22 Sunday
December 2024
2024 December 22
1446 Joumada II 20

ദൈവിക സഹായത്തിന്‍റെ മുന്നുപാധികള്‍ – പി കെ മൊയ്തീന്‍ സുല്ലമി

അല്ലാഹു പരമകാരുണ്യവാനാണ്. “അവന്‍ പരമകാരുണ്യവാനും കരുണാനിധിയുമാണ്” (ഫാതിഹ 3). പരമകാരുണ്യവാന്‍ എന്നു പറഞ്ഞാല്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നവനും വിശ്വസിക്കാത്തവനും, അവന് വഴിപ്പെടുന്നവനും വഴിപ്പെടാത്തവനും തുല്യമായ നിലയില്‍ അനുഗ്രഹം ചെയ്യുന്നവന്‍ എന്നാണ്. അഥവാ അല്ലാഹു അവന്‍റെ അനുഗ്രഹങ്ങള്‍ പ്രദാനം ചെയ്യുന്നതില്‍ പക്ഷപാതമോ വേര്‍തിരിവോ കാണിക്കാറില്ല. ഇക്കാര്യം വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തിയിട്ടുണ്ട്: “ഇക്കൂട്ടര്‍ക്കും അക്കൂട്ടര്‍ക്കും എല്ലാവര്‍ക്കും നാം സഹായം നല്‍കുന്നതാണ്. നിന്‍റെ രക്ഷിതാവിന്‍റെ ദാനത്തില്‍ പെട്ടതത്രെ അത്. നിന്‍റെ രക്ഷിതാവിന്‍റെ ദാനം തടഞ്ഞുവെക്കപ്പെടുന്നതല്ല.” (ഇസ്റാഅ് 28)
എന്നാല്‍ അല്ലാഹുവിന്‍റെ ദാസന്മാര്‍ എന്ന നിലയില്‍ സത്യവിശ്വാസികള്‍ക്ക് അല്ലാഹുവിന്‍റെ സഹായം ലഭിക്കണമെങ്കില്‍ ചില നിബന്ധനകള്‍ വെച്ചിട്ടുണ്ട്. നിഷേധികള്‍ക്ക് ഈ നിബന്ധനകള്‍ ബാധകമല്ല. കാരണം അവര്‍ക്ക് ദുനിയാവ് മാത്രമേ ഉള്ളൂ. അവര്‍ക്ക് പരലോകം നഷ്ടമാണല്ലോ. അല്ലാഹു പറയുന്നു: “വല്ലവനും ക്ഷണികമായതിനെ (ഇഹലോകത്തെ) യാണ് ഉദ്ദേശിക്കുന്നതെങ്കില്‍ (അവരില്‍ നിന്ന്) നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം ഉദ്ദേശിക്കുന്നത് ഇവിടെ വെച്ചു തന്നെ വേഗത്തില്‍ നല്‍കുന്നതാണ്. പിന്നെ നാം അങ്ങനെയുള്ളവന് നല്‍കുന്നത് നരകമായിരിക്കും. അപമാനിതനും പുറംതള്ളപ്പെട്ടവനുമായിക്കൊണ്ട് അവര്‍ അതില്‍ കടന്നെരിയുന്നതാണ്.” (ഇസ്റാഅ് 18). അല്ലാഹുവിന്‍റെ സഹായം ലഭിക്കാനുള്ള നിബന്ധനകള്‍ താഴെ വിവരിക്കാം:

തവക്കുല്‍
അല്ലാഹുവില്‍ കാര്യങ്ങള്‍ ഭരമേല്‍പിക്കലാണ് തവക്കുല്‍. അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നത് തന്നോട് അല്ലാഹു കല്‍പിച്ച ഉത്തരവാദിത്വം നിറവേറ്റിയതിന് ശേഷമായിരിക്കണം. രോഗം പിടിപെട്ടവന്‍ ചികിത്സിക്കാതെ രോഗം ഭേദമാകാന്‍ പ്രാര്‍ഥിക്കുന്നതും തൊഴിലെടുക്കാന്‍ സന്നദ്ധനാവാതെ ഭക്ഷണം തരേണമേ എന്ന് പ്രാര്‍ഥിക്കുന്നതും നിഷ്ഫലവും പാഴ്വേലയുമാണ്. അത്തരം പ്രാര്‍ഥനകള്‍ക്കൊന്നും ഉത്തരം നല്‍കാന്‍ അല്ലാഹു ബാധ്യസ്ഥനല്ല. അതുപോലെ മുഅ്മിനാണെന്ന് അവകാശപ്പെടുകയും അല്ലാഹുവിന്‍റെ കല്‍പനകള്‍ ധിക്കരിച്ചു ജീവിക്കുകയും ചെയ്യുന്നവന്‍റെ പ്രാര്‍ഥനക്കു ഉത്തരം നല്‍കാനും അല്ലാഹു ബാധ്യസ്ഥനല്ല. അല്ലാഹു പറയുന്നു: “താങ്കളോട് എന്‍റെ ദാസന്മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ അവര്‍ക്ക് ഏറ്റവും അടുത്തുള്ളവനാകുന്നു എന്ന് പറയുക. പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ചു പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നതാണ്. അതിനാല്‍ എന്‍റെ കല്‍പന അവര്‍ സ്വീകരിക്കുകയും എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കാന്‍ വേണ്ടിയാണത്.” (അല്‍ബഖറ 186).
അല്ലാഹുവില്‍ ഭരമേല്‍പിക്കുകയെന്നത് ജീവിതത്തില്‍ പ്രയാസങ്ങള്‍ വരുമ്പോള്‍ മാത്രം പോരാ. അങ്ങനെയാണ് ബഹുഭൂരിപക്ഷവും ചെയ്തുവരുന്നത്. സന്തോഷത്തിലും സന്താപത്തിലും ദാരിദ്ര്യത്തിലും ഐശ്വര്യത്തിലുമെല്ലാം അല്ലാഹുവിനെ ഓര്‍ക്കുകയും അവന് ശുക്ര്‍ ചെയ്യുകയും ക്ഷമ കാണിക്കേണ്ട അവസരത്തില്‍ ക്ഷമിക്കുകയും ചെയ്യുന്ന പ്രക്രിയക്കാണ് തവക്കുല്‍ എന്ന് പറയുന്നത്. പക്ഷേ, ബഹുഭൂരിപക്ഷം ജനങ്ങളും വിഷമങ്ങള്‍ വരുമ്പോള്‍ മാത്രം അല്ലാഹുവിനെ ഓര്‍ക്കുന്നവരാണ്. അല്ലാഹു പറയുന്നു: “ജനങ്ങള്‍ക്ക് വല്ല ദുരിതവും ബാധിച്ചാല്‍ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിഞ്ഞുകൊണ്ട് അവനോട് അവര്‍ പ്രാര്‍ഥിക്കുന്നതാണ്. പിന്നെ തന്‍റെ പക്കല്‍ നിന്നുള്ള കാരുണ്യം അവര്‍ക്കവന്‍ അനുഭവിപ്പിച്ചാല്‍ അവരില്‍ ഒരു വിഭാഗമതാ തങ്ങളുടെ രക്ഷിതാവിനോട് പങ്കുചേര്‍ക്കുന്നു.” (റൂം 33)
മക്കയിലെ മുശ്രിക്കുകള്‍ മേല്‍പറഞ്ഞ വിഭാഗത്തില്‍ പെട്ടവരായിരുന്നു. വലിയ വിപത്തുകള്‍ വരുമ്പോള്‍ അല്ലാഹുവെ മാത്രം വിളിച്ചുതേടുകയും ചെറിയ വിപത്തുകള്‍ വരുമ്പോള്‍ മറ്റുള്ളവരോട് സഹായം തേടുകയും ചെയ്യുന്ന രീതി മുസ്ലിംകളില്‍ ഒരു വിഭാഗം ഇപ്പോഴും തുടര്‍ന്നുവരുന്നുണ്ട്. മക്കയിലെ മുശ്രിക്കുകള്‍ അനുവര്‍ത്തിച്ചതും