കോവിഡ് കാലത്തെ അന്ധവിശ്വാസങ്ങള്‍ – എ ജമീല ടീച്ചര്‍
ഭൂമി എന്ന കളിത്തൊട്ടിലിലാണ് മനുഷ്യന്‍ അകപ്പെട്ടിരിക്കുന്നത്. ഇവിടെ അവന്‍ ജനിക്കുന്നു, വളരുന്നു, ഉണ്ണുന്നു, ഉറങ്ങുന്നു. പലജാതി ജീവിത വ്യവഹാരങ്ങളുമായി ഓടി നടക്കുന്നു. സമയമെത്തുമ്പോള്‍ വീണു പിടഞ്ഞ് മരിക്കുന്നു. അവനു ചുറ്റും ഒരുപാട് സൃഷ്ടികളുണ്ട്. ജന്തുക്കള്‍, മൃഗങ്ങള്‍, പക്ഷി പറവകള്‍, സൂക്ഷ്മ ജീവികള്‍. അതില്‍ തന്നെ രോഗവൈറസുകള്‍ ഇങ്ങനെ പലതും. എല്ലാം അവന്‍റെ ഇഷ്ടക്കാരും സ്വന്തക്കാരുമൊന്നുമല്ല. കൂടുതലും അവനെ പിടികൂടി പാട്ടിലാക്കാന്‍ നോക്കുന്ന ശത്രുക്കളായിരിക്കും. അതിലൊന്നാണ് രോഗ വൈറസുകള്‍. എണ്ണമറ്റ ഇത്തരം രോഗവൈറസുകള്‍ക്കിടയിലാണ് സ്രഷ്ടാവായ അല്ലാഹു അവനെ രോഗത്തിന് പിടികൊടുക്കാതെ സംരക്ഷിച്ച് വരുന്നത്.
വൈറസുകള്‍ ചിലപ്പോള്‍ മനുഷ്യനിര്‍മിതമായി എന്നുവരും. വേറെ ചിലപ്പോള്‍ പ്രകൃതിക്ക് വിരുദ്ധമായ വിധം മനുഷ്യകരങ്ങള്‍ പ്രവര്‍ത്തിക്കുന്നതു കൊണ്ടായിരിക്കും. എന്തായാലും ലോകം ഇന്ന് അത്തരം വൈറസിന്‍റെ കൈപ്പിടിയിലാണുള്ളത്. എവിടെ നോക്കിയാലും ലോകത്തിന് ഇന്ന് പറയാനുള്ളത് കോവിഡ് -19 എന്ന മഹാമാരിയുടെ കഥയാണ്. ചിലര്‍ക്കിതൊരു ഹരമാണ്. ക്രിക്കറ്റ് കളിയുടെ വിക്കറ്റുകളെന്നതു പോലെ എണ്ണം നോക്കി രസിക്കുന്ന ഒരു ഹരം. ‘ദേ കണ്ടില്ലേ, ഇറ്റലി ചൈനയെ ഒരൊറ്റ രാത്രികൊണ്ട് കടത്തിവെട്ടി കെട്ടോ. മരണ സംഖ്യ അയ്യായിരത്തിലധികമായി’. ഇങ്ങനെ ഇന്‍റര്‍നെറ്റില്‍ നോക്കി ഓരോ ദിവസവും അവര്‍ മരണ സംഖ്യ ഒപ്പിക്കുന്നു. നാളെ ഒരുപക്ഷേ താനും തന്‍റെ കുടുംബവും ഈ എണ്ണത്തില്‍ ഉള്‍പ്പെടുമോ എന്നതവര്‍ ചിന്തിക്കുന്നില്ല.
കൊറോണ വൈറസും അതിന്‍റെ പ്രതിരോധവുമെല്ലാം അവരെ സംബന്ധിച്ച് വെറും തമാശ കളികള്‍ മാത്രം. ടിവിയില്‍ സ്കോര്‍ തികയ്ക്കുന്ന ഈ എണ്ണങ്ങള്‍ മുഴുവന്‍ തങ്ങളെപ്പോലുള്ള മനുഷ്യരായിരുന്നു. പൂര്‍ത്തിയാക്കാനാകാത്ത ഒരുപാട് കിനാവുകള്‍ ബാക്കിവെച്ച് കൊണ്ട് തിരിച്ചു മടങ്ങേണ്ടി വന്ന നിര്‍ഭാഗ്യവാന്മാരാണിവര്‍ എന്നത് ഉറ്റാലോചിക്കാന്‍ പോലും ഈ തമാശക്കളിക്കിടയില്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. തങ്ങള്‍ക്കൊരിക്കലും ഈ രോഗം വരില്ല എന്നതാണവരുടെ കണക്കുകൂട്ടല്‍. സര്‍ക്കാര്‍ നിയമങ്ങളെ നോക്കുകുത്തികളാക്കി ആവശ്യത്തിനും അനാവശ്യത്തിനുമായി പുറത്തിറങ്ങി നടക്കുന്നതിന് യാതൊരു മറയും അവര്‍ക്കില്ല.
