22 Sunday
December 2024
2024 December 22
1446 Joumada II 20

കാലബോധം ഇസ്ലാമിന്‍റെ സൗന്ദര്യമാണ് – സദ്റുദ്ദീന്‍ വാഴക്കാട്

വിശാലതയിലേക്കുള്ള വികാസമാണ് ഇസ്ലാം. വിശുദ്ധ വേദം അടിത്തറയിട്ട ദൈവിക ദര്‍ശനത്തിന്‍റെ ഈ മൗലിക സവിശേഷത, മനോഹരമായി വിശദീകരിച്ചിട്ടുണ്ട് നബി ശിഷ്യന്‍ രിബ്ഇയ്യുബ്നു ആമിര്‍. ഭൗതികതയുടെ നിറസൗകര്യങ്ങളില്‍ പുളച്ചുനിന്ന പേര്‍ഷ്യന്‍ സേനാധിപന്‍ റുസ്തമിന്‍റെ കൊട്ടാരമായിരുന്നു രംഗവേദി. ‘നിങ്ങള്‍ എന്തിന് വന്നു’?  റുസ്തമിന്‍റെ മുന കൂര്‍ത്ത ചോദ്യം. ആത്മീയതയുടെ വജ്രായുധംകൊണ്ട് ഭൗതിക അഹന്തയുടെ മുനയൊടിച്ചുകളഞ്ഞ രിബ്ഇയ്യിന്‍റെ  മറുപടിയിലെ ഒരു വാചകം ശ്രദ്ധിക്കുക; ‘ഐഹിക ലോകത്തിന്‍റെ കുടുസ്സില്‍നിന്ന് ഇഹപര ലോകങ്ങളുടെ വിശാലതയിലേക്ക് മനുഷ്യനെ മോചിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം’.

ഇഹലോകത്തെ വിശാലത
ക്ഷണികമായ ഭൗതികലോകത്തെ അപേക്ഷിച്ച്, ശാശ്വതമായ പരലോകത്തിന്‍റെ വിശാലത നമുക്ക് മനസ്സിലാകും. എന്നാല്‍, എന്താണ് ഇവിടെ ഉദ്ദേശിച്ച ഇഹലോകത്തിന്‍റെ വിശാലത? വസ്തുവിന്‍റെ വലിപ്പവും അളവിലെ വിശാലതയുമുള്ളപ്പോഴും, ആശയപരവും മാനസികവും ജീവിതബന്ധിയുമായ ഇടുക്കം ഇഹലോകത്ത് മനുഷ്യനെ ഞെരിച്ചുകൊണ്ടിരിക്കും. ഈ ഭൗതികതയുടെ കുടുസ്സിനെ, ആത്മീയതയുടെ പശിമ കൊണ്ട് വിശാലമാക്കുകയാണ് ഇസ്ലാം ചെയ്യുന്നത്. മനുഷ്യനെ മനുഷ്യാടിമത്വത്തില്‍ നിന്ന് മോചിപ്പിച്ച്, ജീവിതത്തിന്‍റെ വിശാലതയിലേക്ക് സ്വതന്ത്രനാക്കുന്നത് ഭൂമിയിലെ വിശാലതയില്‍പ്പെടുന്നു. മനുഷ്യാവസ്ഥകളെ പരിഗണിച്ചു കൊണ്ട് നിയമ വിധികളെയും അതിരടയാളങ്ങളെയും നനവുള്ളതാക്കുക എന്നത് വിശാലതയുടെ പ്രായോഗികതകളില്‍പ്പെടുന്നതാണ്.
മരുഭൂമി പോലെ വരണ്ടുണങ്ങിയ മതത്തെ നമുക്ക് ഇസ്ലാം എന്ന് വിളിക്കാനാകില്ല. കാരണം, വിശുദ്ധ വൃക്ഷത്തോടാണ് അടിസ്ഥാന ആദര്‍ശവാക്യത്തെ വേദഗ്രന്ഥം ഉപമിച്ചിട്ടുള്ളത്. വേരും തടിയും അങ്ങനെത്തന്നെ നിലനില്‍ക്കുമ്പോഴും, ഋതുഭേദങ്ങളോട് പ്രതികരിച്ച്, ഇലപൊഴിച്ചും പൂവിട്ടും കായ്ച്ചും… അങ്ങനെയങ്ങനെ മരങ്ങള്‍ കാലബോധം പുലര്‍ത്തുന്നു. വെള്ളം വറ്റി ഭൂമി വരണ്ടുണങ്ങുന്ന കൊടിയ വേനലില്‍ ഇലപൊഴിച്ച്, ജലദൗര്‍ലഭ്യതയുടെ പ്രതിസന്ധി മനസ്സിലാക്കി മാറാന്‍ മരങ്ങള്‍ തയാറാകുന്നു. ഇതിനെയാണ് കാലബോധം എന്ന് പറയുന്നത്. അടിസ്ഥാനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ, പ്രതിസന്ധികളില്‍ നിങ്ങളും ആവശ്യമായ രീതിയില്‍ മാറണം എന്ന് മനുഷ്യരെ പഠിപ്പിക്കാന്‍ വേണ്ടി കൂടിയല്ലേ ഈ മരത്തിന്‍റെ ഉപമ വേദസൂക്തത്തില്‍ ഉള്‍പ്പെടുത്തിയത്! വേദ സുക്തങ്ങളെയും പ്രവാചക പാഠങ്ങളെയും ദൈവകേന്ദ്രിതമായും ഒപ്പം മനുഷ്യോന്മുഖമായും വായിക്കാന്‍ കഴിയണം. അപ്പോള്‍ മാത്രമേ, മനുഷ്യാവസ്ഥകളോട് പ്രമാണ പാഠങ്ങളെ സമന്വയിപ്പിക്കാനാകൂ. കാലത്തോട് ഇസ്ലാമിനെ സമന്വയിപ്പിക്കാനാകൂ. മനുഷ്യരിലൂടെയാണല്ലോ ദൈവത്തിലേക്കുള്ള അതിവേഗ ലോകപാത നീണ്ടു കിടക്കുന്നത്. ദൈവം മനുഷ്യന് വേണ്ടി രൂപപ്പെടുത്തിയ ജീവിത ദര്‍ശനമാണ് ഇസ്ലാം. മനുഷ്യന്‍ ദൈവത്തിനു വേണ്ടി പടച്ച ആചാര സമുച്ചയമല്ല അത്. ഈ അടിസ്ഥാന തത്വം ഇസ്ലാമിന്‍റെ പ്രയോഗത്തില്‍ മുറുകെപ്പിടിക്കേണ്ടതാണ്.