ഇതേ സമ്പ്രദായം തന്നെയായിരുന്നു. അല്ലാഹു പറയുന്നു: “എന്നാല്‍ അവര്‍ കപ്പലില്‍ കയറിയാല്‍ കീഴ്വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കിക്കൊണ്ട് അവനെ വിളിച്ചു പ്രാര്‍ഥിക്കും. എന്നിട്ട് അവരെ അവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയപ്പോഴോ അവരതാ അവനോട് പങ്കുചേര്‍ക്കുന്നു.” (അന്‍കബൂത്ത് 65)
കപ്പല്‍ അപകടത്തില്‍ പെടുക പോലുള്ള വലിയ വിപത്തുകള്‍ വരുമ്പോള്‍ മുശ്രിക്കുകള്‍ അല്ലാഹുവോടായിരുന്നു പ്രാര്‍ഥിച്ചിരുന്നത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടാല്‍ അവര്‍ അവരുടെ ദൈവങ്ങളോടു പ്രാര്‍ഥിക്കും എന്നാണ് അല്ലാഹു ഉണര്‍ത്തുന്നത്. യഥാര്‍ഥ വിശ്വാസികള്‍ സദാ സന്ദര്‍ഭങ്ങളിലും അല്ലാഹുവെ മാത്രം തവക്കുലാക്കി (ഭരമേല്‍പിച്ചു) ജീവിക്കേണ്ടവരാണ്. അല്ലാഹു പറയുന്നു: “അല്ലാഹുവിന്‍റെ മേലാണ് വിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്.” (ഇബ്റാഹിം 11)
നാട്ടില്‍ നിന്നു പുറത്താക്കുന്ന പ്രശ്നം പ്രവാചകന്മാരെയും പിടികൂടിയിരുന്നു. അവരെ അല്ലാഹു രക്ഷപ്പെടുത്തിയത് അല്ലാഹുവില്‍ മാത്രം അവര്‍ തവക്കുല്‍ ചെയ്തു ജീവിച്ചതുകൊണ്ടായിരുന്നു. അല്ലാഹു പറയുന്നു: “അവിശ്വാസികള്‍ തങ്ങളിലേക്കുള്ള ദൈവദൂതന്മാരോട് പറഞ്ഞു: ഞങ്ങളുടെ നാട്ടില്‍ നിന്ന് നിങ്ങളെ ഞങ്ങള്‍ പുറത്താക്കുക തന്നെ ചെയ്യും. അല്ലാത്തപക്ഷം, നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്ക് തിരിച്ചുവന്നേ തീരൂ. അപ്പോള്‍ അവര്‍ക്ക് (ദൈവദൂതന്മാര്‍ക്ക്) അവരുടെ രക്ഷിതാവ് ബോധനം നല്‍കി: തീര്‍ച്ചയായും നാം അക്രമികളെ നശിപ്പിക്കുകയും അവര്‍ക്കു ശേഷം നിങ്ങളെ നാം നാട്ടില്‍ അധിവസിപ്പിക്കുകയും ചെയ്യുന്നതാണ്. എന്‍റെ സ്ഥാനത്തെപ്പറ്റി ഭയപ്പെടുകയും എന്‍റെ താക്കീതിനെ ഭയപ്പെടുകയും ചെയ്തവര്‍ക്കുള്ളതാണ് ആ അനുഗ്രഹം.” (ഇബ്റാഹിം 13,14)
എന്തു പ്രശ്നങ്ങള്‍ നേരിട്ടാലും അല്ലാഹുവിന്‍റെ സഹായം ലഭിക്കണമെങ്കില്‍ അല്ലാഹുവിന്‍റെ സ്ഥാനത്തെയും താക്കീതിനെയും ഭയപ്പെട്ടുകൊണ്ടും അവനില്‍ മാത്രം കാര്യങ്ങള്‍ തവക്കുല്‍ ചെയ്തുകൊണ്ടും ജീവിക്കണമെന്നാണ് മേല്‍വചനങ്ങളുടെ താല്‍പര്യം.

