24 Friday
October 2025
2025 October 24
1447 Joumada I 2

രോഗത്തെ ഇസ്ലാമിക വിദ്വേഷത്തിന് ഉപയോഗിക്കുന്നു!

കൊറോണ ഭീതിയും മതത്തിന്‍റെ പേരിലുള്ള സംഘര്‍ഷവും ഇന്ത്യയില്‍ പനി പോലെ പടര്‍ന്ന രണ്ടു അവസ്ഥകളാണ്. ഇവ പരസ്പരം കൂടിച്ചേരാന്‍ അധികം സമയം വേണ്ടിവന്നില്ല. മാധ്യമങ്ങള്‍ അച്ചടിക്കുകയും സോഷ്യല്‍ മീഡിയ പടര്‍ത്തുകയും ആളുകള്‍ സന്തോഷപൂര്‍വം സ്വീകരിക്കുകയും ചെയ്ത വ്യത്യസ്ത തരം ‘ജിഹാദ്’ പരമ്പരയിലെ ഏറ്റവും പുതിയവയാണ് ബയോ ജിഹാദും കൊറോണ ജിഹാദും. കൊറോണ ജിഹാദാണ് ഇതുവരെയുള്ളതില്‍ ഏറ്റവും അപകടകരവും ക്രൂരവും, കാരണം ആളുകള്‍ ശരിക്കും രോഗബാധിതരാവുകയും മരണപ്പെടുകയും ചെയ്യുന്നുണ്ട്.
വൈറസിനേക്കാള്‍ വേഗതയിലാണ് വൈറസുമായി ബന്ധപ്പെടുത്തി മതവിദ്വേഷ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നുപിടിക്കുന്നത്. ഇതിനു തടയിടാന്‍ കഴിഞ്ഞില്ലെങ്കില്‍ വിദ്വേഷ പ്രചാരണം ഹിംസയിലേക്ക് തിരിയാന്‍ താമസമുണ്ടാവില്ല. വൈറസ് എവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന് നമുക്കറിയാം. മതന്യൂനപക്ഷങ്ങളില്‍ നിന്നും വരുന്ന ഒന്നല്ല അത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ ലോകത്തിന്‍റെ വിവിധ ഭാഗത്തില്‍ ഒരുതരം പഴിചാരല്‍ പ്രവണതയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. സര്‍ക്കാറുകള്‍ അതിനു തടയിടേണ്ടതുണ്ട്, അതല്ല കൊറോണ വൈറസിന്‍റെ ഉത്ഭവകേന്ദ്രമെന്ന് വളരെ വ്യക്തമായി തന്നെ പറയേണ്ടതുണ്ട്.
മതസമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്തണം, അവരെ കുറ്റക്കാരായി മുദ്രകുത്തരുത്, അവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുകയാണ് വേണ്ടത്. ശാസ്ത്രീയ അന്വേഷണത്തിലൂടെയും മാനവിക ഐക്യത്തിലൂടെയും മാത്രമേ ഇതിനു പരിഹാരം കാണാന്‍ സാധിക്കൂ.

അബ്ദുല്ല നീലേശ്വരം

Back to Top