ലഘൂകരണത്തിന്‍റെ ദര്‍ശനം
ദീര്‍ഘിച്ച പ്രാര്‍ഥനകള്‍ ദൈവത്തിന് പ്രിയങ്കരമാണ്. പക്ഷേ, മനുഷ്യാവസ്ഥകള്‍ മനസ്സിലാക്കി അവയുടെ ദൈര്‍ഘ്യം വെട്ടിച്ചുരുക്കുമ്പോള്‍ ദൈവം കൂടുതല്‍ പ്രീതിപ്പെടുന്നു. ദീര്‍ഘിച്ച ഖുര്‍ആന്‍ പാരായണം ഉദ്ദേശിച്ച് അനുചരന്മാരോടൊപ്പം സംഘടിത പ്രാര്‍ഥനക്ക് നേതൃത്വം നല്‍കിയ പ്രവാചകന്‍, പക്ഷേ, ദൈര്‍ഘ്യം കുറച്ച് പെട്ടെന്ന് പ്രാര്‍ഥന അവസാനിപ്പിച്ച സംഭവമുണ്ടായി. കാരണം എന്തെന്നോ? പിന്നില്‍ നമസ്കരിക്കാന്‍ നില്‍ക്കുന്ന മാതാവിന്‍റെ കൂടെയുള്ള കുഞ്ഞ് കരഞ്ഞു. ആ കരച്ചില്‍ പ്രാര്‍ഥനയിലെ ശ്രദ്ധ തെറ്റിച്ച് ഏകാഗ്രത നഷ്ടപ്പെടുത്തിയതുകൊണ്ടല്ല നബി നമസ്കാരം ചുരുക്കിയത്! പിന്നെയോ? ‘ആ കുഞ്ഞ് കരയുമ്പോള്‍, അതിന്‍റെ മാതാവിന്‍റെ മനസ്സിലുണ്ടാകുന്ന വേദന ഓര്‍ത്താണ് ഞാന്‍ നമസ്കാര ദൈര്‍ഘ്യം കുറച്ചത്’ എന്ന് പ്രവാചകന്‍ വിശദീകരിച്ചു. ‘എളുപ്പമാക്കുക, കുടുസ്സാക്കാതിരിക്കുക. ജനങ്ങളെ അടുപ്പിക്കുക അകറ്റാതിരിക്കുക’ എന്ന് പഠിപ്പിച്ച ലോക ഗുരുവില്‍നിന്ന് നാം മറിച്ചെന്താണ്പ്രതീക്ഷിക്കേണ്ടത്.
‘നീ കുഴപ്പക്കാരനാണോ’? പ്രിയശിഷ്യന്‍ അബ്ദുല്ലാഹിബ്നു മസ്ഊദിനോട് ഒരിക്കല്‍ മുഹമ്മദ് നബി ചോദിച്ചു. എന്താണ് കാരണമെന്നോ? പ്രാര്‍ഥന പ്രയാസം സൃഷ്ടിക്കുംവിധം നീണ്ടു പോയി എന്നതു തന്നെ. നേതാവിന്‍റെ പിന്നില്‍ നമസ്കരിക്കാന്‍ നില്‍ക്കുന്നവരില്‍ പലതരം മനുഷ്യരുണ്ടാകും. യാത്രക്കാര്‍, വൃദ്ധര്‍, രോഗികള്‍, കുട്ടികള്‍, പലതരം ആവശ്യങ്ങളുള്ളവര്‍…. ആ മനുഷ്യരെയെല്ലാം പരിഗണിച്ചു കൊണ്ടേ നമസ്കാരത്തിന് നേതൃത്വം നല്‍കാവൂ. ‘നമസ്കാരത്തിന് നേതൃത്വം വഹിക്കുന്നവര്‍ ലഘൂകരണം വരുത്തണം. കാരണം, കുട്ടികളും പ്രായമുള്ളവരും ദുര്‍ബലരും ജീവിത വൃത്തിയില്‍ ഏര്‍പ്പെട്ടവരും അവരിലുണ്ടാകും’ എന്നും നബി പഠിപ്പിക്കുകയുണ്ടായി. പ്രാര്‍ഥന ജനദ്രോഹപരമാകരുതെന്ന കണിശത മനുഷ്യസ്നേഹിയായ പ്രവാചകന്‍റെ അകംനിറഞ്ഞിരുന്നു എന്നര്‍ഥം. ദീര്‍ഘിച്ച് നമസ്കരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പാതിരാവില്‍ ഉള്‍പ്പെടെ വ്യക്തിപരമായി അതാകാം. എന്നാല്‍, സമൂഹപ്രാര്‍ഥന, സാമൂഹികമാകണമെങ്കില്‍, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാമൂഹിക ബോധവും നിര്‍ബന്ധമാണ്. മനുഷ്യാവസ്ഥകളെ തൊട്ടറിയാനും അതിനനുസരിച്ച് നയനിലപാടുകള്‍ എടുക്കാനും കഴിയുന്ന ഈ വിശാലതയെക്കൂടിയാണ് നാം ഇസ്ലാം എന്ന് വിളിക്കുന്നത്.
