ഇസ്ലാമിക കര്‍മശാസ്ത്രവും സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങളും-ശൈഖ് അഹ്മദ്കുട്ടി കാനഡ
ശരീഅത്ത് എന്നാല്‍ ദൈവിക നിയമം എന്നാണര്‍ഥം. എന്നാല്‍, ആ ദൈവികനിയമത്തിന്‍റെ മനുഷ്യവ്യാഖ്യാനവും പ്രയോഗവത്കരണവുമാണ് ഫിഖ്ഹ്. പണ്ഡിതന്മാര്‍ പ്രവാചകന്‍റെ നിയമനിര്‍മാണങ്ങളെയും പ്രവാചകന്‍റെ കര്‍മങ്ങളെയും പ്രവാചകന്‍റെ വ്യക്തിപരമായ ശീലങ്ങളെയും വേര്‍തിരിച്ചതായി കാണാവുന്നതാണ്. അഖീദ (വിശ്വാസകാര്യങ്ങള്‍), ഇബാദത് (ആരാധനാരീതികള്‍), മസാലിഹ് (പൊതുനന്മയുമായി ബന്ധപ്പെട്ടവ) എന്നീ കാര്യങ്ങള്‍ കൃത്യമായി വേര്‍തിരിച്ചു. മസാലിഹ് എന്നു പറയുന്നത് മാറുന്ന സാമൂഹിക സാഹചര്യങ്ങളോടും പൊതുശീലങ്ങളോടും ബന്ധപ്പെട്ടതാണ്. ഇബ്നു തൈമിയ്യ പറഞ്ഞതുപോലെ പൊതുശീലങ്ങള്‍ മതം ആരംഭം കുറിക്കുന്നതല്ല, മറിച്ച് മനുഷ്യസമൂഹം നിര്‍മിക്കുന്നതാണല്ലോ.
ജനങ്ങള്‍ അത്തരം ആചാരങ്ങളും ശീലങ്ങളും ഉണ്ടാക്കുന്നത് തുടര്‍ന്നോട്ടെ. ശരീഅത്തിന്‍റെ അടിസ്ഥാന മൂല്യങ്ങളോട് പൊരുത്തപ്പെടുന്ന കാലത്തോളം അവയോട് അനുകൂലപ്പെടാവുന്നതാണ്. നീതി, സമത്വം, തുല്യത തുടങ്ങിയവയാണ് ആ അടിസ്ഥാന മൂല്യങ്ങള്‍. അതായത് നീതിയും ദയാവായ്പും സ്ഥാപിക്കുകയും ദുഷ്ടലാക്കും അനീതിയും കാര്‍ക്കശ്യവും തുടച്ചുനീക്കുകയുമാണ് ശരീഅത്തിന്‍റെ താല്‍പര്യങ്ങളുടെ ലളിതമായ അര്‍ഥം.
മസാലിഹ് അഥവാ പൊതു നന്മ
അതാണ് നിര്‍ണിത മൂല്യങ്ങളും (മസ്ലഹ മുഅ്തബറ) സ്വതന്ത്ര മേഖലകളും വിഭജിക്കപ്പെട്ടതിന്‍റെ അടിസ്ഥാനം. പ്രമാണങ്ങളുടെ അവലംബമില്ലാതെ പൊതുവായി മനസ്സിലാകുന്ന നന്മയുടെ മേഖലകളെയാണ് സ്വതന്ത്ര മൂല്യങ്ങള്‍/ മസ്ലഹ മുര്‍സല എന്ന് വ്യവഹരിക്കപ്പെടുന്നത്. ഒരു കാര്യം പൊതുനന്മക്കുതകുമെങ്കില്‍ അതങ്ങനെയായിരിക്കുന്ന കാലത്തോളം ശരീഅത്ത് അതിനെ നിയന്ത്രിക്കേണ്ടതില്ല എന്നതാണ് ആ കാഴ്ചപ്പാടിന്‍റെ അര്‍ഥം. ഇത് ശരീഅത്തിന്‍റെ വികാസക്ഷമതയുടെ ലക്ഷണം കൂടിയാണ്.