ലോകം മുഴുവന്‍ ഒരു മഹാമാരിയുടെ വര്‍ത്തമാനം പറയുമ്പോള്‍ എനിക്കൊന്നും വരില്ല എന്ന ധാര്‍ഷ്ട്യം, അതു തന്നെയാണ് ഏറ്റവും വലിയ മനുഷ്യശത്രു. അത്തരക്കാര്‍ക്കായിരിക്കും ഈ സമൂഹത്തില്‍ എണ്ണക്കൂടുതല്‍. ഇവരെ നിലക്ക് നിര്‍ത്താതെ രോഗപ്രതിരോധ നിയമങ്ങള്‍ എത്രകണ്ട് വിജയിക്കുമെന്നുള്ളത് കണ്ടറിയുക തന്നെ വേണ്ടിവരും. കാര്യങ്ങള്‍ മനസ്സിലാക്കി ശുചീകരണ പ്രക്രിയകള്‍ സ്വീകരിക്കുക, കുടുംബത്തിനോട് ബന്ധം സ്ഥാപിക്കുക, സമൂഹത്തില്‍ നിന്ന് അകലം പ്രാപിച്ച് വീടകങ്ങളില്‍ ഒതുങ്ങിക്കൂടുക എന്നത് മാത്രമാണ് രോഗപ്രതിരോധത്തിലെ മുഖ്യഘടകം. ബാക്കി കാര്യങ്ങള്‍ ദൈവ വിശ്വാസികള്‍ അവനിലേക്ക് ഭരമേല്‍പിക്കുകയും ചെയ്യും. ദിക്റ് ദുആകളിലൂടെയും ആത്മാര്‍ഥമായ പ്രാര്‍ഥനയിലൂടെയും അല്ലാഹുവിലേക്ക് കൂടുതല്‍ കൂടുതല്‍ അടുക്കുക. ആരാധനകളില്‍ താല്‍പര്യം വര്‍ധിപ്പിക്കുക, മസ്ജിദുകള്‍ പ്രായോഗികമല്ലാത്ത പുതിയ സാഹചര്യത്തില്‍ കുടുംബത്തെ കൂട്ടി ജമാഅത്ത് നമസ്കാരം നിര്‍വഹിക്കുക. അതുവഴി ആരാധനകളിലൂടെ വീടകം പുഷ്കലമാക്കുക, സ്വന്തം തെറ്റുകള്‍ പൊറുത്തു കിട്ടേണ്ടതിനായി മനമുരുകി റബ്ബിനോട് തേടുക ഇങ്ങനെയൊക്കെയായിരിക്കണം ഒരു യഥാര്‍ഥ സത്യവിശ്വാസി വൈറസ് കാലം കഴിച്ചുകൂട്ടേണ്ടത്. അങ്ങനെ അവന് രോഗത്തെ പ്രതിരോധിക്കാനുള്ള മാനസികമായ ഒരു കരുത്തും നേടിയെടുക്കാം. അതോടൊപ്പം അന്ധവിശ്വാസങ്ങളുടെ വൈറസുകള്‍ കൊണ്ട് മനസ്സ് മലീമസമാക്കാതിരിക്കുകയും വേണം. ഖേദകരമെന്ന് പറയട്ടെ, കോവിഡ് 19 എന്ന മഹാമാരി തടുക്കാന്‍ കൊറോണ വൈറസ് കൂട്ടിച്ചേര്‍ത്ത് ബദര്‍മാല പാടുന്ന മുസ്ല്യാക്കളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ കാണുകയുണ്ടായി.
