പരീക്ഷണങ്ങള്‍ ജീവിതപാഠങ്ങള്‍ – എം ടി മനാഫ് മാസ്റ്റര്‍
കാലം ഇന്നോളം സാക്ഷ്യം വഹിച്ചിട്ടില്ലാത്ത അതിസങ്കീര്‍ണവും അത്യത്ഭുതകരവുമായ ദശാസന്ധിയിലൂടെയാണ് മാനവരാശി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്തു പോലും ലോകത്തെ നഗരങ്ങളും തെരുവുകളും ഇതുപോലെ ശൂന്യമായിട്ടില്ല. കണക്കുകൂട്ടലുകളും കാഴ്ചപ്പാടുകളും അടിമേല്‍ മറിഞ്ഞിരിക്കുകയാണ്. നവലോകക്രമം എന്തായിരിക്കും എന്ന വലിയ ആശങ്കയാണ് ലോകരാഷ്ട്രങ്ങളെ അലോസരപ്പെടുത്തുന്നത്. വികസിത രാജ്യങ്ങള്‍ പോലും തങ്ങളുടെ ഭാവിയില്‍ ആശങ്കാകുലരാണ്. കോവിഡ്-19 ലോകത്തെ ഏതു പ്രതിസന്ധിയിലേക്കാണ് എത്തിക്കുക എന്ന കടുത്ത ആശങ്ക! ശാസ്ത്ര സാങ്കേതിക വിദ്യയും മനുഷ്യന്‍റെ ഗവേഷണാത്മകതയുമൊന്നും ഈ പ്രതിസന്ധിയെ അതിജയിക്കാന്‍ ഇതുവരെ വേണ്ടത്ര സഹായം ആയിട്ടുമില്ല. എത്ര നിസ്സാരനാണ് മനുഷ്യന്‍! ഒന്ന് തല കറങ്ങിയാല്‍ മതി, നിലത്ത് മുഖമടിച്ചു വീണേക്കാം. നാലു നേരം തുടര്‍ച്ചയായി വയറിളക്കം ഉണ്ടായാല്‍ പരസഹായമില്ലാതെ നടക്കാന്‍ പോലും കഴിയില്ല. ചെറിയ അപകടം പിണഞ്ഞാല്‍ മാസങ്ങളോളം കിടപ്പിലായെന്നു വരും. നേരിയ നെഞ്ചുവേദന മതി, ലക്ഷങ്ങള്‍ മുടക്കി ആശുപത്രികളില്‍ കഴിയേണ്ടി വന്നേക്കാം. ഇപ്പോള്‍ കോവിഡ്-19 ലോകത്തെ മുഴുവനായി ആശുപത്രികളില്‍ തളച്ചിരിക്കുന്നു. മനുഷ്യജീവിതത്തിലെ തീരെ സുഖകരമല്ലാത്ത അനുഭവമാണത്. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള താവളമാണ് പലപ്പോഴും ആശുപത്രികള്‍.
കോവിഡ്-19 ഉണ്ടാക്കുന്ന അനുബന്ധ പ്രയാസങ്ങള്‍ വേറെയുമുണ്ട്. ആഴ്ചകളോളം മനുഷ്യരെ അത് സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുന്നു. രോഗലക്ഷണങ്ങളുള്ള വ്യക്തികള്‍ കുടുംബങ്ങളില്‍ നിന്നും സ്നേഹജനങ്ങളില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെടുന്നു. ഈ ആധി രോഗിക്കും ബന്ധുക്കള്‍ക്കും ഒരേപോലെ മനസ്സംഘര്‍ഷം ഉണ്ടാക്കുന്നു. മരുന്നില്ലാത്ത മഹാമാരിയാണ് എന്ന തോന്നല്‍ ഈ ആശങ്ക പിന്നെയും ഏറ്റുന്നു. അധികാരികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും തണലും തണുപ്പുമാണ് ഏക ആശ്വാസം.