ഇമാം ശാ വലിയുല്ലാഹ് പറഞ്ഞതു പോലെ, നിയമങ്ങള്‍ മസാലിഹ് എന്നും മഖാദീര്‍ എന്നും വിഭജിക്കപ്പെടാവുന്നതാണ്. മസാലിഹ് (പൊതുനന്മ) ഏതെങ്കിലും നിയമവ്യവസ്ഥയാല്‍ ഏകീകൃതമല്ല. മഖാദീര്‍ എന്നു വെച്ചാല്‍, പ്രസ്താവിതമായ നിയമങ്ങള്‍ എന്നാണര്‍ഥം. നിങ്ങള്‍ക്കതിനെ അസ്സവാബിത് (സ്ഥാപിത മൂല്യങ്ങള്‍) എന്നു വിളിക്കാവുന്നതാണ്. വിശ്വാസകാര്യങ്ങളിലും ആരാധനാ കാര്യങ്ങളിലുമാണ് അത് കൂടുതല്‍ ബാധകമാകുന്നത്. അതുപോലെ, നേരത്തെ പറഞ്ഞ അടിസ്ഥാന മൂല്യങ്ങളായ നീതി, സമത്വം, ദയാവായ്പ്, വിട്ടുവീഴ്ച, തുല്യത, മാനുഷിക സൗഹൃദം തുടങ്ങിയവയും സ്ഥാപിത മൂല്യങ്ങളാണ്.
ഫിഖ്ഹിലെ നവീകരണങ്ങള്‍
ഒന്നാം ഖലീഫ അബൂബക്കര്‍(റ) പിന്തുടര്‍ന്ന നിയമങ്ങളില്‍ രണ്ടാം ഖലീഫ ഉമര്‍(റ) പരിഷ്കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. മോഷണക്കുറ്റത്തിന് പട്ടിണിക്കാലത്ത് കൈവെട്ട് ശിക്ഷ നടപ്പാക്കാതിരുന്നത് ഒരു ഉദാഹരണമാണ്. ഉമറിന്‍റെ വ്യക്തി എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലുമുള്ള സ്വതന്ത്ര മേഖലകളിലെ, വ്യാഖ്യാന സ്വാതന്ത്ര്യം ആയി നമുക്കതിനെ മനസ്സിലാക്കാവുന്നതാണ്. ഉസ്മാന്‍റെയും അലിയുടെയും കാലഘട്ടത്തിലും അത്തരം പരിഷ്കരണങ്ങള്‍ കാണാം.
നിങ്ങള്‍ അബൂബക്കറിന്‍റെയും ഉമറിന്‍റെയും രീതികള്‍ പിന്തുടരുമോ എന്ന് ചോദിച്ചപ്പോള്‍ അവര്‍ നിഷേധിക്കുകയാണ് ചെയ്തത്. കാരണം അവര്‍ ശരീഅത്തിനെ ഉള്‍ക്കൊണ്ട രീതിയാണ് അവരുടെ അവലംബം. ശരീഅത്തിന്‍റെ വ്യാഖ്യാന സാധ്യതകള്‍ ഏറെ വികാസക്ഷമമാണ്. പിന്നീടുള്ള തലമുറകളിലേക്ക് വരുമ്പോഴും, നാല് മദ്ഹബുകളിലും ഈ സ്വാതന്ത്ര്യത്തിന്‍റെ പ്രയോഗങ്ങള്‍ കാണാവുന്നതാണ്. ഉസ്വൂലുല്‍ ഫിഖ്ഹിന്‍റെ സഹായത്തോടെ ശരീഅത്തിന്‍റെ കേവലം ഭാഷാപരമായ വ്യാഖ്യാനങ്ങള്‍ക്കതീതമായ ആത്യന്തിക ലക്ഷ്യങ്ങളും മൂല്യങ്ങളും അവലംബമായി തുടങ്ങി. കാലത്തിനും ദേശത്തിനുമനുസരിച്ച് ഫത്വകളില്‍ മാറ്റം വരാമെന്ന സിദ്ധാന്തം അംഗീകരിക്കപ്പെടുകയുണ്ടായി.