യാത്രകള്‍ ക്ലേശപൂര്‍ണമാണ്, പലപ്പോഴും. അപ്പോഴും നിങ്ങള്‍ നമസ്കാരം മുടക്കരുതെന്ന് ശാസനയുണ്ട്. പക്ഷേ, ആ ക്ലേശങ്ങള്‍ മനസ്സിലാക്കി ഇളവുകള്‍ കൊണ്ട് മനുഷ്യര്‍ക്ക് ആശ്വാസമേകുന്നു ഇസ്ലാം. അഞ്ചു തവണയുള്ള നമസ്കാരം, ചിലത് ഒരുമിച്ചും ചുരുക്കിയും മൂന്ന് സമയങ്ങളില്‍ നിര്‍വഹിച്ചാല്‍ മതി. വെള്ളിയാഴ്ചയിലെ സംഘടിത പ്രാര്‍ഥനയില്‍ പൊതുവെ വിട്ടുവീഴ്ച്ചയില്ല. പക്ഷേ, യാത്രക്കാരനും രോഗികള്‍ക്കും മറ്റും ഇളവുണ്ട്. എന്തൊക്കെ കാരണങ്ങളാല്‍ വെളളിയാഴ്ചയിലെ സമൂഹ പ്രാര്‍ഥനയില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കാമെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.
ഒരു വിവരണം കാണുക, ഇസ്ലാം എത്ര കരുതലോടെയാണ് മനുഷ്യനെ മനസ്സിലാക്കി നിയമങ്ങള്‍ പ്രയോഗത്തില്‍ വരുത്തുന്നതെന്ന് തിരിച്ചറിയാനാകും. ശാഫിഈ കര്‍മശാസ്ത്ര ഗ്രന്ഥമായ ഫത്ഹുല്‍ മുഈനിലെ ജുമുഅയെക്കുറിച്ച അധ്യായത്തില്‍ ഇളവുകളെ സംബന്ധിച്ച് പറയുന്നു: ഇനി പറയുന്ന കാരണങ്ങളാല്‍ ജുമുഅ ഒഴിവാക്കാവുന്നതാണ്; ഒന്ന്, വസ്ത്രമോ ചെരുപ്പിന്‍റെ അടിഭാഗമോ  നനയ്ക്കുന്ന മഞ്ഞോ മഴയോ ഉണ്ടെങ്കില്‍, കുട ലഭ്യമാണെങ്കിലും. രണ്ട്, മഴ തോര്‍ന്നാലും കെട്ടിടങ്ങളില്‍ നിന്നും വെള്ളം ഇറ്റി വീഴുന്നുണ്ടെങ്കില്‍. മൂന്ന്, വഴിയില്‍ മഴ പെയ്ത് ചെളിയുണ്ടെങ്കില്‍. നാല്, ശക്തമായ വെയില്‍ കാരണം, വഴിയില്‍ തണലുണ്ടെങ്കിലും. അഞ്ച്, ശക്തമായ തണുപ്പ്. ആറ്, ശക്തമായ ഇരുട്ട്. ഏഴ്, ഏകാഗ്രത നഷ്ടപ്പെടുത്തുന്ന രോഗം. എട്ട്, മലമൂത്ര വിസര്‍ജനത്തിന് ആവശ്യമുള്ളപ്പോള്‍. ഒമ്പത്, ഒരാളുടെ സാമൂഹ്യ പദവിക്കനുസരിച്ച്  അനുയോജ്യമായ വസ്ത്രം ഇല്ലെങ്കില്‍. പത്ത്, ഒരാളുടെ സാമൂഹ്യ സ്ഥാനത്തിനനുസരിച്ച വാഹനം ഇല്ലെങ്കില്‍. പതിനൊന്ന്, സഹയാത്രികര്‍ക്ക് ധൃതിയുണ്ടെങ്കില്‍. അപകടമൊന്നുമില്ലെങ്കിലും തനിച്ച് യാത്ര പോകേണ്ടി വരുമ്പോള്‍ ഏകാന്തത അനുഭവപ്പെടുന്നതിനാലാണിത്.  വിനോദ യാത്രയ്ക്കും ഇത് ബാധകമാണ്. പന്ത്രണ്ട്, ഒരു നിരപരാധിക്ക് ഏതെങ്കിലും അക്രമിയില്‍ നിന്നും ജീവന്‍, സ്വത്ത്, അഭിമാനം എന്നിവക്ക് ഭീഷണി നേരിടുന്ന സന്ദര്‍ഭത്തില്‍. പതിമൂന്ന്, ദരിദ്രനായ ഒരാള്‍ തനിക്ക് കടം തന്ന വ്യക്തി പിടിച്ച് വെക്കുമെന്ന് ഭയമുള്ളപ്പോള്‍. പതിനാല്, രോഗിയെ ശുശ്രൂഷിക്കുന്ന വ്യക്തി. പതിനഞ്ച്, തന്‍റെ സാമീപ്യംകൊണ്ട് രോഗിയെ ഉല്ലാസവാനാക്കാന്‍ കഴിയുന്ന വ്യക്തി. പതിനാറ്, മരണാസന്നനായ രോഗിയുടെ അടുത്ത ബന്ധു. പതിനേഴ്, നന്നായി ഉറക്കം വരുന്നുണ്ടെങ്കില്‍. പതിനെട്ട്, നല്ല വിശപ്പോ ദാഹമോ ഉള്ളപ്പോള്‍. പത്തൊന്‍പത്. അന്ധനായ വ്യക്തിക്ക് വഴി കാണിക്കാന്‍ ആരേയും കിട്ടിയില്ലെങ്കില്‍, വടി കൊണ്ട് സ്വയം നടക്കാന്‍ അറിയാമെങ്കിലും പോകേണ്ടതില്ല. ഇരുപത്, അടുപ്പില്‍ പാകം ചെയ്യുന്ന റൊട്ടിയോ ഭക്ഷണമോ നോക്കാന്‍ വേറെയാരുമില്ലാത്തപ്പോള്‍.