അല്ലാഹുവിനെ സഹായിക്കല്‍
അല്ലാഹുവിന്‍റെ സഹായം ലഭിക്കണമെങ്കില്‍ നാം ശരീരം കൊണ്ടും സമ്പത്തുകൊണ്ടും മനസ്സു കൊണ്ടും അല്ലാഹുവെ (അവന്‍റെ ദീനിനെ) സഹായിക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നു: “തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും.” (ഹജ്ജ് 40). മറ്റൊരു വചനം: “സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്യുന്നതാണ്.” (മുഹമ്മദ് 7)
മേല്‍ വചനത്തിന്‍റെ താല്‍പര്യം വ്യക്തമാക്കുന്ന മറ്റൊരു വചനം: “സത്യവിശ്വാസികളേ, വേദനാജനകമായ ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്ന കച്ചവടത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെയോ? നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കണം. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങളുടെ സമ്പത്ത് കൊണ്ടും ശരീരങ്ങള്‍ കൊണ്ടും നിങ്ങള്‍ സമരം ചെയ്യുകയും വേണം. അതാണ് നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത്. നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍.” (സ്വഫ്ഫ് 10,11)
മേല്‍പറഞ്ഞ വിധം അല്ലാഹുവിന്‍റെ ദീനിനു വേണ്ടി സമരം ചെയ്താല്‍ നമുക്ക് ലഭിക്കാവുന്ന മറ്റു രണ്ട് ഗുണങ്ങളെക്കുറിച്ച് അല്ലാഹു പറയുന്നു: “നിങ്ങളിഷ്ടപ്പെടുന്ന മറ്റൊരു കാര്യവും (അവന്‍ നല്‍കുന്നതാണ്). അഥവാ അല്ലാഹുവിങ്കല്‍ നിന്നുള്ള സഹായവും ആസന്നമായ വിജയവും.” (സ്വഫ്ഫ് 13)
ഈമാനുള്ളവര്‍ക്കാണ് അല്ലാഹുവിന്‍റെ സഹായം ലഭിക്കുക. മനസ്സുകൊണ്ടു പോലും ഒരു തെറ്റിനെ വെറുക്കുകയെന്നത് ഈമാനിന്‍റെ ലക്ഷണത്തില്‍ പെട്ടതാണ്. പ്രവാചകന്‍(സ) പറയുന്നു: “നിഷ്കളങ്കരായ ചില സഹായികള്‍ ഇല്ലാതെ എനിക്ക് മുമ്പ് ഒരു പ്രവാചകനെയും അല്ലാഹു നിയോഗിച്ചിട്ടില്ല. അവരൊക്കെ പ്രവാചകന്‍റെ കല്‍പനകള്‍ പിന്‍പറ്റുകയും ചര്യകള്‍ സ്വീകരിക്കുകയും ചെയ്തുപോന്നിട്ടുണ്ട്. പിന്നീട് അവര്‍ക്കു ശേഷം ഒരു തലമുറ ഉടലെടുക്കുന്നതാണ്. അവര്‍ പ്രവര്‍ത്തിക്കാത്ത കാര്യങ്ങള്‍ പറയുകയും കല്‍പിക്കാത്ത കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരായിരിക്കും. അത്തരക്കാരോട് വല്ലവനും കൈകൊണ്ട് സമരം നടത്തുന്ന പക്ഷം അവന്‍ (യഥാര്‍ഥ) വിശ്വാസി ആയിരിക്കും. അത്തരക്കാരോട് മനസ്സുകൊണ്ട് വല്ലവനും സമരം ചെയ്താല്‍ അവനും മുഅ്മിനായിരിക്കും. അത്തരക്കാരോട് നാക്കുകൊണ്ട് വല്ലവനും സമരം ചെയ്താല്‍ അവനും മുഅ്മിനായിരിക്കും. അതിനപ്പുറം (മനസ്സുകൊണ്ടുള്ള സമരം) ഒരാള്‍ക്കും ഒരു കടുകുമണിത്തൂക്കം ഈമാന്‍ ഉണ്ടായിരിക്കുന്നതല്ല.” (മുസ്ലിം, രിയാദുസ്സ്വാലിഹീന്‍, 190)