രാഷ്ട്രീയ ഘടനയുടെ സ്വഭാവം തന്നെ ഇസ്ലാമിക ചരിത്രത്തില്‍ ഏകതാനമായിരുന്നില്ല. ഖിലാഫത്ത്, രാജാധിപത്യം, സുല്‍ത്താനിയ്യ തുടങ്ങിയ സ്വഭാവങ്ങളൊക്കെ അത് പ്രകടിപ്പിച്ചിരുന്നു. പക്ഷേ, അക്കാലഘട്ടത്തില്‍ അടിസ്ഥാനപരമായി അംഗീകരിക്കപ്പെട്ടിരുന്ന കാര്യമാണ് ശരീഅത്തിനെ ഭരണഘടനയായി അംഗീകരിക്കുക എന്നത്. അപ്പോള്‍, ഈ ചരിത്രത്തിന്‍റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ അന്ന് സാധ്യമായിരുന്നുവെങ്കില്‍, ഇന്ന് ഒരു പുതിയ ഫിഖ്ഹീ അവബോധം അനിവാര്യമാക്കുന്ന വേറിട്ട സാഹചര്യം തന്നെയാണുള്ളത്.
ഫിഖ്ഹില്‍ പരിഷ്കരണങ്ങള്‍ വേണം
മുസ്ലിംകള്‍ ന്യൂനപക്ഷങ്ങളായ, ഇസ്ലാമേതരമായ വ്യവസ്ഥക്ക് ആധിപത്യമുള്ള കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ലോകത്തെ ദാറുല്‍ഇസ്ലാം എന്നും ദാറുല്‍ഹര്‍ബ് എന്നും വിഭജിക്കുന്നത് സാധുവാകാത്ത സാഹചര്യമാണിത്. അത്തരം സാങ്കേതിക പദങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെട്ടത് ദീര്‍ഘകാലത്തെ സംഘര്‍ഷോന്മുഖമായ ഒരു ചരിത്രാവസ്ഥയിലായിരുന്നു. എന്നാല്‍, ഇപ്പോള്‍ അവസ്ഥ മാറിയിരിക്കുകയാണ്. ലോകം കരാറുകളുടെ അടിസ്ഥാനത്തിലാണ് ഭരിക്കപ്പെടുന്നത്. ഇവിടെ രാഷ്ട്രങ്ങളുടെ പരസ്പര ധാരണകളും അതിര്‍ത്തി നിര്‍ണയങ്ങളും ബഹുസ്വരതയെ സംബന്ധിച്ച ധാരണയുമാണ് നിലനില്‍ക്കുന്നത്. അപ്പോള്‍ ഈ സാഹചര്യം ആവശ്യപ്പെടുന്നത് തീര്‍ത്തും മറ്റൊരു രീതിശാസ്ത്രവും സാങ്കേതിക പദങ്ങളുമാണ്. ഇബ്നുഹജറുല്‍ അസ്ഖലാനി പറഞ്ഞത്, പ്രായോഗികമായ മതജീവിതത്തിന് സ്വാതന്ത്ര്യമുള്ള ഇടം ദാറുല്‍ ഇസ്ലാം ആണ് എന്നാണ്. ആ നിലക്ക് പല മതേതര ജനാധിപത്യ രാജ്യങ്ങളും ഇന്ന് ദാറുല്‍ ഇസ്ലാം ആണെന്ന് പറയാം.
അതുപോലെ, സ്ത്രീകളുടെ അവകാശങ്ങളും പുനര്‍നിര്‍വചനം ആവശ്യമായ മേഖലയാണ്. ഖുര്‍ആനിക സങ്കല്‍പ്പത്തിലൊരിക്കലും ഇവ്വിധം സ്ത്രീവിരുദ്ധമായ പുരുഷമേന്മക്ക് ന്യായീകരണം കാണാന്‍ കഴിയില്ല. സ്ത്രീകള്‍ക്ക് സ്വയം നിര്‍വാഹകത്വം ഉറപ്പ് വരുത്തുക എന്നത് ഖുര്‍ആനിക പാഠങ്ങളുടെ ശരിയായ വ്യാഖ്യാനങ്ങളില്‍ നിന്ന് നമുക്ക് മനസിലാക്കാന്‍ കഴിയുന്നതാണ്. അന്തസ്സിന്‍റെയും അഭിമാനത്തിന്‍റെയും കാര്യത്തില്‍ തുല്യ നിലവാരത്തിലേക്ക് സ്ത്രീകള്‍ ഉയരണമെങ്കില്‍ ആ ശരിയായ അറിവിനെ കാലത്തിന്നനുസരിച്ച് പുനര്‍നിര്‍മിക്കുകയാണ് വേണ്ടത്. അതുപോലെ ചില സാഹചര്യങ്ങള്‍ മാറിയിട്ടുണ്ട്.