ഇതിന്‍റെ വ്യാഖ്യാന ഗ്രന്ഥത്തില്‍ പറയുന്ന അധിക കാരണങ്ങള്‍ ഇവയാണ്; ഒന്ന്, മറ്റുള്ളവര്‍ക്ക് ബുദ്ധിമുണ്ടാകുന്ന ഗന്ധമുള്ള ഉള്ളി പോലെയുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ കഴിച്ചാല്‍. രണ്ട്, വസ്ത്രത്തില്‍ അഴുക്ക് പുരളുന്ന തരം ജോലി ചെയ്യുന്നവര്‍. മൂന്ന്, സ്വന്തം ദുര്‍ഗന്ധം കൊണ്ട് മറ്റുള്ളവര്‍ക്ക് പ്രയാസം ഉണ്ടാകാനിടയുള്ളവര്‍. നാല്, മരണാനന്തര ചടങ്ങുകള്‍ ചെയ്യുന്ന വ്യക്തി. അഞ്ച്, പോകുന്ന വഴിയില്‍ തന്നെ അപമാനിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍. ആറ്, ഇമാം അനാവശ്യമായി ദീര്‍ഘിപ്പിക്കുന്ന ആളാണെങ്കില്‍.
ഈ കാരണങ്ങളാല്‍ ജുമുഅ ഒഴിവാക്കേണ്ടി വന്നവര്‍ക്ക് ജുമുഅയില്‍ പങ്കെടുത്ത അതേ പുണ്യം ലഭിക്കുന്നതാണെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഒരു കാരണവുമില്ലാതെ ജുമുഅ ഒഴിവാക്കിയാല്‍ ഒരു സ്വര്‍ണനാണയമോ പകുതിയോ അതുമില്ലെങ്കില്‍ ഒരു വെള്ളി നാണയമോ അതിന്‍റെ പകുതിയോ ഒന്നുമില്ലെങ്കില്‍ രണ്ട് കൈ നിറയെ അരിയോ ഗോതമ്പോ ബാര്‍ലിയോ ദാനം ചെയ്യുന്നത് നല്ലതാകുന്നു’ (ഫത്ഹുല്‍ മുഈന്‍, ഇആനാത്ത്, പേജ്: 76  82, മക്തബ ഇശാഅത്തെ ഇസ്ലാം, ന്യൂ ദല്‍ഹി, വിവര്‍ത്തനം അബ്ദുല്ലാഹ് അമാനത്ത് ഫൈസി).
ഈ അഭിപ്രായങ്ങളെല്ലാം ശരിയാകണമെന്നില്ല, അവയോട് നമുക്ക് വിയോജിപ്പുണ്ടാകാം. പക്ഷേ, ശാഫിഈ കര്‍മശാസ്ത്ര സരണിയില്‍ തന്നെ ഇത്രമേല്‍ വിശാലമായി ഇളവുകള്‍ അനുവദിച്ച പണ്ഡിതന്മാരും ഉണ്ടായിരുന്നുവെന്ന് ഒരു വൈജ്ഞാനിക ചര്‍ച്ചയുടെ ഭാഗമായെങ്കിലും നാം മനസ്സിലാക്കേണ്ടതുണ്ട്.

കൊടും വനമല്ല ഇസ്ലാം
മനുഷ്യര്‍ക്ക് പ്രവേശനം പ്രയാസകരമായ, അവരെ ഭയപ്പെടുത്തുന്ന ഇടതൂര്‍ന്ന കൊടും വനമല്ല ഇസ്ലാം എന്ന് പഠിപ്പിച്ച വേദസൂക്തം നാം ആവര്‍ത്തിച്ചു വായിക്കണം, പണ്ഡിതന്മാര്‍ വിശേഷിച്ചും. പൂന്തോട്ടം പോലെ മനോഹരവും ആകാശം പോലെ വിശാലവും മഞ്ഞുതുള്ളി പോലെ നിര്‍മലവുമായ ജീവിതദര്‍ശനമാണ് ഇസ്ലാം എന്ന് അപ്പോള്‍ ബോധ്യമാകും. ജീവിതത്തെ തൊട്ടറിയുന്നതു മാത്രമേ ജീവിത ദര്‍ശനമാകൂ. ജീവിതം ഒരു കോണ്‍ക്രീറ്റ് തൂണല്ല, അവസ്ഥകള്‍ മാറിക്കൊണ്ടേയിരിക്കുന്ന ഒരു അനുഭവ സത്യമാണ്. അത് ഭൂമിയിലെ മണ്ണുകളും മരങ്ങളും പോലെയാണ്. ഭൂമിയിലൂടെ സഞ്ചരിക്കൂ എന്ന് വേദഗ്രന്ഥം ആവര്‍ത്തിക്കുന്നുണ്ടല്ലോ. ഭൂമിയിലൂടെ നടന്ന് മണ്ണുകള്‍ നിരീക്ഷിച്ചു നോക്കൂ, ഒരേ സ്ഥലത്ത് പല തരം മണ്ണുകള്‍ കാണാം, ഭൂമി കുഴിച്ച് താഴോട്ട് പോകുമ്പോള്‍ അതിന്‍റെ വൈവിധ്യം പാളികളായി നമുക്ക് മുമ്പില്‍ തുറക്കും. മനുഷ്യജീവിതവും പല പാളികളായാണ് പരന്ന് കിടക്കുന്നത്. ഈ പാളികളോടെല്ലാം ക്രിയാത്മകമായി പ്രതികരിക്കാന്‍ പ്രമാണങ്ങള്‍ക്ക് കഴിയണം. അക്ഷരങ്ങള്‍ ആശയങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുകയും, അവയെ ജീവിത യാഥാര്‍ഥ്യങ്ങളിലേക്ക് പരാവര്‍ത്തനം ചെയ്യുകയും ചെയ്യുമ്പോഴേ കാലത്തോടും അവസ്ഥകളോടുമുള്ള ഈ പ്രതികരണ ശേഷി സാധ്യമാകൂ. അപ്പോള്‍, കൊടും വനമായല്ല, അരുവികളൊഴുകുന്ന ആരാമമായി ഇസ്ലാം പൂത്ത് തളിര്‍ത്തു നില്‍ക്കും.
