മാംസക്കഷ്ണം കൊണ്ട് ആശുപത്രിക്ക് സ്ഥലനിര്‍ണയം നടത്തിയ വൈദ്യവിശാരദന്‍ – സി കെ റജീഷ്
വൈദ്യവിജ്ഞാനത്തെ രസതന്ത്ര ശാസ്ത്രവുമായി ബന്ധപ്പെടുത്തിയ ആദ്യ ഭിഷഗ്വരനായിരുന്നു അബൂബക്കര്‍ മുഹമ്മദ് ഇബ്നു സക്കരിയ്യാ അല്‍റാസി. ചെറുപ്പം മുതലേ രസതന്ത്രം അദ്ദേഹം പഠിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ വൈദ്യശാസ്ത്ര രംഗത്തുള്ള പഠന ഗവേഷണങ്ങളിലേക്ക് തിരിയുന്നത് യുവത്വം പിന്നിട്ട ശേഷമാണ്. അബ്ബാസി ഭരണകൂടത്തിന്‍റെ തലസ്ഥാന നഗരിയായ ബഗ്ദാദില്‍ ഒരു സര്‍ക്കാര്‍ ആശുപത്രി നിര്‍മിക്കണമെന്ന് ഖലീഫ അള്ദുദ്ദൗല ആഗ്രഹിച്ചു. ഇതിന് അനുയോജ്യമായ സ്ഥലം എവിടെയാണെന്ന് കൃത്യമായ ധാരണ ഖലീഫക്ക് ഉണ്ടായിരുന്നില്ല. പലരുടെയും അഭിപ്രായങ്ങള്‍ ആരാഞ്ഞു. ഭിഷഗ്വര പ്രതിഭയായ റാസിയുടെ അരികില്‍ സ്ഥലനിര്‍ണയത്തെ കുറിച്ചുള്ള അഭിപ്രായം തേടി ഖലീഫ എത്തി. മറ്റ് വൈദ്യന്മാരെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു സൂത്ര പ്രയോഗത്തിലൂടെ ആശുപത്രിക്ക് അനുയോജ്യമായ സ്ഥലം റാസി നിര്‍ദേശിച്ചുകൊടുത്തു. സ്ഥലനിര്‍ണയത്തിന് റാസി സ്വീകരിച്ച വഴി ഇതായിരുന്നു. കുറെ മാംസക്കഷണങ്ങള്‍ ബാഗ്ദാദിലെ വ്യത്യസ്ത പ്രദേശങ്ങളില്‍ വെച്ചു. ഏറ്റവും വേഗത്തില്‍ ചീഞ്ഞുനശിക്കുന്നത് ഏത് സ്ഥലത്തു വെച്ച മാംസക്കഷണമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഏറ്റവും താമസിച്ച് മാത്രം മാംസം കേടുവന്ന സ്ഥലത്തെ ആശുപത്രി നിര്‍മാണത്തിനായി തിരഞ്ഞെടുത്തു. അന്തരീക്ഷ മലിനീകരണം രോഗികളുടെ ആശുപത്രി വാസത്തിന് തടസ്സം സൃഷ്ടിക്കുമെന്നതിനാലാണ് റാസി ഈ ഒരു തീരുമാനത്തിലെത്തിയത്. പ്രതിഭാശാലിയായ റാസിയുടെ ഈ അഭിപ്രായം ഖലീഫക്ക് സ്വീകാര്യമായി, ആശുപത്രിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. അതിവിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം ഈ ആശുപത്രിയില്‍ ലഭിക്കണമെന്ന നിര്‍ബന്ധം ഖലീഫക്കുണ്ടായിരുന്നു. പ്രഗത്ഭരായ അന്‍പത് വൈദ്യന്മാരുടെ ലിസ്റ്റ് ഖലീഫ തയ്യാറാക്കി. ആ അമ്പത് പേരില്‍ പ്രഥമ പരിഗണ റാസിക്കായിരുന്നു. അമ്പത് പേരില്‍ നിന്ന് വീണ്ടും ഒരു തിരഞ്ഞെടുപ്പ് നടത്തി പത്തുപേരെ കണ്ടെത്തി. ഒടുവില്‍ ഏറെ പ്രശസ്തരായ മൂന്ന് പേരെ വൈദ്യന്മാരായി അവിടെ നിയമിച്ചു. അവരുടെ തലവനായി റാസിയെ നിയോഗിച്ചു. റാസിയുടെ ഗവേഷണചാതുരിയിലും നിരീക്ഷണ പാടവത്തിലും ഖലീഫ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്ല മതിപ്പായിരുന്നു.