ഒരു വ്യവസായവത്കൃത സമൂഹത്തില്‍ സാമ്പത്തിക ക്രമങ്ങള്‍ ഒരിക്കലും പുരുഷ കേന്ദ്രീകൃതമായിട്ട് മാത്രമല്ല നടന്നുകൊണ്ടിരിക്കുന്നത്. രണ്ടു പേരും തൊഴിലിനായി പുറപ്പെടുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ പുരുഷന് മാത്രം സാമ്പത്തിക ഉത്തരവാദിത്വം കല്‍പ്പിക്കുന്നത് പുനരാലോചന നടത്തേണ്ടതാണ്. അഥവാ സാമ്പത്തിക കര്‍തൃത്വം (അഹ്ലിയ്യ) എന്ന കര്‍മശാസ്ത്ര പദാവലിയെ സംബന്ധിച്ച വ്യാഖ്യാനങ്ങള്‍ നവീകരിക്കേണ്ടതുണ്ട്. ഇബ്നുല്‍ ഖയ്യിം പറഞ്ഞതുപോലെ, സാമ്പത്തിക ഇടപാടിലെ സ്ത്രീകളുടെ സാക്ഷ്യത്തെ സംബന്ധിച്ച ഖുര്‍ആനിക ഭാഗം സാമാന്യവത്കരിക്കാന്‍ പാടില്ല എന്നതാണ് ശരി. അന്ന് സ്ത്രീകള്‍ വ്യാപാര മണ്ഡലത്തില്‍ ഇടപെടാറില്ലായിരുന്നുവെങ്കില്‍ ഇന്ന് തിരിച്ചാണ്. സ്ത്രീകള്‍ പുരുഷന്‍റെ തോള്‍ ചേര്‍ന്ന് സാമ്പത്തിക രംഗത്ത് സജീവമാണ്. അവര്‍ക്ക് അന്നത്തെ പോലെ ഒരാള്‍ ഓര്‍മപ്പെടുത്തല്‍ ആവശ്യമില്ല. പലപ്പോഴും അവര്‍ പുരുഷനെക്കാള്‍ മികവ് പുലര്‍ത്തുന്നുമുണ്ട്. സ്വഹാബികള്‍ ആഇശ(റ)യെ അവരേക്കാള്‍ ഓര്‍മയും ബുദ്ധിയുമുള്ള ആളായാണ് പരിഗണിച്ചത്. എന്നു മാത്രമല്ല, ബിസിനസിലെ സാക്ഷ്യത്തെ കുറിച്ച നിയമം ഹദീസ് നിവേദനത്തില്‍ പാലിക്കാത്തതും അതിന്‍റെ യുക്തിയെ ചോദ്യം ചെയ്യാന്‍ ഇടം നല്‍കുന്നുണ്ട്.
മറ്റു ചില മേഖലകളിലും അടിസ്ഥാനപരമായ പരിഷ്കാരങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. ഉദാഹരണമായി, ഹുദൂദ് (നിര്‍ണിത ശിക്ഷാവിധികള്‍). യഥാര്‍ഥത്തില്‍ നമുക്ക് ഇപ്പോള്‍ ഹുദൂദ് നടപ്പാക്കാന്‍ സാധിക്കില്ല. ഹുദൂദിന്‍റെ കാര്യത്തില്‍ ഒരു മോറട്ടോറിയം പ്രഖ്യാപിക്കേണ്ടത് ഇപ്പോള്‍ ആവശ്യമാണ്. കാരണം, അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. മാത്രമല്ല അതിന് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നുമില്ല. താങ്കള്‍ ഖുര്‍ആന്‍ പരിശോധിക്കുകയാണെങ്കില്‍ കാണാം, ഉദാഹരണത്തിന് വ്യഭിചാരത്തിന്‍റെ ശിക്ഷ എങ്ങനെയാണ് അത് നടപ്പാക്കാന്‍ സാധിക്കുക? നാല് സാക്ഷികളെ കൊണ്ടുവരേണ്ടതായിട്ടുണ്ട്. ആ നാല് സാക്ഷികളും കുറ്റം നടന്ന സ്ഥലത്തെയും സമയത്തെയും വിശദാംശങ്ങളെയും കുറിച്ച് ഏകസ്വരം പുലര്‍ത്തേണ്ടതുണ്ട്. എന്തെങ്കിലും വൈരുധ്യമുണ്ടായാല്‍ അവരുടെ മേല്‍ കുറ്റം ചുമത്തപ്പെടുകയും വ്യാജ ആരോപണത്തിന്‍റെ പേരില്‍ ശിക്ഷ നടപ്പാക്കുകയും ചെയ്യും. അഥവാ, ഇത് ഒരു നിയന്ത്രണോപാധിയാണ് (deterrent).