സാധിക്കുമെങ്കില്‍ ഒരു തെറ്റിനെ ചൂണ്ടിക്കാണിക്കലാണ് കൈ കൊണ്ടുള്ള ജിഹാദ്. അതിനു കഴിയാത്ത അവസ്ഥയില്‍ ഒരു തെറ്റിനെ മനസ്സ് കൊണ്ട് വെറുക്കുകയെന്നതാണ് മനസ്സ് കൊണ്ടുള്ള ജിഹാദ്. മനസ്സു കൊണ്ടുള്ള ജിഹാദിനും പ്രതിഫലം ലഭിക്കുന്നതാണ്. ഈ വിഷയത്തില്‍ വന്ന മറ്റൊരു ഹദീസ് ഇപ്രകാരമാണ്: “നിങ്ങളില്‍ ആരെങ്കിലും ഒരു നിഷിദ്ധകാര്യം ചെയ്യുന്നതായി മറ്റൊരാള്‍ കാണുന്ന പക്ഷം അവന്‍ അതിനെ തന്‍റെ കൈകൊണ്ട് തടഞ്ഞുകൊള്ളട്ടെ. അതിനു കഴിയാത്ത പക്ഷം അവന്‍റെ മനസ്സുകൊണ്ട് തടഞ്ഞുകൊള്ളട്ടെ. അതാണ് (മനസ്സുകൊണ്ട് വെറുക്കല്‍) ഈമാനില്‍ ഏറ്റവും ദുര്‍ബലമായത്.” (മുസ്ലിം, രിയാദുസ്സ്വാലിഹീന്‍, 189). നന്മകള്‍ കല്‍പിക്കലും തിന്മകള്‍ വിരോധിക്കലും വെറുക്കലുമൊക്കെ ഇസ്ലാമില്‍ ജിഹാദില്‍ പെട്ടതാകുന്നു.

ഈമാനും ക്ഷമയും
അല്ലാഹുവിന്‍റെ സഹായം ലഭിക്കണമെങ്കില്‍ ഈമാനും ക്ഷമയും ആവശ്യമാണ്. അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമയും നമസ്കാരവും മൂലം അല്ലാഹുവോട് സഹായം തേടുക. തീര്‍ച്ചയായും അല്ലാഹു ക്ഷമിക്കുന്നവരോടൊപ്പമാകുന്നു.” (അല്‍ബഖറ 153).
എടുത്തുചാട്ടം സത്യവിശ്വാസികള്‍ക്ക് ഭൂഷണമല്ല. അത് പരാജയത്തിലേക്കേ നയിക്കൂ. അല്ലാഹു പറയുന്നു: “നിങ്ങളുടെ കൂട്ടത്തില്‍ ക്ഷമാശീലരായ ഇരുപത് പേരുണ്ടായിരുന്നാല്‍ ഇരുനൂറ് പേരെ അവര്‍ക്ക് ജയിച്ചടക്കാവുന്നതാണ്. നിങ്ങളുടെ കൂട്ടത്തില്‍ നൂറ് പേരുണ്ടായിരുന്നാല്‍ സത്യനിഷേധികളില്‍ നിന്ന് ആയിരം പേരെ അവര്‍ക്ക് ജയിച്ചടക്കാവുന്നതാണ്.” (അന്‍ഫാല്‍ 65)
അപ്പോള്‍ ഈമാനും ക്ഷമയുമുള്ള 20 കോടി സത്യവിശ്വാസികളുണ്ടെങ്കില്‍ അല്ലാഹുവിന്‍റെ സഹായത്താല്‍ 200 കോടി സത്യനിഷേധികളെ ജയിച്ചടക്കാന്‍ സാധിക്കും എന്നാണ് മേല്‍ പറഞ്ഞ വചനത്തിന്‍റെ താല്‍പര്യം. മേല്‍പറഞ്ഞ വിശേഷണങ്ങളുള്ള സത്യവിശ്വാസികള്‍ ഇവിടെയുണ്ടോ എന്നതാണ് നാം ചിന്തിക്കേണ്ടത്. ഈമാനും ക്ഷമയും കരസ്ഥമാക്കാനും ദൃഢീകരിക്കാനും നാം ശ്രമം നടത്തേണ്ടതാണ്. കാരണം, മതപരമായ പ്രവര്‍ത്തനങ്ങള്‍ പോലും ലോകമാന്യതക്കും പേരും പ്രശസ്തിയും നേടാനും പ്രയോജനപ്പെടുത്തുന്ന കാലഘട്ടമാണിത്.