രോഗനിര്‍ണയത്തിലും ചികിത്സയിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുകയും തത്വങ്ങളായി നിഷ്കര്‍ഷിക്കുകയും ചെയ്ത വൈദ്യശാസ്ത്ര വിശാരദനായിരുന്ന റാസി. വിശ്വസ്തരായ വൈദ്യന്മാരെയല്ലാതെ ചികിത്സാവാശ്യാര്‍ഥം സമീപിക്കരുതെന്ന് അദ്ദേഹം എപ്പോഴും രോഗികളെ ഉപദേശിക്കാറുണ്ടായിരുന്നു. വാര്‍ധക്യകാലത്ത് റാസിയുടെ കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടു. ഒരു ഓപ്പറേഷന്‍ നടത്തി അദ്ദേഹത്തെ ചികിത്സിക്കാന്‍ ഒരു വൈദ്യന്‍ മുന്നോട്ടു വന്നു. റാസി അദ്ദേഹത്തെ ഒന്ന് പരീക്ഷിക്കാമെന്ന് കരുതി. കണ്ണിനെത്ര പാടയുണ്ട് എന്നൊരു ചോദ്യം റാസി ആ വൈദ്യനോട് ചോദിച്ചു. അതിന് കാര്യമായ ഉത്തരം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അയാള്‍ പരീക്ഷയില്‍ പരാജയപ്പെട്ടതിനാല്‍ തന്‍റെ കണ്ണിന് ഓപ്പറേഷന്‍ നടത്തി ചികിത്സിക്കാനുള്ള അനുവാദം നല്‍കാതെ അയാളെ തിരിച്ചയച്ചു.
രോഗത്തിനുള്ള ഔഷധം ആഹാരമാണെങ്കില്‍ ആ വിധത്തില്‍ ചികിത്സിക്കണമെന്ന നിലപാടായിരുന്നു റാസിക്കുണ്ടായിരുന്നത്. മരുന്ന് കൊണ്ട് ചികിത്സിക്കാവുന്നതിന് ശസ്ത്രക്രിയ ഉപയോഗിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മിക്കപ്പോഴും റാസി നിര്‍ദേശിച്ച ചികിത്സാരീതികള്‍ രോഗികള്‍ക്ക് ശമനവും ആശ്വാസവും നല്‍കിയിരുന്നു.
രോഗം വരുന്നതില്‍ പാരമ്പര്യം പ്രധാന ഘടകമായി വര്‍ത്തിക്കുന്നുണ്ടെന്ന തത്വം ആദ്യമായി പ്രഖ്യാപിച്ചത് റാസിയാണ്. കണ്ണ് ഓപ്പറേഷനിലും സ്ത്രീരോഗങ്ങളിലും പുതിയ കണ്ടുപിടുത്തങ്ങള്‍ റാസിയുടേതായി പുറത്തു വന്നിട്ടുണ്ട്. ഒരു സംഘത്തോടൊപ്പം റാസി യാത്രയിലായ സന്ദര്‍ഭം. കഴുതയെ തെളിക്കുന്ന ആള്‍ക്ക് കണ്ണ് രോഗം പിടിപെട്ടു. റാസി നിര്‍ദേശിച്ചത് രക്തം വാര്‍ക്കല്‍ ചികിത്സയായിരുന്നു. പക്ഷേ, അയാളതിന് തയ്യാറായില്ല. അയാള്‍ കൊമ്പുവെക്കുകയും സൂക്ഷിച്ചിരുന്ന കുറച്ച് മരുന്നുകള്‍ കാതില്‍ ഉറ്റിക്കുകയും ചെയ്തു.