ഇനി വധശിക്ഷയുടെ കാര്യമെടുത്താലും ഇങ്ങനെ കാണാവുന്നതാണ്. ഒരിക്കലും എല്ലാ കൊലപാതകവും ബോധപൂര്‍വമുള്ളതാവില്ല. അപ്പോള്‍ അവിടെ വലിയുദ്ദം എന്ന വകുപ്പുണ്ട്. അഥവാ, ഈ നിയമമേഖലകളിലൊക്കെ ഒരു ചര്‍ച്ചയുടെയോ ആലോചനയുടെയോ വകുപ്പ് തുറന്ന് വെച്ചിട്ടുണ്ട്. അപ്പോള്‍ നമ്മള്‍ ഹുദൂദ്, അതുപോലെ നടപ്പാക്കാന്‍ വേണ്ടി വാദിക്കുമ്പോള്‍ ഇത്തരം ചില സൂക്ഷ്മതകള്‍ പാലിക്കാതെ ചെയ്യാന്‍ പാടില്ല. നിയമനിര്‍ദേശങ്ങളെ സമീപിക്കേണ്ട രീതി അങ്ങനെയല്ല. ശരീഅത്തിന്‍റെ ആത്യന്തിക ലക്ഷ്യങ്ങളെയും ഇത്തരം നിയമങ്ങളുടെ ഉദ്ദേശ്യങ്ങളെയും പരിഗണിക്കേണ്ടതായിട്ടുണ്ട്.
ശിക്ഷ വ്യഭിചാരത്തിന്‍റേതായാലും മോഷണത്തിന്‍റേതായാലും കൊലപാതകത്തിന്‍റേതായാലും അവയെ നിയന്ത്രണോപാധികളായാണ് മനസിലാക്കേണ്ടത്. ഉമര്‍(റ) മോഷണത്തിന്‍റെ ശിക്ഷയില്‍ പരിഷ്കാരങ്ങള്‍ വരുത്തിയത് ഒരു ഉദാഹരണമാണ്. അഥവാ, ഭരണാധികാരിയുടെയോ ഭരണകൂടത്തിന്‍റെയോ അധികാരത്തിന് ഈ മേഖലയില്‍ സ്വാതന്ത്ര്യമുണ്ട് എന്നര്‍ഥം. ഇബ്നു തൈമിയ്യ പറഞ്ഞിട്ടുണ്ട്, ഈ നിയമമേഖലകളെല്ലാം സിയാസ മില്ലിയ്യയുടെ (രാഷ്ട്രീയ അധികാരം) പരിധിയില്‍ വരുന്നതാണ്.
പക്ഷേ, പരിഷ്കാരങ്ങളോടുള്ള പൊതു മുസ്ലിം സമൂഹത്തിന്‍റെ സമീപനങ്ങള്‍ വളരെ അപക്വമാണ്. ഉദാഹരണത്തിന് ടെലിഫോണും മൈക്രോഫോണും വ്യാപകമായി തുടങ്ങിയ ആദ്യകാലത്തുള്ള സമീപനങ്ങള്‍. ടെലിഫോണിലൂടെ സാക്ഷിപ്രസ്താവം നടത്തുന്നതിനെ സംബന്ധിച്ച പ്രശ്നത്തില്‍ ദയൂബന്ദ് പണ്ഡിതര്‍ അത് നിഷിദ്ധമാണെന്ന ഫത്വയാണിറക്കിയത്. അവര്‍ പറഞ്ഞ കാരണം, ആ പ്രസ്താവനയില്‍ പിശാചോ മറ്റു പലരോ പലതും കൂടിക്കലര്‍ത്താന്‍ സാധ്യതയുണ്ട് എന്നാണ്. പക്ഷേ, ഇപ്പോള്‍ ആ ഫത്വ മാറിയിരിക്കുന്നു. കാരണം അന്ന് അവര്‍ക്ക് ആധുനികതയുടെ ഉപാധികളെ കുറിച്ച് ധാരണയില്ലായിരുന്നു. ധാരണകള്‍ മാറുന്ന വിധം നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. നമ്മുടെ ഉലമാക്കള്‍ ഫിഖ്ഹില്‍ യുക്തിപ്രക്രിയയുടെ പ്രാധാന്യം മനസിലാക്കുകയും മാറ്റത്തിന്‍റെ അനിവാര്യത തിരിച്ചറിയുന്നതില്‍ ദ്രുതകര്‍മരായിരിക്കുകയും വേണം.
