21 Thursday
November 2024
2024 November 21
1446 Joumada I 19

ദൈവികശിക്ഷയുടെ ആഴവും പരപ്പും – പി കെ മൊയ്തീന്‍ സുല്ലമി

ഇന്ന് ലോകത്ത് അനീതി വ്യാപകമാണ്. മനുഷ്യരെ അക്രമിക്കുന്നതും മനുഷ്യരുടെ സ്വൈരം കെടുത്തുന്നതുമായ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതു മനുഷ്യര്‍ തന്നെയാണ്. ശക്തന്‍ അശക്തനെ അക്രമിക്കുന്നു. ചെറു രാഷ്ട്രങ്ങള്‍ക്കു മേല്‍ വലിയ രാഷ്ട്രങ്ങള്‍ ആധിപത്യം സ്ഥാപിക്കുന്നു. കുടുംബ, സാമുദായിക, ആദര്‍ശ ബന്ധത്തിനപ്പുറം പണത്തിനും പണക്കാരനും സ്ഥാനം നല്‍കപ്പെടുന്നു. ലൈംഗികമായ അഴിഞ്ഞാട്ടവും അരാജകത്വവും പരിധി വിട്ടിരിക്കുന്നു. അമേരിക്കയിലും യൂറോപ്യന്‍ നാടുകളിലും പിതാക്കളില്ലാതെ ജനിക്കുന്നവരുടെ എണ്ണം പെരുകുകയാണ്. ഇറാഖിലും മറ്റു മുസ്ലിം നാടുകളിലും തീവ്രവാദത്തിന്‍റെ പേരില്‍ വധിക്കപ്പെടുന്ന നിരപരാധികള്‍ ലക്ഷങ്ങളാണ്.
അല്ലാഹു പറയുന്നു: “അക്രമികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നീ വിചാരിച്ചുപോകരുത്” (ഇബ്റാഹീം 42). ഇത്തരം അക്രമികളെ ശിക്ഷിക്കാന്‍ അല്ലാഹുവിന്ന് യാതൊരു പ്രയാസവുമില്ല എന്നാണ് മേല്‍വചനം സൂചിപ്പിക്കുന്നത്. അല്ലാഹു പറയുന്നു: “നബിയേ, ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ് എന്ന് എന്‍റെ ദാസന്മാരെ വിവരമറിയിക്കുക. തീര്‍ച്ചയായും എന്‍റെ ശിക്ഷയാണ് വേദനയേറിയ ശിക്ഷയെന്നും വിവരമറിയിക്കുക.” (ഹിജ്റ് 49,50)
മുന്‍ഗാമികളായ ധിക്കാരികളെയും അഹങ്കാരികളെയും അല്ലാഹു വേരോടെ പിഴുതെറിഞ്ഞ സംഭവങ്ങള്‍ ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. അത് അവര്‍ ഇസ്ലാം സ്വീകരിക്കാത്തതിന്‍റെ പേരിലായിരുന്നില്ല. മറിച്ച് പ്രവാചകന്മാരെയും സത്യവിശ്വാസികളെയും കൊലപ്പെടുത്തുകയും നാട്ടില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്തതിന്‍റെ പേരിലായിരുന്നു. അത്തരം ഒരു നാശം നബി(സ)യുടെ സമുദായത്തിന്ന് ഉണ്ടാവുകയില്ലെന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. “എന്നാല്‍ താങ്കള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല. അവര്‍ പശ്ചാത്തപിച്ചു കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല.” (അന്‍ഫാല്‍ 33)
നബി(സ) ജീവിച്ചിരിക്കുന്ന അവസരത്തിലോ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും പാപമോചനം തേടിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലോ അല്ലാഹു അവരെ ഒന്നടങ്കം നശിപ്പിക്കുന്നതല്ല. അല്ലാത്ത പക്ഷം അവരെ ഒന്നടങ്കം നശിപ്പിക്കുമായിരുന്നു എന്നാണ് മേല്‍ വചനത്തിന്‍റെ താല്‍പര്യം. അല്ലാഹു പറയുന്നു: “അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു നിശ്ചയം