പക്ഷേ, രോഗം മൂര്‍ച്ഛിച്ച് കാഴ്ച നഷ്ടപ്പെടുമെന്ന ഭീതി അദ്ദേഹത്തെ അലട്ടി. പ്രയാസകരമായ ഈ അവസ്ഥയില്‍ രോഗശമനത്തിന് വല്ല വഴിയുമുണ്ടോയെന്ന് റാസിയോട് അന്വേഷിച്ചു. അപ്പോള്‍ അദ്ദേഹം ആ രോഗിയില്‍ നിന്ന് മൂന്ന് റാത്തല്‍ രക്തം രണ്ടുതവണയായി കുത്തിയെടുത്തു. അതോടുകൂടി ആ രോഗം ഭേദമായി അയാള്‍ സുഖമായി ഉറങ്ങി.
ഹിജ്റ 240 തെക്കന്‍ തഹറാനിലെ റയ്യില്‍ ജനിച്ച അബൂബക്കര്‍ മുഹമ്മദുബ്ന് സക്കരിയ്യ അല്‍റാസി അറബി വൈദ്യത്തിന്‍റെ പിതാവ് (അബൂത്ത്വിബ്ബുല്‍ അറബി) എന്ന പേരില്‍ അറിയപ്പെടുന്നു. പതിനേഴാം നൂറ്റാണ്ടുവരെയും യുറോപ്പില്‍ വൈദ്യവിജ്ഞാനത്തിന്‍റെ ആധികാരിക ശബ്ദമായിട്ടാണ് റാസിയുടെ ഗ്രന്ഥരചനകള്‍ പരിഗണിക്കപ്പെട്ടിരുന്നത്. രസതന്ത്ര വിജ്ഞാനത്തില്‍ കൂടി അവഗാഹമുള്ള റാസി രോഗിയുടെ ശരീരത്തില്‍ നടക്കുന്ന ചില രാസപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് രോഗശമനമുണ്ടാകുന്നതെന്ന് തന്‍റെ ഗ്രന്ഥങ്ങളിലൂടെ സമര്‍ഥിച്ചു. വൈദ്യവിജ്ഞാനത്തില്‍ ഒരു വിസ്മയമായി ഗണിക്കപ്പെടുന്ന ഈ ഭിഷഗ്വരന്‍റെ സംഭാവനകള്‍ വൈദ്യശാസ്ത്രത്തിന്‍റെയും രസതന്ത്രശാസ്ത്രത്തിന്‍റെയും വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനമുണ്ടാക്കി. ഹിജ്റ 321 ല്‍ അദ്ദേഹം മരണപ്പെടുന്നതിന് മുമ്പ് 224 ഗ്രന്ഥങ്ങള്‍ രചിച്ചു. റാസിയുടെ മിക്ക ഗ്രന്ഥങ്ങളും ലാറ്റിനിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും നിരവധി പതിപ്പുകള്‍ പുറത്തിറങ്ങുകയും ചെയ്തിട്ടുണ്ട്. അല്‍ജുദരിയ്യു വല്‍ഹസബ, (സ്മാള്‍ പോക്സും മീസില്‍സും), സിറ്റുല്‍ അസ്റാര്‍ (രഹസ്യങ്ങളുടെ രഹസ്യം), അത്തിബ്ബുര്‍ റൂഹാനി എന്നീ ഗ്രന്ഥങ്ങള്‍ വൈദ്യവിജ്ഞാനത്തിന്‍റെ മുഖ്യ അവലംബമായി ദീര്‍ഘകാലം യുറോപ്യന്‍ സര്‍വകലാശാലകളില്‍ സ്വീകരിച്ചുപോന്നു. വൈദ്യനും മരുന്നും ഇല്ലാത്ത സ്ഥലങ്ങളില്‍ പാലിക്കേണ്ട ചികിത്സാരീതിയെ കുറിച്ച് ആധികാരികമായ പരാമര്‍ശിക്കുന്ന റാസിയുടെ പുസ്തകമാണ് ‘ദരിദ്രന്മാരുടെ വൈദ്യം’ എന്ന പേരിലറിയപ്പെടുന്നത്.