നമ്മുടെ അഹങ്കാരം ശമിക്കാന്‍ ആശുപത്രി വരെ പോയാല്‍ മതി എന്നു പറഞ്ഞ് ബിജു ബെന്നി എന്ന സുഹൃത്ത് എഴുതിയ ഒരു അനുഭവക്കുറിപ്പില്‍ അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട്: “ഏകദേശം ഇരുപത് വര്‍ഷത്തോളം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഒമ്പതാം വാര്‍ഡിലും പരിസര തിണ്ണകളിലും വാഹന പാര്‍ക്കിങ് ഇടങ്ങളിലും ലോഡ്ജിലും മറ്റുമായി ജീവിതം തള്ളിനീക്കിയിട്ടുണ്ട്. ആഴ്ചയില്‍ ഒരു തവണയെങ്കിലും തീര്‍ച്ചയായും പോയിരിക്കും. സഹോദരിക്ക് അപൂര്‍വരോഗം പിടിപെട്ടതോടെയാണ് മെഡിക്കല്‍ കോളജില്‍ അഭയം തേടിയത്. സാധാരണ വൈദ്യന്മാര്‍ മുതല്‍ വിശ്വോത്തര വൈദ്യന്മാര്‍ വരെ പച്ച ശരീരം കീറിമുറിച്ചു പഠിച്ചു നോക്കിയിട്ടും അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് ആശുപത്രി മാറ്റി പിടിച്ചു. അത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഒമ്പതാം വാര്‍ഡിലേക്കുള്ള യാത്രയാവുകയായിരുന്നു.
നുറുങ്ങുന്ന ചീര്‍ത്തു വീര്‍ത്ത ശരീരമുള്ള സഹോദരിയുടെ കരം പിടിച്ച് അതിരാവിലെ ആനവണ്ടി കയറും. മെഡിക്കല്‍ കോളജ് ബസ് ആയതിനാല്‍ സ്ഥിരം നില്‍പ്പ് തന്നെ ശരണം. കാരണം മിക്കവരും അങ്ങോട്ട് തന്നെയായിരിക്കും യാത്ര. അന്നു തൊട്ടേ മനസ്സ് പറയുമായിരുന്നു, മനുഷ്യനിത്ര നിസ്സാരനാണല്ലോയെന്ന്. എത്രയെത്ര സൗന്ദര്യമുള്ളവരും ആരോഗ്യമുള്ളവരും കഴിവുള്ളവരും നിസ്സംഗരായി ബസിന്‍റെയോരം പറ്റി ഇരിപ്പിടത്തിലും മറ്റും യാത്ര ചെയ്യുമ്പോള്‍ മുഖത്ത് നിറയുന്ന വേദന മനസ്സിലാക്കണമെങ്കില്‍ സ്വന്തം വീട്ടില്‍ ആര്‍ക്കെങ്കിലും കഠിനമായ രോഗം വരണം.
പലപ്പോഴും ഒറ്റക്കയ്യില്‍ താങ്ങി നിര്‍ത്തി മണിക്കൂറുകളോളം നിന്നു തിരുവനന്തപുരത്തെത്തുമ്പോഴേക്കും
സങ്കടം തിങ്ങിനിന്ന കണ്ണുകള്‍ രക്തരൂപേണയാകുമ്പോള്‍ സഹോദരിയുടെ കൈപിടിയകറ്റി മാറ്റി മാറി നിന്നു വിതുമ്പും. മുഖം തേമ്പിയവരും കണ്ണളിഞ്ഞവരും ചെവിപൊട്ടിയവരും മൂക്ക് തകര്‍ന്നവരും മുച്ചിറിയുള്ളവരും കൂനുള്ളവരും എല്ലുകള്‍ പൊട്ടിയകന്നവരും അപകടത്തില്‍ ശരീരം തന്നെ തകര്‍ന്നു താറുമാറായി ജീവിതം ബലിയാടായവരെയും കണ്ട് ഹൃദയം തകരുമ്പോള്‍ നാമെത്ര നിസ്സാരരെന്ന് മനം പറയും.”