ആ ഇസ്ലാമിനെക്കുറിച്ചാണ് ഈ വേദപാഠം; ‘ദീനില്‍ നിങ്ങള്‍ക്ക് യാതൊരു ക്ലിഷ്ടതയും ഉണ്ടാക്കിയിട്ടില്ല’ (ഖുര്‍ആന്‍ 22: 78). മരങ്ങള്‍ ഇടതിങ്ങിയ കാട് എന്നാണ് ‘ഹറജ്’ എന്ന പദത്തിന്‍റെ അടിസ്ഥാന അര്‍ഥം. അടഞ്ഞ, ഇടുങ്ങിയ, സങ്കുചിതമായ, അടിച്ചമര്‍ത്തിയ, ഞെരുങ്ങിയ എന്നൊക്കെ അതിന് അര്‍ഥമുണ്ട്. അപ്പോള്‍ പിന്നെ, ‘ഹറജ് ഇല്ലാത്ത ദീന്‍’ എന്നു പറയുന്നതിന്‍റെ ആശയം എത്ര വിപുലമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ‘സരളവും ലളിതവുമായ വിശ്വാസ പ്രമാണവും നിയമസംഹിതയുമാണ് ദൈവം മനുഷ്യന് നല്‍കിയിട്ടുള്ളത്. അത് സ്വീകരിച്ച് ജീവിച്ചാല്‍ പുരോഗതി സുനിശ്ചിതം. ചില പൂര്‍വിക മത സമുദായങ്ങളിലെ കര്‍മശാസ്ത്ര വിശാരദന്മാരും പൗരോഹിത്യവും പരീശമാരും മറ്റും നിര്‍മിച്ച യുക്തി ശൂന്യമായ ചങ്ങലകളില്‍ നിന്ന് മുക്തമാണ് ഇസ്ലാം. വൈജ്ഞാനിക പുരോഗതിയെ തടസ്സപ്പെടുത്തുന്ന തരത്തില്‍ ബുദ്ധിയുടെയും ചിന്തയുടെയുംമേല്‍ നിയന്ത്രണങ്ങളില്ല. ഉത്തമ നാഗരികതക്കും മഹിമയാര്‍ന്ന സാമൂഹിക പുരോഗതിക്കും പ്രതിബന്ധമാകുന്ന  ഒരു ഒരു നിയമവും കര്‍മജീവിതത്തില്‍ ചുമത്തപ്പെട്ടിട്ടില്ല’ എന്ന് പണ്ഡിതന്മാര്‍ ഈ സൂക്തത്തെ വിശദീകരിച്ചത് കാണാം.

പശിമയുള്ള നിയമങ്ങള്‍

അക്ഷരങ്ങളില്‍ രേഖപ്പെട്ട ലൗകിക നിയമങ്ങള്‍ക്ക്, ആത്മീയതയുടെ പശിമ കൊണ്ട് അര്‍ഥം നല്‍കുമ്പോഴേ അതിന് നീതിയുടെ മുഖം കൈവരികയുള്ളൂ. ഒട്ടകത്തെ മോഷ്ടിച്ച് അറുത്ത് ഭക്ഷിച്ച ദരിദ്ര തൊഴിലാളികളെ വെറുതെവിട്ട ഖലീഫ ഉമറുബ്നുല്‍ ഖതാബ്, തൊഴിലുടമക്കാണ് പിഴ ചുമത്തിയത്. കൂലി കൊടുക്കാതെ തൊഴിലാളികളെ പട്ടിണിക്കിട്ട് അയാള്‍ മോഷണത്തിന് സാഹചര്യമുണ്ടാക്കിയതായിരുന്നു കാരണം. മോഷണം നടത്തിയവരെ ശിക്ഷിക്കലാണ് നിയമം. പക്ഷേ, അതിന് കാരണമുണ്ടാക്കിയ വരെ ശിക്ഷിക്കലായിരുന്നു അവിടെ നീതി. നിയമത്തെ നീതിയിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ഇസ്ലാമിക രാഷ്ട്രത്തിന്‍റെ നായകന് കഴിഞ്ഞത്, അദ്ദേഹം ദൈവിക ദര്‍ശനത്തിന്‍റെ ആത്മാവ് തൊട്ടറിഞ്ഞിരുന്നു എന്നതുകൊണ്ടാണ്.
ആചാരപ്രധാനമായ പുരോഹിത മതങ്ങള്‍, പ്രശ്നങ്ങള്‍ക്ക് നിശ്ചയിക്കുന്ന പരിഹാരക്രിയകള്‍ കൂടുതല്‍ കടുത്ത ആചാരങ്ങളായിരിക്കും. എന്നാല്‍, പ്രവാചക ദര്‍ശനത്തില്‍ പരിഹാരക്രിയകള്‍ കൂടുതല്‍ മനുഷ്യോന്മുഖമായിരിക്കും. നോമ്പെടുക്കാന്‍ കഴിയാത്തവന്‍റെ പ്രായശ്ചിത്തം, അതിന് പകരം കൂടുതല്‍ നമസ്കരിക്കലോ, ഹജ്ജും ഉംറയും ചെയ്യലോ അല്ല, ദരിദ്രര്‍ക്ക് അന്നം നല്‍കലാണ്. ഹജ്ജിലെ വീഴ്ച്ചകള്‍ക്കും ഇതേ പോലൊരു പരിഹാരം നിശ്ചയിച്ചിരിക്കുന്നു.