ദണ്ഡം ഒബാ
കൊറോണയും
മറ്റുള്ള വൈറസുകളും
ബദ്രീങ്ങളെ
ബര്‍ക്കത്തിനാല്‍
ശിഫയാക്കണം യാ റബ്ബനാ
എന്നതായിരുന്നു മാലപ്പാട്ട്. തങ്ങളുടെ കൈവശമുള്ള അന്ധവിശ്വാസങ്ങള്‍ വിറ്റ് കാശാക്കുകയാണിവര്‍. കൊറോണയല്ല അതിലപ്പുറമുള്ള മാറാരോഗവും മഹാമാരിയും വന്നാലും ശിര്‍ക്ക് വിട്ട് തൗഹീദിലേക്ക് മടങ്ങാന്‍ അവര്‍ തയ്യാറല്ല എന്ന് മാത്രം. അത്യാവശ്യം വിവരവും ബോധവുമുള്ളവരാണ് കേരള മുസ്ലിംകള്‍. അവരെ തന്നെ ഇത്തരം ശിര്‍ക്ക് ബിദ്അത്തുകളിലേക്ക് ചേര്‍ത്ത് നിര്‍ത്താന്‍ മുസ്ല്യാക്കള്‍ക്ക് സാധിക്കുന്നു. അപ്പോള്‍ പിന്നെ തികച്ചും നിരക്ഷരരായ അന്ത്രോത്ത് ദ്വീപ് നിവാസികളുടെ കാര്യം പറയേണ്ടതില്ലല്ലോ.
രിഫായി മാല ചൊല്ലി ദഫ് കൊട്ടിപ്പാടിക്കൊണ്ടാണ് അവിടെയുള്ള പൗരോഹിത്യം കൊറോണ വൈറസിനെ കടലിലേക്കയച്ചത്. ‘എന്നെ തല്ലേണ്ട ബാപ്പാ, ഞാന്‍ നന്നാവൂല’ എന്ന മനസ്ഥിതിയുള്ള ഇത്തരം പൗരോഹിത്യത്തിന് കൊറോണ വൈറസും അന്നം നേടാനുള്ള കുറുക്കു വഴി തന്നെ. കനലെരിയുന്ന വേദനയിലും മനം പൊള്ളുന്ന കദനവഴിയിലും കത്തിയാളുന്ന തീനാളങ്ങള്‍ക്കിടയിലുമെല്ലാം ഒരു സത്യവിശ്വാസി ക്ഷമ തേടേണ്ടത് അല്ലാഹുവിനോട് മാത്രമാണ്. മനസ്സ് സമര്‍പ്പിക്കേണ്ടത് ആ അല്ലാഹുവിങ്കലേക്ക് തന്നെ. ഇതാണ് ഇസ്ലാം മതം മനുഷ്യനെ പഠിപ്പിക്കുന്നത്. പരിശുദ്ധ ഖുര്‍ആനും പ്രവാചക മാതൃകകളും അതുതന്നെ വിളിച്ചറിയിക്കുന്നുമുണ്ട്. പരിശുദ്ധ ഖുര്‍ആന്‍ സൂറത്ത് സുമറിലെ 36-38 വരെയുള്ള വചനങ്ങള്‍ ഇപ്രകാരം വായിക്കാം.
‘തന്‍റെ ദാസന് അല്ലാഹു മതിയായവനല്ലയോ. അവന് പുറമെയുള്ളവരെപ്പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു വഴിപിഴപ്പിക്കുന്ന പക്ഷം അവനു മേല്‍ വഴികാട്ടാനാരുമില്ല. വല്ലവനെയും അല്ലാഹു നേര്‍വഴിയിലാക്കുന്നപക്ഷം അവനെ വഴിപിഴപ്പിക്കുവാനും ആരുമില്ല. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി എടുക്കുന്നവനുമല്ലയോ? ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും അല്ലാഹു എന്ന്. നീ ചോദിക്കുക, എങ്കില്‍ അല്ലാഹുവിനു പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എനിക്ക് വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവന്‍റെ ഉപദ്രവം നീക്കാന്‍ അവര്‍ക്കാകുമോ? അല്ലെങ്കില്‍ അവന്‍ എനിക്ക് വല്ല അനുഗ്രഹവും ചെയ്യാനുദ്ദേശിച്ചാല്‍ അവന്‍റെ അനുഗ്രഹം പിടിച്ചുവെക്കാന്‍ അവര്‍ക്കാകുമോ? പറയുക, എനിക്ക് അല്ലാഹു മതി. ഭരമേല്‍പ്പിക്കുന്നവര്‍ അവനെയാണ് ഭരമേല്‍പിക്കുന്നത്.”