മനുഷ്യന്‍ ഏറെ ദുര്‍ബലനായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന് വിശുദ്ധ ഖുര്‍ആന്‍ (4:28) ഓര്‍മിപ്പിക്കുന്നുണ്ട്. സാമ്പത്തിക ഔന്നത്യത്തിലും വികസനത്തിലും സാങ്കേതിക മികവിലും സൈനികശക്തിയിലുമെല്ലാം അജയ്യരാണെന്ന് സ്വയം അവകാശപ്പെടുന്ന രാജ്യങ്ങള്‍ പോലും സമകാല സമസ്യയുടെ മുമ്പില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ്. തൊണ്ട ഇടറിയാണ് ചില രാഷ്ട്ര നേതാക്കള്‍ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തത്. ആഡംബരങ്ങളിലും അലങ്കാരങ്ങളിലും രമിച്ചു ജീവിച്ചിരുന്ന പല സമൂഹങ്ങളും അരക്ഷിതാവസ്ഥയുടെ മുള്‍മുനയിലാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. ലോകത്ത് ഏതാണ്ട് എല്ലാ രാജ്യങ്ങളെയും ഈ മഹാമാരി ഗ്രസിച്ചു കഴിഞ്ഞു.
നാം വളരെ ദുര്‍ബലരാണെന്നും അജയ്യനും അദ്വിതീയനുമായവന്‍ സ്രഷ്ടാവായ തമ്പുരാന്‍ മാത്രമാണെന്നും തിരിച്ചറിയാന്‍ ഇത്തരം അനുഭവങ്ങള്‍ വലിയ പാഠങ്ങളാണ്. താന്‍ എല്ലാം തികഞ്ഞവനാണെന്നും അറിവുകൊണ്ടും സമ്പത്ത് കൊണ്ടും എല്ലാറ്റിനെയും അതിജയിച്ചു കളയാമെന്നും വിശ്വാസികളായ മനുഷ്യര്‍ പോലും ചിലപ്പോഴെങ്കിലും ചിന്തിച്ചു പോകാറുണ്ട്. അതിനാല്‍ മനുഷ്യന്‍റെ നിസ്സാരതയും ദുര്‍ബലതയും പല പ്രകാരങ്ങളില്‍ ചിലപ്പോള്‍ നാഥന്‍ മനുഷ്യനെ ബോധ്യപ്പെടുത്തിയേക്കാം. ദുരിതമനുഭവിക്കുമ്പോള്‍ വിചാരപ്പെടുകയും ആപത്തു നീങ്ങിയാല്‍ വീണ്ടും വഴിമാറി സഞ്ചരിക്കുകയും ചെയ്യുന്ന നന്ദികേടിനെ കുറിച്ചും ഖുര്‍ആന്‍ പ്രതിപാദിച്ചിട്ടുണ്ട്. “മനുഷ്യനെ വല്ല വിപത്തും ബാധിച്ചാല്‍ അവന്‍ നിന്നോ ഇരുന്നോ കിടന്നോ നമ്മോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കും. അങ്ങനെ അവനെ ആ വിപത്തില്‍ നിന്ന് നാം രക്ഷപ്പെടുത്തിയാല്‍ പിന്നെ അവനകപ്പെട്ട വിഷമസന്ധിയിലവന്‍ നമ്മോടു പ്രാര്‍ഥിച്ചിട്ടേയില്ലെന്ന വിധം നടന്നകലുന്നു. അതിരു കവിയുന്നവര്‍ക്ക് അവരുടെ ചെയ്തികള്‍ അവ്വിധം അലംകൃതമായി തോന്നുന്നു.” (വി.ഖു 10:12)
ലോക് ഡൗണായപ്പോള്‍ ഒരു ഞെട്ടലോടെ അനിശ്ചിതകാലത്തേക്ക് നിലച്ചുപോകുന്നത് ജീവിതത്തിന്‍റെ നിറമാണെന്ന് ലോകം ധരിച്ചിരുന്ന പലതുമാണ്. കളിക്കളങ്ങള്‍, കടല്‍തീരങ്ങള്‍, പാര്‍ക്കുകള്‍, ഹോട്ടലുകള്‍, ആര്‍ഭാട സദസ്സുകള്‍, ഉല്ലാസ കേന്ദ്രങ്ങള്‍, ഷോപ്പിങ് മാളുകള്‍, സിനിമാ ശാലകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, റയില്‍വേ സ്റ്റേഷനുകള്‍, നഗരങ്ങള്‍, നിരത്തുകള്‍, ചൂഷണകേന്ദ്രങ്ങള്‍, മദ്യശാലകള്‍, നിശാക്ലബ്ബുകള്‍, വേശ്യാലയങ്ങള്‍, ചൂതാട്ട കേന്ദ്രങ്ങള്‍… അങ്ങനെ പലതും!
