30 Monday
June 2025
2025 June 30
1447 Mouharrem 4

നിശ്ചിത ഇടവേളകളില്‍ കൊറോണ വന്നേക്കുമെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍

കോവിഡ്-19 രോഗം ഉണ്ടാക്കുന്ന സാര്‍സ് കോവ്-2 എന്ന വൈറസിനെ പ്രതിരോധിക്കാന്‍ എളുപ്പമല്ലെന്നും ഫ്ളൂ പോലെ എല്ലാ വര്‍ഷവും നിശ്ചിത ഇടവേളകളില്‍ ഈ രോഗം വരാന്‍ സാധ്യതയുണ്ടെന്നും ചൈനയിലെ ശാസ്ത്രജ്ഞര്‍. ഫ്ളൂ എന്ന നിസ്സാരമായ രോഗം ലോകമൊട്ടാകെ മൂന്ന് ലക്ഷം മുതല്‍ ആറര ലക്ഷം പേരെയാണ് ഓരോ വര്‍ഷവും കൊന്നൊടുക്കുന്നത്. മനുഷ്യ ശരീരത്തില്‍ വളരെയധികം കാലം നിലനില്‍ക്കുന്ന കാലികമായ പകര്‍ച്ചവ്യാധിയാണ് കൊറോണയെന്നാണ് ചൈനയിലെ പാത്തോജന്‍ ബയോളജി ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ ജിന്‍ കിയുടെ അഭിപ്രായം. യു എസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫക്ഷന്‍സ് ഡിസീസ് ഡയറക്ടര്‍ അന്തോണി ഫോസി അടക്കം നിരവധി ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത് ശൈത്യകാലത്ത് കൊറോണ വൈറസ് ആക്രമണം അതിന്‍റെ മൂര്‍ധന്യത്തിലെത്തുമെന്നാണ്. കൂടിയ തോതിലുള്ള വൈറസ് വ്യാപനവും രോഗലക്ഷണങ്ങളില്ലാത്തവരും ചെറിയ ലക്ഷണങ്ങളുള്ളവരുമായ വാഹകര്‍ രോഗം പകര്‍ത്തുന്നതും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. രോഗം ബാധിച്ച ആദ്യ ആഴ്ചയിലാണ് കോവിഡ് രോഗം പകരാനുള്ള സാധ്യത കൂടുതല്‍. വലിയ തോതില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരില്‍ നിന്നാണ് 44 ശതമാനം രോഗവും പകരുന്നതെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സാര്‍സ് കോവ് വൈറസ് എന്തുകൊണ്ട് മറ്റ് കൊറോണ വൈറസിനെക്കാള്‍ വേഗത്തില്‍ കടുത്ത ശ്വാസകോശ രോഗമുണ്ടാക്കുന്നുവെന്നും ഈ പഠനം വിശദീകരിക്കുന്നുണ്ട്. ഈ വൈറസ് നേരിട്ട് ശ്വാസകോശത്തിലേക്ക് പ്രവേശിക്കുകയും പിന്നീട് മറ്റ് ഭാഗങ്ങളിലേക്ക് പടരുകയുമാണ് ചെയ്യുന്നത്. സാര്‍സ് രോഗം ബാധിക്കുമ്പോള്‍ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ ആണ് ശ്വാസകോശത്തില്‍ നിന്നും രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. ശ്വാസകോശനാളിയുടെ മുകള്‍ ഭാഗം മുതല്‍ കൊറോണ ബാധിക്കുന്നതിനാല്‍ രോഗി സംസാരിക്കുമ്പോഴും പാട്ട് പാടുമ്പോള്‍ പോലും രോഗം പകരുന്നുവെന്നും പഠനങ്ങള്‍ പറയുന്നു.

Back to Top