വിമോചകരായ പ്രവാചകന്മാരില്‍ നിന്നും, വിവേകികളായ പണ്ഡിതന്മാരില്‍ നിന്നും ഇസ്ലാമിന്‍റെ നിയന്ത്രണം, ചൂഷകരായ പുരോഹിതന്മാരിലേക്ക് മാറുമ്പോഴാണ് അത് വികലവും വികൃതവുമായിത്തീരുന്നത്, മനുഷ്യ വിരുദ്ധവും കുടുസ്സാര്‍ന്നതുമായി മാറുന്നത്. ഇസ്ലാമിന്‍റെ എല്ലാ വികാസ സാധ്യതകളെയും പൗരോഹിത്യം മറച്ചുകളയും. ചൂഷണ ചിന്തക്കപ്പുറം, മനുഷ്യനെ അവര്‍ മറന്നു പോകും. അപ്പോഴാണ് ഇസ്ലാം വരണ്ടുണങ്ങി, ചുക്കിച്ചുളിഞ്ഞ് പോകുന്നത്. അടിമയാക്കുന്നതിനെയും ഊറ്റിയെടുക്കുന്നതിനെയും കുറിച്ചാണ് പൗരോഹിത്യം ചിന്തിക്കുക. സ്വാതന്ത്ര്യം, തുറന്നുവെപ്പ്, സമൃദ്ധി തുടങ്ങിയവയ്ക്കാണ് പ്രവാചകന്മാര്‍ പരിശ്രമിക്കുക. പ്രവാചകന്‍മാരും സൂഫികളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഒരു നിരീക്ഷണമുണ്ട്. സൂഫികള്‍ ആകാശത്തിലേക്ക് കയറിപ്പോയ ശേഷം, ഭൂമിയിലേക്ക് ഇറങ്ങി വരില്ല. പക്ഷേ, പ്രവാചകന്മാര്‍ ആകാശത്തിലേക്ക് ഉയര്‍ന്ന ശേഷവും ഭൂമിയിലേക്ക് ഇറങ്ങി വരും. കാരണം, പ്രവാചകന്മാര്‍ മനുഷ്യരെ മനസ്സിലാക്കി, അവരോട് ഇടപഴകി, അവരോടൊപ്പം ജീവിക്കുന്നവരാണ്. അതുകൊണ്ട്, മനുഷ്യാവസ്ഥകളെ മനസ്സിലാക്കിയ മുഹമ്മദ് നബിയുടെ അധ്യാപനങ്ങള്‍ മനുഷ്യ വിരുദ്ധമാവുകയേ ഇല്ലെന്ന് നമുക്ക് ഉറപ്പിച്ചു പറയാനാകും.

പ്രാര്‍ഥന പള്ളികളില്‍ മാത്രമോ?
പള്ളികള്‍ നന്നായി പരിപാലിച്ച് സജീവമായി നിലനിര്‍ത്തണം, അഞ്ചു നേരത്തെ സംഘടിത നമസ്കാരത്തില്‍ കണിശത വേണം, വെള്ളിയാഴ്ച്ചയിലെ സമൂഹപ്രാര്‍ഥനയില്‍ സവിശേഷ ശ്രദ്ധയുണ്ടാകണം, ഇവയില്‍ നിന്ന് വിട്ടു നില്‍ക്കുകയോ, ഉപേക്ഷ വരുത്തുകയോ ചെയ്യുന്നത് കടുത്ത കുറ്റമാകും എന്നൊക്കെ ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്. അതേ ഇസ്ലാം തന്നെയാണ്, അനിവാര്യ സന്ദര്‍ഭങ്ങളില്‍, പള്ളികള്‍ അടച്ചിടാനും അവിടെ നടക്കേണ്ട സംഘടിത പ്രാര്‍ഥനകള്‍ വീടുകളില്‍ തന്നെ നിര്‍വഹിക്കാനും കല്പിക്കുകയും ചെയ്യുന്നത്. സാമൂഹികാവസ്ഥകളിലേക്ക് വികസിക്കാനും സന്ദര്‍ഭത്തിന്‍റെ തേട്ടമനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള ഇസ്ലാമിന്‍റെ ശേഷിയെയാണ് ഇത് അടയാളപ്പെടുത്തുന്നത്. ദൈവത്തെ പ്രകീര്‍ത്തിച്ച് ആരംഭിക്കുന്ന ബാങ്ക് വിളിയില്‍ സംഘടിത പ്രാര്‍ഥനയിലേക്കും വിജയത്തിലേക്കും ക്ഷണിക്കുന്ന വാചകങ്ങളുണ്ട്. അടിയന്തിര സന്ദര്‍ഭങ്ങളില്‍ ‘വീടുകളില്‍ നമസ്കരിക്കുക’ (സ്വല്ലൂ ഫീ രിഹാലികും) എന്നൊരു വാചകവും ഇതേ ബാങ്കില്‍ കൂട്ടിച്ചേര്‍ക്കാന്‍ ഇസ് ലാം പഠിപ്പിച്ചിരിക്കുന്നു. നമസ്കാരം നിര്‍ബന്ധം എന്ന അടിസ്ഥാന അധ്യാപനത്തില്‍ മാറ്റമില്ല. പക്ഷേ, അതിന്‍റെ നിര്‍വഹണ രൂപത്തിലും രീതിയിലും ചില നീക്കുപോക്കുകള്‍ക്ക് അനിവാര്യ ഘട്ടങ്ങളില്‍ അനുവാദമുണ്ട്. കടുത്ത ശാരീരിക വിഷമതകളുള്ളവര്‍ക്ക് അതിനനുസരിച്ചും കിടപ്പിലായ രോഗിക്ക് കിടന്നുകൊണ്ടും യാത്രക്കാര്‍ക്ക് ചേര്‍ത്തും ചുരുക്കിയും നമസ്കാരം നിര്‍വഹിക്കാം. അപ്രകാരം, സാഹചര്യം നിര്‍ബന്ധിക്കുമ്പോള്‍ പളളികളിലെ സംഘടിത പ്രാര്‍ഥനകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാം, വീടുകളില്‍ സാധ്യമാകും വിധം അത് നിലനിര്‍ത്താന്‍ ജാഗ്രത കാണിച്ചുകൊണ്ടു തന്നെ.