കോവിഡ് കാലത്തും അല്ലാത്തപ്പോഴും അല്ലാഹുവിന്‍റെ അടിമ അവനിലേക്കാണ് ഭരമേല്പിക്കേണ്ടത്. ഏത് കാര്യത്തിനുവേണ്ടിയും മനമുരുകി പ്രാര്‍ഥിക്കേണ്ടതും ആ അല്ലാഹുവിനോട് തന്നെ. മനസ്സംഘര്‍ഷം ഏറെ കൂടുന്ന അവസരമാണല്ലോ ഇപ്പോഴുള്ളത്. ശരീരത്തിനു മാത്രമല്ല, മനസ്സിനെയായിരിക്കും അത് ഏറെ ബാധിക്കുന്നത്. രോഗമില്ലാത്തവന്‍റെ അവസ്ഥയും അതു തന്നെ. രോഗത്തെക്കുറിച്ച് അവനെപ്പോഴും ഉത്ക്കണ്ഠാകുലനായിരിക്കും. “നാളെ എത്ര ആളുകളാണാവോ പോസിറ്റീവാകുന്നത്. കേരളം ഫേസ് ത്രീയില്‍ എത്തിയോ? എന്‍റെ ബിസിനസ് എന്താകും? ഗള്‍ഫിലുള്ള ബന്ധുക്കളെ രോഗം ബാധിക്കുമോ? രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി എന്താകും? ആളുകള്‍ പട്ടിണി കിടന്നു മരിക്കേണ്ടി വരില്ലേ? കോവിഡ് കാലം ഏത് സാധാരണക്കാരനിലുമുണ്ടാകുന്ന ഉത്ക്കണ്ഠകളാണിത്.
തനിക്ക് ഒരിക്കലും നിയന്ത്രിക്കാനാവാത്ത ഇത്തരം കാര്യങ്ങളെ ഒരു യഥാര്‍ഥ ദൈവവിശ്വാസിക്ക് ദൈവത്തിങ്കലേക്ക് വിടാം. ദിനംപ്രതി വര്‍ധിക്കുന്ന മാനസിക പിരിമുറുക്കത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അതാണ് അവന് പ്രയോജനപ്പെടുക. ദുരിതസമയങ്ങളില്‍ മനസ്സില്‍ പലതരം വികാരങ്ങള്‍ മാറിമാറി വരാം. ഭയം, ആശങ്ക, നിരാശ, വിഷാദം, ഏകാന്തത, ദു:ഖം മുതലായവയെല്ലാം അതിലുണ്ടാകും. അതെല്ലാം പ്രകൃതിപരമെന്ന് മനസ്സിലാക്കി അതിന് മനസ്സില്‍ ചെറിയ ഒരിടം കൊടുക്കുക. സ്വന്തത്തോട് ദയാവായ്പോടെ പെരുമാറാന്‍ അത് സഹായകമാകും. ബാക്കി ബോധമണ്ഡലത്തെ താനിരിക്കുന്ന സ്ഥലത്തേക്കും ജോലിയിലേക്കും തിരിച്ചുവിടുക. കൈപിടിയിലൊതുങ്ങാത്തത് എല്ലാറ്റിന്‍റെയും കൈകാര്യകര്‍ത്താവായ അല്ലാഹുവിങ്കലേക്ക് നീക്കിവെക്കുക. പൊതു നിയമങ്ങളും ശുചിത്വബോധവും തന്‍റെയും സമൂഹത്തിന്‍റെയും സുരക്ഷിതത്വത്തിനാണെന്ന് തിരിച്ചറിയുക. അവ പാലിക്കുന്നതില്‍ ജാഗ്രത കാണിക്കുക.
കോവിഡ് കാലത്തെ ഭയാശങ്കകളില്‍ നിന്ന് സ്വയം രക്ഷപ്പെടാനും മറ്റുള്ളവരെ രക്ഷപ്പെടുത്താനും അതാണാവശ്യം. അതോടൊപ്പം മനസ്സിനെ അന്ധവിശ്വാസത്തിലേക്ക് കെട്ടഴിച്ച് വിടാതിരിക്കാനും. കൊറോണ വൈറസിനെ പിശാച് ബാധയുമായി ബന്ധപ്പെടുത്തുന്നവരും ഇല്ലാതിരിക്കില്ല. വേവുന്ന പുരക്ക് ഈരുന്ന കഴുക്കോല്‍ എന്നതാണല്ലോ ചൊല്ല്. അത്തരക്കാരെയും സൂക്ഷിച്ചേ മതിയാകൂ. “അല്ലാഹു പോരേ അവന്‍റെ അടിമക്ക്. അവന് പുറമെയുള്ളവരെപ്പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു” എന്ന ഖുര്‍ആന്‍ വാക്യം ഇവിടെ ഏറെ പ്രസക്തമാണ്.