നമ്മുടെ മൊത്തത്തിലുള്ള അവസ്ഥയെ സംബന്ധിച്ച, ജീവിക്കുന്ന ലോകത്തെ കുറിച്ച ധാരണക്കുറവും അറിവില്ലായ്മയുമാണ് പ്രധാന പ്രശ്നം. അധികാരം നഷ്ടപ്പെട്ട സമുദായം ആണ് മുസ്ലിംകള്‍ ഇന്ന്; സ്വന്തം കര്‍തൃത്വം കൈയിലില്ലാത്തവരാണ് നാം. ഈ സാഹചര്യത്തില്‍, ഇസ്ലാമിന് അധികാരമുള്ള കാലഘട്ടത്തിന്‍റെ ഫിഖ്ഹ് സ്വീകരിക്കുക അസാധ്യമാണ്. അതായത്, സാഹചര്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
അതുപോലെ, ലോകം അവരെ തുല്യപങ്കാളികളായി കാണാത്തേടത്തോളം നമ്മെ സ്വീകരിക്കാന്‍ പോകുന്നില്ല. അപ്പോള്‍, ബഹുസ്വരത, ഇതര മത-മതേതര വിഭാഗങ്ങളോടുള്ള സഹിഷ്ണുത, മറ്റുള്ളവരിലെ നന്മയെ അംഗീകരിക്കല്‍, കൂട്ടുത്തരവാദിത്വം തുടങ്ങിയ ഖുര്‍ആന്‍റെ തന്നെ മൗലിക കാഴ്ചപ്പാടിലുള്ള മൂല്യങ്ങളെ കാലത്തിനനുസരിച്ച് സ്വാംശീകരിക്കാന്‍ നാം തയാറാകണം. ബഹുസ്വരതയെ സംബന്ധിച്ച ഖുര്‍ആനിക അധ്യാപനങ്ങളെ ഉള്‍ക്കൊള്ളുന്നതോടൊപ്പം അഹ്ലുകിത്താബിനെ സംബന്ധിച്ച കാഴ്ചപ്പാടിനെ കാലികമായി വികസിപ്പിക്കാനും ശ്രമിക്കേണ്ടതുണ്ട്.
ഇസ്ലാമിക ശരീഅത്തിനെ ഉള്‍ക്കൊള്ളാനുള്ള മാനസിക വിശാലത ഉണ്ടാകുന്നിടത്ത് മാത്രമേ അതിന്‍റെ സാര്‍വത്രികമായ അധികാരത്തിന് സാധുത ഉള്ളൂ. സൗരാഷ്ട്ര വിഭാഗക്കാര്‍ സ്വസഹോദരിയെയും മകളെയും വിവാഹം കഴിക്കുന്നതിനെ സംബന്ധിച്ച പ്രശ്നത്തില്‍ ചോദ്യമുയര്‍ന്നപ്പോള്‍, മുസ്ലിം ഭരണാധികാരികളെ അവരുടെ കാര്യത്തില്‍ ഇടപെടാന്‍ ഇബ്നുല്‍ ഖയ്യിം അനുവദിക്കുകയുണ്ടായില്ല എന്നത് ചരിത്രമാണ്. ഈ നിയമ ബഹുസ്വരത നാം അംഗീകരിക്കേണ്ടതായിട്ടുണ്ട്.