കുറ്റ്യാടിക്കടുത്ത ചെറുവണ്ണൂരിലെ മോഹനന്‍ എന്ന പെയിന്‍റിംഗ് തൊഴിലാളി കൊറോണക്കാലം മനസ്സിലോര്‍ത്ത് രചിച്ച വരികള്‍ നമ്മുടെ ഹൃദയത്തോട് സംവദിക്കും.
പണമാണ് വലിയതെ
ന്നാരോ പറഞ്ഞു
പണമല്ല വലുതെന്ന്
ലോകമറിഞ്ഞു
പവറാണ് വലുതെന്ന്
പലരും പറഞ്ഞു
ഇവയല്ല വലുതെന്ന്
നാമിന്നറിഞ്ഞു
മഹാനഗരങ്ങളിലെ വന്‍ സൗധങ്ങളില്‍ വിളക്കുകള്‍ അണഞ്ഞിരിക്കുന്നു. നദീതീരങ്ങളിലും താഴ്വരകളിലും മലമേടുകളിലും നമ്മള്‍ പണിതുയര്‍ത്തിയ ആനന്ദകേന്ദ്രങ്ങള്‍ ശൂന്യമാണ്. കടല്‍ തീരങ്ങളും പാര്‍ക്കുകളും മാളുകളും നിരത്തുകളുമെല്ലാം വിജനമായിരിക്കുന്നു. നീലാകാശത്തേക്ക് വലിച്ചുനീട്ടി നാം പണിത ഗോപുരങ്ങള്‍ ഘോര വനാന്തരങ്ങളിലെ വന്‍മരങ്ങളെ പോലെ ഒറ്റപ്പെട്ടു വിറങ്ങലിച്ചു നില്‍ക്കുകയാണ്. ഏഴായിരത്തിനും ഒന്‍പതിനായിരത്തിനും ഇടയില്‍ വിമാനങ്ങളാണ് സാധാരണ ഒരേസമയത്ത് ആകാശത്ത് പറക്കാറുള്ളത്. ഏതാണ്ട് 15-20 ലക്ഷം മനുഷ്യര്‍ ഒരേസമയം ആകാശത്തുണ്ടായിരിക്കും എന്നര്‍ഥം. ഇപ്പോള്‍ എല്ലാവരും താഴെ ഇറങ്ങിയിരിക്കുന്നു. നമ്മുടെ ഓട്ടങ്ങള്‍ നിലച്ചിരിക്കുന്നു. ആരോ കൂച്ചുവിലങ്ങിട്ടതു പോലെ. ശാന്തമായിരുന്ന് എമ്പാടും ചിന്തിക്കുവാന്‍ വക നല്‍കുന്നതാണ് കോവിഡ്-19 കാലം.