അല്ലാഹു ഇങ്ങനെ പ്രഖ്യാപിച്ചിട്ടുണ്ട്; ‘അരക്ഷിതാവസ്ഥയിലാണ് നിങ്ങളെങ്കില്‍ നടന്നു കൊണ്ടോ, വാഹനത്തില്‍ ഇരുന്നു കൊണ്ടോ നമസ്കാരം നിര്‍വഹിക്കുക. നിങ്ങള്‍ നിര്‍ഭയരായിക്കഴിഞ്ഞാല്‍, നിങ്ങള്‍ക്ക് പഠിപ്പിച്ചു തന്നിട്ടുള്ളതുപോലെ അല്ലാഹുവെ സ്മരിക്കുക’ (ഖുര്‍ആന്‍ 2. 239). പ്രവാചകന്‍ ഇതിന് പ്രായോഗിക മാതൃകയും കാണിച്ചിട്ടുണ്ട്. അബ്ദുല്ലാഹിബ്നു അബ്ബാസ് നിവേദനം ചെയ്ത ഒരു നബിവചനത്തില്‍ ഇങ്ങനെ കാണാം, ‘നമസ്കാരത്തിനുള്ള വിളി കേട്ടിട്ടും, അതിന് ഉത്തരം നല്‍കി ഇമാമിനെ പിന്തുടര്‍ന്ന് നമസ്കരിക്കാത്തവന്‍റെ നമസ്കാരം അല്ലാഹു സ്വീകരിക്കില്ല, പ്രതിബന്ധങ്ങള്‍ ഉള്ളവരുടെതൊഴികെ. അനുചരന്മാര്‍ ചോദിച്ചു; എന്താണ് പ്രവാചകരേ പ്രതിബന്ധം (ഉദ്ര്‍)? ഭയവും രോഗവും. നബി പറഞ്ഞു. (അല്‍മജ്മൂഅ ലിന്നവവി 4/489, അബു ദാവൂദ് 551).
ഭയവും രോഗവും കാരണം സംഘടിത നമസ്കാരം ഒഴിവാക്കാം എന്നാണ് ഇത് പഠിപ്പിക്കുന്നത്. മഴയുള്ള ഒരു ദിവസം ഇബ്നു അബ്ബാസ് (റ) ബാങ്ക് വിളിക്കുന്നവനോട് ഇ ങ്ങനെ നിര്‍ദേശിക്കുകയുണ്ടായി: അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹ്, അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ് എന്ന് പറഞ്ഞു കഴിഞ്ഞതിന് ശേഷം, നമസ്കാരത്തിന് വരിക (ഹയ്യ അലസ്സലാ) എന്ന് പറയേണ്ടതില്ല. പകരം, നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ വെച്ചു നമസ്ക്കരിച്ചു കൊള്ളുവീന്‍! (സല്ലൂ ഫീ ബുയൂത്തിക്കും) എന്ന് പറയുക! ഇത് കേട്ട ജനങ്ങള്‍ നീരസം രേഖപ്പെടുത്തിയപ്പോള്‍, ഇബ്നു അബ്ബാസ് പറഞ്ഞു: ‘നിങ്ങള്‍ക്ക് അത്ഭുതം തോന്നുന്നുവല്ലേ? എന്നാല്‍ എന്നെക്കാള്‍ ഉത്തമനായവന്‍, മുഹമ്മദ് നബി (സ) ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് (ബുഖാരി: 901 മുസ്ലിം: 1637). ഇവയുടെ വ്യാഖ്യാനങ്ങളില്‍ ശ്രദ്ധേയമായ പണ്ഡിതാഭിപ്രായങ്ങള്‍ കാണാം. സാഹചര്യത്തിന്‍റെ അനിവാര്യതയാല്‍, ബാങ്ക് വിളിയില്‍ വരെ താല്‍ക്കാലികമായ മാറ്റം വരുത്തുന്ന ഈ വിശാലതയെ ഇസ്ലാമിന്‍റെ സവിശേഷതയായി നാം തിരിച്ചറിയേണ്ടതുണ്ട്.