ഫിഖ്ഹ് എന്നു പറയുന്നത് ഇസ്ലാമിക വിജ്ഞാനത്തിന്‍റെ ഒരു വശം മാത്രമാണ്. മുസ്ലിം സമുദായത്തിന്‍റെ യഥാര്‍ഥ വെല്ലുവിളി ഫിഖ്ഹ് മാത്രമല്ല. ആത്മീയ സാക്ഷരതയും ധാര്‍മിക സാക്ഷരതയും അതുപോലുള്ള വെല്ലുവിളികളാണ്. ഇവ ഫിഖ്ഹിന്‍റെ മേഖല (realm) യിലല്ല, മറിച്ച് തസവ്വുഫിന്‍റെ പരിധിയില്‍ പെടുന്നവയാണ്. ഫിഖ്ഹിലെ സാക്ഷരത ഇല്ലാതാകുന്നതുപോലെ തന്നെ അപകടമാണ് ഇസ്ലാമിക ജ്ഞാനത്തെ ഫിഖ്ഹില്‍ പരിമിതപ്പെടുത്തുന്നതും.
ഇസ്ലാം ഫിഖ്ഹാണ്, അഖ്ലാഖാണ്, അഖീദയാണ്, തസവ്വുഫാണ്. മുസ്ലിം ഉണര്‍ച്ചയിലെ ഏറ്റവും വലിയ പ്രതിഭാസമായ അറബ് വസന്തത്തെ തന്നെ പരിഗണിച്ചാല്‍, നമ്മുടെ രാഷ്ട്രീയ അവബോധത്തില്‍ അവശ്യമായ പരിഷ്കാരങ്ങളെ കുറിച്ച് ബോധ്യപ്പെടും. അപ്പോള്‍, ഇസ്ലാമിക രാഷ്ട്രീയ സിദ്ധാന്തവും ഒരു സുപ്രധാന മേഖലയാണ്. പരിമിതമായ പരമ്പരാഗത രാഷ്ട്രീയ സിദ്ധാന്തത്തെ നിരൂപണം ചെയ്യുകയും പുനര്‍ നിര്‍മിക്കുകയും ചെയ്യേണ്ടത് യുദ്ധകാല അനിവാര്യതയാണ്.
ഇസ്ലാമില്‍ ശൂറാ എന്ന കാഴ്ചപ്പാടുണ്ട്, പക്ഷേ, അത് വേണ്ടത്ര വികസിപ്പിച്ചിട്ടില്ല. അപ്പോള്‍, ആധുനിക ജനാധിപത്യ ഘടനയോട് നാം എങ്ങനെ ഇടപാടുകള്‍ നടത്തും എന്നത് ഒരു ചോദ്യമാണ്. ചിലര്‍ വാദിക്കുന്നത് ഇസ്ലാം ജനാധിപത്യത്തിന് എതിരാണ് എന്നാണ്. അപ്പോള്‍ നിങ്ങള്‍ എന്താണ് പറയുന്നത്, ഏകാധിപത്യം ഇസ്ലാമികമാണ് എന്നാണോ? പക്ഷേ, ജനാധിപത്യത്തിന്‍റെ നിര്‍വചനം എന്താണ് എന്നതും നിശ്ചയിക്കപ്പെടേണ്ടതുണ്ട്. രാഷ്ട്രീയത്തിന്‍റെയും സാമൂഹിക നിര്‍മാണപ്രക്രിയയുടെയും നിയമ നിര്‍മാണ പ്രക്രിയയുടെയും മേഖലകള്‍, മാറുന്ന സാഹചര്യങ്ങള്‍ക്കൊത്ത് അനുകൂലനങ്ങള്‍ക്കും വികസനങ്ങള്‍ക്കും ഉദാരമാക്കപ്പെട്ട ഭാഗങ്ങളാണ്. അതിന്‍റെ അടിസ്ഥാനത്തില്‍ സൂക്ഷ്മമായി നിര്‍വചിക്കുമ്പോള്‍ ജനാധിപത്യം സ്വയം തന്നെ ഇസ്ലാമികമാണ്. ജനങ്ങളെ സാമൂഹിക നിര്‍മാണ പ്രക്രിയയില്‍ പങ്കെടുപ്പിക്കുകയെന്നതും അവരുടെ പ്രശ്നങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും പരിഹാരങ്ങള്‍ തേടുകയെന്നതും ഇസ്ലാമികമായ കാഴ്ചപ്പാട് തന്നെയാണ്.