ആപ്പിള്‍ കമ്പനിയുടെ സ്ഥാപകന്‍ സ്റ്റീവ് ജോബ്സ് രോഗശയ്യയില്‍ കിടക്കുമ്പോള്‍ എഴുതിയ അവസാനത്തെ വാക്കുകള്‍ ഇങ്ങനെ വായിക്കാം: “ലോകത്ത് വിജയത്തിന്‍റെ പരമോന്നതിയില്‍ എത്തിച്ചേരാന്‍ എനിക്ക് സാധിച്ചു. മറ്റൊരാളുടെ നോട്ടത്തില്‍ എന്‍റെ ജീവിതം സമ്പൂര്‍ണ വിജയത്തിന്‍റെ മകുടോദാഹരണമാണ്. എന്നാല്‍ തൊഴില്‍ സംബന്ധമായതൊഴിച്ചു നിര്‍ത്തിയാല്‍ ജീവിതത്തില്‍ വളരെ കുറച്ചു സന്തോഷം മാത്രമേ എനിക്കുണ്ടായിട്ടുള്ളൂ. തീര്‍ത്തു പറഞ്ഞാല്‍ ധനം എന്ന ഒരു വസ്തുതയുമായി മാത്രമേ ജീവിതത്തില്‍ ഞാന്‍ ബന്ധപ്പെട്ടിരുന്നുള്ളൂ. ഇന്നീ രോഗശയ്യയില്‍ കിടന്ന് കഴിഞ്ഞുപോയ ജീവിതം മുഴുവന്‍ ഓര്‍ത്തെടുക്കുമ്പോള്‍ ഒരുപാട് അഭിമാനത്തോടെ ഞാന്‍ നേടിയെടുത്ത അംഗീകാരങ്ങളും കരസ്ഥമാക്കിയ സമ്പത്തും ആസന്നമായ മരണത്തിനു മുന്നില്‍ തിളക്കം കുറഞ്ഞ വെറും അര്‍ഥശൂന്യമായ കാര്യങ്ങള്‍ മാത്രമായി മാറുന്നത് ഞാന്‍ തിരിച്ചറിയുന്നു. ആശുപത്രി മുറിയില്‍ കിടക്കുമ്പോള്‍ എന്‍റെ ജീവന്‍ നിലനിര്‍ത്തുന്ന യന്ത്രങ്ങളില്‍ നിന്ന് പ്രസരിക്കുന്ന പച്ചനിറമുള്ള വെളിച്ചവും യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പതിഞ്ഞ ശബ്ദവും കേട്ടു കിടക്കുമ്പോള്‍ ദൈവത്തിന്‍റെ നിശ്വാസം മരണത്തിന്‍റെ രൂപംധരിച്ച് എന്നിലേക്ക് വന്നു ചേരുന്നത് ഞാനറിയുന്നു. ഇപ്പോള്‍ എനിക്കറിയാം ഒരായുസ്സിന് ആവശ്യമായതിലധികം സമ്പത്ത് വാരി കൂട്ടാനുള്ള പരക്കം പാച്ചിലിനിടയില്‍ ധനവുമായി നേരിട്ട് ബന്ധമില്ലാത്ത ജീവിതത്തിലെ മറ്റു ചില കാര്യങ്ങള്‍ക്കു വേണ്ടിയും നമ്മള്‍ അല്പസമയം ചെലവഴിക്കേണ്ടതുണ്ട് എന്ന്”
അത്ഭുതകരമായ ഒരു പ്രതിഭാസമാണ് മനുഷ്യ മനസ്സ്. അത് ശാന്തിയും സമാധാനവും ധന്യതയും ആവശ്യപ്പെടുന്നുണ്ട്. മനസ്സിനെക്കുറിച്ചുള്ള പഠനങ്ങള്‍ എന്നും അപൂര്‍ണമാണ്. ഇളകിമറിയുന്ന അലകടല്‍ പോലെ അതിന്‍റെ ആഴവും പരപ്പും നിഗൂഢതയും എത്തിപ്പിടിക്കാവുന്നതിലും അപ്പുറമാണ്. ഏതു പ്രതിസന്ധിയിലും മനസ്സിനെ എങ്ങനെ ശാന്തമായി നിലനിര്‍ത്താം എന്നതിന് വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന ലളിതമായ ഒരു പരിഹാരമുണ്ട്. കോടിക്കണക്കിനു മനുഷ്യര്‍ അതു പ്രയോഗവത്കരിച്ച് മനസ്സില്‍ ആര്‍ത്തിരമ്പമില്ലാതെ സമാധാനത്തോടെ ജീവിക്കുന്നു. അതിങ്ങനെയാണ്: “അറിയുക: ദൈവസ്മരണകൊണ്ട് മാത്രമാണ് മനസ്സുകള്‍ ശാന്തമാകുന്നത്.” (വി.ഖു 13:28)