് തന്നെ രോഗത്തിന്‍റെ തീക്ഷ്ണതയും വ്യാപ്തിയും അക്കാലത്തെ ആരോഗ്യസംവിധാനത്തിന്‍റെ അപര്യാപ്തതയും വ്യക്തമാക്കുന്നു.
സ്പാനിഷ് ഫ്ളൂവിന്‍റെ രാജ്യാന്തര വ്യാപനത്തില്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് വലിയ പങ്കില്ലായിരുന്നു. പ്രവാസവും രാജ്യാന്തര ഗമനവും തുലോം തുച്ഛമായിരുന്ന ആ കാലത്ത് ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് രോഗത്തെ എത്തിച്ചത് പട്ടാളക്കാരായിരുന്നു. ഒരു നൂറ്റാണ്ടിനു ശേഷമുള്ള ഇന്നത്തെ അവസ്ഥ അതല്ല. ഗതാഗത രംഗത്തുണ്ടായിട്ടുള്ള വമ്പിച്ച കുതിച്ചു ചാട്ടവും ആഗോളീകരണവും മൂലം പ്രവാസികളുടെയും രാജ്യാന്തര ഗമനം ചെയ്യുന്നവരുടെയും എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായിട്ടുള്ളത്. രാജ്യങ്ങളുടെ അതിര്‍ത്തി വിട്ട് യാത്ര ചെയ്യുന്ന മനുഷ്യരുടെ എണ്ണത്തിലുണ്ടായിട്ടുള്ള വര്‍ധനവ് രോഗത്തിന്‍റെ അന്തര്‍ദേശിയ വ്യാപനം കൂടുതല്‍ സുഗമമാക്കിയിരിക്കുന്നു. അക്കാരണത്താലാണ് ചൈനയിലെ വൂ ഹാന്‍ നഗരത്തില്‍ തുടങ്ങിയ കോവിഡ്-19 വളരെച്ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ 126 രാജ്യങ്ങളിലേക്ക് വ്യാപിച്ചത്. മാത്രവുമല്ല, സ്പാനിഷ് ഫ്ളൂവില്‍ സംഭവിച്ചതുപോലെ വൈറസ് ക്രമേണ ശക്തി കുറഞ്ഞു നാടകീയമായ ഒരന്ത്യത്തിലെത്തുകയോ അല്ലെങ്കില്‍ വൈറസിനെ പ്രതിരോധിക്കുന്ന വാക്സിന്‍ ലഭ്യമാകുകയോ ചെയ്തില്ലെങ്കില്‍ രോഗത്തിന്‍റെ നിയന്ത്രണം കൂടുതല്‍ പ്രയാസമേറിയതും ദൈര്‍ഘ്യമേറിയതുമായി മാറാനാണ് സാധ്യത. ഏതെങ്കിലും രാജ്യത്തുള്ള വൈറസ് സാന്നിധ്യം ആളുകളുടെ സഞ്ചലനത്തോടെ രാജ്യാന്തര തലത്തില്‍ വീണ്ടും സജീവമായേക്കാം.
1918-ലെ ഫ്ളൂവിന്‍റെ ആക്രമണം മുഖ്യമായും ചെറുപ്പക്കാരിലായിരുന്നു. എന്നാല്‍, കോവിഡ് ആക്രമിക്കുന്നത് മുഖ്യമായും പ്രായമേറിയവരെയാണ്. മരണ നിരക്കും പ്രായമേറിയവരിലാണ് കൂടുതല്‍. മാര്‍ച്ച് 21 വരെയുള്ള കണക്കു പ്രകാരം ഇറ്റലിയില്‍ കൊറോണ ബാധിതരായവരില്‍ 1.2 ശതമാനം മാത്രമാണ് 18 വയസ്സിനു താഴെ പ്രായമുള്ളവര്‍. 25.1 ശതമാനം 19-നും 50-നും ഇടയില്‍ പ്രായമുള്ളവരും 37.5 ശതമാനം 51 നും 70 നും ഇടയില്‍ പ്രായമുള്ളവരും 36.2 ശതമാനം 70 വയസ്സിനു മുകളില്‍ പ്രായമുള്ളവരുമാണ്. ചൈനയില്‍ മരിച്ചവരില്‍ 37 ശതമാനവും 60 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരാണ്. കൊറോണ ആദ്യം പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ രോഗം ബാധിച്ച 15-45, 45-64 പ്രായഗ്രൂപ്പുകളിലുള്ളവരുടെ മരണനിരക്ക് അര ശതമാനം മാത്രമായിരുന്നപ്പോള്‍ 65-നു മുകളിലുള്ളവരുടേത് 2.7 ശതമാനം ആണ്.