മുന്‍കൂട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ നിങ്ങള്‍ ആ വാങ്ങിയതിന്‍റെ പേരില്‍ നിങ്ങളെ വമ്പിച്ച ശിക്ഷ ബാധിക്കുക തന്നെ ചെയ്യുമായിരുന്നു” (അന്‍ഫാല്‍ 48). മറ്റൊരു വചനം: “താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്ന് ഒരു വചനം മുന്‍കൂട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന വിഷയത്തില്‍ അവര്‍ക്കിടയില്‍ (ഇതോടൊപ്പം) തീര്‍പ്പു കല്പിക്കപ്പെടുമായിരുന്നു” (യൂനുസ് 19)
ചുരുക്കത്തില്‍ മനുഷ്യരുടെ ധിക്കാരത്തിനും അക്രമത്തിനും തോന്നിവാസങ്ങള്‍ക്കുമനുസരിച്ച് അല്ലാഹു ശിക്ഷ നടപ്പില്‍ വരുത്തുന്നില്ല എന്നതാണ് വസ്തുത. അല്ലാഹു പറയുന്നു: “അല്ലാഹു മനുഷ്യരെ അവര്‍ പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ ശിക്ഷിക്കുമായിരുന്നുവെങ്കില്‍ ഭൂമുഖത്ത് ഒരു ജന്തുവെയും അവന്‍ വിട്ടേക്കുമായിരുന്നില്ല. എന്നാല്‍ ഒരു നിശ്ചിത അവധിവരെ അവരെ അവന്‍ നീട്ടിയിടുന്നു.” (ഫാത്വിര്‍ 45) എന്നാല്‍ കൊറോണ, പ്ലേഗ്, കോളറ പോലുള്ള മഹാമാരികള്‍ ഒരുപക്ഷേ ദൈവിക ശിക്ഷയോ പരീക്ഷണമോ ആവാം. അല്ലാഹുവിന്‍റെ ശിക്ഷയായി പരീക്ഷണം വരുന്നത് അക്രമവും അഹങ്കാരവും തോന്നിവാസങ്ങളും ചെയ്യുന്നവര്‍ക്ക് മാത്രമല്ല. അവരെ അനുകൂലിക്കുന്നവര്‍ക്കും പിന്തുണയ്ക്കുന്നവര്‍ക്കും അതേ ശിക്ഷ ലഭിച്ചേക്കാം.
അല്ലാഹു പറയുന്നു: “ഏറ്റവും വലിയ ആ ശിക്ഷ കൂടാതെ ചില ചെറിയ തരം ശിക്ഷകളും നാം അവരെ ആസ്വദിപ്പിക്കുന്നതാണ്. അവര്‍ (ഒരുവേള) തെറ്റുകളില്‍ നിന്നും മടങ്ങാന്‍ വേണ്ടിയാണിത്.” (സജദ 21). ഇത്തരം ശിക്ഷകളില്‍ ചിലപ്പോള്‍ നിരപരാധികളും ഉള്‍പ്പെട്ടേക്കാം. അല്ലാഹു പറയുന്നു: “ഒരു പരീക്ഷണം (ശിക്ഷ) വരുന്നത് നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക. അത് ബാധിക്കുന്നത് നിങ്ങളിലെ അക്രമികളെ മാത്രമായിരിക്കുകയില്ല.” (അന്‍ഫാല്‍ 15)
മരണമെന്നത് ശിക്ഷയല്ല. അത് അല്ലാഹു മുന്‍കൂട്ടി നിശ്ചയിച്ചതാണ്. ശിക്ഷ എന്നു പറയുന്നത് പ്രസ്തുത രോഗസന്ദര്‍ഭങ്ങളിലുണ്ടാകുന്ന വിഷമങ്ങളും വേദനകളുമാണ്. ഒരു നാട്ടില്‍ ബഹുഭൂരിഭാഗവും നല്ലവരാണെങ്കില്‍ ആ നാട്ടില്‍ ഒരു വിധത്തിലുള്ള ദൈവിക ശിക്ഷയും ബാധിക്കുന്നതല്ല. അല്ലാഹു പറയുന്നു: “നാട്ടുകാര്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്യുന്നവരായിരിക്കെ നിന്‍റെ രക്ഷിതാവ് അന്യായമായി നാടിനെ നശിപ്പിക്കുന്നതല്ല” (ഹൂദ് 117). അല്ലാഹുവിന്‍റെ മുന്നില്‍ എല്ലാവരും നിസ്സാരരാണ്. ഇബ്റാഹീം നബി(അ)യെ തീക്കുണ്ടാരത്തിലേക്ക് വലിച്ചെറിഞ്ഞ നംറൂദ് രാജാവിനെ അല്ലാഹു നശിപ്പിച്ചത് അദ്ദേഹത്തിന്‍റെ മൂര്‍ദാവിലേക്ക് നിസ്സാരനായ കൊതുകിനെ അയച്ചുകൊണ്ടാണ്. കഅ്ബ പൊളിക്കാന്‍ വന്ന അബ്റഹത്തിനെയും ആനപ്പടയെയും നശിപ്പിച്ചത് ചെറിയ ഇനം പക്ഷികളെ കൊണ്ടാണ്.
പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനും അനിയന്ത്രിതമായ മരണങ്ങള്‍ക്കും കാരണമായി നബി(സ) മുന്നറിയിപ്പ് നല്‍കിയത് പരസ്യമായ ലൈംഗിക പേക്കൂത്തുകളാണ്. നബി(സ) പറയുന്നു: “അവസാന കാലത്ത് ജനങ്ങളില്‍ ഏറ്റവും ദുഷ്ടന്മാര്‍ അവശേഷിക്കും. അവര്‍ കഴുതകളെ പോലെ പരസ്യമായി ലൈംഗിക വേഴ്ച നടത്തും. അവരുടെ മേലാണ് അന്ത്യദിനം ഭവിക്കുക” (മുസ്ലിം). മറ്റൊരു ഹദീസ്: “കഴുതകള്‍ പരസ്യമായ നിലയില്‍ ലൈംഗികവേഴ്ച നടത്തുന്നതു പോലെ ചിലര്‍ നടത്തുന്നതുവരെ ലോകാവസാനം സംഭവിക്കുന്നതല്ല. ഇത് നബി(സ) പറഞ്ഞപ്പോള്‍ അബ്ദുല്ലാഹിബ്നു അംറ്(റ) ചോദിച്ചു: നബിയേ, അപ്രകാരം സംഭവിക്കുമോ? നബി(സ) പറഞ്ഞു: അതെ, തീര്‍ച്ചയായും അതുണ്ടാകും.” (സ്വഹീഹു ഇബ്നിഹിബ്ബാന്‍)
ഇബ്നു അബ്ബാസ്(റ) പറയുന്നു: “ഒരു ജനതയില്‍ വ്യഭിചാരം വ്യാപിക്കുന്നപക്ഷം മരണനിരക്ക് കൂടാതിരിക്കുന്നതല്ല” (മാലിക്). മരണ നിരക്ക് കൂട്ടുന്നത് വ്യത്യസ്തങ്ങളായ രോഗങ്ങളായിരിക്കുമെന്ന കാര്യം ചില ഹദീസുകളില്‍ വിവരിക്കുന്നുണ്ട്. നബി(സ) പറയുന്നു: “ദുര്‍നടപ്പുകള്‍ വ്യാപകമായ ഒരു സമൂഹത്തില്‍ മരണം ആധിപത്യം പുലര്‍ത്തുന്നതാണ്” (ഹാകിം, സവാചിര്‍ 2:139).
“ഒരിക്കല്‍ നബി(സ) ഞങ്ങള്‍ക്കഭിമുഖമായി നിന്നുകൊണ്ട് പറഞ്ഞു: ഹേ, മുഹാജിറുകളേ, അഞ്ചു കാര്യങ്ങളില്‍ നിന്ന് പ്രത്യക്ഷപ്പെടുന്ന പക്ഷം അവകള്‍ കൊണ്ട് നിങ്ങള്‍ പരീക്ഷിക്കപ്പെടുന്ന പക്ഷം അല്ലാഹുവോട് അത് നിങ്ങളെ ബാധിക്കുന്നതില്‍ നിന്നും ഞാന്‍ രക്ഷ തേടുന്നു. ഏതൊരു സമൂഹത്തിലും പരസ്യമായി ലൈംഗിക ദുര്‍നടപ്പ് ഉണ്ടാകുന്നുണ്ടോ അവിടെ പ്ലേഗും മറ്റു ദുരന്തങ്ങളും വ്യാപിച്ചിരിക്കും. കഴിഞ്ഞുപോയ സമൂഹത്തില്‍ അത്തരം (രോഗങ്ങള്‍) ഉണ്ടായിക്കാണുന്നതുമല്ല” (ഇബ്നുമാജ, സവാചിര്‍ 2:139). ചുരുക്കത്തില്‍ ദൈവികമായ ശിക്ഷയുടെ ആഴവും പരപ്പും നാം വിചാരിക്കുന്നതിനെക്കാള്‍ എത്രയോ കഠിനമാണ്. അല്ലാഹു പകര്‍ച്ചവ്യാധികളില്‍ നിന്നും ദുര്‍മരണങ്ങളില്‍ നിന്നും നമ്മെ കാത്തുരക്ഷിക്കട്ടെ!

Back to Top