അന്ധവിശ്വാസികള്‍ കിട്ടാവുന്ന എല്ലാ ഇടങ്ങളെയും ചാകരയാക്കി മാറ്റും. മനുഷ്യനെ വഴിതെറ്റിക്കുന്ന പിശാച് എന്നും എപ്പോഴും അവന്‍റെ കൂട്ടാളിയായിട്ടുമുണ്ടാകുമല്ലോ. പിശാചിന് വശംവദരാകാതെ കാര്യങ്ങള്‍ അല്ലാഹുവിങ്കലേക്ക് ഭരമേല്‍പ്പിക്കുക. അവനാണ് എല്ലാറ്റിനും മതിയായവന്‍. “അവന്‍ രാവിനെ പകലില്‍ പ്രവേശിപ്പിക്കുന്നു. പകലിനെ രാവിലും. സൂര്യനെയും ചന്ദ്രനെയും അവന്‍ തന്‍റെ നിയമത്തിന് വിധേയരാക്കുകയും ചെയ്തിരിക്കുന്നു. അവയോരോന്നും നിശ്ചിതമായ ഒരവധിവരെ സഞ്ചരിക്കുന്നു. അങ്ങനെയുള്ള ഇതൊക്കെ നിയന്ത്രിക്കുന്നവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനാകുന്നു ആധിപത്യം. അവന് പുറമെ ആരോട് നിങ്ങള്‍ പ്രാര്‍ഥിക്കുന്നുവോ അവര്‍ ഒരു ഈത്തപ്പനക്കുരുവിന്‍റെ പാടപോലും അധീനമാക്കുന്നില്ല. നിങ്ങള്‍ അവരോട് പ്രാര്‍ഥിക്കുന്നപക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. കേട്ടാലും അവര്‍ നിങ്ങള്‍ക്കുത്തരം നല്‍കുകയില്ല. ഉയിര്‍ത്തെഴുന്നേല്പിന്‍റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നു. സൂക്ഷ്മജ്ഞാനിയായ അല്ലാഹുവിനെപ്പോലെ വിവരം തരാന്‍ ആരുമില്ല. ഓ മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്‍റെ ആശ്രിതരാണ്. അല്ലാഹുവാകട്ടെ അത്യാശ്രയമില്ലാത്തവനും സ്തുത്യര്‍ഹനുമാകുന്നു” (വി.ഖു 22: 13-14)
കൊറോണയെന്നല്ല, ഏതൊരു വൈറസ് ബാധയില്‍ നിന്നും മഹാമാരിയില്‍ നിന്നും അത്യാപത്തുകളില്‍ നിന്നുമെല്ലാം മനുഷ്യനെ രക്ഷിക്കുവാന്‍ കഴിവുള്ളവര്‍ അല്ലാഹു മാത്രമാകുന്നു. രോഗശിഫക്ക് വേണ്ടി അവനോട് മാത്രം പ്രാര്‍ഥിക്കുക. സൃഷ്ടികളെ ആരെയും ആ പ്രാര്‍ഥനയില്‍ പങ്ക് ചേര്‍ക്കാതിരിക്കുക. ഏകദൈവാരാധനയില്‍ മായം കലരാന്‍ ഏറെ സാധ്യതയുള്ള ഒരു മേഖലയാണ് രോഗശുശ്രൂഷാ രംഗം. അതിനായി നിഷിദ്ധങ്ങളും ക്ഷുദ്രമാര്‍ഗങ്ങളും സ്വീകരിക്കുന്നവര്‍ ഇന്നും ഒരുപാടുണ്ട്. കോവിഡ് കാലത്തെ സ്പെഷ്യല്‍ ബദര്‍മാലയും അന്ത്രോത്ത് ദ്വീപിലെ കുത്ത്റാത്തീബുമെല്ലാം അതിന്‍റെ ഭാഗം തന്നെ. സത്യവിശ്വാസികള്‍ ഇതിനെതിരെ ജാഗരൂകരായിരിക്കട്ടെ.