ഇറ്റലി പോലെയുള്ള വികസിത രാജ്യങ്ങളില്‍ കൊറോണ പെട്ടെന്ന് വ്യാപിക്കാനുള്ള കാരണങ്ങളില്‍ ഒന്ന് അവരുടെ ജനസംഖ്യാഘടനയുടെ പ്രത്യേകത കൂടിയായിരിക്കണം. ഇറ്റലിയിലെ 6 കോടി ജനങ്ങളില്‍ 22.75 ശതമാനവും 65 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. മൊത്തം ജനസംഖ്യയില്‍ 65 വയസ്സിനു മുകളിലുള്ളവര്‍ ഫ്രാന്‍സില്‍ 20.03 ശതമാനവും, സ്പെയിനില്‍ 19.38 ശതമാനവും ജര്‍മ്മനിയില്‍ 17.88 ശതമാനവും യു എസ്സില്‍ 15.81 ശതമാനവും ബ്രിട്ടനില്‍ 12.27 ശതമാനവുമാണ്. ഇന്ത്യയില്‍ ഇത് 5.3 ശതമാനമാണ്. എന്നാല്‍, ഇന്ത്യയിലെ ഏതാണ്ട് 133 കോടി ജനങ്ങളില്‍ 7.05 കോടി ആളുകളാണ് 65 വയസ്സിനു മുകളിലുള്ളവര്‍. ഇറ്റലിയിലാകട്ടെ ഇത് കഷ്ടിച്ച് 1.37 കോടി മാത്രമാണ്. ഇതാണ് ഇന്ത്യ അഭിമുഖീകരിയ്ക്കുന്ന പ്രധാന വെല്ലുവിളിയും.
ഇന്ത്യ പോലുള്ള അവികസിതരാജ്യങ്ങളില്‍ കൊറോണ സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതായിരിക്കും. നമുക്ക് ഇന്ത്യയുടെ കാര്യം തന്നെ എടുക്കാം. ഇപ്പോള്‍ തന്നെ രോഗവ്യാപനം തടയുന്നതിന്‍റെ ഭാഗമായി ആളുകള്‍ വീടിനു പുറത്തിറങ്ങുന്നതു തടയപ്പെട്ടിരിക്കുകയാണ്. അന്നന്നത്തെ ജീവിതത്തിനു വഴികാണാന്‍ പെടാപ്പാടു പെടുന്ന കൂലിപ്പണിക്കാര്‍, നിര്‍മ്മാണ തൊഴിലാളികള്‍, അസംഘടിത മേഖലയില്‍ പണിയെടുക്കുന്നവര്‍, കര്‍ഷക തൊഴിലാളികള്‍ തുടങ്ങിയവരുടെ വരുമാനത്തെ ഇതിനോടകം തന്നെ ഇത് സാരമായി ബാധിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകും എന്ന് തോന്നുന്നില്ല. സ്വാഭാവികമായും ഇത് അവരുടെ ക്രയശേഷിയെ ആയിരിക്കും ബാധിക്കുക. ഇത്തരത്തിലുണ്ടാകുന്ന ക്രയശേഷിക്കുറവ് ക്രമേണ വ്യാവസായികോത്പാദനത്തെയും മന്ദീഭവിപ്പിക്കും. ഒരു ചെയിന്‍ റീയാക്ഷനെന്നവണ്ണം ക്രമേണ നിക്ഷേപത്തെയും തൊഴിലിനെയുമായിരിക്കും ഇത് ബാധിക്കുക; ക്രയശേഷി വീണ്ടും കുറയുന്നതിനും കാരണമാകും. കൊറോണയുടെ വ്യാപ്തി ആഗോളതലത്തിലാണെന്നിരിക്കേ കയറ്റുമതിക്കുള്ള ചോദനത്തില്‍ ഉണ്ടാകുന്ന കുറവും രാജ്യത്തിനകത്തെ തൊഴിലിനെയും ക്രയശേഷിയെയും ഗണ്യമായി ബാധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
അന്തര്‍സംസ്ഥാന ഗതാഗതത്തിലേര്പ്പെടുത്തിയിട്ടു
(തിരുവനന്തപുരം ഗവ. വിമന്‍സ് കോളജിലെ സാമ്പത്തികശാസ്ത്ര വിഭാഗം മുന്‍ അധ്യക്ഷനും സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസിലെ മുന്‍ വിസിറ്റിംഗ് സ്കോളറുമാണ് ലേഖകന്‍.)