അനുസ്മരണം :കെ കെ ബഷീര്‍ മാസ്റ്റര്‍
മേപ്പയൂര്‍: പ്രദേശത്ത് ഇസ്ലാഹി ആദര്‍ശ പ്രബോധന രംഗത്ത് സജീവമായിരുന്ന കെ കെ ബഷീര്‍ മാസ്റ്റര്‍ നിര്യാതനായി. നിര്‍മാണത്തിലിരിക്കുന്ന വീടിന്‍റെ കോവണിയില്‍ നിന്നും വീണ് പരിക്കേറ്റ് ചികില്‍സയിലായിരിക്കെയാണ് മരണം സംഭവിച്ചത്.
മേപ്പയൂരിലെ സജീവ മുജാഹിദ് കുടുംബത്തിലെ അംഗമായിരുന്ന ബഷീര്‍ മത- രാഷ്ട്രീയ- സാമൂഹിക- വിദ്യഭ്യാസ- കായിക മേഖലകളിലെല്ലാം തന്‍റേതായ വ്യക്തി മുദ്ര പതിപ്പിച്ചു. പുളിക്കല്‍ മദീനത്തുല്‍ ഉലൂം, അരീക്കോട് സുല്ലമുസ്സലാം എന്നീ അറബിക് കോളജുകളില്‍ നിന്നാണ് അഫ്സലുല്‍ ഉലമ ബിരുദം പൂര്‍ത്തിയാക്കിയത്. പഠനകാലത്ത് തന്നെ എം എസ് എമ്മില്‍ പ്രവര്‍ത്തിക്കുകയും മുന്‍നിരയിലേക്ക് വരികയും ചെയ്തു. സുല്ലമുസ്സലാമില്‍ പഠനം നടത്തുമ്പോള്‍ തന്നെ ഖത്തീബായി സേവനമനുഷ്ഠിച്ചു തുടങ്ങി. പ്രസ്ഥാനത്തിന്‍റെ സമ്മേളനങ്ങളുടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കവല പ്രസംഗങ്ങള്‍ നടത്തി സജീവ സാനിധ്യമറിയിച്ചു. അറബി കോളജുകളും അറബിക് കോളജ് വിദ്യാര്‍ഥികളും അവഗണന നേരിട്ട സമയത്ത് പ്രക്ഷോഭ സമരങ്ങളില്‍ എം എസ് എഫ് അറബിക് കോളജ് വിംഗിന്‍റെ നേതാവായി ബഷീര്‍ മുമ്പില്‍ വന്നു. പഠനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ ബഷീര്‍ ഇന്നത്തെ മേപ്പയൂര്‍, പയ്യോളി മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങളുടെ എം എസ് എം കമ്മിറ്റിയുടെ പ്രസിഡന്‍റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
1990-കളില്‍ കൊയിലാണ്ടിക്കടുത്തുള്ള നന്തിയില്‍ ഇസ്ലാഹി പ്രഭാഷണം നടക്കുകയായിരുന്നു. സമസ്തക്കു കീഴില്‍ അവിടെയുണ്ടായിരുന്ന അറബിക്ക് കോളജില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇരുന്നുറോളം വരുന്ന സംഘം സ്റ്റേജിലേക്ക് കല്ലേറ് തുടങ്ങി. ഏതാനും ഇസ്ലാഹി പ്രവര്‍ത്തകര്‍ മാത്രമുള്ള സദസ്സിലേക്ക് കയറിവന്ന് വളഞ്ഞിട്ട് അക്രമിക്കാനായിരുന്നു വരവ്. സദസ്സിലുള്ളവര്‍ കല്ലേറ് കസേര കൊണ്ട് തടയാന്‍ ശ്രമിച്ചു. വീണ്ടും വീണ്ടും കല്ലേറ് തുടര്‍ന്നതോടെ സദസ്യര്‍ ഭയചകിതരായി. ഛിന്നഭിന്നമായാല്‍ ശത്രുക്കള്‍ക്ക് എളുപ്പമാകുമെന്ന് മനസ്സിലാക്കിയ ബഷീര്‍ ഉറക്കെ വിളിച്ചു: ബോലോ തക്ബീര്‍. ഇത് കേട്ട് മറ്റുള്ള പ്രവര്‍ത്തകര്‍ ഏറ്റു വിളിച്ചു: അല്ലാഹു അക്ബര്‍. മുജാഹിദ് പ്രവര്‍ത്തകരുടെ ഈ വിളി കേട്ട് അക്രമികള്‍ പിന്തിരിഞ്ഞോടി പള്ളിയില്‍ അഭയം പ്രാപിച്ചു. ഈ പ്രദേശത്തെ പ്രവര്‍ത്തകനായ നജീബ് തിക്കോടി എന്നും മനസ്സില്‍ സൂക്ഷിക്കുന്ന ഒരു സംഭവമാണിത്.
താന്‍ കൈവെക്കുന്ന മേഖലകളിലെല്ലാം മേല്‍കൈ നേടണമെന്ന ആത്മാര്‍ഥമായ ‘പിടിവാശി’യോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. പ്രസ്ഥാന രംഗത്ത് അത് നേടിയിട്ടുമുണ്ട്. പ്രയാസപ്പെടുന്നവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി പരിഹാരത്തിനായി പ്രവര്‍ത്തിച്ചു. പലരുടെയും കുടുംബപരവും മറ്റുമായ പ്രശ്നങ്ങളില്‍ പരിഹാരം കാണാന്‍ പ്രയത്നിച്ചിരുന്നു. 2002-നു ശേഷവും വര്‍ത്തമാന കാലത്തും പ്രസ്ഥാനത്തിന്‍റെ പുരോഗതിക്കായി കഠിന പ്രയത്നം നടത്തിയിട്ടുണ്ട്.
മേപ്പയൂരിലെ സലഫി മഹല്ല് കമ്മിറ്റി, ജെ എം അറബിക് സ്കൂള്‍, മേപ്പയ്യൂര്‍ സലഫി അസോസിയേഷന്‍ എന്നിവയില്‍ കമ്മിറ്റി അംഗമായും കെ എന്‍ എം (മര്‍കസുദ്ദഅ്വ) ശാഖാ സെക്രട്ടറിയായുംപ്രവര്‍ത്തിച്ചു
കെ എം കുഞ്ഞമ്മദ് മദനി മേപ്പയൂര്‍