ജനാധിപത്യക്രമത്തിന്‍റെ ഗുണാത്മകമായ പല ഘടകങ്ങളും ഏറ്റവും അവശ്യമായിരിക്കുന്നത് മുസ്ലിം ലോകത്തിനാണ്.ഫിഖ്ഹിന്‍റെ സാങ്കേതിക പരിധിയില്‍ വരുന്നവയെ കുറിച്ചുള്ള അവബോധം മാത്രമല്ല, ജ്ഞാനശാസ്ത്രത്തിലെയും സാമൂഹികശാസ്ത്രത്തിലെയും അവബോധവും ഏറെ അടിസ്ഥാന പരമാണ്. ഫിഖ്ഹുല്‍ മുവാത്വന/ പൗരത്വത്തിന്‍റെ കര്‍മശാസ്ത്രം, ഫിഖ്ഹുല്‍ അഖല്ലിയാത്/ ന്യൂനപക്ഷ കര്‍മശാസ്ത്രം എന്നിങ്ങനെ പുതിയ പദാവലികള്‍ കൂടുതല്‍ ആഴത്തില്‍ പഠന വിധേയമാക്കേണ്ടതുണ്ട്. പൗരന്മാര്‍ എന്ന നിലക്കുള്ള നമ്മുടെ ഉത്തരവാദിത്വങ്ങളാണ് ഫിഖ്ഹുല്‍ മുവാത്വന. നാം ജീവിക്കുന്നതെവിടെയാണെങ്കിലും ആ രാഷ്ട്രത്തോട് നമുക്ക് പൗരന്മാര്‍ എന്ന നിലക്കുള്ള ഉത്തരവാദിത്വങ്ങള്‍ ഉണ്ട്. നമ്മള്‍ ആ രാഷ്ട്രത്തിനുവേണ്ടി സംഭാവനകള്‍ അര്‍പ്പിക്കേണ്ടതുണ്ട്, അതിന്‍റെ നിയമ വ്യവസ്ഥകളോട് ആദരവ് കാണിക്കേണ്ടതുണ്ട്. ചില യാഥാസ്ഥിതിക കാഴ്ചപ്പാടുകാര്‍ പറയുന്ന അബദ്ധങ്ങളിലൊന്നാണ് അവര്‍ ട്രാഫിക് നിയമങ്ങള്‍ പോലും പാലിക്കാന്‍ ബാധ്യസ്ഥരല്ല എന്ന്. ശരീഅത്ത് നിലനില്‍ക്കുന്നത് തന്നെ ജീവനും സമ്പത്തും സംരക്ഷിക്കാനാണ്.
പൗരന്മാര്‍ എന്ന നിലക്ക് മുസ്ലിംകള്‍ക്ക് മതപരവും ദേശീയവുമായ വ്യത്യസ്ത സ്വത്വങ്ങള്‍ ഉണ്ടാവണം. ഇന്ത്യന്‍ പൗരന്മാര്‍ എന്ന നിലക്ക് ഇവിടത്തെ പൗരസാമാന്യത്തോട് നമുക്ക് ബാധ്യതകളുണ്ട്. ഈ രാജ്യത്തിന്‍റെ സുരക്ഷ നമ്മുടെ ബാധ്യതയാണ്. നിയമവ്യവസ്ഥയോടുള്ള ആദരം നമ്മുടെ മൗലിക സ്വഭാവമാവേണ്ടതാണ്. വിയോജനങ്ങളുള്ള മേഖലകളില്‍ പരിഷ്കാരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ജനാധിപത്യ ഉപാധികളെ ഉപയോഗപ്പെടുത്തലും അതുപോലെ നിര്‍ബന്ധമാകുന്ന ബാധ്യത തന്നെയാണ്. അന്ധമായ സ്വാംശീകരണവും അനുകൂലനവും ഒരിക്കലും പൗരത്വത്തിന്‍റെ അര്‍ഥമാകുന്നുമില്ല. പൗരത്വത്തിന്‍റെയും മതത്തിന്‍റെയും സ്വത്വങ്ങള്‍ നമുക്ക് ആവശ്യമാണ്. അതാണ് പൗരത്വത്തിന്‍റെ കര്‍മശാസ്ത്രം.