പാലത്തായി പീഡന കേസ് പ്രതിയെ രക്ഷിക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ല -കെ എന്‍ എം മര്‍കസുദ്ദഅ്വ
കോഴിക്കോട്: കണ്ണൂര്‍ ജില്ലയിലെ പാലത്തായിലെ പിഞ്ചു ബാലികയെ ക്രൂരമായി പീഡിപ്പിച്ച ബി ജെ പി നേതാവിനെ രക്ഷിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് കൂട്ടുനില്‍ക്കുന്നത് പൊറുപ്പിക്കാനാവാത്ത അപരാധമാണെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്വ) സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. എട്ടും പൊട്ടും തിരിയാത്ത അനാഥ ബാലികയെ പീഡിപ്പിച്ച നരാധമനെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ ബാധ്യതപ്പെട്ട നിയമപാലകര്‍ സകലവിധ മാനദണ്ഡങ്ങളും ലംഘിച്ച് കേസ് അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ സര്‍ക്കാറിന്‍റെ ഉദ്ദേശ്യശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നു.
കൊറോണ കാലത്ത് പോലും പീഡിപ്പിക്കപ്പെട്ട ബാലികയെ നാടു ചുറ്റിച്ച് കൃതിമ മൊഴിയുണ്ടാക്കാന്‍ ശ്രമിക്കുന്ന പോലീസിനെ നിലക്കു നിര്‍ത്താന്‍ കഴിയില്ലെങ്കില്‍ ആഭ്യന്തര വകുപ്പ് ബി ജെ പിയെ ഏല്പിക്കുന്നതായിരിക്കും നല്ലത്. പ്രതിയെ ഒളിവില്‍ താമസിപ്പിച്ച ബി ജെ പി നേതാവിനെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര വകുപ്പിന് മുട്ടു വിറക്കുന്നുണ്ടങ്കില്‍ ഇടതുപക്ഷ മുന്നണി പുനര്‍ വിചിന്തനം നടത്തണം. പാലത്തായി പീഡന കേസ് പ്രതിക്ക് അര്‍ഹമായ ശിക്ഷ ലഭ്യമാക്കുന്നത് വരെ ജനാധിപത്യ കേരളം ഉണര്‍ന്നിരിക്കണം. പീഡനത്തിനിരയായ പിഞ്ചു ബാലികക്ക് നീതി ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കെ എന്‍ എം (മര്‍കസുദ്ദഅ്വ) സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍ ആയി നടന്ന യോഗം സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. എന്‍ എം അബ്ദുല്‍ജലീല്‍, കെ പി സകരിയ്യ, അഡ്വ. എം മൊയ്തീന്‍ കുട്ടി, കെ എല്‍ പി ഹാരിസ്, അഡ്വ. പി മുഹമ്മദ് ഹനീഫ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, പി പി ഖാലിദ്, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, കെ അബ്ദുസ്സലാം മാസ്റ്റര്‍, സുഹൈല്‍ സാബിര്‍, കെ പി മുഹമ്മദ്, കെ എ സുബൈര്‍, ശംസുദ്ദീന്‍ പാലക്കോട്, ഇസ്മാഈല്‍ കരിയാട്, കെ പി അബ്ദുറഹ്മാന്‍, ഡോ. ജാബിര്‍ അമാനി, ഡോ. ഐ പി അബ്ദുസ്സലാം, ഖദീജ നര്‍ഗീസ്, ഡോ. അന്‍വര്‍ സാദത്ത്, അലി മദനി മൊറയൂര്‍, ഡോ. സലീം ചെര്‍പ്പുളശ്ശേരി, ഫാസില്‍ ആലുക്കല്‍, സല്‍മ അന്‍വാരിയ്യ, ബി പി എ ഗഫൂര്‍, റുക്സാന വാഴക്കാട് ചര്‍ച്ചയില്‍ പങ്കെടുത്തു.