ലക്ഷ്യം പരലോകമോക്ഷം
നമ്മുടെ പ്രവര്‍ത്തനലക്ഷ്യം പരലോകമായിരിക്കണം. എങ്കില്‍ മാത്രമേ അല്ലാഹുവിന്‍റെ സഹായം നമുക്ക് ലഭിക്കൂ. ഉഹ്ദില്‍ സത്യവിശ്വാസികള്‍ക്ക് പരാജയം നേരിട്ടത് അല്ലാഹു അവന്‍റെ സഹായം നല്‍കാത്തതു കൊണ്ടായിരുന്നു. അല്ലാഹു സഹായം നല്‍കാതിരിക്കാനുണ്ടായ കാരണം സ്വഹാബികളില്‍ ഒരു വിഭാഗത്തിന്‍റെ ഭൗതികമായ താല്‍പര്യങ്ങളായിരുന്നു. അഥവാ, ശത്രുക്കള്‍ തോറ്റോടിയപ്പോള്‍ നബി(സ)യുടെ കല്‍പന ധിക്കരിച്ചുകൊണ്ട് ഗനീമത്ത് മുതല്‍ സമാഹരിക്കാനാണ് ഒരുവിഭാഗം ഒരുമ്പെട്ടത്. അതിനവര്‍ വലിയ വില കൊടുക്കേണ്ടി വന്നു. എഴുപതോളം പേര്‍ യുദ്ധത്തില്‍ ശഹീദാവുകയുണ്ടായി. അക്കാര്യം അല്ലാഹു ഉണര്‍ത്തുന്നു: “നിങ്ങളില്‍ ദുനിയാവിനെ ലക്ഷ്യമാക്കുന്നവരുണ്ട്. പരലോകത്തെ ലക്ഷ്യമാക്കുന്നവരും നിങ്ങളിലുണ്ട്. അനന്തരം നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടി ശത്രുക്കളില്‍ നിന്നും അല്ലാഹു നിങ്ങളെ പിന്തിരിപ്പിച്ചു കളഞ്ഞു. എന്നാല്‍ അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് നല്‍കിയിരിക്കുന്നു. അല്ലാഹു സത്യവിശ്വാസികളോട് ഔദാര്യം കാണിക്കുന്നവനാകുന്നു.” (ആലുഇംറാന്‍ 152)
ചുരുക്കത്തില്‍ അദൃശ്യമായ നിലയില്‍ ദുനിയാവിലും ആഖിറത്തിലും സഹായവും സംരക്ഷണവും നല്‍കുന്നത് അല്ലാഹു മാത്രമാകുന്നു. അക്കാര്യമാണ് യൂസുഫ് നബി(അ)യുടെ പ്രാര്‍ഥനയിലൂടെ അല്ലാഹു പഠിപ്പിക്കുന്നത്. “ആകാശ ഭൂമികളുടെ സ്രഷ്ടാവായ അല്ലാഹുവേ, നീ ഇഹത്തിലും പരത്തിലും എന്‍റെ രക്ഷാധികാരിയാകുന്നു. നീ എന്നെ മുസ്ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്യേണമേ.” (യൂസുഫ് 101)
അല്ലാഹു നമ്മെ കൈവിടുന്ന പക്ഷം, നമ്മെ സഹായിക്കാന്‍ ആരുമുണ്ടാകില്ല. അക്കാര്യം അല്ലാഹു ഉണര്‍ത്തുന്നുണ്ട്. “നിങ്ങളെ അല്ലാഹു സഹായിക്കുന്ന പക്ഷം നിങ്ങളെ തോല്‍പിക്കാനാരുമില്ല. അവന്‍ നിങ്ങളെ കൈവിട്ടു കളയുന്ന പക്ഷം അവനു പുറമെ ആരാണ് നിങ്ങളെ സഹായിക്കാനുള്ളത്. അതിനാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ചു കൊള്ളട്ടെ.” (ആലു ഇംറാന്‍ 160)

Back to Top