സംഘടിത നമസ്കാരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു കൊണ്ട്, പള്ളികള്‍ സന്ദര്‍ഭാനുസാരം അടച്ചിടുകയെന്നത് ഇസ്ലാമിക ചരിത്രത്തില്‍ മുമ്പും സംഭവിച്ചിട്ടുള്ളതാണ്. ഹിജ്റ ഏഴാം നൂറ്റാണ്ടില്‍ മരണപ്പെട്ട ഇമാം ശംസുദ്ദീന്‍ ദഹബിയുടെ സിയറു അഅ്ലാമിന്നു ബലാഅ എന്ന, മുപ്പത് വാള്യങ്ങളുള്ള പ്രസിദ്ധ ഗ്രന്ഥത്തില്‍ ഈ ചരിത്രം വിവരിച്ചിട്ടുണ്ട്. ‘ഹിജ്റ 448ല്‍ അബുല്‍ഹാരിസ് ബസാസീരീയുടെ ഫിത്ന ആരംഭിച്ചു. അദ്ദേഹം കൂഫയിലും വാസിത്വിലും മറ്റു പല സ്ഥലങ്ങളിലും മുസ്തന്‍സ്വിറുല്‍ ഉബൈദിക്കുവേണ്ടി പ്രസംഗിച്ചു നടന്നു. ഈജിപ്തിലും സ്പെയിനിലും അതിരൂക്ഷമായ ക്ഷാമം പിടിപെട്ടു. കൊര്‍ദോവയില്‍ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുകയും ക്ഷാമം ബാധിക്കുകയും ചെയ്തു. ഇതു പോലെ ഒരവസ്ഥ മുമ്പ് സംഭവിച്ചിട്ടില്ല. ഒരാള്‍ പോലും നമസ്കരിക്കാതെ പള്ളികള്‍ പൂട്ടിയിട്ടു. കൊടിയ ക്ഷാമത്തിന്‍റെ വര്‍ഷം എന്നാണ് അത് അറിയപ്പെട്ടത്.’

ഒരൊറ്റ ലക്ഷ്യം രണ്ട് സമീപനം
മനുഷ്യാവസ്ഥകളെ എത്ര മനോഹരമായാണ് ഇസ്ലാം ഉള്‍ക്കൊള്ളുന്നതെന്ന് നോക്കൂ.
സാമൂഹിക ഐക്യവും ഭദ്രതയും കൂടി ലക്ഷ്യമിട്ട് പളളികളില്‍ സംഘടിത പ്രാര്‍ഥന നിര്‍ബന്ധപൂര്‍വം കല്പിച്ച ഇസ്ലാം തന്നെയാണ്, സാമൂഹിക സുരക്ഷ മുന്‍നിര്‍ത്തി പള്ളികളിലെ സമൂഹപ്രാര്‍ഥനകള്‍ നിര്‍ത്തലാക്കി, അവ വീടുകളില്‍ നിര്‍വഹിക്കാന്‍ നിര്‍ദ്ദേശിക്കുന്നതും. പള്ളികളിലെ സംഘടിത പ്രാര്‍ഥനകള്‍ സാമൂഹിക സുരക്ഷിതത്വവും കൂടി ലക്ഷ്യമിടുന്നുണ്ട്. ദിനംപ്രതി അഞ്ചു തവണയും ആഴ്ച്ചയില്‍ പ്രത്യേകമായി ഒരു തവണയും പള്ളിയില്‍ സന്ധിക്കുന്നവര്‍, തോളുരുമ്മി നിന്ന് ഒരേ മനസ്സോടെ പ്രാര്‍ഥിക്കുന്നവര്‍, ഒരേ നേതാവിനെ ഒരുമിച്ച് പൂര്‍ണമായി പിന്തുടരുന്നവര്‍, സാക്ഷാല്‍ ദൈവമാണ് ഏറ്റവും വലായവന്‍ എന്നു പ്രഖ്യാപിച്ച് വ്യക്തിപരമായ ഈഗോകളെ എടുത്ത് മാറ്റുന്നവര്‍…. അവര്‍ തമ്മിലുണ്ടാകുന്ന ഒരുമയും പരസ്പര ബന്ധവും അതത് പ്രദേശങ്ങളെ വലിയ തോതില്‍ സംഘര്‍ഷമുക്തവും സാമൂഹിക സുരക്ഷയുള്ളതുമാക്കുമല്ലോ.
നമസ്കാരം അവസാനിപ്പിക്കുമ്പോള്‍ ഓ രോ വശത്തെക്കും തിരിഞ്ഞ് പറയുന്ന, ‘നിങ്ങള്‍ക്ക് ദൈവത്തിന്‍റെ  കരുതലും കാരുണ്യവും ഉണ്ടാകട്ടെ’ എന്ന പ്രാര്‍ഘന, ഓരോരുത്തരും മറ്റുള്ളവര്‍ക്ക് നല്‍കുന്ന സുരക്ഷാ വാഗ്ദാനം കൂടിയാണ്. എനിക്ക് നിങ്ങളോട് അത്രമേല്‍ കരുതലുണ്ട് എന്നാണ് സംഘടിത നമസ്കാരത്തില്‍ വ്യക്തികള്‍ പരസ്പരം കരാര്‍ ചെയ്യുന്നത്. അപ്പോള്‍, സാമൂഹിക സുരക്ഷയുടെയും മറ്റുളളവരോടുള്ള കരുതലിന്‍റെയും ഭാഗമായി പള്ളികളിലെ സമൂഹപ്രാര്‍ഥനകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നത് ഇസ്ലാമിക വിരുദ്ധമല്ല, ഇസ്ലാമിക താല്‍പര്യങ്ങളുടെ പൂര്‍ത്തീകരണമായി മാറുന്നു.
കാരണം, പള്ളികള്‍ തുറന്നുവെച്ച് സംഘടിത പ്രാര്‍ഥനകള്‍ സജീവമാക്കുന്നതും ചില  നിര്‍ബന്ധ ഘട്ടങ്ങളില്‍ പള്ളികള്‍ അടച്ചിട്ട് സംഘടിത പ്രാര്‍ഥനകള്‍ വീടുകളില്‍ നടത്തുന്നതും സമൂഹ സുരക്ഷ എന്ന ഒരേ ലക്ഷ്യത്തിനു വേണ്ടിയാകുന്നു. തുറന്നു വെപ്പും അടച്ചിടലും, പരസ്പര വിരുദ്ധമായ രണ്ട് കാര്യങ്ങള്‍ ഒരേ ആശയത്തില്‍ സമന്വയിക്കുന്ന സൗന്ദര്യത്തെയാണ് നാം ഇസ്ലാം എന്ന് വിളിക്കുന്നത്.

Back to Top